Thursday, May 13, 2010

റവ ദോശ

ഇവിടെ സാധാരണയായി റവദോശ ഉണ്ടാക്കാറുള്ളത്, ഉഴുന്നും ഉലുവയും അരച്ച് റവ അതിലിട്ടാണ്. സാദാദോശയുണ്ടാക്കുന്നതുപോലെത്തന്നെ. പക്ഷെ ഇപ്പോ ഉണ്ടാക്കിയിരിക്കുന്ന റവദോശ വളരെ എളുപ്പമാണ്. ആർക്കും ശ്രമിക്കാവുന്നതേയുള്ളൂ.

റവ - 200 ഗ്രാം.
തേങ്ങ - അരമുറി ചിരവിയത്. (തേങ്ങ കൂടിയാൽ സ്വാദും കൂടും).
ഉപ്പ്.


ബോംബെറവ/ സൂചി റവ എന്നൊക്കെ അറിയപ്പെടുന്ന വെളുത്ത റവ എടുത്ത് വെള്ളമൊഴിയ്ക്കുക. ഉപ്പും ഇട്ട് ഇളക്കുക. വെള്ളം എന്നു പറയുന്നത് റവ മുഴുവനും വെള്ളത്തിൽ മുങ്ങണം. റവയുടെ മുകൾഭാഗത്തും അല്പം മാത്രം വെള്ളം വരുന്ന രീതിയിൽ വെള്ളമൊഴിയ്ക്കുക. അതിൽ അധികം വേണ്ട.



രണ്ടുമണിക്കൂറെങ്കിലും വെള്ളത്തിൽക്കിടക്കണം (കുറച്ച് അധികമായാലും കുഴപ്പമില്ല. കുറയാത്തതാവും നല്ലത്). അതുകഴിഞ്ഞ് അതിൽ തേങ്ങയിട്ടിളക്കുക. വെള്ളം അതിൽ ഉണ്ടാവുമായിരിക്കും. അല്ലെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കുക.

ദോശക്കല്ല് ചൂടാക്കാൻ വയ്ക്കുക. ഒന്നു ചൂടുപിടിച്ചാൽ, അല്ലെങ്കിൽ അധികം ചൂടാവുന്നതിനുമുമ്പു തന്നെ ദോശമാവ് ഒഴിയ്ക്കുക. പരത്തുക. മുകളിൽ വെളിച്ചെണ്ണ പുരട്ടുക. ഒരു പ്ലേറ്റുകൊണ്ട് മുഴുവൻ മൂടുന്ന വിധത്തിൽ അടച്ചുവയ്ക്കുക. കുറച്ചു കഴിഞ്ഞാൽ തീ കുറച്ച ശേഷം അടപ്പ് മാറ്റിവെച്ച് ദോശ മറിച്ചിടുക. ആ ഭാഗവും വെന്താൽ എടുത്തുവയ്ക്കുക.




നല്ല ചൂടുള്ള ദോശക്കല്ലിലേക്ക് മാവൊഴിച്ചാൽ പരത്താൻ കിട്ടിയെന്ന് വരില്ല.

നോൺ സ്റ്റിക്ക് ദോശക്കല്ല് അല്ലെങ്കിൽ ആദ്യം മാവൊഴിക്കുന്നതിനുമുമ്പും കുറച്ച് വെളിച്ചെണ്ണ/ പാചകയെണ്ണ പുരട്ടണം.

മറിച്ചിടുമ്പോൾ തീ കുറയ്ക്കാം. അല്ലെങ്കിൽ അടുത്ത ദോശയ്ക്ക് ഒഴിയ്ക്കുമ്പോൾ അത് പരത്താൻ കിട്ടില്ല.




ഇതൊക്കെ ശ്രദ്ധിച്ചാൽ, നല്ല സ്വാദുള്ള, ഇതുപോലെയുള്ള റവദോശ നിങ്ങൾക്ക് കിട്ടും.

നിങ്ങൾക്കിഷ്ടമാണെങ്കിൽ ഇതേ മാവുകൂട്ടിലേക്ക് കടുകും, ചുവന്ന മുളകും, കറിവേപ്പിലയും വറത്തിട്ട് ദോശ ഉണ്ടാക്കിനോക്കൂ. നന്നായിരിക്കും. പുളിയുള്ളത് ഇഷ്ടമാണെങ്കിൽ തൈരും ഒഴിച്ച് ഉണ്ടാക്കാം. ഈ ദോശയ്ക്ക് അധികം പുളിയില്ലാത്തതുകൊണ്ട്, ഞാനൊരു പുളിച്ചമ്മന്തിയാണ് ഉണ്ടാക്കിയത്.

8 comments:

Unknown said...

എന്തായാലും അമ്മയോട് പറഞ്ഞ് പരിക്ഷിച്ചു നോക്കട്ടേ

സു | Su said...

അനൂപ് :)

ശ്രീ said...

ആഹാ... പറഞ്ഞപ്പോഴേയ്ക്കും സംഗതി ഇവിടെ റെഡിയായോ? സന്തോഷം :) [ ഇതിനായിരിയ്ക്കും ഈ Fast Food എന്നൊക്കെ പറയുന്നത് ല്ലേ? ;) ]

കണ്ടിട്ട് ഇത് അത്ര ബുദ്ധിമുട്ടുള്ളതാണെന്ന് തോന്നുന്നില്ല. ആദ്യമൊന്ന് പരീക്ഷിച്ച് നോക്കട്ടെ. എന്നിട്ടേ വീട്ടില്‍ പോയി ഉണ്ടാക്കുന്നുള്ളൂ... (ഒരു തവണ ക്ഷമിച്ചെന്ന് കരുതി എപ്പോഴും അമ്മയും ചേച്ചിയുമൊക്കെ സഹിച്ചൂന്ന് വരില്ലേയ്)


ഞാന്‍ അന്ന് ട്രൈ ചെയ്തപ്പോള്‍ റവ കുതിര്‍ത്തില്ലായിരുന്നു. :(

[അപ്പൊ സൂവേച്ചീ, ഒരിയ്ക്കല്‍ കൂടി താങ്ക്സ്]

സു | Su said...

ശ്രീ :) ഇങ്ങനെ ശ്രമിച്ചുനോക്കൂ.

നീമ said...

ട്രൈ ചെയ്തിട്ട്ട് പറയാം

സു | Su said...

നീമ :) ശരി.

ശാലിനി said...

add some sugar too. It will taste great.

Su, :)

Salini (I am visiting your site once in a while, silently)

സു | Su said...

ശാലിനി :) കുറേ നാളായല്ലോ. കണ്ടതിൽ സന്തോഷം. ഇനിയുണ്ടാക്കുമ്പോൾ അങ്ങനെ ചെയ്തുനോക്കാം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]