ഗ്രീൻപീസ് കറിവെച്ച് ചപ്പാത്തിയ്ക്കൊപ്പം കഴിക്കാറില്ലേ? എന്നാല്‍പ്പിന്നെ ചപ്പാത്തിയിൽത്തന്നെ ഗ്രീൻപീസ് ആയാലോ. നല്ല കാര്യമല്ലേ? അതുകൊണ്ടാണ് ഗ്രീൻപീസ് ചപ്പാത്തിയുണ്ടാക്കാൻ തീരുമാനിച്ചത്. എളുപ്പം എന്നൊന്നും പറഞ്ഞൂടാ. എന്നാലും വല്യ ഗുലുമാലില്ല.
ഗോതമ്പുപൊടി - ഒന്നരക്കപ്പ്.
ഗ്രീൻപീസ് - അമ്പത് ഗ്രാം. രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കുറച്ച്.
മുളകുപൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്.
മല്ലിയില - കുറച്ച് പൊടിയായി അരിഞ്ഞെടുക്കണം. ഇല്ലെങ്കിലും കുഴപ്പമില്ല.
ഉപ്പ്.
നെയ്യ്
അല്പം പാചകയെണ്ണ, വെളിച്ചെണ്ണയോ സൂര്യകാന്തിയെണ്ണയോ ഒക്കെ ആവാം. നിങ്ങൾ പാചകത്തിനുപയോഗിക്കുന്നത്.

ഗോതമ്പുപൊടി വെള്ളവും ഉപ്പും കൂട്ടി ചപ്പാത്തിയുണ്ടാക്കാൻ കുഴച്ചുവയ്ക്കുക. അധികം വെള്ളമായാൽ ശരിയാവില്ല. ചിത്രത്തിൽ ഉള്ളതുപോലെ ആവണം.
ഗ്രീൻപീസ്, മഞ്ഞൾപ്പൊടി ഇട്ട് വേവിക്കുക. വേവിക്കുമ്പോൾ അത്യാവശ്യം വെള്ളമേ ഒഴിക്കാവൂ. വെന്താൽ ഒട്ടും വെള്ളമില്ലാതെയാണ് വേണ്ടത്.
ഒരു പാത്രത്തിൽ പാചകയെണ്ണ കുറച്ചൊഴിച്ച് ചൂടാക്കി, ജീരകം ഇട്ട് പൊട്ടിച്ച്, ഗ്രീൻപീസ് ഇട്ട്, മുളകുപൊടിയും ഉപ്പും ഇട്ടിളക്കി, മല്ലിയിലയും ഇട്ടിളക്കുക. വെള്ളം അധികം ഉണ്ടെങ്കിൽ വറ്റിക്കോട്ടെ.
ഒരുരുള ചപ്പാത്തിമാവ് എടുക്കുക. കുറച്ച് വല്യ ഉരുള. അതൊന്ന് കൈകൊണ്ട് കൈയിൽത്തന്നെ പരത്തി, ഗ്രീൻപീസ് കുറച്ചെടുത്ത് അതിൽ വെച്ച് ഉരുട്ടുക. പിന്നെ ഉരുള, ചപ്പാത്തിപ്പലകയിൽ വെച്ച് കുറച്ച് ഗോതമ്പുപൊടിയിട്ട് പരത്തിയെടുക്കുക. ശരിക്ക് പരത്താൻ പറ്റുന്നില്ലെങ്കിൽ, ചപ്പാത്തിപ്പലകയ്ക്കു മുകളിൽ കുറച്ച് എണ്ണ പുരട്ടി അതിനു മുകളിൽ വച്ച് പരത്തിയാലും മതി.

പരത്തിക്കഴിഞ്ഞാൽ ദോശക്കല്ല്/ചപ്പാത്തിക്കല്ല് ചൂടാക്കി, നെയ് പുരട്ടി ഉണ്ടാക്കിയെടുക്കുക. അധികം വട്ടത്തിൽ പരത്താൻ ചിലപ്പോൾ കിട്ടിയെന്ന് വരില്ല. കുറച്ചു വട്ടമായാലും മതി. ഉണ്ടാക്കിയെടുക്കുമ്പോൾ നന്നായി വേവാൻ ശ്രദ്ധിക്കുക.

അച്ചാറോ ചമ്മന്തിയോ ഒക്കെ മതി കൂടെക്കഴിയ്ക്കാൻ. കുറുമയോ സ്റ്റൂവോ വയ്ക്കുകയും ചെയ്യാം.