Saturday, November 08, 2008

പപ്പായ മോരുകറി


ചിത്രത്തിലെ ചെറിയ ഒരു പപ്പായയുടെ പകുതി, തോലുകളഞ്ഞ് കഷണങ്ങളാക്കിയെടുത്ത് കഴുകുക. പപ്പായ ആദ്യവും ഒന്നും കഴുകണം. കറ പോവും.
നാലു ടേബിൾ‌സ്പൂൺ ചിരവിയ തേങ്ങ വേണം.
കാൽ ടീസ്പൂൺ ജീരകം വേണം.
മൂന്ന് പച്ചമുളക് വേണം. (അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം). പച്ചമുളകില്ലെങ്കിൽ എരിവ് വേണ്ടത് അനുസരിച്ച് മുളകുപൊടി ചേർക്കാം.
മഞ്ഞൾപ്പൊടി വേണം.
കാൽ ലിറ്റർ തൈരോ കലക്കിയ മോരോ വേണം. പുളിച്ചത്. തൈരിന്റെ അളവ് വേണമെങ്കിൽ കുറയ്ക്കാം. പകുതി ചേർത്താലും മതി.
ഉപ്പ് ആവശ്യത്തിനു വേണം. വറവിടാൻ കുറച്ച് വെളിച്ചെണ്ണയോ പാചകയെണ്ണയോ വേണം. പിന്നെ കറിവേപ്പിലയും ചുവന്ന മുളകും, കടുകും വേണം.
തേങ്ങ, ജീരകവും പച്ചമുളകും ചേർത്ത് നന്നായി അരയ്ക്കണം.
കഷണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടി, (പച്ചമുളകല്ല ചേർക്കുന്നതെങ്കിൽ മുളകുപൊടിയും) ഇട്ട് വേവിക്കുക. ആവശ്യത്തിനേ വെള്ളം വേണ്ടൂ. വെന്തതിലേക്ക് തേങ്ങയരച്ചത് ചേർത്ത് തിളപ്പിക്കുക. വാങ്ങിവെച്ച് തൈരൊഴിക്കുക. വറവിടുക.



ഞാൻ, വെന്ത കഷണങ്ങളിൽ മോരൊഴിച്ച് നന്നായി തിളപ്പിച്ചതിനുശേഷം തേങ്ങ ചേർത്ത് തിളപ്പിച്ചു വാങ്ങുകയേ ഉള്ളൂ. എന്നിട്ട് വറവിടും.

13 comments:

കരിപ്പാറ സുനില്‍ said...

നമസ്കാരം ,
ഇത് പപ്പക്കായ പുളിശ്ശേരി അല്ലേ .
ഇതു പോലെ മാമ്പഴപ്പുളിശ്ശേരി കഴിച്ചീട്ടുണ്ട് .
മാമ്പഴപുളിശ്ശേരി പോലെ പപ്പക്കായ പഴുത്തത് ഉപയോഗിച്ച് പുളിശ്ശേരി വെച്ചുകൂടെ .
എന്താ ആരും അത്തരമൊരു സാദ്ധ്യതയെക്കുറിച്ച് എഴുതാത്തേ ?
വല്ല പ്രശ്നവുമുണ്ടോ
ആശംസകളോടെ

സു | Su said...

സുനിൽ :) നമസ്കാരം. അങ്ങനേം പറയാം. പഴുത്തതുകൊണ്ട് വച്ചുനോക്കിയില്ല. നോക്കാൻ കഴിഞ്ഞാൽ എഴുതാം.

Jayasree Lakshmy Kumar said...

ഞാൻ സാധാരണ കറി വെന്തു വാങ്ങിയതിനു ശേഷം ഉടച്ച തൈരു ചേർക്കുകയോ അതല്ലെങ്കിൽ കറി അടുപ്പിലിരിക്കുമ്പോൾ തന്നെ തൈരു ചേർത്ത് ഒന്നു ചൂടാക്കി തിളക്കാൻ അനുവദിക്കാതെ എടുക്കുകയോ ആണു ചെയ്യുന്നത്. സുനിൽ പറഞ്ഞ പോലെ മാമ്പഴം കൊണ്ടോ ചിലപ്പോൾ ഏത്തപ്പഴം കൊണ്ടോ പുളീശ്ശേരി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പഴുത്ത പപ്പായ ഉപയോഗിച്ച് നോക്കിയിട്ടില്ല

നന്ദി സു

മേരിക്കുട്ടി(Marykutty) said...

Pappaya is my fav..
here in bangalore, its too expensive su chechi..But still, since its my ever time fav, I always adjust my budget for this one..

OT: ariyamo, pappayaykku ente bharthavinte nattil (calicut)karmoosa enna parayunne!

സു | Su said...

ലക്ഷ്മി :) ഞാൻ മോരൊഴിച്ച് തിളപ്പിക്കും. ഒന്നു കുറുകുമല്ലോ.

മേരിക്കുട്ടീ :) ഞങ്ങളും കർമൂസ എന്നാണ് പറയുക.

മയൂര said...

പപ്പായ എരിശേരിയുടെ പാചക കുറിപ്പ് ചേർക്കാമോ, സമയം അനുവദിക്കുന്നതു പോലെ. :) നന്ദി.

സു | Su said...

മയൂര :) ഇടാം. അസുഖമാണ്. ഭേദമായിട്ട് ഇടും. ഉടനെത്തന്നെ. നന്ദി.

മയൂര said...

അസുഖം പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥനകൾ...

സു | Su said...

മയൂര :) നന്ദി.

ശ്രീലാല്‍ said...

അല്ലപ്പാ, ഇതല്ലേ നമ്മളെ കപ്പക്കപ്പുളിങ്കറി ? :)

സു | Su said...

ശ്രീലാൽ :) ഇത് കപ്പക്കപ്പുളിശ്ശേരി. പുളിങ്കറി വേറെയുണ്ട്. അവിടെ ഇതിനാണോ പുളിങ്കറി എന്നു പറയുന്നത്?

ശ്രീലാല്‍ said...

നമ്മുടെ നാട്ടില്‍ പുളിങ്കറിയേ ഉള്ളൂ എന്നു തോന്നുന്നു, പുളിശ്ശേരി എന്നൊന്ന് ഇല്ല. നാട് എന്നു വച്ചാല്‍ കണ്ണൂരില്‍ നിന്നും മുപ്പതു കി.മി കിഴക്ക് മലയും കുന്നും കടന്ന്, ഒരു പാവം പുഴയുടെയും ഒരു നാടന്‍ വയലിന്റെയും ഇടയിലുള്ള ഒരു നാട് :)). വെള്ളരിക്കപ്പുളിങ്കറി,കപ്പക്കപ്പുളിങ്കറി, കൈപ്പക്കപ്പുളിങ്കറി,കായിപ്പുളിങ്കറി .. അങ്ങനെ. (പുളിശ്ശേരിയൊക്കെ തെക്കന്മാരുടേ ഐറ്റംസ് അല്ലേ ? ;) )
തേങ്ങ അരയ്ക്കുന്നതില്‍ ഒരു നുള്ളു മഞ്ഞളും ചേര്‍ക്കും എന്നു തോന്നുന്നു.

പിന്നെയൊരു കാര്യം. കറിവേപ്പിലയിലെ ആര്‍ക്കൈവ്സില്‍ തപ്പാന്‍ കഷ്ടപ്പാട് ആണ്. പോസ്റ്റിന്റെ വര്‍ഷവും മാസവും അല്ലേ കാണിക്കുന്നുള്ളൂ. പ്രത്യേകിച്ച് 2 - 3 വര്‍ഷത്തെ പോസ്റ്റുകളെല്ലാം ഉള്ളതുകൊണ്ട്. പോസ്റ്റിന്റെ തലക്കെട്ടുകൂടി കാണിക്കുന്ന വിധത്തില്‍ ആര്‍കൈവ്സ് ആക്കിയാല്‍ ഉപകാരമായിരുന്നു. മത്തന്‍ പച്ചടിയാക്കുന്നതിനെ പോസ്റ്റ് മുന്‍‌പ് വായിച്ചിരുന്നു. ഇന്ന് അതൊന്ന് പരീക്ഷിക്കാന്‍ വേണ്ടി ആര്‍ക്കൈവ്സ് തപ്പിത്തപ്പി പ്‌രാന്തായി... ഹെല്പ് മാഡി :)

സു | Su said...

ശ്രീലാൽ :) മോരൊഴിച്ച് വയ്ക്കുന്നത് പുളിശ്ശേരിയും പുളിയൊഴിച്ച് വയ്ക്കുന്നത് പുളിങ്കറിയും എന്ന അർത്ഥത്തിൽ പറഞ്ഞതാണ്. പോസ്റ്റിന്റെ കാര്യം ശ്രമിക്കാം കേട്ടോ. അല്ലെങ്കിൽ ഗൂഗിളിൽ തപ്പിയാൽ നേരെ പോസ്റ്റിൽ വരില്ലേ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]