Tuesday, August 05, 2008

അവല്‍പ്പുട്ട്

അവല്‍പ്പുട്ട് ആർക്കും ഉണ്ടാക്കാം. എളുപ്പമാണ്. അവൽ ഇഷ്ടമുള്ളവർക്ക് മറ്റൊരു വിഭവം കൂടെ ആവുകയും ചെയ്യും. ആദ്യം നാടൻ അവൽ/ചുവന്ന അവൽ, നോക്കി വൃത്തിയാക്കി, ഉമിയൊക്കെയുണ്ടെങ്കിൽ കളഞ്ഞ് നല്ലപോലെ വറുക്കണം. തണുത്താൽ മിനുസപ്പൊടിയാക്കണം.
പിന്നെ സാധാരണ പുട്ടുണ്ടാക്കുന്നതുപോലെ തന്നെ. വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് പുട്ടുംകുറ്റിയിൽ തേങ്ങയും പൊടിയും ഇട്ട് നിറച്ച് വേവിച്ചെടുക്കുക.
പൊടിയിലും കുറച്ച് തേങ്ങ ചേർക്കാം. ഞാൻ ചേർത്തു. അവൽ വറുത്തുവയ്ക്കാറുണ്ട് ഇവിടെ. അതിൽ തേങ്ങയും ശർക്കരയും ഇട്ട് വെറുതെ തിന്നാലും സ്വാദുണ്ടാവും.

അവൽ‌പുട്ടിന്റെ കൂടെ ഗ്രീൻപീസ് കറിയാണുണ്ടാക്കിയത്. ഗ്രീൻപീസ് അഞ്ചാറ് മണിക്കൂറെങ്കിലും വെള്ളത്തിലിട്ടുവയ്ക്കണം. എന്നിട്ട് വെള്ളമൊഴിച്ച്, മഞ്ഞളിട്ട് വേവിക്കണം. വെന്തുകഴിഞ്ഞാൽ ഉപ്പു ചേർക്കാം. അതിൽ തേങ്ങയും പച്ചമുളകും കൂടെ അരച്ചു ചേർക്കണം. എരുവിന്റെ പാകം നോക്കുക. കടുകും മുളകും കറിവേപ്പിലയും വറവിട്ടാൽ കറി തയ്യാറായി.

എന്ത്? പുട്ടിനു പഴം തന്നെ വേണമെന്നോ? ഇവിടെ തൂക്കിയിട്ടുണ്ട്. ചോദിച്ചും പറഞ്ഞുമൊക്കെ എടുത്താൽ നിങ്ങൾക്ക് നല്ലത്. ഭവിഷ്യത്തുകൾക്ക് ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.

11 comments:

മറ്റൊരാള്‍ | GG said...

ഹോ!. ഇതിലിപ്പം അവലാണോ, ഗ്രീന്‍പീസ് കറിയാണോ ആദ്യം കഴിക്കേണ്ടത് എന്നൊരു സന്ദേഹത്തിലാണ് ഞാന്‍!

ഈ വ്യാഴാഴ്ച ഇത് തന്നെയാവട്ടെ.

ശ്രീ said...

അവല്‍പ്പുട്ട് കൊള്ളാട്ടോ സൂവേച്ചീ. കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ.

:)

ബഷീർ said...

മിനുസപ്പൊടിയാക്കാന്‍ ബെസമാവോ ?

മനുസനെ ഇങ്ങിനെ കൊതിപ്പിക്കെല്ലേ..

പുട്ടെടുക്കാന്‍ നോക്കുമ്പോള്‍ അതില്‍ കറിവേപ്പില. )

എന്തായാലും ഒന്നു പരീക്ഷിച്ചിട്ടു തന്നെ ബാക്കി കാര്യം..

കുറെ ദിവസമായിട്ടും എന്റെ ബ്ലോഗ്‌ ഒന്നും കാണുന്നില്ലെങ്കില്‍ ഒന്ന് അന്വേഷിക്കണേ.. ശ്രീ.. : )

ബഷീർ said...
This comment has been removed by the author.
സു | Su said...

മറ്റൊരാൾ :)

ശ്രീ :)

ബഷീർ :) എവിടെനിന്നെങ്കിലും എന്തെങ്കിലുമൊക്കെ തിന്നു കുഴപ്പമായിട്ട് പിന്നെ ഈ പുട്ടിനെ കുറ്റം പറയരുത്.

അഞ്ചൽക്കാരൻ :) നന്ദി എന്തിന്?

Areekkodan | അരീക്കോടന്‍ said...

കൊള്ളാട്ടോ

മിർച്ചി said...

ഞാനുണ്ടാക്കി , എല്ലാവര്‍ക്കും പെരുത്തിഷ്ടമായി. ഗ്രീന്‍പീസ് തന്നെ വേണമെന്നില്ല ചൂടുപുട്ടും പര്‍പ്പടകവും. നല്ല കോമ്പിനേഷന്‍ തന്നെ.(ഗ്രീന്‍ പീസ് തദവസരത്തില്‍ ഇല്ലായിരുന്നു അതാണ് സത്ര്യം കേട്ടോ)

Sapna Anu B.George said...

എന്നത്തെയും പോലെ വളരെ വ്യത്ത്യസ്ഥമായ ആരോഗ്യകരമായ ഒരു പുട്ട്....കൊതിവരുന്നു കേട്ടോ?

സു | Su said...

അരീക്കോടൻ :)

സപ്ന :)

മിർച്ചി :) നന്ദി. ശ്രമിച്ചതിനും, അതിവിടെപ്പറഞ്ഞതിനും.

ഹരിശ്രീ said...

സൂവേച്ചീ,

ഇത് ആദ്യം കേള്‍ക്കുകയാണ്..

കൊള്ളാം.

സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു....

കോമാളി said...

സൂവേച്ചീ...നന്നായി.. ഇനിയും ഇത്തരം ഐറ്റംസ് പ്രതീക്ഷിക്കാമല്ലോ???
ഓണം അടിപൊളി ആക്കണം...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]