
ചേമ്പ് ചിത്രത്തിൽ ഉള്ളത്രേം വേണം.

കഷണങ്ങളാക്കുക. നന്നായി കഴുകുക. മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും (അര ടീസ്പൂൺ), ആവശ്യത്തിന് ഉപ്പും ഇട്ട് വേവാൻ ആവശ്യമായത്ര വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. കുക്കറിൽ വേവിച്ചെടുക്കാം.

കുറച്ചുവലുപ്പമുള്ള ഒരു മുറിത്തേങ്ങയുടെ മുക്കാൽഭാഗം ചിരവിയെടുത്ത് ഒന്നോ ഒന്നരയോ ടീസ്പൂൺ ജീരകവും മൂന്ന് പച്ചമുളകും (എരിവ് വേണമെങ്കിൽ കൂടുതൽ ചേർക്കാം) ചേർത്ത് നല്ല മിനുസമായി അരയ്ക്കുക. അധികം വെള്ളം ആവരുത് അരഞ്ഞുകഴിഞ്ഞാൽ.

ചേമ്പ് വെന്തു കഴിഞ്ഞാൽ അതിൽ അര ലിറ്റർ, നന്നായി പുളിച്ച മോരും ഒഴിച്ച് തിളപ്പിക്കുക. വറ്റിക്കുക. വലിയൊരു പാത്രം എടുക്കുന്നതാവും നല്ലത്. അല്ലെങ്കിൽ മോര് തിളയ്ക്കുമ്പോൾ താഴേക്ക് തെറിക്കും. ഉപ്പും കുറച്ചും കൂടെ ഇടാം. വറ്റാറായാൽ അതിലേക്ക് തേങ്ങ ചേർത്ത് തിളപ്പിക്കുക. തേങ്ങയും കൂടെ ചേർത്തുകഴിഞ്ഞാല്‍പ്പിന്നെ അതിൽ വെള്ളം മിക്കവാറും ഉണ്ടാവില്ല. തേങ്ങ തിളയ്ക്കാൻ ആവശ്യമായതേ ഉണ്ടാവൂ. തേങ്ങയും ചേർന്നുകഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില വെറുതേ ഇടുക.

വാങ്ങിവെച്ച് വറവിടുക. ഉലുവപ്പൊടി വളരെ സ്വല്പം വേണമെങ്കിൽ ഇടാം. കുറേയിട്ടാൽ കയ്ക്കും.

കൽച്ചട്ടിയാണെങ്കിൽ കാളൻ തണുക്കുമ്പോഴേക്കും ഒരിറ്റുപോലും വെള്ളം കാണില്ല. മറ്റു പാത്രങ്ങളാണെങ്കിൽ വറ്റിക്കുന്നതുപോലിരിക്കും.
കുറുക്കുകാളൻ ഉണ്ടാക്കിയിട്ട് രണ്ടു പാത്രങ്ങളിൽ എടുത്തുവയ്ക്കുക. ഒന്നിലുള്ളത് കൂട്ടിക്കഴിക്കാൻ എടുക്കുക. ഒന്നിലുള്ളത് പിന്നേയ്ക്ക് വയ്ക്കുക. എടുത്തതിൽനിന്നു തന്നെ എടുത്ത് അടച്ചുവെച്ചു പിന്നേം എടുത്തുകൊണ്ടിരിക്കുന്നത് ശരിയല്ല.
വലിയ ചേമ്പ് കിട്ടാനില്ലെങ്കിൽ, കുട്ടിച്ചേമ്പുകൊണ്ടും കാളൻ ഉണ്ടാക്കാം.