ചേന തോല്/തൊലി ചെത്തിക്കളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക. കഷണങ്ങളൊക്കെ ഒരുപോലെ കുഞ്ഞുകുഞ്ഞായാലേ വെച്ചെടുത്താല്‍ ഒരു ഭംഗിയുണ്ടാവൂ. ഭംഗിക്കുവേണ്ടിയാണോ കറിയ്ക്ക് മുറിയ്ക്കുന്നത് എന്ന് ചോദിക്കരുത്. അങ്ങനെയല്ലെങ്കില്‍പ്പിന്നെ എല്ലാത്തിനും ഒരുപോലെയാണോ മുറിക്കുന്നത്? ഞാന്‍ കൈകൊണ്ട്, കത്തികൊണ്ട് മാത്രം മുറിക്കുന്നതുകൊണ്ട്, കഷണങ്ങള്‍ കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ പോകും. പക്ഷെ പലകയില്‍ വെച്ച് മുറിക്കുന്നവര്‍ വൃത്തിയായി, കൃത്യമായി മുറിക്കുക. ;)
ചേന മുറിച്ചെടുത്ത് കഴുകുക. ചൊറിഞ്ഞാലും പേടിക്കാനൊന്നുമില്ല.ഒരു പാത്രം, അഥവാ ചീനച്ചട്ടിയെടുത്ത് തീയുടെ മുകളില്‍ വയ്ക്കുക.
അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വറവിടാന്‍ മാത്രം.
ഉഴുന്ന്, ഒരു ടീസ്പൂണോ, അല്പം അധികമോ അതിലേക്ക് ഇടുക.
ഉഴുന്ന് അല്പം ചൂടായാല്‍ കടുക് ഇടുക. ചുവന്നമുളകും പൊട്ടിച്ചിടാം വേണമെങ്കില്‍.
കറിവേപ്പില ഇടാന്‍ മറക്കരുത്. ;)
അതൊക്കെ ഇട്ട് പൊട്ടിത്തെറിച്ച് ഒരുവിധമായാല് ചേനക്കഷണങ്ങള്‍ ഇടുക.
മഞ്ഞള്‍ & ഉപ്പ് ഇടുക. മഞ്ഞളിട്ട് നല്ലപോലെ വെന്താല്പ്പിന്നെ ചേന ചൊറിയാനുള്ള സാദ്ധ്യത കുറവാണ്. മുളകുപൊടി ഇടുക. ഞാന്‍ ഇടാറില്ല.
വേവിക്കാന്‍ മാത്രം വെള്ളമൊഴിക്കുക. അല്ലെങ്കില്‍ പുഴുക്കാവും.
ചേനക്കഷണങ്ങള്‍, മഞ്ഞള്‍, ഉപ്പ് ഒക്കെയിട്ട് കുക്കറിലിട്ട് വേവിച്ചാലും മതി. അതിലാവുമ്പോള്‍ വെള്ളം വളരെക്കുറച്ച് മതി. പിന്നെ വറവിട്ടാല്‍ മതി.
വെന്തുകഴിഞ്ഞ്, വെള്ളം വറ്റിക്കഴിഞ്ഞാല്‍ തേങ്ങ ചിരവിയിടുക. വാങ്ങിവെച്ചിട്ടായാലും മതി.
വെന്തുകഴിയലും, വെള്ളം വറ്റലും ഒരേ സമയത്തായാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. ചിത്രത്തില്‍ കാണുന്നപോലെ ഉപ്പേരി കിട്ടും.
ഇതാണ് ചേനയുപ്പേരി അഥവാ ചേനത്തോരന്.
ചേനയെക്കുറിച്ച് വിക്കിയില്‍ വായിക്കുക.
5 comments:
പാചകമുണ്ടാക്കുന്ന വിദ്യപോലെ മനോഹരം തന്നെ അത് അലങ്കാരമയി ചെയ്ത് പടം എടുക്കുന്നതും..അഭിനന്ദങ്ങള്‍ ഒപ്പം നന്ദിയും
പിന്നെ ചേന മുറിക്കുമ്പോള്‍ ഞാന്‍ കൈയ്യില്‍ ഇത്തിരി വെളിച്ചെണ്ണ പുരട്ടാറുണ്ട് ആയതിനാല്‍ കൈ ചൊറിയുന്നതില്‍ നിന്ന് രക്ഷകിട്ടാറുണ്ട് , പക്ഷെ കഴിക്കുമ്പോള്‍, ചിലപ്പോള്‍ വായ് ചോറിയാറുണ്ട്.. അതില്ലാതാവാന്‍ എന്തെങ്കിലും വിദ്യയുണ്ടൊ..?
ചെനയുടെ ചൊറിച്ചില്‍ മാറ്റി നിര്‍ത്തിയാല്‍ സംഭവം അടിപൊളി.
:)
ചേന ഒരെണ്ണം ഇരിപ്പുണ്ട്. ഒന്നു നോക്കട്ടെ ഇതു പോലെ വെച്ച്.
കൊള്ളാം
നന്മകള് നേരുന്നു
കുഞ്ഞന്‍ :) നന്ദി. വായ അല്ലെങ്കില്‍, നാവ്, ചേന കൂട്ടാതേയും ചിലര്‍ക്ക് ചൊറിയും. ;) തമാശയാണേ. പിന്നെ, കൂട്ടുകറി, ഉപ്പേരി ഒക്കെ ആവുമ്പോള്‍ പ്രശ്നം തന്നെ. പക്ഷെ, കാളന് വയ്ക്കുമ്പോള്‍, മുറിക്കുമ്പോള്‍ ചൊറിഞ്ഞാലും, കറിയില്‍, ആവുമ്പോള്‍ കുഴപ്പമില്ല. മഞ്ഞള്‍, നല്ലപോലെ ഇട്ട് വേവിക്കുക.
ശ്രീ :)
ആഷ :) പരീക്ഷിക്കൂ.
ബാജീ :)
Post a Comment