Wednesday, August 23, 2006

ചന - മസാലക്കറി Chana Masala

















കാബൂളി ചന(വെള്ളക്കടല) -1 1/2 (ഒന്നര) കപ്പ് . 5-6 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക.

ഉള്ളി - വലുത് 1 (നീളത്തില്‍ അരിഞ്ഞത്)

തക്കാളി- വലുത് 1 (ചെറുതായി അരിഞ്ഞത്)

ചന മസാല പൌഡര്‍ (വിവിധ തരം കിട്ടും)- 1 ടീ സ്പൂണ്‍ നിറച്ചും.

കടുക് - 1/4 ടീസ്പൂണ്‍

ജീരകം - 1/4 ടീസ്പൂണ്‍

മുളകുപൊടി - 1/4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍

മല്ലിയില - കുറച്ച്.

ഉപ്പ്- ആവശ്യത്തിന്.

എണ്ണ - കുറച്ച്.

വെള്ളത്തില്‍ കുതിര്‍ന്ന കടല, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് നന്നായി വേവിച്ചെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകും ജീരകവും മൊരിയ്ക്കുക. അതിലേക്ക് സവാള ഇട്ട് നന്നായി മൊരിഞ്ഞതിനുശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. വേവിച്ച ചന നന്നായി ഉടച്ച ശേഷം ഇതിലേക്ക് ഇട്ട് കുറച്ച് നേരം കൂടെ വേവിക്കുക. ആദ്യം വേവിച്ചെടുത്ത ചനയില്‍ വെള്ളമില്ലെങ്കില്‍ പിന്നെയും വേവിക്കുമ്പോള്‍ കുറച്ച് വെള്ളം ചേര്‍ക്കേണ്ടതാണ്.


വാങ്ങിയതിനു ശേഷം മല്ലിയില തൂവുക. കഴിക്കുമ്പോള്‍ നാരങ്ങനീര്‍ ഒഴിക്കാവുന്നതാണ്.

വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് തക്കാളി വഴറ്റുമ്പോള്‍ വെളുത്തുള്ളി ചതച്ചെടുത്തതും കൂടെ യോജിപ്പിച്ച് എടുക്കാവുന്നതാണ്.


13 comments:

ബിന്ദു said...

ഒരു ചപ്പാത്തി കിട്ടുകയായിരുന്നെങ്കില്‍.......... ഈ കറി കൂട്ടി കഴിക്കാമായിരുന്നു..... :)വായില്‍ വെള്ളം വരുന്നു.

Anonymous said...

kurachu paneer koodi ittaal enthaakum sthithi?

സു | Su said...

ബിന്ദൂ :) ജയന്‍ സ്റ്റൈല്‍ ആ അല്ലേ?

അനോണീ, പനീര്‍ കൂടെ ഇട്ടാല്‍ പനീറിന്റേം സ്വാദ് വരും. കറിയുടെ പേരും മാറും ;)

Anonymous said...

തിന്നാല്‍ വയറിന് പ്രശ്നമുണ്ടാവില്ലോ

ദേവന്‍ said...

പോസ്റ്റ്‌ ഇവിടെ ഇട്ടതാണെങ്കിലും സൂ തന്നെ പറയണം എന്നു വാശിയൊന്നുമില്ല കേട്ടോ. ഇഞ്ചിയോ അതുല്യയോ ആരു പറഞ്ഞാലും ഞാന്‍ കേള്‍ക്കാം (ഗര്‍വാസീസ്‌ ആശാന്‍: "കേള്‍ക്കാം. ഗോപാലകൃഷ്ണനെന്നല്ല, നീയിനി എന്തു പറഞ്ഞാലും ഞാന്‍ കേള്‍ക്കാം" എന്നു പറഞ്ഞ ടോണില്‍)

സംഭവം ഇതാണ്‌. മേത്തി (ഉലുവയില) ചേര്‍ത്ത്‌ വയ്ക്കാവുന്ന എന്തെങ്കിലും വെജി. കറി റെസിപ്പിയുണ്ടോ ആരുടേലും കയ്യില്‍? ആലു മേതി മാതിരി? ഒരു ദുര്‍ഗക്കു കൊടുക്കാനാ.

സു | Su said...

ആരാ ദുര്‍ഗ? അതുല്യേച്ചിയും, ഇഞ്ചിയും, അഭിപ്രായം പറയുമായിരിക്കും. എന്നാലും ഞാനും പറഞ്ഞേക്കാം. ഉലുവയില കയ്ക്കും എന്ന് പറഞ്ഞ് വാങ്ങാറില്ല.

1)ചപ്പാത്തി

ഗോതമ്പപ്പൊടിയും കടലപ്പൊടിയും സമം അളവ്
ഉലുവയില.
ജീരകപ്പൊടി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കുറച്ച്.
ഉപ്പ് ‌ആവശ്യത്തിന്.

ഒക്കെക്കൂടെ യോജിപ്പിക്കുക. വെള്ളം കുറച്ച്. ഉലുവയില്‍ അവസാനം ഇട്ടാല്‍ മതി.
ചപ്പാത്തി പോലെ ഉണ്ടാക്കുക.

2)കട്‌ലറ്റ്

ഉലുവ ഇല അരിഞ്ഞത് - 1കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്- 2 എണ്ണം.
വെളുത്തുള്ളി പേസ്റ്റ്- കുറച്ച്
കടലപ്പൊടി -1/2 കപ്പ്
മുളകുപൊടി- കുറച്ച്
ചെറുതായി അരിഞ്ഞ പച്ച മുളക് - 3-4

മല്ലിയില

റവ- 1/2 കപ്പ്
ഉപ്പും എണ്ണയും ആവശ്യത്തിന്

എല്ലാം കൂടെ നന്നായി യോജിപ്പിക്കുക. റവ ഒഴിച്ച്.
വടയുടെ ആകൃതിയില്‍ ആക്കി എണ്ണയില്‍ വറുക്കുക.

3)ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും സവാളയും ഉലുവയിലയും എണ്ണയില്‍ വഴറ്റുക. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ,വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.

4)ഉലുവച്ചീര പച്ചടി

ഉലുവച്ചീരയും തക്കാളിയും ഉള്ളിയും പച്ചമുളകും മല്ലിയിലയും അരിഞ്ഞിട്ട് കുരുമുളക് പൊടിയും ഉപ്പും കൂടെ യോജിപ്പിക്കുക.
കുറച്ച് പഞ്ചസാരയും ഇടാം. എന്നിട്ട് നല്ല തൈര്‍ ഒഴിക്കുക.

ചപ്പാത്തി മാത്രമേ ഞാന്‍ ഉണ്ടാക്കിയിട്ടുള്ളൂ. ബാക്കിയൊക്കെ ദേവന്റെ ഭാഗ്യം പോലെ ;)

ഇനീം ഉണ്ട്. വേണമെങ്കില്‍ പറഞ്ഞ് തരാം. അല്ലെങ്കില്‍ വിദഗ്ദ്ധകളോട് ചോദിച്ചിട്ട് പറഞ്ഞ് തരാം.

വിചാരം said...

ഭക്ഷണവും അതുണ്ടാക്കുന്നവരേയും എനിക്കൊത്തിരി ഇഷ്ടമാണു... ഭക്ഷണം ഉണ്ടാക്കുന്നവര്‍ വളരെ നല്ല മനസ്സുള്ളവര്‍ ആയിരിക്കും... അവര്‍ ഭക്ഷണം ഉണ്ടാക്കി സ്വയം കഴിക്കുന്നതെനേക്കാള്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക്‌ കൊടുക്കുന്നതും .. നല്ല രണ്ട്‌ വാക്ക്‌ കേള്‍ക്കുന്നതുമാണു അവര്‍ക്കിഷ്ടം... ഒരിക്കല്‍ ഞാനും എണ്റ്റെ ചങ്ങാതിമാരായ ബാബു രാജ്‌, അനില്‍, അന്‍വര്‍, അമാനു എന്നിവര്‍ , ബാബുവിണ്റ്റെ പഴനിയിലുള്ള വീട്ടിലേക്കും അവിടെ നിന്ന് കൊടൈക്കനാലിലേക്കും ... ഞങ്ങളുടെ ഇടക്കിടെയുള്ള യാത്രയാണു.... ആ ഒരു യാത്രയില്‍ ഞനൊരു മുട്ട കറി ഉണ്ടാക്കി.... ആകാംഷയോടെ ഭക്ഷണം കഴിക്കാനിരുന്ന ചങ്ങാതിമാരില്‍ നിന്ന് കേട്ട തെറികള്‍.ഇന്നും എണ്റ്റെ കാതില്‍ മുഴങ്ങുന്നുണ്ട്‌... മലയാള നിഘണ്ടുവില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത മനോഹരമായ തെറികള്‍ ... അന്ന് ഞാനൊരു തീരുമാനമെടുത്തു .. പാചക കല പഠിക്കണം... അങ്ങനെ പാലക്കാട്‌ കോണ്ടിനെണ്റ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനാജ്‌മണ്റ്റ്‌ എന്ന സ്ഥാപനത്തില്‍ നിന്ന് പാചക കല പഠിച്ചു..പ്രായോഗിക പരിശീലനം ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ലഭിച്ചു... ഇന്ന് എണ്റ്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം ഉണ്ടാക്കാന്‍ കഴിവുള്ള ആള്‍ ഞാന്‍ ആണെങ്കിലും എണ്റ്റെ ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിണ്റ്റെ രുചിയുടെ പത്തയലത്ത്‌ പോലും എനിക്കിത്‌ വരെ എത്താനായിട്ടില്ല എത്താനുമാവില്ല കാരണം അങ്ങാടിയില്‍ വാങ്ങിക്കാന്‍ പറ്റാത്ത ഒരു ഇന്‍ഗ്രിഡിയന്‍സ്‌ എണ്റ്റെ ഉമ്മ എല്ലാ ഭക്ഷണത്തിലും ചേര്‍ക്കുന്നുണ്ട്‌ അത്‌ എന്താണന്നറിയേണ്ടേ? "മാത്ര്‍സ്നേഹം"
കറിവേപ്പിലക്കും അതിനുപിന്നിലെ കൈപുണ്യത്തിനും സ്നേഹത്തിനും ഭാവുകങ്ങള്‍ നേരുന്നു....
ഫാറൂഖ്‌ ബക്കര്‍ പൊന്നാനി

സു | Su said...

ഫാറൂഖ് ബക്കര്‍ പൊന്നാനിയ്ക്ക് കറിവേപ്പിലയിലേക്ക് സ്വാഗതം. :)

പാചകകല അറിയാമെന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.

ദേവന്‍ said...

നന്ദി സൂ. അഡീഷണല്‍ ചോദ്യങ്ങള്‍ ഇതു ഉണ്ടാക്കാന്‍ ഞാനൊരു ശ്രമം തുടങ്ങിയ ശേഷം വരാന്‍ സാദ്ധ്യതയുണ്ട്‌

[ദുര്‍ഗ = ദുര്‍ബ്ബല + ഗര്‍ഭിണി]

സു | Su said...

ഉം. എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ബുക്ക് നോക്കിയോ ആരോടെങ്കിലും ചോദിച്ചോ പറഞ്ഞുതരാം.
സന്തോഷമേയുള്ളൂ. റെസിപ്പി മാത്രമല്ല. വേറെ സംശയം ഉണ്ടെങ്കിലും. :)

ആശംസ പറയാഞ്ഞത് മനപ്പൂര്‍വം ആ. കുറച്ച് ദിവസം കൂടെ കഴിയട്ടെ. അത്രയേ അര്‍ഹതയുള്ളൂ.

Anonymous said...

chana masala എളുപ്പത്തില്‍ ഇങ്ങനെയും ഉണ്ടാക്കാം.(തക്കാളി +ഇഞ്ചി+പച്ചമുളക്+ വെളുത്തുള്ളി)നന്നായി അരച്ചെടുക്കുക,വഴനയില മൂപ്പിച്ച ശേഷം ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റുക,അതിലേക്ക് മഞ്ഞള്‍ പൊടി+ അരച്ച പേസ്റ്റ് ചേര്‍ക്കുക,വറുത്ത ജീരകപ്പൊടി ചേര്‍ക്കുക+ മുളകുപൊടി+ മല്ലിയില+കടല +വേണ്ട വെള്ളം ചേര്‍ത്ത് ഉപ്പുമിട്ട് കുക്കറില്‍ വെയ്ക്കുക,വേവിക്കുക.വാങ്ങും മുന്‍പ് ഗരം മസാല ചേര്‍ക്കുക. try once, all the best anonychechi-sabitha

സു | Su said...

കടല ഉപ്പുമിട്ട് വെക്കുമോന്ന് എനിക്കറിയില്ല. വേവില്ല അത്. ഞാന്‍ വെച്ചിട്ടില്ല ഇതുവരെ.

:)

qw_er_ty

Anju Ramesh said...

suu chechi...ente husband oru panjara factory aanu... ethu pathirathri vishannalum chappathi...chappathi..chappathi..only. sthiram currykal undakkikkoduthu njanum kazhichu kazhichu chettanum maduthu...Puttu aanel parayanumilla... Ente panjarachettanu vendi PUTTinum CHAPPATHIykkum cherunna kurachu currykal ittu tharumo chechi ....

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]