അരിക്കൊണ്ടാട്ടം, മുളകുകൊണ്ടാട്ടം, കയ്പ്പക്കക്കൊണ്ടാട്ടം. ഒക്കെ ഉണ്ടാക്കി ഇവിടെ പോസ്റ്റ് ഇട്ടു. ഇനി ഉരുളക്കിഴങ്ങ് കൊണ്ടാട്ടം ആയാലോ? ഉരുളക്കിഴങ്ങ് പ്രിയമുള്ളവർ വീട്ടിലുണ്ടെങ്കില്പ്പിന്നെ പറയുകയും വേണ്ട. ഉണ്ടാക്കുക തന്നെ. മഴക്കാലത്ത് ഉണ്ടാക്കാൻ നോക്കുകയേ വേണ്ട. ഇവിടെ നല്ല വേനൽക്കാലത്തേ പറ്റൂ. ഫിബ്രവരി, മാർച്ച്, ഏപ്രിൽ കാലത്ത്. വെയിലുള്ളിടത്താണെങ്കിൽ എപ്പോഴും ആവാം.
ഉരുളക്കിഴങ്ങ് കൊണ്ടുവന്ന് തോലു കളഞ്ഞ് എടുക്കണം. എന്നിട്ട് അത് വട്ടത്തിൽ വട്ടത്തിൽ അധികം കട്ടിയില്ലാതെയും തീരെ ചെറുതല്ലാതേയും മുറിക്കണം. കഴുകണം. ഒരു പാത്രത്തിൽ, മുറിച്ച ഉരുളക്കിഴങ്ങ് മുങ്ങിക്കിടക്കാൻ പാകത്തിൽ വെള്ളം അടുപ്പത്ത് വയ്ക്കണം. അത് ചൂടാവുമ്പോൾ, ഉരുളക്കിഴങ്ങ് കഷണങ്ങൾ അതിലേക്കിടുക. ഉപ്പും. അധികം വേവരുത്.
അപ്പുറമിപ്പുറം കാണുന്ന രീതിയിൽ, അല്ലെങ്കിൽ ഒന്ന് മൃദു ആയെന്നുതോന്നിയാൽ തീ കെടുത്തി, വെള്ളം ഊറ്റിക്കളഞ്ഞ്, ഒരു പ്ലേറ്റിലോ പാത്രത്തിലോ ഇടുക. എന്നിട്ട് അതൊന്നു തണുത്താൽ, ഏകദേശം അളവ് കണക്കാക്കി, കുറച്ച് മുളകുപൊടിയും, കുരുമുളകും ഇട്ട് നന്നായി ഇളക്കിയെടുക്കുക.
ഉപ്പും ഒന്ന് നോക്കീട്ട് വേണമെങ്കിൽ ചേർക്കുക. (ഉപ്പ് പിന്നെച്ചേർത്താൽ ഉണങ്ങിയാലും ചിലപ്പോൾ അതിനുമുകളിൽ കാണും). കൈകൊണ്ട് ഇളക്കേണ്ട. മുറിഞ്ഞുപോകേണ്ടല്ലോ. പാത്രം എടുത്ത് മറിച്ച് മറിച്ച് ഇളക്കിയാൽ മതി. നല്ല വെയിലത്തേക്ക്, ഒരു പായയിലോ പ്ലാസ്റ്റിക് കടലാസ്സിലോ നിരത്തിയിടുക. ഉണക്കുക. നല്ലോണം ഉണക്കുക. രാവിലെ വെയിലത്തിട്ടാൽ വൈകുന്നേരം എടുത്താൽ മതി. ഇടയ്ക്കൊന്നും ഉണക്കാൻ മറക്കരുത്. പൂപ്പ് വരും. നല്ല കറുമുറു ഉണക്കം ആയാൽ എടുത്ത് പാത്രത്തിൽ അടച്ച് സൂക്ഷിക്കുക.
പിന്നെ വേണംന്ന് തോന്നുന്ന സമയത്ത് വെളിച്ചെണ്ണയിൽ വറുത്ത് തിന്നുക. വേറെ പാചകയെണ്ണ ആയാലും സാരമില്ല.
ശ്രദ്ധിക്കേണ്ടത് :- ഉപ്പ് അധികം ആവരുത്. ഇവിടെ കുറച്ച് ഉപ്പ് അധികമായി. ചോറിന്റെ കൂടെ കുഴപ്പമില്ല. മുളകുപൊടിയും കുരുമുളകുപൊടിയും കണക്കു നോക്കി ഇടണം. പിന്നെ എരിഞ്ഞുതുള്ളരുത്.
കായം പൊടിയും ഇടാം. കുറച്ച് ജീരകപ്പൊടിയും. വളരെ നന്നായിരിക്കും.
Monday, August 25, 2008
Subscribe to:
Post Comments (Atom)
5 comments:
potato chips ഉം ഇതും തമ്മിലെന്താ വ്യത്യാസം ?
തരികിട,
ചക്കച്ചിപ്സും ചക്കക്കൊണ്ടാട്ടവും തമ്മിലെന്താ വ്യത്യാസം? അതു തന്നെ. അപ്പപ്പോൾ വറുത്തെടുക്കുന്നത് ചിപ്സ്. കുറേക്കാലം നിൽക്കില്ല. ഉണക്കിയെടുത്ത് വറക്കാതെ സൂക്ഷിച്ച് ഇഷ്ടമുള്ളപ്പോൾ വറുക്കുന്നത് കൊണ്ടാട്ടം. കൊണ്ടാട്ടത്തിന് ആദ്യം പകുതിവേവ് കഴിയും. പിന്നെ ഉണക്കിയിട്ട് വറവും. ഉരുളക്കിഴങ്ങ് ചിപ്സ് രണ്ടു രീതിയിൽ ചെയ്യാം. ഉരുളക്കിഴങ്ങ് വളരെ നേരിയതായി വട്ടത്തിൽ അരിഞ്ഞ് കഴുകി കായയൊക്കെ വറുക്കും പോലെ ഉപ്പും ഇട്ട് വറുക്കുക. എന്റെ കൂട്ടുകാരിയുടെ മോൾ ചെയ്യുന്നത് ആദ്യം വറുത്തെടുത്തിട്ട് അതിനു മുകളിൽ ഉപ്പും മുളകുപൊടിയും തൂവും.
രണ്ടാമത്, ചെറുതായി വട്ടത്തിൽ അരിഞ്ഞ് (കട്ടി) തീരെ വേണ്ട) ഒന്ന് ചൂടുവെള്ളത്തിൽ തിളപ്പിച്ച് ഉപ്പും ആവശ്യമെങ്കിൽ മസാലപ്പൊടിയും ഇട്ട് ഒരുദിവസം വെയിലിൽ ഉണക്കുക. വറുക്കുക.
ചിപ്സ് വറുത്തതായതുകൊണ്ട് കുറേനാൾ വയ്ക്കാൻ കഴിയില്ല. അരിഞ്ഞുവെച്ചതും നിൽക്കില്ല. പെട്ടെന്ന് വറുക്കണം. കൊണ്ടാട്ടം ഉണക്കിയെടുക്കുന്നതായതുകൊണ്ട് കുറേക്കാലം സൂക്ഷിക്കാം. തിന്നണംന്ന് തോന്നുമ്പോൾ വറുക്കാം.
ഇനി വേറെ രീതി അറിയുന്നവർ ആരെങ്കിലും പറഞ്ഞുതന്നാൽ അതുപോലെ ചെയ്തുനോക്കാനും എനിക്ക് പ്രശ്നമില്ല.
കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു..ചിത്രങ്ങളും അസ്സലായി..
സ്മിതയ്ക്ക് സമയം കിട്ടുമ്പോൾ ചെയ്തുനോക്കൂ. ചിത്രങ്ങൾ നന്നാവുന്നത് ഞങ്ങളുടെ കാനൺ ക്യാമറയുടെ ഗുണം ആവും. :)
കൊള്ളാമല്ലോ. അമ്മയോട് പരീക്ഷിയ്ക്കാന് പറയണം. ഇവിടെ വെയിലത്തു വച്ച് ഉണക്കലൊന്നും നടപ്പില്ല.
Post a Comment