Thursday, March 13, 2008

ചക്കയപ്പം

ചക്ക കുറച്ചുകാലം സൂക്ഷിച്ചുവെയ്ക്കാനുള്ള പരിപാടിയാണ് ചക്ക വരട്ടി വയ്ക്കുന്നത്. തിന്നുമടുക്കുമ്പോള്‍, ഇനി കിട്ടാത്ത കാലത്തേക്ക് ആയിക്കോട്ടെ എന്നുവിചാരിച്ചാല്‍ ഇങ്ങനെ ചെയ്തുവയ്ക്കാം. ചക്കവരട്ടിയത് പായ്ക്കറ്റിലൊക്കെ കിട്ടിത്തുടങ്ങിയതുകൊണ്ട് അപ്പമുണ്ടാക്കാന്‍ വല്യ വിഷമം ഒന്നുമില്ല. കുറച്ച് സമയം വേണം. സാധാരണ ഉണ്ണിയപ്പം/നെയ്യപ്പം ഒക്കെയുണ്ടാക്കുന്നതുപോലെത്തന്നെ ഇതിന്റേം പരിപാടി.
മിനുസമായി പൊടിച്ച അരിപ്പൊടി വേണം. ഏകദേശം കാല്‍ക്കിലോ. പിന്നെ തേങ്ങ വളരെച്ചെറുതായി മുറിച്ചതും വേണം. അത് നിങ്ങളുടെ ഇഷ്ടം പോലെ ഇടുക. എന്തായാലും ഒരു മുറിത്തേങ്ങയില്‍ അധികം പോകരുത്. ഇത് തേങ്ങായപ്പം ഒന്നുമല്ലല്ലോ. ഏലയ്ക്ക നാലെണ്ണം തോലൊക്കെ കളഞ്ഞ് പൊടിക്കുക. പഞ്ചസാരയിട്ട് പൊടിച്ചാല്‍ വേഗം പൊടിയും. രണ്ടര ടേബിള്‍ സ്പൂണ്‍ ചക്കവരട്ടിയത്. ആറേഴ് ആണി ശര്‍ക്കര/വെല്ലം.
ശര്‍ക്കര പാവുകാച്ചുന്നത് ഇങ്ങനെ.
അതിലേക്ക് ചക്കപേസ്റ്റിട്ട് ഇളക്കി യോജിപ്പിച്ചാല്‍ ഇങ്ങനെ.
വാങ്ങി അതിലേക്ക് അരിപ്പൊടി,തേങ്ങ മുറിച്ചതും, ഏലയ്ക്കയും ഇട്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ച് ഇളക്കി വയ്ക്കുക. അധികം വെള്ളം വേണ്ട. തീരെ ഇല്ലാതെയും ആവരുത്.
അപ്പക്കാര കഴുകിവൃത്തിയാക്കി എടുക്കുക. പലതരത്തിലുള്ളത് കിട്ടും. ഒറ്റയടിയ്ക്ക് കുറേ ഉണ്ടാക്കിയെടുക്കാനുള്ളതും കിട്ടും. നോണ്‍-സ്റ്റിക്കും ഇഷ്ടം പോലെ തരത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഞാനിത് പണ്ടേ വാങ്ങിയതുകൊണ്ടും, വല്ലപ്പോഴുമേ ഈ പരിപാടി ഉള്ളൂ എന്നതുകൊണ്ടും നോണ്‍-സ്റ്റിക്കിന്റെ പിന്നാലെ പോയില്ല.
അപ്പക്കാരയില്‍ വെളിച്ചെണ്ണ ചൂടായാല്‍ കുറച്ച് കുറച്ച് ചക്കക്കൂട്ട് എല്ലാത്തിലും ഒഴിച്ച്, കുറച്ചുകഴിയുമ്പോള്‍ ഒന്നു തിരിച്ചിട്ട് വേവിച്ച് പപ്പടം കുത്തി കൊണ്ട് വേണമെങ്കില്‍ കുത്തിനോക്കി എടുക്കുക.
എന്തെങ്കിലും കുഴപ്പമുണ്ടോന്ന് നോക്കിയിട്ട് വെള്ളമോ അരിപ്പൊടിയോ ചേര്‍ക്കുക. നല്ല ക്ഷമയുണ്ടെങ്കിലേ ഇതുണ്ടാക്കാന്‍ നില്‍ക്കേണ്ടൂ. വേവുന്നതിനു മുമ്പ് തിരിച്ചിടാന്‍ പോയാല്‍ ഒക്കെ മുറിഞ്ഞുമുറിഞ്ഞുപോയെന്നു വരും. വെന്താല്‍ ഒരു സ്പൂണുകൊണ്ട് പതുക്കെ നന്നായി തിരിച്ചിടാന്‍ കഴിയും. ആദ്യത്തെ പ്രാവശ്യം നന്നായില്ലെങ്കില്‍ അതിന്റെ കുറ്റവും കുറവുമൊക്കെ കണ്ടുപിടിച്ച് രണ്ടാമത് നന്നാക്കുക. അപ്പമായാല്‍ കരിഞ്ഞും മൊരിഞ്ഞും ഒക്കെ ഇരുന്നെന്നു വരും.
അടച്ചുവയ്ക്കുന്നുണ്ടെങ്കില്‍ തണുത്തതിനുശേഷം മതി.
ഇതും ചക്കവരട്ടിയതുകൊണ്ടുണ്ടാക്കുന്നത്

കറിവേപ്പിലയെന്ന ഈ ബ്ലോഗിനെ കറിവേപ്പില പോലെ തള്ളിക്കളയാതെ മുന്നോട്ട് പോകാന്‍ എല്ലാ പ്രോത്സാഹനങ്ങളും തന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇനിയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട്,
കറിവേപ്പില രണ്ടുവര്‍ഷം പിന്നിട്ട് മൂന്നാം വര്‍ഷത്തിലേക്ക്.

9 comments:

Preetha George Manimuriyil said...

പാചകവിധി കൊള്ളാം.ഒന്നു പരീക്ഷിക്കണം

ശ്രീ said...

അപ്പം കൊള്ളാം. ഒരല്‍പ്പം കൂടുതല്‍ മൊരീഞ്ഞോ?
;)

കറിവേപ്പില ഇല്ലാതെന്തു പാചകം ചേച്ചീ... മൂന്നാം വര്‍ഷത്തീലേയ്ക്ക് കടന്നതിന്‍ അഭിനന്ദനങ്ങള്‍...

ശാലിനി said...

സൂ അഭിനന്ദനങ്ങള്‍. ഈ വാര്ഷികത്തിന് സമ്മാനമെന്താണ് കിട്ടിയത്?

ആദ്യമായിട്ടാണ് ചക്ക കൊണ്ട് ഇങ്ങനെയുണ്ടാക്കാം എന്നറിഞ്ഞത്. സാധാരണ ചക്കയപ്പം എന്നുപറയുമ്പോള്‍ കുമ്പളപ്പം എന്ന് ഞങ്ങള്‍ പറയുന്ന അപ്പമാണ് മനസിലെത്തിയത്. അതും ഇതുപോലെതന്നെ കുഴച്ച്, കുമ്പിളിലയില്‍ ആക്കി പുഴുങ്ങിയെടുക്കുകയാണ്.

വാര്ഷിക പോസ്റ്റ് രുചികരം.
(ഇപ്പോള്‍ വല്ലപ്പോഴുമേ മലയാളം കീബോര്‍ഡ് കിട്ടൂ. അതുകൊണ്ട് പല പോസ്റ്റുകള്‍ക്കും കമന്‍റിടാന്‍ പറ്റുന്നില്ല)

ശാലിനി said...

സൂ കൈപ്പള്ളിയുടെ സൂചികയില്‍ സൂ പിന്മൊഴിയിലും പോസ്റ്റിന്‍റെ എണ്ണത്തിലും മുന്‍ നിരയിലുണ്ടല്ലോ. :)

കരീം മാഷ്‌ said...

ഹായ് കൊത്യാവുണൂ!
s

Unknown said...

രണ്ടാം വാര്ഷികാശംസകള്... ഞാന് പാചകം പഠിച്ചതില് ഒരു വലിയ പങ്ക് കറിവേപ്പിലയ്ക്കുണ്ട് ..

ഉപാസന || Upasana said...

സൂവേച്ചിയെ കൊണ്ട് തോറ്റു.

ഇങ്ങനെ കൊത്തിപ്പിക്കാമോ..?
:-)
ഉപാസന

അനിലൻ said...

വാര്‍ഷികാശംസകള്‍.
ചക്കയപ്പം പുളിക്കും! :)

സു | Su said...

പ്രീത,
ശ്രീ,
ശാലിനി,
അനിലന്‍,
ഉപാസന,
കരീം മാഷ്,
കുഞ്ഞന്‍സ്,

നന്ദി. ആശംസകള്‍ക്ക്. പ്രോത്സാഹനത്തിനും. :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]