Wednesday, August 20, 2008

ഓണപ്പാചകം - 6. കൂട്ടുകറി

കൂട്ടുകറി. എല്ലാവരും എങ്ങനെയാണുണ്ടാക്കുന്നത്? കടല കുതിർത്തുവെച്ച്, ചേനയും കായയും മുറിച്ച്... അങ്ങനെയല്ലേ? എന്നാൽ ഈ ഓണത്തിന് ചേനയും കായയും വേണ്ടെന്നുവെച്ചാലോ. കിഴങ്ങ് മതി. മധുരക്കിഴങ്ങ്.
രണ്ട് മൂന്ന് ടേബിൾസ്പൂൺ കടല വെള്ളത്തിൽ തലേന്ന് തന്നെ ഇടുക.
പിറ്റേ ദിവസം ചിത്രത്തിലെപ്പോലെ ഒരു മധുരക്കിഴങ്ങ് എടുത്ത് മുറിക്കുക.
കഴുകി, കടലയും കഴുകി, അല്പം മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ഇട്ട് വേവിക്കുക. രണ്ടിനും വേവ് വ്യത്യാസം ആയതുകൊണ്ട് രണ്ടും വേറെ വേറെ വേവിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ മധുരക്കിഴങ്ങ് ചീഞ്ഞ് പോകും. നാല് ടേബിൾസ്പൂൺ തേങ്ങ, അര ടീസ്പൂൺ ജീരകവും കൂട്ടി വെള്ളം അധികമൊന്നുമില്ലാതെ അരച്ചെടുക്കുക. കഷണങ്ങൾ വെന്താൽ അതിൽ ഉപ്പും ഇട്ട്, തേങ്ങയും കൂട്ടി തിളപ്പിച്ച് വാങ്ങിവയ്ക്കുക. അധികം വെള്ളം ഉണ്ടാവരുത്. രണ്ട് ടേബിൾസ്പൂൺ തേങ്ങ നന്നായി വറുത്ത് ഇടുക. കടുകും മുളകും കറിവേപ്പിലയും വറുത്തിടണം.
നിങ്ങൾക്ക് കുറച്ചേ വേണ്ടൂ എന്നുവെച്ചാൽ എല്ലാ അളവും പകുതിയാക്കുക. അല്പം എരിവും അല്പം മധുരവും ഉള്ള ഈ കൂട്ടുകറി ഓണം സ്പെഷൽ.

9 comments:

Muneer said...

ഹും.. ഇത്തവണത്തെ ഓണം കുളമാക്കാന്‍ കരാര്‍ എടുത്തിരിക്കുകയാണോ?
:) ചുമ്മാ പറഞ്ഞതാ.. ഒന്നു ട്രൈ ചെയ്തു നോക്കാം ല്ലേ?

നിലാവ്‌ said...

മധുരക്കിഴങ്ങിനു പകരം മത്തങ്ങയും ഉപയോഗിക്കാം..തേങ്ങ ചെറുതായി അരിഞ്ഞ്‌ വറുത്തിട്ടാൽ കേമം..

ശ്രീ said...

മധുരക്കിഴങ്ങു കൊണ്ടും കൂട്ടുകറി ഉണ്ടാക്കാമല്ലേ?
കൊള്ളാം.
:)

ഇഷ്ടങ്ങള്‍ said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

മധുരക്കിഴങ്ങു കൊണ്ടും കൂട്ടുകറി ഉണ്ടാക്കാം അല്ലേ.. നന്നായി ചേച്ചീ..ഇഷ്ടമായി

Unknown said...

ഒരു മധുരക്കിഴങ്ങു് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ചുമ്മാ പച്ചവെള്ളത്തില്‍ പുഴുങ്ങിത്തിന്നിട്ടു് സന്തോഷം കൊണ്ടു് ചിരിച്ചു് ചിരിച്ചു് ചത്തേനെ! :)

siva // ശിവ said...

അമ്മയോട് പറഞ്ഞു നോക്കാം ഇതൊക്കെ ഉണ്ടാക്കിത്തരാന്‍...

നന്ദു said...

പുതിയ പരീക്ഷണങ്ങൾ!! നന്നായി.

“ചീഞ്ഞു” പോകും എന്നതു കൊണ്ട് സൂ ഉദ്ദേശിച്ചത് വെന്തു പോകും എന്നു തന്നെയല്ലേ?. കേടായിപോകും എന്നല്ലല്ലോ?.

സു | Su said...

മുനീർ :) എന്നാപ്പിന്നെ പരീക്ഷിക്കരുത്. ഓണം കുളവും കടലും ഒക്കെയായാലോ. ;)

കിടങ്ങൂരാൻ :) അതും ആവാം.

ശ്രീ :) ഇപ്പോ മനസ്സിലായില്ലേ?

കാന്താരിക്കുട്ടി :) ഒന്നു ശ്രമിച്ചുനോക്കുന്നതിൽ തെറ്റില്ല.

ബാബു :) അതാവും നല്ലത്. ഹിഹി.

ശിവ :) അങ്ങനെയാവട്ടെ.

നന്ദുവേട്ടൻ :) അങ്ങനെയാണ് ഉദ്ദേശിച്ചത്. വെന്തു ചീഞ്ഞുപോകും എന്നു പറഞ്ഞാൽ അധികം വെന്തുപോകും എന്നർത്ഥം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]