Friday, August 29, 2008

ഓണപ്പാചകം - 8. കൊത്തവരയുപ്പേരി



കൊത്തവര ഉപ്പേരി എനിക്ക് വല്യ ഇഷ്ടമാണ്. ഇതിന് കൊത്തവരത്തോരൻ എന്നാവും പലരും പറയുന്നത്. ഇതിന് കൊത്തവര എന്നുതന്നെയാണോ നിങ്ങൾ പറയുന്നത്?
കൊത്തവര -കാൽക്കിലോയോളം വേണം. കഴുകിയിട്ട് ചെറുതാക്കുക.
ചിരവിയ തേങ്ങ രണ്ട് ടേബിൾസ്പൂണും, കാൽ ടീസ്പൂൺ ജീരകവും രണ്ട് പച്ചമുളകും ചതച്ച കൂട്ട് വേണം.
മഞ്ഞൾപ്പൊടി - കണക്കാക്കി ഇടുക
ഉപ്പ് - കണക്കാക്കി ഇടുക
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ വേണം
കടുക് - അര ടീസ്പൂൺ മതി.
ചുവന്ന മുളക് പൊട്ടിച്ചത് ഒന്ന് മതി. വെളിച്ചെണ്ണയും വെള്ളവും. നിങ്ങൾക്ക് അളവ് കൂട്ടണമെങ്കിൽ ആവാം. എല്ലാത്തിന്റേയും. പക്ഷെ സ്വാദുള്ള ഒരു ഉപ്പേരിക്ക് ഇത്രയേ വേണ്ടൂ.
ഇതൊക്കെയെടുത്ത് പറഞ്ഞതുപോലെ ചെയ്താൽ കൊത്തവരയുപ്പേരിയായി. തോരനായി.

കാൽക്കിലോ കൊത്തവരയെടുത്ത് വൃത്തിയായി കഴുകുക. എന്നിട്ട് കുഞ്ഞുകുഞ്ഞായി മുറിക്കുക.
അടുപ്പത്ത് ഒരു പാത്രത്തിൽ വെളിച്ചെണ്ണയോ നിങ്ങൾ പാചകത്തിനുപയോഗിക്കുന്ന എണ്ണയോ ഏതെങ്കിലുമൊന്നൊഴിച്ച് ആദ്യം കുറച്ച് ഉഴുന്നുപരിപ്പ് ഇടണം. രണ്ട് ടീസ്പൂൺ ആവാം. അതുകഴിഞ്ഞ് അതൊന്ന് ചുവന്നുവന്നാൽ, കുറച്ച് കടുകും, ഒരു ചുവന്ന മുളക് പൊട്ടിച്ചതും ഇടണം. അതൊക്കെ ഒന്ന് പൊട്ടിത്തെറിച്ചാൽ കറിവേപ്പില ഇടാം.
പിന്നെ കൊത്തവര ഇടണം. സാധാരണ ഞാൻ അതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കും. മുളകുപൊടി ഇവിടെ ഇടാറില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഇടാം. അല്ലെങ്കിൽ ഞാൻ ഇതിൽ ചെയ്തതുപോലെ ആദ്യം മഞ്ഞൾപ്പൊടിയും ഉപ്പും മാത്രം ഇട്ട് വേവിക്കുക. മുഴുവൻ എണ്ണയിൽ വേണ്ടെന്നു കരുതി, ഞാൻ അതിൽ വെള്ളമൊഴിച്ചു. കുറച്ചേ ഒഴിക്കാവൂ. കഷണങ്ങൾ മുങ്ങാൻ വേണ്ടതിലും അല്പം കുറവ് മതി. അത് വെന്ത് വന്നപ്പോൾ അതിലേക്ക് കുറച്ച് (രണ്ട് ടേബിൾസ്പൂൺ) തേങ്ങയും രണ്ട് പച്ചമുളകും കാൽ ടീസ്പൂൺ ജീരകവും ഒന്ന് ചതച്ച് ചേർത്തു. മിക്സിയിൽ ഒറ്റ കറക്കൽ. അത്രേ വേണ്ടൂ. എന്നിട്ട് ഇതിലേക്കിട്ടിളക്കി വാങ്ങിവെച്ചു.



ഉപ്പേരിയുടെ ദോഷം എന്താണെന്നുവെച്ചാൽ ചൂട് കൂടുതൽ ഉള്ള സ്ഥലങ്ങളിലും, വേനൽക്കാലത്തും രണ്ട് നേരത്തേക്കൊക്കെ ഉപ്പേരിയുണ്ടാക്കിയാൽ അത് കേടാവും. അതുകൊണ്ട് അതിൽ ഒരു നേരത്തേക്ക് മാത്രമുള്ളതിലേ തേങ്ങ ചേർക്കാവൂ. ബാക്കിയുള്ളത് മാറ്റിവെച്ച് തേങ്ങ, അത് കഴിക്കാനാവുമ്പോൾ ചേർക്കണം. മുളകുപൊടിയാണിടുന്നതെങ്കിൽ തേങ്ങ അവസാനം ഇതിലേക്ക് വെറുതെ ഇട്ടാൽ മതി.

6 comments:

ശ്രീ said...

എനിയ്ക്കും ഇഷ്ടപ്പെട്ട ഒന്നാണ് ഇത്. [കൊത്തമര എന്നാണ് ഞങ്ങളിതിനെ വിളിയ്ക്കുന്നതെന്നു മാത്രം]
:)

നരിക്കുന്നൻ said...

കണ്ടിട്ട് തന്നെ നാവില്‍ വെള്ളമൂറുന്നു...പക്ഷേ, ഈ കൊത്തവരയും, കൊത്തമരയുമൊന്നും എന്താണന്ന് എനിക്ക് മനസ്സിലായില്ല. ഇതിന്‍ വേറെ എന്തെങ്കിലും പേര്‍ പറയുമോ...?

siva // ശിവ said...

ഇത് അമര കായ് ആണെന്ന് തോന്നുന്നു....ഇതൊക്കെ ഉണ്ടാക്കി തിരുവോണ ദിവസം ചീത്തയാക്കണോ....നമ്മുടെ പരമ്പരാഗത വിഭവങ്ങളൊക്കെ പോരേ....

സു | Su said...

ശ്രീ :) കൊത്തമര എന്നാണല്ലേ.

നരിക്കുന്നൻ :) അതിനു വേറെ പേരുണ്ടോയെന്തോ. കിട്ടിയാൽ പറഞ്ഞുതരാം. ബീൻസ് പോലെയുണ്ടാവും. എല്ലാ പച്ചക്കറിക്കടയിലും കാണാം.

ശിവ :) ഇത് നല്ലൊരു ഉപ്പേരി അല്ലേ? ഓണത്തിനുണ്ടാക്കിയാൽ കുഴപ്പമൊന്നുമില്ല.

കോമാളി said...

Kariveppila Rockzzzzzzzzzzzzz...
Thanks a lot....

Anonymous said...

ഇതിനു ചീനിയമരക്ക എന്നും ഹരിപ്പാട്‌ പറയാറുണ്ട്....തോരന്‍ ഉണ്ടാക്കുമ്പോള്‍ അമരക്ക /പയര്‍ അല്‍പ്പം ചെറിയ ഉള്ളി കൂടെ ചേര്‍ക്കുന്നത് സ്വാദ് കൂട്ടും....അമരക്ക അറിഞ്ഞു വെച്ചതിനോപ്പം ചെറിയ ഉള്ളി കൂടെ ചെരുതായ്‌ അറിഞ്ഞു ഇട്ടാല്‍ മതി..ബാക്കി എല്ലാം സാധാരണ പോലെ ....:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]