Thursday, November 23, 2006

ചെറുനാരങ്ങ മധുരഅച്ചാര്‍ അഥവാ ചെറുനാരങ്ങ മധുരക്കറി.

ചെറുനാരങ്ങ, സൌന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. ചെറുനാരങ്ങ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. ചെറുനാരങ്ങ മധുരമുള്ള അച്ചാര്‍ വളരെപ്പെട്ടെന്ന് തയ്യാറാക്കാന്‍‍ പറ്റില്ല. എന്നാലും തയ്യാറായാല്‍, ഇഷ്ടമായാല്‍, വളരെപ്പെട്ടെന്ന് തീരും.

ചെറുനാരങ്ങ - 25 എണ്ണം.

പഞ്ചസാര- ഒരു കിലോ.

മഞ്ഞള്‍പ്പൊടി - 3 ടീസ്പൂണ്‍.

ഉലുവ - 1 ടീസ്പൂണ്‍.

കായം ഒരു ചെറിയ കഷണം
അല്ലെങ്കില്‍ കുറച്ച് പൊടി.

മുളക്പൊടി - 10 ടീസ്പൂണ്‍.

ഉപ്പ് - ആവശ്യത്തിന്.

ചെറുനാരങ്ങ വൃത്തിയില്‍ കഴുകിത്തുടച്ച്, നാലും ആറും എട്ടും ഒക്കെ കഷണങ്ങളാക്കി മുറിച്ച് ഉപ്പും, മഞ്ഞളും ഇട്ട്, നന്നായി യോജിപ്പിച്ച് ഒരു എട്ട് ദിവസമെങ്കിലും വെയ്ക്കുക. (ഞാന്‍ പന്ത്രണ്ട് ദിവസം വെച്ചു- വെയ്ക്കേണ്ടി വന്നു)

ഉലുവ, കുറച്ച് എണ്ണ ചൂടാക്കി വറുക്കുക. കരിയരുത്. തണുത്താല്‍ പൊടിക്കുക. എണ്ണ നിന്നോട്ടെ.

കായം, കഷണമാണെങ്കില്‍ ഉലുവയുടെ കൂടെ പൊടിക്കുക.

കുറച്ച് വലിയൊരു പാത്രത്തില്‍, പഞ്ചസാരയില്‍ കുറച്ച്, ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.

പഞ്ചസാര അലിഞ്ഞാല്‍, ഉലുവ, കായം , മുളക് പൊടികള്‍ ചേര്‍ക്കുക.

തീ വളരെക്കുറച്ച് വെയ്ക്കണം.

ഒന്ന് യോജിപ്പിച്ച ശേഷം നാരങ്ങ ഇടുക.

ഉപ്പ് വേണമെങ്കില്‍ കുറച്ചുകൂടെ ഇടാം.

ഒന്നുകൂടെ യോജിപ്പിക്കുക.

എന്നിട്ട് വളരെക്കുറച്ച് തീയില്‍, പഞ്ചസാര കട്ടിപ്പാനി ആയി, അച്ചാര്‍ കട്ടിയാവുന്നത് വരെ വയ്ക്കുക.

(ഞാന്‍ ഒരു മണിക്കൂറില്‍ അധികം വെച്ചു.)

കട്ടി ആയാല്‍ വാങ്ങി വെയ്ക്കുക.

തണുത്താല്‍ തീരെ നനവില്ലാത്ത, വൃത്തിയുള്ള പാത്രത്തില്‍ ഒഴിച്ചുവെയ്ക്കുക.

പ്ലാസ്റ്റിക് ജാറില്‍ ആയാലും മതി.

കയ്പ്പില്ലാത്ത നാരങ്ങ ആണെങ്കില്‍ അടിപൊളി ആവും.

ഇന്നലെ ഉണ്ടാക്കി, ഇന്ന് ഒരാള്‍ക്ക് കുറച്ച് കൊടുത്തയച്ചിട്ടുണ്ട്.

രണ്ടു ദിവസം കഴിഞ്ഞാല്‍ വിവരം അറിയും ;)

6 comments:

Anonymous said...

ഇതുവരെ ചെറുനാരങ്ങ മധുര അച്ചാര്‍ സ്വയം പരീക്ഷിച്ചിട്ടില്ല. പരീക്ഷിച്ച ശേഷം അറിയിക്കാം.

-അടിപൊളീ ആകുമെന്നാ‍ണു വിവരണത്തില്‍ നിന്നു തോന്നുന്നത്.

താങ്ക്സ്, സൂ!

ബിന്ദു said...

പഞ്ചസാര ഇട്ട് പരീക്ഷിച്ചിട്ടില്ല.നോക്കണമല്ലൊ ഇനി.എരിവുണ്ടാവുമൊ അപ്പോള്‍?

സു | Su said...

കൈതമുള്ളേ :) ഇവിടെ അടിപൊളി ആയി. അവിടേയും ആയാല്‍ നന്നായി.

ബിന്ദൂ :) മധുരവും എരിവും ഉണ്ടാകും. അധികം എരുവ് വേണമെങ്കില്‍ മുളകുപൊടിയുടെ അളവ് കൂട്ടാം.

സുഗതരാജ് പലേരി said...

സൂവേച്ചി നാട്ടില്‍ പോയാല്‍ ചെറുനാരങ്ങ അച്ചാറില്ലാതെ ഒരുദിവസവും ഊണ് കഴിക്കാറില്ല, (വീട്ടിലുണ്ടാക്കിയത്). ചെറുനാരങ്ങ മധുര അച്ചാര്‍ ഇതുവരെ കഴിച്ചിട്ടില്ല.
വലിയനാരങ്ങ കൊണ്ടുള്ള അച്ചാര്‍ രീതി ഒന്നു പറഞ്ഞുതരുമോ?

സു | Su said...

സുഗതരാജ് :)

നാരങ്ങ ചെറുതായി അരിയുക. ഗണപതിനാരങ്ങ എന്നാണ് പറയുന്നത് അതിനെ. ഉള്ളില്‍ ചക്കയ്ക്ക് ഉള്ളത് പോലെ (കൂഞ്ഞ്) ഒന്നുണ്ടാവും. അത് കളയുക. പുളിവെള്ളത്തില്‍ ഇഞ്ചിയും,പച്ചമുളകും, ഉപ്പും ഇട്ട് നല്ലപോലെ വേവിച്ചശേഷം നാരങ്ങയും ഇട്ട് വേവിക്കുക. ശര്‍ക്കര വേണമെങ്കില്‍ ഇടാം. കടുക്, മുളക്, കറിവേപ്പില മൊരിച്ചിടുക. ഇവിടെ ഇപ്പോള്‍ ഇല്ല. അതുകൊണ്ട് ഉണ്ടാക്കിയിട്ടില്ലാത്തതുകൊണ്ട് കമന്റായി ഇടുന്നു. അമ്മയുടെ വീട്ടില്‍ ഉണ്ട് നാ‍രങ്ങ. ചെറുനാരങ്ങയും ഉണ്ടവിടെ.

qw_er_ty

സു | Su said...

നാരങ്ങയുടെ തൊലി നല്ലപോലെ കളയണം. വിട്ടുപോയി. പറയാന്‍.

qw_er_ty

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]