Monday, April 26, 2010

ചെറുകിഴങ്ങ് പുഴുക്ക്

ചെറുകിഴങ്ങിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. അത് മണ്ണിന്നടിയിൽ ഉണ്ടാവുന്നു. ഡിസംബർ ജനുവരി മാസങ്ങളിലാണ് സാധാരണയായി കിട്ടുന്നത്. എല്ലാക്കാലത്തും ഉണ്ടാവുമോന്ന് അറിയില്ല.



കപ്പ പോലെ വെറുതേ പുഴുങ്ങിത്തിന്നാം. പുഴുക്കുവയ്ക്കാം.

പുഴുക്കുവയ്ക്കുമ്പോൾ കൂടെ മമ്പയറോ, കടലയോ, ചെറുപയറോ ഇടാം.

ഇവിടെ ചെറുകിഴങ്ങ് - ചെറുപയർ പുഴുക്കാണുണ്ടാക്കിയത്.

ചെറുകിഴങ്ങ് - എട്ട് പത്തെണ്ണം .
ചെറുപയർ - കാൽ കപ്പ്. (കുറച്ചുനേരം വെള്ളത്തിലിട്ടാൽ വേഗം വേവും).
തേങ്ങ - മൂന്ന് ടേബിൾസ്പൂൺ. (കുറച്ച് കൂടിയാലും കുഴപ്പമില്ല).
മുളകുപൊടി - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂണിലും കുറച്ച് കുറവ്.
ഉപ്പ്.



ചെറുകിഴങ്ങ് കഴുകിയെടുത്ത്, പുഴുങ്ങി തോലുകളയുക. അതായിരിക്കും എളുപ്പം.

ചെറുപയർ കഴുകിയെടുത്ത്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയിട്ട് വേവിക്കുക. വെന്താൽ അതിലേക്ക് ഉപ്പും ചെറുകിഴങ്ങും ഇടുക.



കുറച്ചുനേരം തിളച്ച് യോജിച്ചശേഷം തേങ്ങ ഇടുക. മുകളിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം. വറവിടണമെങ്കിൽ ആവാം. പുഴുക്കിന് വെള്ളം അധികം ഉണ്ടാവരുത്.





തേങ്ങ വെറുതെയിടാം. ഒന്ന് ചതച്ചെടുത്തും ഇടാം. മുളകുപൊടിയ്ക്ക് പകരം, പച്ചമുളകും തേങ്ങയും കൂടെ ചതച്ച് ഇടാം. ചുവന്ന മുളകും തേങ്ങയും ചതച്ചും ഇടാം. കൂടുതൽ സ്വാദുണ്ടാവും. എരിവ് പറ്റാത്തവർ മുളകൊന്നും ഇടാതെ പുഴുക്കുണ്ടാക്കിയാലും മതി.

4 comments:

ശ്രീ said...

പണ്ട് എന്തു കൊണ്ടോ ഇത്തരം സാധനങ്ങളോട് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഇപ്പോ ഇതെല്ലാം ഇഷ്ടമാണ്...

സു | Su said...

ശ്രീ :) ഇതൊക്കെയല്ലേ നമ്മുടെ നാടൻ വിഭവങ്ങൾ. ആരോഗ്യത്തിനും നല്ലത്. സ്വാദും ഉണ്ടാവും.

Bindhu Unny said...

ചെറുകിഴങ്ങ് കഴിച്ചിട്ടേയില്ല. :(

സു | Su said...

ബിന്ദൂ :) അടുത്തവർഷം കിട്ടുമ്പോൾ തീർച്ചയായും തരാം. (ശ്രമിയ്ക്കാം).

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]