Friday, February 22, 2008

കയ്പ്പക്കപ്പച്ചടി

കയ്പ്പക്ക അഥവാ പാവയ്ക്ക എന്ന് പറയുമ്പോള്‍ മുഖം ചുളിയരുത്. ഔഷധഗുണം ഉള്ള ഒരു വസ്തുവാണ് കയ്പ്പക്ക. അല്‍പ്പം കയ്പ്പാണെന്ന് മാത്രം. ആരോഗ്യം മധുരിക്കും എന്ന് കരുതി കഴിക്കുക. കയ്പ്പക്ക കൊണ്ട്
പച്ചടി. അതായത് പാവയ്ക്കാപ്പച്ചടി.
പാവയ്ക്ക കഴുകിവൃത്തിയാക്കി കൊത്തിയരിഞ്ഞ് കുഞ്ഞുകുഞ്ഞു കഷണങ്ങളാക്കണം. കുരു കളയണം. ഒരു വലിയത് മതി.
പച്ചമുളക് മൂന്നെണ്ണം വട്ടത്തില്‍ അരിയണം. സാധാരണ പച്ചടികളില്‍ മുളക് ഒന്ന് ചീന്തിയിടുകയേ ഉള്ളൂ. ഇതിനു കയ്പ്പല്ലേ കുറച്ച് എരിഞ്ഞോട്ടെ എന്ന് കരുതി.
പിന്നെ ഇത് രണ്ടും കൂടെ വേവിയ്ക്കാന്‍ മാത്രം വെള്ളമെടുത്ത്, ഉപ്പും ഇട്ട് നന്നായി വേവിയ്ക്കുക. ഉടയ്ക്കുക.
വെന്തുകഴിഞ്ഞാല്‍ വെള്ളം വേണ്ടേ വേണ്ട.
ഇതിലേക്ക് ഒരു കപ്പ് പുളിയുള്ള തൈരോ മോരോ ഒഴിക്കുക.
അരമുറിത്തേങ്ങ മിനുസമായി അരയ്ക്കുക. കുറച്ച് കുറഞ്ഞാലും പ്രശ്നമൊന്നുമില്ല. തേങ്ങ ഒന്ന് അരഞ്ഞാല്‍ അരടീസ്പൂണ്‍ കടുകും ഇട്ട് അരയ്ക്കുക.
അരയ്ക്കുമ്പോള്‍‌ വെള്ളത്തിനുപകരം മോരുംവെള്ളം ഒഴിയ്ക്കണം.
ഈ അരച്ചത് കൂട്ടിലേക്ക് യോജിപ്പിക്കുക. പച്ചടി തയ്യാര്‍. കഷണങ്ങള്‍ മാത്രമേ വേവിക്കൂ.
മോരും തേങ്ങയും ചൂടാക്കില്ല.
വറവിടുക. കടുക്, കറിവേപ്പില, ചുവന്ന മുളക്.
വേണമെങ്കില്‍ അല്‍പ്പം മുളകുപൊടിയും ഇടാം. വേവിക്കുമ്പോള്‍.



ഇവിടെ പൈനാപ്പിള്‍‌ പച്ചടി

3 comments:

അനിലൻ said...

ഇതിങ്ങനെത്തന്നെ ആണല്ലോ അല്ലേ!
ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. പയ്യന്നൂരെ ബോംബേ ഹോട്ടലില്‍ പച്ചടിയ്ക്ക് പാവയ്ക്കയല്ല, വേറെന്തോ ആണ്. രുചി ഓര്‍മ്മയിലുണ്ട്. എന്തായിരുന്നാവോ അത്.
ഒന്നുണ്ടാക്കി നോക്കട്ടെ.
(ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലേ)

സു | Su said...

അനിലന്‍ :) ഇതിങ്ങനെ ആണ് വീട്ടില്‍ ഉണ്ടാക്കാറ്. സദ്യയ്ക്കും. അധികം വെള്ളം പോലെ ഇല്ലെങ്കില്‍ നല്ലത്.

ശ്രീ said...

ഇത് ഇങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കണം

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]