Monday, July 12, 2010

പപ്പായ പുളിങ്കറി

പപ്പായ എല്ലായിടത്തും എളുപ്പത്തിൽ കിട്ടുന്ന ഒന്നാണ്. പപ്പായ/കർമൂസ വീട്ടിൽ ഉണ്ടെങ്കിൽ പലതരം വിഭവങ്ങൾ ഓരോ ദിവസവും ഉണ്ടാക്കാം. പപ്പായ പുളിങ്കറി ഒരു സാദാ കൂട്ടാനാണ്. സാമ്പാറും കാളനുമൊക്കെ വേണ്ടെന്നുവെച്ച് ഒരുദിവസം പപ്പായപ്പുളിങ്കറിയുണ്ടാക്കാം. ഉണ്ടാക്കാൻ വല്യ വിഷമവുമില്ല.



പപ്പായ - ഒരു പപ്പായയുടെ പകുതി, തോലുകളഞ്ഞ് കഷണങ്ങളാക്കി, കഴുകിയെടുത്തത് (ചിത്രത്തിലെപ്പോലെ). അല്പമൊന്ന് പഴുത്തിട്ടുണ്ടെങ്കിലും കുഴപ്പമില്ല.
തേങ്ങ - മൂന്ന് ടേബിൾസ്പൂൺ
ജീരകം - അര ടീസ്പൂൺ.
മുളകുപൊടി - അര ടീസ്പൂൺ (കൂട്ടാം/കുറയ്ക്കാം).
മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന്.
പുളി - ചെറിയ നെല്ലിക്കാവലുപ്പത്തിൽ പുളിയെടുത്ത് അരഗ്ലാസ്സ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുറച്ചുകഴിയുമ്പോൾ, പുളി പിഴിഞ്ഞ് കരടൊന്നുമില്ലാതെ ആ വെള്ളം എടുക്കുക.
കടുക്, ചുവന്ന മുളക്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ വറവിടാനും എടുത്തുവയ്ക്കുക.

തേങ്ങയും ജീരകവും അരയ്ക്കുക. മുളകുപൊടി ഇടുന്നില്ലെങ്കിൽ അരയ്ക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ ചുവന്ന മുളക് ചേർത്തരയ്ക്കുക.

പപ്പായ, ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവുമൊഴിച്ച് വേവിക്കുക. വെന്താൽ പുളിവെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. കുറച്ചുനേരം തിളയ്ക്കണം. പുളി വേവണം. വെന്താൽ തേങ്ങയരച്ചതു കൂട്ടി തിളപ്പിച്ച് വാങ്ങിവയ്ക്കുക. വറവിടുക.



പരിപ്പ് കുറച്ച് ഇട്ടാലും കുഴപ്പമില്ല.

വേവാൻ ആവശ്യമുള്ള വെള്ളമേ ആദ്യം ചേർക്കാവൂ. വെള്ളം വേണമെങ്കിൽ തേങ്ങ ചേർക്കുമ്പോൾ ചേർത്താൽ മതി. കുറേ വെള്ളം ആദ്യം തന്നെ ഒഴിച്ചാൽ, പുളിവെള്ളവും കൂടെയൊഴിക്കുമ്പോൾ ചിലപ്പോൾ അധികമാവും.

3 comments:

ശ്രീ said...

ശരിയാ... ചിലപ്പോള്‍ അമ്മ പെട്ടെന്നുണ്ടാക്കാവുന്ന കറി എന്ന രീതിയില്‍ ഇതുണ്ടാക്കാറുണ്ട്

സു | Su said...

ശ്രീ :)

Hrishy said...

ഞാന്‍ ചേച്ചിയുടെ ബ്ലോഗ്‌ ഇടയ്ക്കിടെ നോക്കി വെള്ളം ഇറക്കും..
അമ്മയെ കാണിച്ചു കൊടുത്തു ഈ ബ്ലോഗ്‌.. പക്ഷെ അമ്മ ഒന്നും ഉണ്ടാക്കി തരുന്നില്ല..
ഇന്ന് പപ്പായ.. കണ്ടപ്പോ.. ഒരു ആഗ്രഹം.. അങ്ങനെ അമ്മയോട് വഴക്കടിച്ചു..
ഞാന്‍ ഇത് ഉണ്ടാക്കി.. കൊള്ളാം.. മനസ്സിനും.. വയറിനും.. ഒരു സുഖം ഉണ്ട്.. ഇങ്ങനെ ഉള്ള നാടന്‍ കറികള്‍ കൂട്ടുമ്പോള്‍..
Many Thanks

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]