
ഞങ്ങളൊക്കെ കറുമൂസ എന്നു വിളിക്കുന്ന പപ്പായകൊണ്ട് ഒരു പച്ചടി. പപ്പായകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയും പല വിഭവങ്ങളും ഉണ്ടാക്കാനുണ്ട്. പപ്പായകൊണ്ട് തോരനോ ഓലനോ ഒക്കെയാണ് സ്ഥിരം പാചകം. പച്ചടിയുണ്ടാക്കുന്നത് അപൂർവ്വം. പച്ചടി എന്ന വിഭവം ഇഷ്ടമുള്ളവർക്ക് പപ്പായപ്പച്ചടിയും ഇഷ്ടമാവും എന്നു കരുതുന്നു.
അധികം പഴുക്കാത്ത അല്ലെങ്കിൽ മുഴുവൻ പച്ചയായ കറുമൂസ - ചിത്രത്തിൽ ഉള്ളപോലെ
പച്ചമുളക് - എരിവുള്ളത്. മൂന്നോ നാലോ. രണ്ടാക്കി പൊട്ടിച്ചോ, വെറുതേ ഒന്ന് ചീന്തിയോ ഇടാം
പുളിച്ച തൈര് - അര ഗ്ലാസ്സ്.
തേങ്ങ - നാല് ടേബിൾസ്പൂൺ.
കടുക് - കാൽ ടീസ്പൂൺ
തേങ്ങയും കടുകും മോരും വെള്ളം ചേർത്ത് മിനുസമായിട്ട് അരയ്ക്കണം.
മുളകുപൊടി - കാൽടീസ്പൂൺ. എരിവ് വേണ്ടെങ്കിൽ പച്ചമുളക് മാത്രം ഇട്ടാൽ മതി. മുളകുപൊടി വേറെ ഇടരുത്.
ഉപ്പ്
വറവിടാൻ ആവശ്യമുള്ളത് - കടുക്, കറിവേപ്പില, ചുവന്നമുളക്.
കറുമൂസ തോലൊക്കെക്കളഞ്ഞ്, കുരുവൊക്കെക്കളഞ്ഞ് ചെറുതാക്കി മുറിച്ച് കഴുകിയെടുക്കുക. കഷണങ്ങളും പച്ചമുളകും ഉപ്പും ഇട്ട് ആവശ്യത്തിനുമാത്രം വെള്ളമൊഴിച്ച് നന്നായി വേവിക്കണം. വെന്താൽ അതിൽ വെള്ളം വേണ്ട. അതിൽ ഒരുതണ്ട് കറിവേപ്പില രണ്ടാക്കി മുറിച്ച് ഇടുക.
വെന്തത് തണുത്താൽ കഷണങ്ങൾ ഒന്നുടച്ച് അതിൽ അരച്ചുവെച്ചത് ചേർക്കുക. ഇളക്കുക. തൈരും ഒഴിക്കുക.
വറവിടുക.
