Sunday, August 17, 2008

ഓണപ്പായസം - മക്രോണി

മക്രോണി (മക്കറോണിയാണോ?) കൊണ്ട് ഞാൻ ആദ്യമായിട്ടാണ് ഒരു വിഭവം ഉണ്ടാക്കുന്നത്. കസിനും ചിറ്റമ്മയും ഇതുകൊണ്ട് പായസംവെച്ചു എന്നു പറഞ്ഞെന്നെ കൊതിപ്പിച്ചപ്പോൾ വിട്ടുകൊടുക്കരുതെന്ന് ഞാനും തീരുമാനിച്ചു. എന്നാല്‍പ്പിന്നെ ചിങ്ങം ഒന്നിനു തന്നെ ആയ്ക്കോട്ടേന്ന് കരുതി. ഞാൻ പ്രഥമൻ അല്ലെങ്കിൽ പായസം വച്ചത് എങ്ങനെയെന്ന് താഴെക്കൊടുക്കുന്നു. ആർക്കെങ്കിലും വേണമെങ്കിൽ പരീക്ഷിക്കാം. എന്തായാലും കുടിക്കാൻ കൊള്ളാവുന്ന ഒന്നു തന്നെ. ഒരു മോശവുമില്ല.



മക്രോണി, തേങ്ങാപ്പാൽ, ശർക്കര, ഏലയ്ക്ക, വെള്ളം എന്നിവ വേണം.


മക്രോണി വേണം - ഏകദേശം നൂറ് ഗ്രാം. അത് വെള്ളമൊഴിച്ച് ( ഒരു കപ്പിനു ഒന്നര കപ്പ് വെള്ളം) കുക്കറിൽ വേവിക്കണം. വേവിക്കുന്നതിനു മുമ്പ് ഞാനൊന്ന് കഴുകുകയും ചെയ്തു. വെറുതെ.



ശർക്കര പന്ത്രണ്ട് ആണി വേണം. വലിയ ആണി. അത് ഉരുളിയിൽ അല്ലെങ്കിൽ വേറെ പാത്രത്തിൽ മൂന്ന് വലിയ ഗ്ലാസ്സ് വെള്ളവുമൊഴിച്ച് ഉരുകാൻ വയ്ക്കണം. ഉരുകിക്കഴിഞ്ഞ് തണുത്താൽ അരിച്ചെടുക്കുക. കരട് ഉണ്ടാവും.



അരിച്ചെടുത്ത് പിന്നേം അടുപ്പത്ത് വെച്ച് അതിലേക്ക് വേവിച്ച മക്രോണി ഇടുക. വെള്ളം ഉണ്ടെങ്കിലും സാരമില്ല. പത്തുമിനിട്ടോളം ചെറിയ തീയിൽ തിളപ്പിക്കണം. വെള്ളം പതുക്കെപ്പതുക്കെ വറ്റുകയും മക്രോണിയ്ക്ക് മധുരം പിടിക്കുകയും ചെയ്യും.
തേങ്ങാപ്പാൽ രണ്ടു തേങ്ങയുടേത്, അല്ലെങ്കിൽ 180 എം എൽ വേണം. 200 ആയാലും കുഴപ്പമില്ല. ശർക്കര വെള്ളം കുറുകുകയും മക്രോണിയും ശർക്കരയും ഒരു യോജിപ്പാവുകയും ചെയ്താൽ തേങ്ങാപ്പാൽ അതിലേക്ക് ഒഴിക്കുക. ശർക്കരവെള്ളം അധികം വറ്റരുതേ. പ്രഥമനിൽ വെള്ളം വേണമല്ലോ. ഉരുളിയാണെങ്കിൽ അഞ്ചു മിനുട്ടേ തിളയ്ക്കേണ്ടൂ. വാങ്ങിയാലും ചൂടുകൊണ്ട് ഒന്നുകൂടെ വറ്റും. തേങ്ങാപ്പാൽ ഒന്ന് വേവണം, യോജിക്കണം. അത്ര തന്നെ.
അതിലിടയ്ക്ക് ഒന്ന് മധുരം നോക്കാം. വേണമെന്നുണ്ടെങ്കിൽ കൂട്ടാം. കുറയ്ക്കാൻ പറ്റില്ല.


വാങ്ങിവെച്ചാൽ ഏലയ്ക്കാപ്പൊടി കുറച്ച് ഇടാം. ചുക്കുപൊടിയാണ് ശരിക്കും ഇടേണ്ടത്. ഇത്രേം ഉണ്ടാവും.

8 comments:

പ്രിയ said...

എന്നെ അങ്ങ് മരി സുവേച്ചി (കട: ആരുവേണേലും എടുത്തോ)

ഇപ്പൊ ഉച്ചത്തേക്ക് പസ്ത ആണെന്ന് പറഞ്ഞു ഒരു സുഹൃത്തിന്റെ വക പരിഹാസം കിട്ടി ബോധിച്ചതെ ഉള്ളു (വേറൊന്നിനും അല്ല പസ്തയെ ഞാന്‍ മക്രോനിന്നു പരിചയപെടുത്തി.അവന്‍ അതിനെ മാക്രി ആക്കി :( )

ദോ, ഇപ്പൊ റീഡറില്‍ നോക്കിപ്പോ സുവേചിടെ വഹ. സമാധാനം. ഇറ്റാലിയനെ ഇങ്ങനെ പക്കാ മലയാളി ആക്കിയല്ലോ.ഞാന്‍ ഒക്കെ ഇത്രേം ശ്രമിച്ചിട്ടും മലബാറി വരെ ആക്കാനേ പറ്റിയുള്ളൂ :P

"എന്തായാലും കുടിക്കാൻ കൊള്ളാവുന്ന ഒന്നു തന്നെ. ഒരു മോശവുമില്ല" എന്നതിന്റെ ബലത്തില്‍ എന്തായാലും ഇതൊന്നു പരീക്ഷിചിട്ടേ ഉള്ളു കാര്യം. :) ഡാങ്ക്സേ

ജിജ സുബ്രഹ്മണ്യൻ said...

സൂ ചെച്ചീ.ചേച്ചി ഉണ്ടാക്കി കഴിച്ചതായതിനാല്‍ സംശയം ഒട്ടും വേണ്ടല്ലോ..ഞാനും പരീക്ഷിക്കാന്‍ പോകുകയാ..

ചാണക്യന്‍ said...

എന്താണ് ഈ മക്രോണി?

Sapna Anu B.George said...

ഉഗ്രന്‍ ഐഡിയ.......ഇന്നു തന്നെ പരീക്ഷിന്നുണ്ട്

ശാലിനി said...

സൂ, ഇപ്രാവശ്യം വെറൈറ്റി വിഭവങ്ങളുമായാണല്ലോ ഓണം.

സു | Su said...

പ്രിയ :) പരീക്ഷിക്കൂ, ധൈര്യമായി. നല്ല പ്രഥമൻ ആണ്.

കാന്താരിക്കുട്ടീ :)

ചാണക്യൻ :) അതു സേമിയ പോലൊന്നാണ്. ചിത്രത്തിൽ കാണുന്നില്ലേ? ബാക്കിയൊക്കെ പഠിച്ചിട്ട് പറഞ്ഞുതരാം.

സപ്ന :)

ശാലിനീ :) അങ്ങനെയല്ലേ വേണ്ടത്?

ശ്രീ said...

ഇങ്ങനൊരു ഐറ്റം ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്. ഇതു കൊണ്ടു പായസവുമുണ്ടാക്കാമല്ലേ?
:)

Anaswara said...

പ്രിയപ്പെട്ട സു ചേച്ചി... ചേച്ചി എന്‍ . എസ്. മാധവന്‍റെ ' ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന നോവല്‍ വായിച്ചിട്ടുണ്ടോ...? അതില്‍ ഈ പറയുന്ന മാക്രോണി പായസത്തെ പറ്റി പറയുന്നുണ്ട്... നൂറ്റി ഇരുപത്തി ഏഴാമത്തെ പേജില്‍ അതിന്‍റെ റെസിപിയും കൊടുത്തിട്ടുണ്ട്‌.... ഇപ്പോഴാണ് ഞാന്‍ ആ നോവല്‍ വായിക്കാന്‍ തുടങ്ങിയത്... അത് കണ്ടപ്പോള്‍ സു ചേച്ചിയെ ഓര്‍ത്തു... ചേച്ചിയോട് അതിനെ പറ്റി പറയണം എന്നും വിചാരിച്ചു... അതുകൊണ്ട് എഴുതിയതാണ്... ഇതുവരെ അതൊന്നു പരീക്ഷിച്ചു നോക്കാന്‍ പറ്റിയില്ല...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]