Monday, November 27, 2006

ഇഡ്ഡലി

ഇഡ്ഡലി, വലിയവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും ഒക്കെ കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. ചേട്ടന്‍ ഒരു ഇഡ്ഡലിപ്രിയന്‍ ആണ്. എന്ന് വെച്ച് ഇവിടെ ദിവസവും അതാണെന്ന് ആരും ധരിക്കരുത്. ആഴ്ചയില്‍ ഒരു രണ്ടോ മൂന്നോ നാലോ ദിവസം മിക്കവാറും. ഹി ഹി .


ഇഡ്ഡലി - ഒരു തരം.

പുഴുങ്ങലരി - 3 കപ്പ്, ഗ്ലാസ്, കിലോ ഏതെങ്കിലും.

ഉഴുന്ന് - 1 കപ്പ്, ഗ്ലാസ്സ്, കിലോ ഏതെങ്കിലും.

3 : 1 ആയിരിക്കണം.

ഉപ്പ്.

വേറെ വേറെ പാത്രത്തില്‍ ആറു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെയ്ക്കുക.

അഞ്ച് മണിക്കൂര്‍ ആയാലും കുഴപ്പമില്ല.

നല്ല തണുത്ത വെള്ളം ആയാല്‍ നല്ലത്.

രണ്ടും കൂടെ ഒരുമിച്ച് ഇടരുത്.

ആദ്യം ഉഴുന്ന്, നല്ല വെണ്ണ പോലെ അരയ്ക്കുക. വെണ്ണപോലെ എന്നുദ്ദേശിച്ചത് മിനുസം മാത്രമല്ല. വെള്ളത്തിന്റെ അളവിന്റെ കാര്യത്തിലും, വെണ്ണ ഇരിക്കുന്നതുപോലെ മാവ് ഇരുന്നാല്‍ നല്ലത്.

പിന്നെ അരി അരയ്ക്കുക. അതിലും ഒട്ടും വെള്ളം ഉണ്ടാവരുത്.

മിക്സി പ്രവര്‍ത്തിക്കാന്‍ മാത്രം വെള്ളം.

അതിന്റ്റെ അരവ് എന്ന് പറഞ്ഞാല്‍ ബ്രഡ് കൈകൊണ്ട് പൊടിച്ചിട്ടാല്‍, അല്ലെങ്കില്‍ ബിസ്കറ്റ് പൊടിച്ചിട്ടാല്‍ ഒരു മുരുമുരുപ്പ് സ്റ്റൈല്‍ ഇല്ലേ? അതുപോലെ മതി.

അരച്ച ശേഷം ആവശ്യത്തിന് ഉപ്പും ഇട്ട് രണ്ടും നന്നായി യോജിപ്പിച്ച് വയ്ക്കുക.

പാകം എന്നുപറഞ്ഞാല്‍, അതില്‍ നിന്ന് കുറച്ച് ഒരു സ്പൂണ്‍ എടുത്ത് നിലത്തോ പ്ലേറ്റിലോ, മേശപ്പുറത്തോ ഒഴിച്ചുനോക്കിയാല്‍ ഒഴിച്ചിടത്ത് ഇരിക്കണം. നല്ല അനുസരണ ഉള്ള പോലെ. ഒഴുകിനടക്കരുത്.

പുളിക്കാന്‍ വെച്ച ശേഷം, ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച് തയ്യാറാക്കുക. ഒഴിക്കുന്നതിനു മുമ്പ്, കുറച്ച്, വളരെക്കുറച്ച് വെള്ളം, (വേണമെങ്കില്‍ മാത്രം) ചേര്‍ക്കാം.

കുഴപ്പം എന്താണെന്ന് വെച്ചാല്‍, ഉപ്പ് നോക്കണമെങ്കില്‍ ഇഡ്ഡലി കുറച്ചെണ്ണം ആവും. സാരമില്ല. അടുത്ത തവണ ഉപ്പ് ഒന്നുകൂടെ നോക്കി ഇടുക. ഇവിടെ വൈകുന്നേരം അരച്ച് വെച്ചാല്‍ പിറ്റേ ദിവസം രാവിലെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്.


ഇഡ്ഡലി രണ്ട് തരം.

പുഴുങ്ങലരി - 1 കപ്പ്

പച്ചരി - 1 കപ്പ്

ഉഴുന്ന് - 1 കപ്പ്

ഉപ്പ്.

പുഴുങ്ങലരിയും പച്ചരിയും ഒരുമിച്ച് വെള്ളത്തിലിടാം. ഉഴുന്ന് വേറെയും. മുകളില്‍ പറഞ്ഞപോലെ അരയ്ക്കുക. തയ്യാറാക്കുക.

9 comments:

Anonymous said...

ഇഡ്ഡലിയുടെ കമന്റിന്‍ പ്രദേശം തരിശ്ശായികിടന്നതുകൊണ്ട് ഒരു തൈ നടുന്നു.

അരിയുടെ ഒപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ ചോറു കൂടി ചേര്‍ത്തരക്കൂ. ഇഡ്ഡലി സോഫ്റ്റാകും.


ഒരു തൈ നടുമ്പോള്‍....
ഒരു തണല്‍ ....

Unknown said...

ഇഡ്ഡലി മാവ് തയ്യാറാക്കുമ്പോള്‍, ഇത്തിരി കുതിര്‍ത്ത ഉലുവ ചേര്‍ത്ത് അരക്കുന്നത് ചെറിയയ് ഒരു ഫ്ലവറിങ് തരും. ഇത് ആരോഗ്യത്തിനും നല്ലതാണ്.

വല്യമ്മായി said...

രണ്ട് നിര്‍ദ്ദേശങ്ങളും ഞാന്‍ പിന്താങ്ങുന്നു.

reshma said...

ഈ രണ്ട് ഇഡ്ഡ്ലിയില്‍ ഏതാ നല്ല പതപത സോഫ്റ്റ് ആയി വരാ?
ഞാന്‍ പുഴുങ്ങലരി+പച്ചരി+ഉഴുന്ന് ഇതു വരെ പരീക്ഷിച്ചിട്ടില്ല.

ബിന്ദു said...

വല്യമ്മായി പിന്താങ്ങിയതുകൊണ്ട് ഞാനും പിന്താങ്ങുന്നു.:)

സു | Su said...

പയ്യന്‍ :) ഈ ഇഡ്ഡലി സോഫ്റ്റ് ആകാന്‍ ചോറിന്റെ യാതൊരു ആവശ്യവും ഇല്ല. ചോറ് ചേര്‍ക്കും എന്ന് കേട്ടിട്ടുണ്ട്.

പൊന്നമ്പലം :) ഇഡ്ഡലിമാവില്‍ ഉലുവ ചേര്‍ക്കാറില്ല. ദോശയ്ക്ക് ചേര്‍ക്കാറുണ്ട്. അവിടെ ചേര്‍ക്കും അല്ലേ?

വല്യമ്മായീ :) അങ്ങനെ ചെയ്യാറുണ്ടോ?


രേഷ് :) രണ്ടും സോഫ്റ്റ് ആകും. പരീക്ഷിക്കൂ.

ബിന്ദൂ :)

qw_er_ty

സു | Su said...

താരേ :)
ഇഡ്ഡലിയ്ക്ക് , ഉഴുന്ന് മിനുസമായി അരയുന്നതുപോലെ അരി അരഞ്ഞാല്‍ ഇഡ്ഡലി അത്ര നന്നാവില്ല. മിക്സിയില്‍ എന്തായാലും രണ്ട് പ്രാവശ്യം ഇടേണ്ടിവരും.



qw_er_ty

myexperimentsandme said...

നല്ല സോഫ്റ്റിഡ്ഡലിയും ചൂട് സാമ്പാറും.

ഓര്‍ക്കാനും അയവിറക്കാനുമല്ലേ പറ്റൂ :(

സു | Su said...

വക്കാരീ, അവിടെ ഉണ്ടാക്കൂ.
qw_er_ty

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]