Saturday, March 14, 2009

വത്തക്ക ഷേക്ക്/ തണ്ണീർമത്തൻ ഷേക്ക്




തണ്ണീർമത്തൻ അഥവാ ഞങ്ങളുടെ വത്തയ്ക്ക കൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന പാനീയം ആണിത്. ഉത്സവത്തിനാണ് വത്തയ്ക്ക വീട്ടിലെത്തുന്നത്. വെറുതേ തിന്നുകയാണ് പതിവ്. ഇപ്രാവശ്യം പരീക്ഷിച്ചേക്കാംന്ന് കരുതി. എന്റെ കസിൻസാണ് ഇതുണ്ടാക്കാൻ തോന്നിപ്പിച്ചത്. അവരാണ് വീട്ടിൽ ഇതൊക്കെ ഉണ്ടാക്കിക്കുടിക്കുന്നവർ. എനിക്കു വല്യ പ്രിയമില്ല. കടയിൽ കിട്ടുന്ന ഷേക്ക് ഇങ്ങനെയാണോന്ന് എനിക്കറിയില്ല. ഞാൻ കുടിച്ചിട്ടില്ല. ഇത് ഞാൻ എളുപ്പരീതിയിൽ ഒന്ന് തയ്യാറാക്കിയെന്നേയുള്ളൂ. ഞങ്ങൾക്ക് ഇഷ്ടമായി. അധികം വസ്തുക്കളൊന്നും ആവശ്യമില്ലാത്തതിനാൽ നിങ്ങൾക്കും ഉണ്ടാക്കാം.




വത്തയ്ക്ക ചിത്രത്തിൽ ഉള്ളത്രേം കഷണങ്ങൾ. കുരു കളഞ്ഞെടുത്തതാണ്. കുരുവുണ്ടാവരുത്. കുറച്ച് അധികമായാലും സാരമില്ല.
പഞ്ചസാര എട്ട് ടീസ്പൂൺ ഇടാം. പിന്നെ ഒന്ന് രുചിച്ച് നോക്കിയിട്ട് വേണമെങ്കിൽ ചേർക്കാം. വത്തയ്ക്കയ്ക്ക് മധുരമുണ്ടെങ്കിൽ വേണ്ടിവരില്ല. എന്നാലും നിങ്ങളുടെ അളവ് വ്യത്യാസം ആയിരിക്കും.

പാൽ കാൽ ലിറ്ററിൽ അല്പം കുറവ്.

പാൽ ഫ്രീസറിൽ വെച്ച് തണുപ്പിക്കുക. പാൽ ചൂടാക്കി തണുപ്പിച്ചാണ് ഫ്രീസറിൽ വെച്ചത്. പച്ചപ്പാലും പറ്റുമായിരിക്കും.
പാൽ കട്ടിയായാലും കുഴപ്പമില്ല. പൊടിച്ചിടാം.

വത്തയ്ക്ക, പഞ്ചസാരയും ഇട്ട് മിക്സിയിൽ അടിക്കുക. വെള്ളം ഒഴിക്കാനേ പാടില്ല. വത്തയ്ക്ക അലിഞ്ഞ് വെള്ളമാവും. നന്നായി കഷണങ്ങളൊക്കെ വെള്ളമാവുന്നതുവരെ കറക്കണം. അതുകഴിഞ്ഞാൽ പാലും ഒഴിച്ച് കറക്കുക. മധുരം നോക്കുക. പോരെങ്കിൽ കുറച്ചും കൂടെ ഇടുക.



പിന്നെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം. അല്ലെങ്കിൽ അപ്പോത്തന്നെ കുടിക്കാം. പാലിന്റെ തണുപ്പുണ്ടാവുമല്ലോ.

4 comments:

smitha adharsh said...

My favourite drink....
Thanks...

സു | Su said...

സ്മിത :) ഇങ്ങനെ ഉണ്ടാക്കാറുണ്ടോ?

ശ്രീ said...

ച്ഛേ! ഇത്തവണ വീട്ടില്‍ പോയപ്പോള്‍ തണ്ണിമത്തന്‍ കഴിച്ചതേയുള്ളൂ... ഇനി അടുത്ത തവണ പരീക്ഷിയ്ക്കാം.

സു | Su said...

ശ്രീ :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]