Tuesday, May 11, 2010

ഗ്രീൻപീസ് ചപ്പാ‍ത്തി

ഗ്രീൻപീസ് കറിവെച്ച് ചപ്പാത്തിയ്ക്കൊപ്പം കഴിക്കാറില്ലേ? എന്നാല്‍പ്പിന്നെ ചപ്പാത്തിയിൽത്തന്നെ ഗ്രീൻപീസ് ആയാലോ. നല്ല കാര്യമല്ലേ? അതുകൊണ്ടാണ് ഗ്രീൻപീസ് ചപ്പാത്തിയുണ്ടാക്കാൻ തീരുമാനിച്ചത്. എളുപ്പം എന്നൊന്നും പറഞ്ഞൂടാ. എന്നാലും വല്യ ഗുലുമാലില്ല.

ഗോതമ്പുപൊടി - ഒന്നരക്കപ്പ്.
ഗ്രീൻപീസ് - അമ്പത് ഗ്രാം. രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കുറച്ച്.
മുളകുപൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്.
മല്ലിയില - കുറച്ച് പൊടിയായി അരിഞ്ഞെടുക്കണം. ഇല്ലെങ്കിലും കുഴപ്പമില്ല.
ഉപ്പ്.
നെയ്യ്
അല്പം പാചകയെണ്ണ, വെളിച്ചെണ്ണയോ സൂര്യകാന്തിയെണ്ണയോ ഒക്കെ ആവാം. നിങ്ങൾ പാചകത്തിനുപയോഗിക്കുന്നത്.



ഗോതമ്പുപൊടി വെള്ളവും ഉപ്പും കൂട്ടി ചപ്പാത്തിയുണ്ടാക്കാൻ കുഴച്ചുവയ്ക്കുക. അധികം വെള്ളമായാൽ ശരിയാവില്ല. ചിത്രത്തിൽ ഉള്ളതുപോലെ ആവണം.
ഗ്രീൻപീസ്, മഞ്ഞൾപ്പൊടി ഇട്ട് വേവിക്കുക. വേവിക്കുമ്പോൾ അത്യാവശ്യം വെള്ളമേ ഒഴിക്കാവൂ. വെന്താൽ ഒട്ടും വെള്ളമില്ലാതെയാണ് വേണ്ടത്.
ഒരു പാത്രത്തിൽ പാചകയെണ്ണ കുറച്ചൊഴിച്ച് ചൂടാക്കി, ജീരകം ഇട്ട് പൊട്ടിച്ച്, ഗ്രീൻപീസ് ഇട്ട്, മുളകുപൊടിയും ഉപ്പും ഇട്ടിളക്കി, മല്ലിയിലയും ഇട്ടിളക്കുക. വെള്ളം അധികം ഉണ്ടെങ്കിൽ വറ്റിക്കോട്ടെ.

ഒരുരുള ചപ്പാത്തിമാവ് എടുക്കുക. കുറച്ച് വല്യ ഉരുള. അതൊന്ന് കൈകൊണ്ട് കൈയിൽത്തന്നെ പരത്തി, ഗ്രീൻപീസ് കുറച്ചെടുത്ത് അതിൽ വെച്ച് ഉരുട്ടുക. പിന്നെ ഉരുള, ചപ്പാത്തിപ്പലകയിൽ വെച്ച് കുറച്ച് ഗോതമ്പുപൊടിയിട്ട് പരത്തിയെടുക്കുക. ശരിക്ക് പരത്താൻ പറ്റുന്നില്ലെങ്കിൽ, ചപ്പാത്തിപ്പലകയ്ക്കു മുകളിൽ കുറച്ച് എണ്ണ പുരട്ടി അതിനു മുകളിൽ വച്ച് പരത്തിയാലും മതി.



പരത്തിക്കഴിഞ്ഞാൽ ദോശക്കല്ല്/ചപ്പാത്തിക്കല്ല് ചൂടാക്കി, നെയ് പുരട്ടി ഉണ്ടാക്കിയെടുക്കുക. അധികം വട്ടത്തിൽ പരത്താൻ ചിലപ്പോൾ കിട്ടിയെന്ന് വരില്ല. കുറച്ചു വട്ടമായാലും മതി. ഉണ്ടാക്കിയെടുക്കുമ്പോൾ നന്നായി വേവാൻ ശ്രദ്ധിക്കുക.



അച്ചാറോ ചമ്മന്തിയോ ഒക്കെ മതി കൂടെക്കഴിയ്ക്കാൻ. കുറുമയോ സ്റ്റൂവോ വയ്ക്കുകയും ചെയ്യാം.

8 comments:

ശ്രീ said...

അതു കൊള്ളാം. പ്രത്യേകമായി കറിയുണ്ടാക്കാതെ കഴിയ്ക്കാമല്ലോ...


['റവ ദോശ' ഉണ്ടാക്കാനറിയാമോ സൂവേച്ചീ? ഓഫീസില്‍ വച്ച് കഴിച്ചിട്ടുണ്ട്... സംഗതി കൊള്ളാം.

പക്ഷേ അത് കണ്ട് ഒരു തവണ വീട്ടില്‍ വച്ച് പരീക്ഷണം നടത്തിയിട്ട് വീട്ടുകാര്‍ തല്ലാതെ വിട്ടത് ഭാഗ്യം!]

നീമ said...

സു ചേച്ചി ,
ഗ്രീന്‍ പീസ് കൂട്ട് ചപ്പാത്തി മാവില്‍ ഇട്ടു കുഴച്ചാല്‍ പോരെ ... സ്റ്റഫ് ചെയ്താല്‍ പരത്താന്‍ കിട്ടുനില്ല ...

സു | Su said...

ശ്രീ :) അച്ചാർ മതി കൂടെ. അല്ലെങ്കിൽ സോസ്, ജാം ഒക്കെ മതിയാവും. റവ ദോശ ഉണ്ടാക്കാറുണ്ട്. പോസ്റ്റിടാം.

നീമ :) അങ്ങനെ ചെയ്താൽ ശരിയാവുമോന്ന് അറിയില്ല. ഞാൻ ഇങ്ങനെയാണ് ചെയ്യാറ്.

Rejeesh Sanathanan said...

ഗ്രീന്‍ പീസ് ചപ്പാത്തിയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം കരുതിയത് മസാല ദോശ പോലെയായിരിക്കും എന്നാണ്......

സു | Su said...

മാറുന്ന മലയാളി :) അങ്ങനെ ആയാൽ എങ്ങനെയുണ്ടാവുമെന്ന് ഒന്ന് നോക്കണം.

Unknown said...

സു, ചപ്പാത്തി ഉണ്ടാക്കുമ്പോൾ മയം കിട്ടുന്നില്ല :(, എന്തു ചെയ്യണം ?![അതു പഠിച്ചതിനു ശേഷം വേണം ഇതു ചെയ്യാൻ ]പിന്നെ ഇതു കറിയില്ലാതെ കഴിക്കാമെന്നുള്ളത് ഒരു വലിയ കാര്യമാണു്‌ :)

പച്ചപ്പട്ടാണിയ്ക്ക് പകരം ഉരുളക്കിഴങ്ങ് ഉപയോഗിച്ചാൽ ആലു പറാത്ത ആകുമോ? ഇല്ലെങ്കിൽ ആലു പറാത്തയുടെ കുറിപ്പ് കൂടി :)

സു | Su said...

കുഞ്ഞൻസ് :) പൊടി, ചൂടുവെള്ളത്തിലോ (ചൂട് വേണം), ചൂടുപാലിലോ കുഴയ്ക്കുക. മൃദു ആവും. അല്ലെങ്കിൽ “ഓ...മൃദുലേ...ഹൃദയമുരളിയിൽ ഒഴുകിവാ” എന്ന പാട്ടുപാടി തിന്നുക. സ്വാദൊന്നും അറിയില്ല. :))

ആലൂച്ചപ്പാത്തിയ്ക്ക് ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി തോലുകളഞ്ഞ് ഉടച്ച്, അല്പം എണ്ണയിൽ കുറച്ച് വലിയ ഉള്ളി, പച്ചമുളക് ഒക്കെ അരിഞ്ഞതിട്ട് വഴറ്റി, ഉപ്പും കൂട്ടി, ഗോതമ്പുപൊടിയ്ക്കൊപ്പം കുഴയ്ക്കാം. മുളകുപൊടിയും വേണമെങ്കിൽ ചേർക്കാം. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് മാത്രം ചേർത്തും ഉണ്ടാക്കാം. പരത്തുമ്പോൾ, ചപ്പാത്തിപ്പലകയിൽ എണ്ണ പുരട്ടി പരത്തേണ്ടി വരും. അധികം വട്ടത്തിൽ കിട്ടിയെന്നുവരില്ല. ഉള്ളിയൊക്കെ വളരെച്ചെറുതായി അരിയണം, അളവും വളരെക്കുറച്ചേ വേണ്ടൂ.

Unknown said...

നന്ദി സു.. പരീക്ഷിച്ചിട്ടു തന്നെ ബാക്കി കാര്യം ..
:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]