ലഡ്ഡു ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. നല്ല ക്ഷമ വേണം. സമയം വേണം. അതൊക്കെയുണ്ടെങ്കിൽ തയാറായിക്കോളൂ. നമുക്ക് ലഡ്ഡുവുണ്ടാക്കാം.
ആദ്യം തന്നെ അതിനുള്ള വസ്തുവകകൾ ഒക്കെ ഒരുക്കിവയ്ക്കാം.

കടലപ്പൊടി/ബേസൻ - 200 ഗ്രാം.
പഞ്ചസാര - നാനൂറ് ഗ്രാം.

അണ്ടിപ്പരിപ്പ് - പത്തെണ്ണം.
ഉണക്കമുന്തിരി - 25 എണ്ണം
ഏലയ്ക്ക - എട്ട് ഏലയ്ക്ക തോലുകളഞ്ഞ് പൊടിച്ചത്.
ഡാൽഡ - കാൽക്കിലോ.
ഫുഡ് കളർ - മഞ്ഞ - കുറച്ച്
പാൽ - അല്പം.
കൽക്കണ്ടം - 50 ഗ്രാം അധികം പൊടിയല്ലാതെ പൊടിച്ചത്.
(അണ്ടിപ്പരിപ്പും മുന്തിരിയും കൽക്കണ്ടവുമൊന്നും ചിത്രത്തിൽ ഉള്ളത് മുഴുവൻ എടുത്തിട്ടില്ല.)

പഞ്ചസാരയിൽ വെള്ളമൊഴിച്ച്, അല്പം പാലുമൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. പഞ്ചസാരപ്പാനിയ്ക്കു വേണ്ടിയാണ്.

കടലമാവ് കലക്കിവയ്ക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട.
അണ്ടിപ്പരിപ്പ്, മുന്തിരി , വറുത്തുവയ്ക്കുക. ഡാൽഡയിൽത്തന്നെ മതി.
ഫുഡ്കളർ മൂന്നോ നാലോ നുള്ള്, പഞ്ചസാരപ്പാനി തയ്യാറായാൽ അതിലേക്കിട്ടിളക്കുക.
പാനി തയ്യാറാക്കുമ്പോൾ പാൽ ഒഴിക്കുന്നത് എന്തിനാണെന്നുവച്ചാൽ, പഞ്ചസാരയിലെ അഴുക്കെല്ലാം, മുകളിൽ പാടപോലെ പൊങ്ങിവരും.അതിനുവേണ്ടിയാണ്. അതു കോരിക്കളയുക.
പാനിയിൽ കുറച്ചു വെള്ളം വറ്റിയാൽ, പകുതി ഒരു പാത്രത്തിലേക്ക് കോരിയൊഴിക്കുക. വറ്റിക്കുന്ന പാനി കൂടുതൽ കുറുകിപ്പോയാൽ, അതിലേക്ക് ഈ പാനി ഒന്ന് തിളപ്പിച്ച് ചേർക്കാൻ ആണ് അത്.

പാനി തയ്യാറായോ? ആദ്യം എടുത്തുമാറ്റിവച്ച് പാനിയും കൂടെ ഒന്നുകൂടെ പാകത്തിനു വറ്റിച്ച് ഇതിലൊഴിക്കാൻ മറക്കണ്ട.
എന്നാൽ ഉടൻ തന്നെ ഒരു പാത്രം അടുപ്പത്തുവെച്ച് ഡാൽഡ ഒഴിച്ച് ചൂടാക്കുക.

ചൂടായാൽ അതിലേക്ക് കടലമാവ് തുളയുള്ള സ്പൂണിലേക്ക് കോരിയൊഴിക്കുക. ആ സ്പൂണിന് കണ്ണാപ്പ എന്നാണു പറയുക. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ കോരിയെടുക്കാൻ ഉപയോഗിക്കുന്നത്.

അതിൽ നിന്ന് ഡാൽഡയിലേക്ക് മുത്തുകൾ പോലെ വീഴും. ആ മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക.

കടലമാവ് കലക്കിയത് മുഴുവൻ, മുത്തുകൾ ആക്കിയെടുക്കുക. ചിലപ്പോൾ ഒരുമിച്ചു കൂടിനിന്നേക്കും. അതൊക്കെ പെട്ടെന്ന് ഇളക്കി വേർതിരിക്കണം.
വേഗം വേണം.
പിന്നെ പാനിയും മുത്തുകളും ഇട്ടതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, കൽക്കണ്ടം, ഏലയ്ക്കപ്പൊടി എന്നിവ ചേർക്കുക. രണ്ടു കൈയിലും അമർത്തി ഭംഗിയായി ഉരുട്ടുക. ചൂടോടെ ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല. ഉരുട്ടാൻ കഴിയാത്തത് ബാക്കി തിന്നുകയും ചെയ്യാം. അതൊന്നും സാരമില്ല.
ചൂട് നിൽക്കാനാണ് ഉരുളിയിൽ ഉണ്ടാക്കുന്നത്. കുഞ്ഞുലഡ്ഡു ആണെങ്കിൽ പതിനഞ്ചോളം എണ്ണം ഉണ്ടാവും.

ഇതത്ര ശരിയായിട്ടൊന്നുമില്ല. നിങ്ങൾ ഇതിലും നന്നായി ഉണ്ടാക്കിയെടുക്കുക. ഞങ്ങളെല്ലാം ഒത്തുകൂടിയ ഒരു വിശേഷത്തിന് വന്ന പാചകക്കാരിൽ നിന്നാണ് ഇത് പഠിച്ചത്. അന്നുണ്ടാക്കിയ മൂന്നു കിലോ കടലമാവിന്റെ ലഡ്ഡു മുഴുവൻ ഞാനാ ഉരുട്ടിയത്. എന്ത്! ആരൊക്കെയോ ഓടിവരുന്നുണ്ടെന്നോ? അതൊക്കെ എന്റെ അനിയത്തിക്കുട്ടികളാ. പിന്നെ ചില ചേച്ചിമാരും. അവരൊക്കെ സഹായിച്ചെന്ന് അവകാശപ്പെടും. അതൊന്നും നിങ്ങളു കണക്കാക്കരുത്.
എന്നാലും അവരെന്തെങ്കിലും പറഞ്ഞാലോ?
ഓടിയേക്കാം......