Saturday, August 16, 2008
സഹോദരന്മാർക്ക്
രക്ഷാബന്ധനം. രക്ഷയ്ക്കു വേണ്ടി ബന്ധിക്കുന്നത്. സഹോദരിമാർ തങ്ങളുടെ രക്ഷയ്ക്കായി സഹോദരനോട് ആവശ്യപ്പെടുന്നതാണ് രക്ഷാബന്ധനം. സ്ത്രീകൾ, പുരുഷന്മാർക്ക് കയ്യിൽ രാഖി കെട്ടിക്കൊടുത്ത് അവർ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. അല്ലെങ്കിൽ സഹോദരന്മാർ ഓർമ്മിക്കില്ലേ? രക്ഷിക്കില്ലേ? എന്നാലും ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും ഉത്തരേന്ത്യക്കാർക്ക് അതൊരു ആഘോഷമാണ്. അവർക്കു മാത്രമല്ല, തമിഴ്നാട്ടിലും, കർണാടകയിലും, കേരളത്തിലും ഒക്കെ ഉണ്ട്. ചെറിയ തോതിൽ ആണെങ്കിലും. ശ്രാവണമാസത്തിലെ വെളുത്തവാവിനാണ് രക്ഷബന്ധന ദിവസം.
റാണി കർണാവതി, തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് പ്രശ്നം വന്നപ്പോൾ ഹൂമയൂൺ ചക്രവർത്തിയ്ക്ക് രാഖി അയച്ച് രക്ഷ തേടിയെന്ന് ചരിത്രം (വിക്കിയിൽ വായിച്ചത്).
സഹോദരിമാർ രാഖി കെട്ടി, സഹോദരന്മാർ സമ്മാനം കൊടുത്ത്, എല്ലാവരും മധുരം തിന്ന് ആഘോഷിക്കുന്നു.
ചെറുപരിപ്പുണ്ടയാണ് സഹോദരന്മാർക്ക് വേണ്ടി ഞാനുണ്ടാക്കിയത്. ഇതിനുവേണ്ടി ഉണ്ടാക്കിയതൊന്നുമല്ലെങ്കിലും അങ്ങനെ പറയാം. അപ്പോ ഈ ഉണ്ടയും രാഖിയും എടുക്കുന്നവരൊക്കെ എന്നെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പിന്നെ നിഷേധിക്കരുത്. ഈ ഉണ്ടയെടുത്ത് എറിഞ്ഞാല്പ്പോരേ സുരക്ഷയ്ക്ക് എന്നൊന്നും പിന്നെ ചോദിക്കരുത്. ധൈര്യമുള്ളവരൊക്കെ എടുത്തോളൂ.
ചെറുപരിപ്പ് ആദ്യം നന്നായി മൊരിച്ച് വറക്കണം. അതു കഴിഞ്ഞ് മിനുസപ്പൊടിയാക്കണം. തരിയൊന്നും വേണ്ട. എന്നിട്ട് ഒന്നുകൂടെ ഒന്ന് ചീനച്ചട്ടിയിലോ പാത്രത്തിലോ ഇട്ട് ചൂടാക്കി എടുക്കുക. കരിയാതെ. കരിഞ്ഞാൽ പോയി കാര്യം. പഞ്ചസാരയും എടുത്ത് പൊടിയാക്കണം. അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി എന്നിവ വറത്തെടുക്കണം. നെയ്യിൽ. ഏലയ്ക്ക പൊടിച്ചുവയ്ക്കണം. എല്ലാം കൂടെ ഒരു പാത്രത്തിൽ എടുക്കുക. നെയ്യ് നല്ലോണം ചൂടാക്കി, ആ പൊടിയിലേക്ക്, കൂട്ടിലേക്ക് ഒഴിച്ച് ഇളക്കി, കൈകൊണ്ട് തൊടാനുള്ള തണുപ്പായാൽ ഉരുട്ടിയെടുക്കണം. ഇത്രേ ജോലിയുള്ളൂ. എന്റെ കണക്ക് ഇങ്ങനെ ആണ്.
പതിനാറ് ടേബിൾസ്പൂൺ പൊടി
പഞ്ചസാര - പതിനൊന്ന് ടേബിൾസ്പൂൺ. (പൊടിച്ചിട്ടാണേ) (അതിമധുരക്കാർക്ക് കൂട്ടാം, വേണ്ടാത്തവർക്ക് കുറയ്ക്കാം)
പത്ത് അണ്ടിപ്പരിപ്പ് - ചെറുതാക്കണം - വറുക്കണം
ആറ് ഏലക്കായ് - പൊടിക്കണം
പത്ത് മുന്തിരി - വറുക്കണം
അഞ്ച് ബദാം - വറുക്കണം
നെയ്യ് അങ്ങനെ ഒഴിക്കാൻ പറ്റില്ല. നാലു ടേബിൾസ്പൂൺ ഒഴിക്കുക. ഉണ്ടയാക്കാൻ കഴിയുന്നില്ലെങ്കിൽ കുറച്ചുംകൂടെ ഒഴിക്കുക. അധികമായാൽ ഉണ്ട, ഉണ്ടയാവില്ല പൊടിയായിപ്പോകും പറഞ്ഞേക്കാം. അങ്ങനെ ആയാൽ പഞ്ചസാരയും പൊടിയും വീണ്ടും ചേർത്താലും മതി. കുറച്ച് (നെയ്യ് ചൂടാവുമ്പോൾ അണ്ടിപ്പരിപ്പ് ഇടുക, പിന്നെ ബദാം പിന്നെ മുന്തിരി. അങ്ങനെ വറുക്കണം.)
സഹോദരിമാർക്കും ചെറുപരിപ്പുണ്ട എടുക്കാം.
എന്നിട്ട് എല്ലാവരും പാടണം. പഴയ ഹിന്ദിപ്പാട്ട്. “ഫൂലോം കാ താരോം കാ സബ് കാ കെഹ്നാ ഹേ, ഏക് ഹസാരോം മെ മേരി ബെഹ്നാ ഹേ... സാരേ ഉമർ ഹമേ സംഗ് രെഹ്നാ ഹേ” (ഇങ്ങനെ ആണോന്ന് ദൈവത്തിനറിയാം).
Subscribe to:
Post Comments (Atom)
15 comments:
ഉണ്ടയും രക്ഷാബന്ധനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഇപ്പഴാണറിഞ്ഞത്...
ഹാപ്പി രക്ഷാബന്ധന് സഹോദരീ...
.. ഞാന്‍ ഒരു ഉണ്ടയെടുത്തു.:)
ഈ ഉണ്ടയെ പറ്റി ഇപ്പോഴാ കേള്‍ക്കുന്നത്...എന്തായാലും ഇവിടെയെത്തിയ ആദ്യ സഹോദരി എന്ന നിലക്കു ഞാന്‍ രണ്ടു പരിപ്പുണ്ട എടുത്തൂ ട്ടാ...:)
സൂ വേച്ചി,
കൊള്ളാം.
ഓണപ്പാചകം തുടങ്ങിയിട്ട് കുറച്ചായി അല്ലേ ??
ഇന്നാ കണ്ടത്. ബാക്കി കൂടി പോരട്ടെ....
രക്ഷാബന്ധനെക്കുറിച്ചറിയാമായിരുന്നു.പക്ഷേ ഉണ്ടയും ഇതുമായുള്ള ബന്ധം ഇപ്പോഴാ മനസ്സിലായെ..എന്നാലും വന്ന സ്ഥിതിക്കു ഞാനും ഒരു ഉണ്ട എടുത്തോട്ടെ സൂ ചേച്ചീ..
ആങ്ങളമാര്‍ക്ക് ഇതും കെട്ടിക്കൊടുത്ത് ആയുഷ്ക്കാലം മുഴുവന്‍ ഇവനെയൊക്കെ ഉണ്ട തീറ്റിക്കണേ..എന്നല്ലെ പെങ്ങന്മാര് പ്രാര്‍ത്ഥിക്കാറ്..
ഹിന്ദി സിനിമകളിലൊക്കെ അങ്ങനെയാ..
പെങ്ങന്മാര്ക്കൊന്നും ഒരു രക്ഷേമില്ലാത്ത കാലോണെന്റെ ചേച്ചീ..എന്നാലും ഞാനും ഒരുണ്ട എടുക്കുന്നു..:)
സു ഞാനുൊരു ഉണ്ട എടുക്കുന്നു.
പണ്ട് കോളേജില്‍ ലവളുമാരു ബന്ധനുമായി വരുന്നതു കൊണ്ട് വളരെ കരുതിയാണ് അന്ന് കോളേജില്‍ പോയിരുന്നത്.
ഏതായലും ഉണ്ട നന്നായി
ഹായ് സു, കുറച്ച് ഉത്തരവാദിത്വ്വും ഉണ്ടകളും എനിക്ക്..
(ഓ.ടോ. ആ ഹിന്ദിയില്‍ എഴുതിയിരിക്കുന്നതെന്തൊക്കെയാ )
ഒരു പരിപ്പുലഡ്ഡു എടുത്തു ഞാനും രക്ഷാബന്ധന്റെ ഭാഗമായി.....
ഇനി ഉണ്ട ബാക്കിയുണ്ടോ ആവോ?
:)
വന്നെത്താന്‍ വളരെ വൈകിപ്പോയി. ഉണ്ടകളൊക്കെ ആരൊക്കെയോ എടുത്തുകൊണ്ടുപോയിരിക്കുന്നു!
സാരമില്ല, എനിയ്ക്കു വേണ്ടത് അല്ലെങ്കിലും ഉണ്ടയല്ല; ആ രാഖി ഞാന്‍ എടുത്തോട്ടെ?
സാന്റോസ് :)
ബഷീർ :)
റെയർ റോസ് :)
പ്രയാസി :)
സ്മിത :)
സപ്ന :)
ഹരിശ്രീ :)
കാന്താരിക്കുട്ടീ :)
കുഞ്ഞൻസ് :)
സണ്ണിക്കുട്ടൻ :)
വിശ്വം ജി :)
നിങ്ങളുടെയൊക്കെ സ്നേഹത്തിനു പകരം സ്നേഹം. :)
പ്ലേറ്റിലുള്ള മൂന്നും ഞാൻ എടുത്തുട്ടോ. :)
ബിന്ദൂ :) അതു നന്നായി. ഇനിയും തരാംട്ടോ.
ഉണ്ടയും, Ice Tray - യില്‍ വച്ച് എടുത്ത ഉണ്ടയുടെ ഫോട്ടോയും അടിപൊളി...
Post a Comment