Wednesday, February 20, 2008

ഡോക്‍ല/ദോക്‍ല/dhokla

ഇതും ഗുജറാത്ത് വിഭവം തന്നെ. ഇതും അവരുടെ ഒരു പലഹാരം. ഉണ്ടാക്കുന്നത് കമന്‍ പോലെ അത്ര എളുപ്പമല്ല. കുറച്ച് ജോലിയുണ്ടാവും. ഇതിന് അരിയും കുറച്ച് പരിപ്പുകളും വേണം. അവയൊക്കെ വെള്ളത്തിലിട്ട് കുതിര്‍ത്തി അഞ്ചാറ് മണിക്കൂറിന് ശേഷം അരച്ച് എടുക്കണം.
അരി - പന്ത്രണ്ട് ടേബിള്‍സ്പൂണ്‍ (പച്ചരി)
കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, ചെറുപരിപ്പ് എന്നിവ ഓരോ ടേബിള്‍സ്പൂണ്‍.
അരിയും പരിപ്പുകളും ഒരുമിച്ച് വെള്ളത്തിലിടാം. ആറ് മണിക്കൂര്‍ കഴിഞ്ഞ് തരുതരുപ്പായി അരയ്ക്കുക. ഉപ്പിട്ടശേഷം എട്ട് മണിക്കൂറോളം വയ്ക്കുക. എട്ട് മണിക്കൂറിനുശേഷം, ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ അതിലേക്ക് മൂന്ന് പച്ചമുളകും, മല്ലിയിലയും, കറിവേപ്പിലയും കൊത്തിയരിഞ്ഞ് നന്നായി ചെറുതാക്കിയിടുക. കുറച്ച് ഇഞ്ചി പേസ്റ്റാക്കിയിടുക. പച്ചമുളകും അരച്ചുചേര്‍ക്കുന്നത് നല്ലതാണ്. ഉപ്പും ഈ സമയം ഇട്ടാലും മതി. അരടീസ്പൂണ്‍ ജീരകം, അല്‍പ്പം മഞ്ഞള്‍പ്പൊടി, അല്‍പ്പം കായം പൊടി എന്നിവയും ഇടുക. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഇടുക. അല്‍പ്പം കുറഞ്ഞാലും പ്രശ്നമില്ല. അരക്കപ്പ് അല്ലെങ്കില്‍ അരഗ്ലാസ്സ് മോരൊഴിക്കുക.


നന്നായി ഇളക്കിയോജിപ്പിച്ചശേഷം ഉണ്ടാക്കിയെടുക്കാനുള്ള പാത്രത്തിലേക്കൊഴിച്ച് കമന്‍ചെയ്യുന്നതുപോലെ ചെയ്യുക.

ഇത്രയും കൂട്ട് രണ്ട് പ്രാവശ്യം വയ്ക്കുന്നതാവും നല്ലത്.
തയ്യാറായാല്‍ കടുക് വറുത്തിടുക. പഞ്ചസാരവെള്ളം വേണ്ട. കറിവേപ്പില ഇടണമെന്ന് എഴുതിയിട്ടുണ്ട്. സാധാരണ, ഇടാറില്ലെന്ന് തോന്നുന്നു.

4 comments:

ജഹനാര said...

കാണാന്‍ ചേലുണ്ട്‌..പക്ഷെ പരീക്ഷിക്കാന്‍ ധൈര്യമില്ല..ചേച്ചിക്ക്‌ ഗുജറാത്തി ഫുഡില്‍ ആരേലും കൈവിഷം തന്നോ? ചേച്ചിയുടെ നാടന്‍ കേരള വിഭവങ്ങള്‍ പോരട്ടേ....

സു | Su said...

ജഹനാരയ്ക്ക് ഇഷ്ടമായില്ലെങ്കില്‍ പരീക്ഷിക്കേണ്ട. ഒരു നിര്‍ബ്ബന്ധവുമില്ല. അരിയും പരിപ്പുകളും ഒക്കെച്ചേര്‍ത്ത് കേരളത്തിലും പലഹാരങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് എന്റെ അറിവ്. ;)

ആഷ | Asha said...

കടലമാവില്‍ തൈരൊഴിച്ച് വെച്ച് ഉണ്ടാക്കുന്ന ഡോക്‍ലയാണ് ഞാന്‍ ഇവിടെ ഉത്തരേന്ത്യക്കാര്‍ ഉണ്ടാക്കി കണ്ടിട്ടുള്ളത്.
ഒരിക്കല്‍ ഒരു ഹോട്ടലില്‍ നിന്നും ഡോക്‍ല കഴിച്ചു സ്വീറ്റ്ചട്ട്ണിയോടൊപ്പം. അതിന്റെ സ്വാദ് ഇപ്പഴും നാവില്‍ നിന്നും പോയിട്ടില്ല. ആ സ്വാദില്‍ മറ്റൊന്ന് കഴിക്കാനും ഇതുവരെ പറ്റിയിട്ടില്ല.

സു | Su said...

ആഷ :) അത് കമന്‍ ആയിരിക്കും. അതിലാണ് കടലമാവ്. ഇതില്‍ അരിയും പരിപ്പുകളും ചേര്‍ക്കും. ഇത് പുളിയ്ക്കണം. അതുകൊണ്ട് തലേദിവസം തയ്യാറാക്കിവെച്ചാലും കുഴപ്പമില്ല.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]