ആദ്യം ദോശമാവ് തയ്യാറാക്കണം. നിങ്ങൾ സാധാരണയായി ദോശയ്ക്ക് തയ്യാറാക്കുന്നപോലെ തയ്യാറാക്കിയാൽ മതി. അല്ലെങ്കിൽ താഴെപ്പറയുന്നതുപോലെ തയ്യാറാക്കുക.
പച്ചരി - ഒരു ഗ്ലാസ്സ്.
പുഴുങ്ങലരി - അര ഗ്ലാസ്സ്.
ഉലുവ - അര ടീസ്പൂൺ.
ഉഴുന്ന് - കാൽ ഗ്ലാസ്സ്.
എല്ലാം ഒരുമിച്ച് വെള്ളത്തിൽ ഇട്ടുവയ്ക്കുക. നാലഞ്ച് മണിക്കൂർ കഴിഞ്ഞാൽ, കഴുകി, മിനുസമായി അരച്ചെടുക്കുക. അധികം വെള്ളത്തോടെ അരയ്ക്കരുത്. ഉപ്പു ചേർത്തു വയ്ക്കുക. എട്ട് പത്ത് മണിക്കൂർ വച്ചാൽ മാവ് പുളിക്കും.
ഇനി ബീറ്റ്റൂട്ട് കൂട്ട്.

ബീറ്റ്റൂട്ട് - ഒന്ന് ഇടത്തരം (ചിത്രത്തിൽ ഉള്ളതുപോലെയുള്ളത്).

ബീറ്റ്റൂട്ട് തോലുകളഞ്ഞ് കഷണങ്ങളാക്കി വേവിക്കുക. ഇവിടെ കുക്കറിലാണ് വേവിച്ചത്. അതുകൊണ്ട് വല്യ കഷണങ്ങളാണ് ആക്കിയത്.

വെന്തിട്ട് ഒന്നു തണുത്താൽ അരയ്ക്കുക. വേവിക്കുമ്പോൾ ഒഴിച്ച വെള്ളം വേണ്ട. വെള്ളം ചേർക്കാതെ അരയ്ക്കുക. മിനുസവും ആവണം.

അരച്ചെടുത്തത് എത്ര അളവുണ്ട് എന്നു നോക്കുക. അതിന്റെ ഇരട്ടി ദോശമാവിൽ ബീറ്റ്റൂട്ട് അരച്ചത് ചേർക്കുക. കുറച്ച് കുരുമുളകുപൊടി ഇടുക. കായം പൊടിയും ഇടുക. അല്പം ഉപ്പ് ഇടുക. ബീറ്റ്റൂട്ടിനു മാത്രം വേണ്ടി. എല്ലാം കൂടെ യോജിപ്പിക്കുക.

ദോശക്കല്ല്/തട്ട് വെച്ച് ചൂടായാൽ മാവൊഴിക്കുക. ഒന്നു വെന്താൽ ദോശയ്ക്കു മുകളിൽ നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക.

നല്ലപോലെ വെന്താൽ മറിച്ചിടുക. ആ ഭാഗവും വെന്താൽ എടുത്തുവയ്ക്കുക.

വെറും തേങ്ങാച്ചമ്മന്തി മതി കൂട്ടിക്കഴിക്കാൻ എന്ന് എന്റെ അഭിപ്രായം. മാവ് അധികം ചേർത്താലും കുഴപ്പമില്ല. ഈ അളവിൽ അരിമാവ് ബാക്കിയുണ്ടാവും. ഈ ബീറ്റ്റൂട്ട് കൂട്ടിൽ അഞ്ച് വല്യ ദോശയുണ്ടാക്കാം.
7 comments:
നല്ല സുന്ദരന്‍ ദോശ. സ്വാദില്‍ എങ്ങനെ എന്ന് ഇനി ഉണ്ടാക്കി നോക്കണം.
സുകന്യേച്ചീ :) സമയം കിട്ടുമ്പോൾ ഉണ്ടാക്കിനോക്കൂ.
ഓണവിശേഷം എന്തുണ്ട് എന്നു നോക്കാന്‍ വന്നതാ... എന്തായാലും വരവു വെറുതേ ആയില്ല. ബീറ്റ്രൂട്ട് ദോശ.. ഓണം കഴിഞ്ഞാല്‍ ഒന്നു ഉണ്ടാക്കിനോക്കിയിട്ടുതന്നെ കാര്യം
നന്ദി.. സൂ ജി :-)
ഹൃദയപൂര്‍വ്വം ഓണാശംസകളും.
ജ്യോതി(വാഗ്ജ്യോതി)
കൊള്ളാമല്ലോ
ജ്യോതി :) വന്നതിലും ഓണാശംസകൾ നേർന്നതിലും സന്തോഷം. ഓണം ആഘോഷിച്ചില്ലേ ജ്യോതീ? ആശംസ ഞാൻ മനസ്സിൽ നേർന്നിരുന്നു.
ശ്രീ :)
nannayitundu..........niratinotta gunavum kanumallo alle.........
ജാനി :) അത് ഉണ്ടാക്കിനോക്കിയാൽ മനസ്സിലാവില്ലേ?
Post a Comment