പാവക്ക അല്ലെങ്കിൽ കയ്പ്പക്ക നിങ്ങൾക്കിഷ്ടമാണോ? കയ്പ്പക്ക ജ്യൂസ് പ്രമേഹരോഗികൾക്ക് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. കയ്പ്പക്ക കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും നല്ലതുതന്നെ. എനിക്കേറ്റവും ഇഷ്ടം ഉള്ള പച്ചക്കറികളിൽ ഒന്നാണ് കയ്പ്പക്ക. എന്റെ സ്വഭാവം അങ്ങനെ ആയതുകൊണ്ടാവും. :) കയ്പ്പക്കയിൽ കയ്പ്പുണ്ടെന്ന് നമുക്ക് ആദ്യമേ അറിയാം. അതുകൊണ്ട് മനോഹരമായിരിക്കുന്ന ചില പച്ചക്കറികളെപ്പോലെ, മുറിച്ചു തിന്നുനോക്കുമ്പോഴും, വച്ചുണ്ടാക്കി കഴിക്കുമ്പോഴും കയ്ക്കുന്നു എന്നു പറയാതെ കയ്പ്പക്ക കഴിക്കാം. ഇഷ്ടമുള്ളവർ മാത്രം കഴിച്ചാൽ മതി. കടും പച്ചനിറമുള്ളതിന് കയ്പ്പ് കൂടുതലാണെന്നു തോന്നുന്നു.
കയ്പ്പക്ക മെഴുക്കുപുരട്ടിയാണ് എനിക്കിഷ്ടം. ചീനച്ചട്ടിയിലങ്ങനെ മൊരിഞ്ഞ് മൊരിഞ്ഞ് കിടക്കും. പിന്നെ പച്ചടിയും, കയ്പ വറുത്തതും ഒക്കെ ഉണ്ടാക്കും. സാമ്പാറിലും ഇടും.
ഓണത്തിനാരെങ്കിലും കയ്പ്പക്ക ഉപ്പേരി ഉണ്ടാക്കുമോന്ന് ചോദിച്ചാൽ അറിയില്ല എനിക്ക്. ഞാനുണ്ടാക്കും.
ചിത്രത്തിലുള്ള വലിയ കയ്പ്പക്ക
രണ്ട് ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ്
കുറച്ച് കടുക്
ഒരു ചുവന്ന മുളക് പൊട്ടിച്ചെടുത്തത്
ഉപ്പ്
മഞ്ഞൾപ്പൊടി
മുളകുപൊടി - കാൽ ടീസ്പൂൺ
തേങ്ങ - കുറച്ച്
വെളിച്ചെണ്ണ
കറിവേപ്പില - നാലഞ്ച് ഇല.
ഇത്രേം മതി ഉപ്പേരിയുണ്ടാക്കാൻ. കയ്പ്പക്ക കഴുകിയെടുത്ത് വളരെച്ചെറുതായി അരിയുകയാണ് ആദ്യം വേണ്ടത്. എത്ര ചെറുതാവുന്നോ അത്രയും സ്വാദ് കൂടുതൽ.
ചീനച്ചട്ടിയിലോ പാത്രത്തിലോ, വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി വറവിട്ട്, കയ്പ്പക്കയും, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ഒക്കെയിട്ട് നന്നായി ഇളക്കണം. എന്നിട്ട് തീ വളരെക്കുറച്ച് അടച്ചുവയ്ക്കുക. അതങ്ങനെ മൊരിഞ്ഞുവേവും. ഇടയ്ക്കൊന്ന് ഇളക്കണം. അതിനു നിങ്ങൾക്ക് സമയം ഇല്ലെങ്കിൽ വെള്ളമൊഴിക്കാം. വെള്ളമൊഴിച്ചാൽ സ്വാദ് കുറഞ്ഞു. അങ്ങനെ വേവിച്ചെടുത്ത് അതിലേക്ക് തേങ്ങയിട്ടാൽ ഉപ്പേരി ആയി. ചോറും കൂട്ടാനും എടുക്കുക.
ഇനി കയ്പ്പക്ക കൂട്ടുകയും വേണം. കയ്പ്പും പാടില്ല എന്നാണെങ്കിൽ ഒരു സൂത്രമുണ്ട്. ഉപ്പേരിയുണ്ടാക്കുമ്പോൾ കുറച്ച് പഞ്ചസാര അതിലേക്കിടുക. കയ്പ്പും കുറഞ്ഞു. ശർക്കരയിട്ടാലും മതി. പക്ഷേ വെള്ളം പോലെയാവും.
ചീനച്ചട്ടിയിൽ ഉണ്ടാക്കിയാൽ സ്വാദു കൂടുതലാണേ.
13 comments:
കൈപ്പക്ക ഉപ്പേരി എനിക്ക് ഇഷ്ടമാണ്... ഇങ്ങനെ ഉഴുന്ന് പരിപ്പും തേങ്ങയുമൊക്കെ ഇട്ട് ഇത് വരെ കഴിച്ചിട്ടില്ല. ഇന്ന് ഇതൊന്ന് പരീക്ഷിക്കണം....
സൂവേച്ചീ,
എനിക്കു പാവയ്ക്കാ തോരന്‍ ആണിഷ്ടം. അമ്മയാണേല്‍ മെഴുക്കുപുരട്ടിയുടെ ആളും..(നിറയെ ചുവന്നുള്ളി അരിഞ്ഞിടും, തേങ്ങാക്കൊത്തും..അതു രണ്ടും എനിക്കിഷ്ടമാ.)...പക്ഷേ, ഈ ഉപ്പേരി ഇതു വരെ കഴിച്ചിട്ടില്ലാ... ചെന്നൈയില്‍ കിട്ടുന്ന പാവയ്ക്കാ അത്ര പോര..എങ്കിലും ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയാം. ( മോശമാവാന്‍ ഒരു വഴിയും ഇല്ല).
ഓണപാചക പരമ്പരയില്‍ ഒരു മധുരക്കറി കൂടീ ഉള്‍പ്പെടുത്തുമോ?(പൈനാപ്പിള്‍,മാങ്ങാ..). ശര്ക്കരയിട്ടു വക്കുന്ന കറികള്‍ ഒത്തിരി ഇഷ്ടമാണൂ.
യ്യോ,
ഇപ്പോഴാ കൊത്തവര ഉപ്പേരി കണ്ടത്..അത് തോരനല്ലേ..?(കൊത്തവരേന്നാണോ അതിന്റെ പേര്..സംഗതി ഇവിടെയും ഇഷ്ടം പോലെ കിട്ടും..എനിക്കു പക്ഷേ ബീന്സാ ഇഷ്ടം. )
വടക്കോട്ട് തോരനു പറയുന്ന പേരാണോ ഉപ്പേരി ?
എനിക്കിഷ്ടമുള്ള തോരന്‍ പക്ഷേ ഇങ്ങനല്ല...നിറയെ ,ഇഞ്ചി,പച്ചമുളക്, ചുവന്നുള്ളി, തേങ്ങാ..ഇത്രയും ഉണ്ടാവും
സുവേച്ചീ..
കൊള്ളാമല്ലോ, കൊതിയാവുന്നു. ഇതു ഉണ്ടാക്കിയിട്ട് തന്നെ കാര്യം.. കയ്പക്ക കൊണ്ടു കുറേ പരീക്ഷണങ്ങള്‍ നടത്തി നോക്കിയതാണ്. എന്തോ അതിനോട് ഒരു പ്രത്യേക ഇഷ്ടം ആണ് എനിക്ക്.
"ചിത്രത്തിലുള്ള വലിയ കയ്പ്പക്ക" തന്നെ വേണോ? അത് കിട്ടാന്‍ എന്താ വഴി? :-)
ബാക്കി അഭിപ്രായം ഇതു ഉണ്ടാക്കി നോക്കിയിട്ട്..
"ചിത്രത്തിലുള്ള വലിയ കയ്പ്പക്ക" എന്നത്, ഓരോ വരിയും ശ്രദ്ധയോടെ വായിക്കുന്നുണ്ടോന്ന് ടെസ്റ്റ് ചെയ്യാന്‍ ഇട്ടതാണ് അല്ലെ? ഹാ.. ഞാങ്കണ്ട് പിടിച്ചൂ..
പാവയ്ക്ക പണ്ട് എനിയ്ക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ ഇഷ്ടമാണ്. ഇവിടെ കിട്ടുന്ന പാവയ്ക്കയ്ക്ക് കയ്പ് കൂടുതലാണ്. വലുപ്പം തീരെ കുറവും.
കയ്പ്പയ്ക്കയുടെ സ്വാദ് അതിന്റെ കയ്പ് തന്നെയല്ലെ? അത് പഞ്ചസാരയും ശർക്കരയും ചേർത്ത് മാറ്റണോ?.
തൈരു ചേർത്താൽ കയ്പ്പ് കുറഞ്ഞു കിട്ടും എന്ന് കേട്ടിട്ടൂണ്ട്, ശരിയാണോ?.
പാവയ്ക്ക ഒരു പാവം കായ ആണെന്ന് കേട്ടിട്ടുണ്ട്...
ഇതിനെ തൈരിലൊക്കെ ഇട്ട് പിന്നെ ഉണക്കിയതിനു ശേഷം അതിനെ വറുത്തെടുത്ത് ഉണ്ടാക്കുന്ന ഒരു സാധനം ഇവിടെ എന്റെ വീട്ടില്‍ ഉണ്ടാക്കാറുണ്ട്...
ഇതിന്റെ കയ്പ്പ് എനിക്ക് ഏറെ ഇഷ്ടമാ...
നരിക്കുന്നൻ :) പരീക്ഷിക്കൂ.
ഉണ്ടാപ്രീ :) എല്ലാ കറികളും പണ്ടേ ഇട്ടിരുന്നു. ഉണ്ടാപ്രി തിരക്കിൽ കണ്ടിട്ടുണ്ടാവില്ല. പുതിയ പോസ്റ്റിൽ ലിങ്ക് ഉണ്ട്.
ഉപ്പേരി എന്നാണ് വീട്ടിൽ പറയുന്നത്. വറവ് എന്നും പറയുമെന്നു തോന്നുന്നു.
മുനീർ :) ചെറിയ കൈപ്പക്ക ആയാലും മതി. അപ്പോ അളവ് എല്ലാത്തിന്റേയും കുറയ്ക്കണം.
ശ്രീ :) സൂപ്പർമാർക്കറ്റുകളിൽ കിട്ടും. നോക്കൂ.
നന്ദുവേട്ടാ :) അറിയില്ല. ഞാൻ കയ്പ് മാറ്റാറില്ല. എനിക്ക് കയ്പ്പോടെയാണിഷ്ടം.
ശിവ :) വെറുതെ വറുത്ത് മസാലയിട്ടാലും സ്വാദ് ഉണ്ടാവും.
Hi Su,
This is my second mail to you, and I hope that you have got my first one. As I said, we would like to talk to you about reproducing some of your recipes, which I hope will be mutually beneficial. Either way, please let me know.
Cant find your contact details, hence leaving the comment in the comments space.
Would you get back to me?
Thanks,
Seema Menon
Seema Menon,
I am not interested.
ഇന്നിപ്പോള്‍ ഇതാണ് ഉണ്ടാക്കാന്‍ പോകുന്നത്... :)
കാൽവിൻ :) എന്താ ഒരു പേരുമാറ്റം? ഉണ്ടാക്കൂ.
Post a Comment