Monday, March 30, 2009

ഗോതമ്പുദോശ

അത്രയ്ക്കു വല്യ സ്വാദൊന്നും അവകാശപ്പെടാനില്ലെങ്കിലും എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന ദോശയാണീ ഗോതമ്പുദോശ. പാചകം വല്യ പിടിയില്ലാത്തവർക്കുപോലും പറ്റും. തിരക്കുപിടിച്ച് എന്തെങ്കിലും ഉണ്ടാക്കേണ്ടിവരുമ്പോൾ ഇത് ചെയ്യാം. എളുപ്പം കഴിയും, അധികം വസ്തുക്കളൊന്നും വേണ്ടതാനും.

ഗോതമ്പുപൊടി, ഉപ്പ്, ചിരവിയ തേങ്ങ, വെള്ളം. ഇത്രേം മതി.
ഒരു കപ്പ് ഗോതമ്പുപൊടി ആണെങ്കിൽ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നിറച്ചും തേങ്ങ വേണം.

ഗോതമ്പുപൊടി ആദ്യം എടുത്ത്, അതിൽ ആവശ്യത്തിനു ഉപ്പിട്ട്, വെള്ളമൊഴിച്ച് കലക്കുക. കൈകൊണ്ട് ഇളക്കുക. കട്ടയൊന്നും ഇല്ലാതിരിക്കും. ദോശമാവിന്റെ ചേർച്ചയിൽ ആയാൽ, അതിലേക്ക് തേങ്ങ ഇട്ട് ഒന്നുകൂടെ ഇളക്കുക. അധികം അയവായാൽ ശരിയാവില്ല. മാവ് അഞ്ചുപത്ത് മിനുട്ട് വയ്ക്കാൻ പറ്റുമെങ്കിൽ വയ്ക്കാം. നിർബന്ധമൊന്നുമില്ല.

ദോശത്തട്ട് ചൂടാവുമ്പോൾ മാവ് കുറച്ചൊഴിച്ച് ദോശയുണ്ടാക്കുക. മറിച്ചിടുന്നതിനുമുമ്പ് വെളിച്ചെണ്ണ അതിനുമുകളിൽ പുരട്ടുക. മറിച്ചിട്ടാൽ തീ വളരെക്കുറച്ച് വയ്ക്കുക. അടുത്ത ദോശയ്ക്കുള്ള മാവ് ഒഴിച്ചുകഴിഞ്ഞേ തീ കൂട്ടിവയ്ക്കാവൂ. ഇല്ലെങ്കിൽ മാവൊഴിക്കുമ്പോൾ ശരിക്കും പരത്താൻ കിട്ടില്ല. ഒക്കെ ചുരുണ്ട്ചുരുണ്ട് നിൽക്കും. മാവൊഴിച്ച് പരത്തിയാൽ അടച്ചുവെച്ചാലും നന്നായിരിക്കും. ഈ മാവിൽത്തന്നെ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഒക്കെ മുറിച്ചിട്ട് ഉണ്ടാക്കിയാലും നന്നാവും. വെറും ഗോതമ്പുപൊടിയിൽ ഉപ്പ് മാത്രമിട്ടും ഉണ്ടാക്കാം.





ചമ്മന്തിയും കൂട്ടി കഴിക്കുക.

15 comments:

പ്രിയ said...

'അത്രയ്ക്കു വല്യ സ്വാദൊന്നും അവകാശപ്പെടാനില്ലെങ്കിലും'ന്നു പറയല്ലേ സുവേച്ചി :)
തിരിച്ചും മറിച്ചും ഇട്ട് Spatula കൊണ്ട് പ്രസ്സ് ചെയ്ത് ചെയ്ത് മൊരിച്ചെടുത്ത് തക്കാളി-സവാള-പച്ചമുളക് വഴറ്റിയതും കൂട്ടി കഴിക്കാന്‍ ബഹുകേമമല്ലേ? അല്ലേ?


Spatula=ചട്ടുകം?

Typist | എഴുത്തുകാരി said...

എനിക്കിഷ്ടാട്ടൊ, ഗോതമ്പുദോശ.

ശ്രീ said...

എനിയ്ക്കും അത്ര ഇഷ്ടമുള്ള ഒന്നല്ല, ന്നാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ (വേറൊന്നും ഇല്ലാതെ വരുമ്പോള്‍) അഡ്‌ജസ്റ്റു ചെയ്യാറുണ്ട്[ഒരു പക്ഷേ നല്ല കോമ്പിനേഷന്‍ പരീക്ഷിയ്ക്കാത്തതു കൊണ്ടാകാം].
പക്ഷേ പലര്‍ക്കും വല്യ ഇഷ്ടമാണ് ഇത്.
:)

ജെസ്സ് said...

സൂ ചേച്ചീ .. ഞങ്ങളിവിടെ ഉണ്ടാക്കുമ്പോള്‍ കാരറ്റും ഉള്ളീം മുളകും തേങ്ങേം കരിവേപ്പിലേം ഒക്കെ ഇടും .
http://paachakaraani.blogspot.com/2008/10/blog-post_9970.html

Calvin H said...

എനിക്കിഷ്ടമാണ്.
അമ്മ തേങ്ങ, ശര്‍ക്കര ചേര്‍ത്ത് ഉണ്ടാക്കിത്തരാറുണ്ട്. അത് വല്യ ഇഷ്ടം..

Bindhu Unny said...

ഞാനുണ്ടാക്കുമ്പോള്‍ സവാള കനംകുറച്ചരിഞ്ഞ് വഴറ്റിയതും ഉടച്ച തൈരും ചേര്‍ക്കും. :-)

മേരിക്കുട്ടി(Marykutty) said...

ബിന്ദുന്റെ സ്റ്റൈല്‍ കൊള്ളാല്ലോ. ഞാന്‍ ഇവിടെ ശനി ഞായര്‍ ദിവസങ്ങളിലാണ് ഗോതമ്പ് ദോശ ഉണ്ടാക്കാറ്...(എഴുന്നേല്‍ക്കാന്‍ താമസിക്കുമ്പോ.)

ശ്രീലാല്‍ said...

ചൂട് ഗോതമ്പ് ദോശയിൽ നെയ്യ് പുരട്ടി, പഞ്ചസാരവിതറിയിട്ട് തിന്നാൻ സൂപ്പർ....

പ്രിയ said...

എറണാകുളത്ത് ഒരു ലേഡീസ് ഹോസ്റ്റലില്‍ വൈകിട്ട് ചായക്കൊപ്പം കിട്ടിയിരുന്ന ഒരു പലഹാരത്തിനെ കുട്ടികള്‍ 'ലവ് ലെറ്റര്‍' എന്നാ പറഞ്ഞിരുന്നത്. ഗോതമ്പ് ദോശ ചുട്ട് വെന്ത് കഴിയുമ്പോള്‍ തേങ്ങ-ശര്‍ക്കര കൂട്ട് വച്ച് മടക്കി ഒന്നു കൂടി ചൂടാക്കും. അന്നത്ര സ്വാദില്ലായിരുന്നെങ്കിലും പിന്നീട് സ്വന്തമായി ആ ശര്‍ക്കര ഒന്നു പാവ് കാച്ചി തേങ്ങ ചേര്‍ത്ത് ഗോതമ്പ് ദോശ നന്നായി വേവിച്ച് ഒക്കെ ഉണ്ടാക്കി തുടങ്ങിയപ്പോള്‍ നല്ലൊരു 'ഗോതമ്പട' ആയിരുന്നു.(ഫില്ലിംഗ് മാറി മാറി പരീക്ഷിക്കാം. അവിയല്‍,തോരന്‍ തൊട്ടു സത്തര്‍ വരെ)

സവാള വഴട്ടിയതും തൈരും ചേര്‍ത്തതൊന്നു ഉണ്ടാക്കി നോക്കേണ്ടതാണല്ലോ!!! ബിന്ദു, നന്ദി :)

കാദംബരി said...

എളുപ്പത്തില്‍ തയ്യാറാക്കാവുന്നത് എന്നതു തന്നെ പ്ലസ് പോയന്റ്
പുളിക്കു അല്പം തൈര് ചേര്‍ക്കാം.

പാവപ്പെട്ടവൻ said...

നെയ്യ് പുരട്ടി, പഞ്ചസാര ചേര്‍ത്തതൊന്നു ഉണ്ടാക്കി നോക്കേണ്ടതാണല്ലോ സൂപ്പർ....

Jayasree Lakshmy Kumar said...

എനിക്കു കൊതി വരുന്നൂഊഊഊഊഊഊഊഊഊ

ഹരിശ്രീ said...

കഴിച്ചിട്ടുണ്ട്. എങ്കിലും അത്രയ്ക് താല്പര്യമുള്ള ഒരു ഭക്ഷണം അല്ല.

:)

Green Umbrella said...

photos kalakki....athrayku ishtamulla sambhavam allaa, pakshe chicken kari combination adipoli

Bharathy said...

godambu dosakku swathu koravanno??
enikkettam swathu thonneettulla dosaya..
inna entethilu bloggiyathu... :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]