Monday, February 11, 2008

കമന്‍

ഖമന്‍, കമന്‍, ഘമന്‍ എന്നൊക്കെ ഇതിനെപ്പറയും എന്നെനിക്കു തോന്നുന്നു. ഇതൊരു ഗുജറാത്തിവിഭവം ആണ്. നമ്മള്‍ ദോശയും ഇഡ്ഡലിയും പത്തിരിയും ഒക്കെ കഴിക്കുന്നതുപോലെ, അവര്‍ കഴിക്കുന്ന പലഹാരം. ഇത് ചായയുടെ കൂടെയും, ചോറിന്റെ കൂടെയും ഒക്കെ കഴിക്കും. എളുപ്പമാണ് ഉണ്ടാക്കിയെടുക്കാന്‍. തിന്നാനും എളുപ്പം.

കടലപ്പൊടി/ബേസന്‍/കടലമാവ് - 24 ടീസ്പൂണ്‍. (ഒരു കപ്പ്, ഒന്നരക്കപ്പ് ഒക്കെ ആവാം.)
ബേക്കിംഗ് സോഡ/ ബേക്കിംഗ് പൌഡര്‍ - ഒരു ടീസ്പൂണ്‍.
സിട്രിക് ആസിഡ് - അര ടീസ്പൂണ്‍.ഉപ്പ് - അര/ ഒന്ന് ടീസ്പൂണ്‍. നോക്കിയിട്ട് ചേര്‍ക്കുക.
പഞ്ചസാര - നാല് ടീസ്പൂണ്‍.
കടലപ്പൊടിയില്‍ സോഡയൊഴിച്ച് എല്ലാം ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ദോശമാവുപോലെ കൈകൊണ്ട് കുഴയ്ക്കുക.
ഒരു വശത്തേക്ക് മാത്രമേ കൈ തിരിച്ച് കുഴയ്ക്കാവൂ. ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതുപോലെ, തോന്നിയപോലെ ചെയ്യരുത്.

കുഴച്ച്, സോഡയും ചേര്‍ത്ത് കുഴയ്ക്കുക. പതഞ്ഞുവരും. ഇതിനായി വെച്ച പ്ലേറ്റിലേക്ക് ഒഴിക്കുക. അലൂമിനിയം പ്ലേറ്റാണ് നല്ലത്. ബേക്കിംഗ് ട്രേ ഉണ്ടങ്കില്‍ നല്ലത്.

ആദ്യം അടുപ്പത്ത് വല്യൊരു പാത്രത്തില്‍ അല്‍പ്പം വെള്ളം വയ്ക്കുക. അതില്‍ എന്തെങ്കിലും ഒരു പാത്രമോ, പ്ലേറ്റോ ഇടുക. കൂട്ട് ഒഴിക്കുന്ന പ്ലേറ്റില്‍ വെള്ളം കയറാതിരിക്കാനാണ്.


വെള്ളം തിളയ്ക്കുമ്പോള്‍, കൂട്ടൊഴിച്ച പ്ലേറ്റ്, പാത്രത്തില്‍ ഇറക്കിവയ്ക്കുക.

എന്നിട്ട് നന്നായി അടച്ചുവയ്ക്കുക. (അടച്ചുവെച്ചതില്‍ ജനല്‍ കയറി.) പത്തുമിനുട്ട്. അതിനുവേണ്ട വെള്ളം അടിയില്‍ ഉണ്ടാവണം.

തീ കുറച്ച്, അടപ്പെടുത്ത്, കത്തികൊണ്ടോ, പപ്പടംകുത്തി കൊണ്ടോ തൊട്ടു നോക്കുക. വെന്താല്‍ പറ്റിപ്പിടിക്കില്ല. വെന്തില്ലെങ്കില്‍ തൊട്ടുനോക്കിയാല്‍ അതില്‍ മാവ് പറ്റിപ്പിടിയ്ക്കും. ആയിട്ടുണ്ടെങ്കില്‍ തീ കെടുത്തി വാങ്ങുക. അല്ലെങ്കില്‍ അഞ്ചുമിനുട്ട് കൂടെ വയ്ക്കുക. ആയി.

വാങ്ങിവെച്ച് മുറിയ്ക്കുക. ചതുരമായിട്ട്.


ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പാചകയെണ്ണ ചൂടാക്കി, അതില്‍ കുറച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. അരഗ്ലാസ്സ്. അതില്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാര ഇടുക. പഞ്ചസാര അലിഞ്ഞാല്‍ ആ കടുകുവെള്ളം, തയ്യാറാക്കിവെച്ചിരിക്കുന്ന അപ്പത്തിനുമുകളിലേക്ക് ഒഴിക്കുക. മല്ലിയില തൂവുക. കമന്‍ റെഡി.


ഇതിന് മധുരം, അല്പം പുളി (സിട്രിക് ആസിഡിന്റെ) എന്നിവ ഉണ്ടാവും.
നല്ല പതുപതുങ്ങനെ ഉണ്ടാവും ഇത്. അലിഞ്ഞുപോകും വായില്‍.
മൈക്രോവേവിലും, ഇഡ്ഡലിപ്പാത്രത്തിലും ഇത് ഉണ്ടാക്കിയെടുക്കാം.
നന്ദി:- വിലപ്പെട്ട സമയം കളഞ്ഞ് ഇതുണ്ടാക്കിക്കാണിച്ചു തന്ന, എന്റെ
അനിയത്തിക്കുട്ടിയുടെ കൂട്ടുകാരിക്ക്. ഞാന്‍ സ്വയം ചെയ്തു, നന്നായിരുന്നു, കാണൂ എന്ന് അവളോട് പറയാന്‍ എനിക്ക് സന്തോഷം. വളരെയധികം.

11 comments:

ശ്രീ said...

ഹാവൂ! ഇതെന്താ സംഭവം എന്നു മനസ്സിലായില്ലാ എങ്കിലും ഇങ്ങനെ കണ്ടിട്ട് കൊതിയാവണ്ണ്ട്‌ട്ടാ...
:)

Inji Pennu said...

ഇതാണോ സൂവേച്ചി അവരുടെ ധോക്‍ലാ എന്ന് പറയുന്ന സാധനം?

സു | Su said...

ശ്രീ :) എന്നെങ്കിലും ഒരിക്കല്‍ കഴിക്കാംട്ടോ.

ഇഞ്ചീ :) ഇത് ഖമന്‍/കമന്‍/ഘമന്‍. ഡോക്‍ല/ദോക്‍ലാ ഇതിന്റെ കൂടെപ്പറയുന്ന ഒരു സാധനം ആണ്. കണ്ടാല്‍ ഇതുപോലെ. പക്ഷെ അതില്‍ അരിയും പരിപ്പുകളും. ഇതില്‍ കടലപ്പൊടി.

Bharathy said...

njanum inji ye ppole Dhokla alle ennu parayan varuka yayirunnu
Nalla assalyayittu pongi vannittundu, Su :)

പ്രയാസി said...

:)

സു | Su said...

ഭാരതി :)

പ്രയാസി :)

Muneer said...

Su,
innu Times of Indiayil (bangalore edition) oru vartha vaayichittanu njaan ee blogilekku vannathu. Moshana kadha ippozhaanu njaan arinjathu. athu avasaanam enthaayi? valla linkum ayachu tharamo?

അനിലൻ said...

ഉണ്ടാക്കി നോക്കി. രുചിയൊക്കെ ശരിയായി വന്നു. പക്ഷേ ഷാര്‍ജ്ജയിലെ ഉത്തം റെസ്റ്റോറന്റില്‍നിന്നു കിട്ടുന്നതുപോലെ മൃദുവായില്ല. അതിങ്ങനെ സ്പോഞ്ച് പോലിരിക്കും. ബേക്കിംഗ് പൌഡര്‍ ഇട്ടപ്പോള്‍ തന്നെ ഉണ്ടാക്കിയതിനാലാണോ? കുറച്ചു നേരം വെച്ചിട്ടു വേണോ അടുപ്പത്തു കേറ്റാന്‍?

സു | Su said...

അനിലന്‍ :) നല്ല പതുപതുങ്ങനെ ഉണ്ടാവും. ബേക്കിംഗ്പൌഡര്‍ ഇട്ട് അപ്പോത്തന്നെ ഉണ്ടാക്കണം. ചിലപ്പോ, കടലമാവിന്റെ വ്യത്യാസം ആവും.

ആഷ | Asha said...

ഇതായിരുന്നു ഡോക്‍ലയെന്നും പറഞ്ഞു തിന്ന സാധനമെന്നു തോന്നുന്നു. :)
അതിങ്ങനെ വായില്‍ അലിഞ്ഞു പോയ കാര്യം ഓര്‍ത്തിട്ട് ഇപ്പഴും കൊതിവരുന്നു.
അപ്പോ തൈര് സിട്രിക് ആസിഡിനു പകരമാണോ ചേര്‍ക്കുന്നേ? തലേ ദിവസമേ കുഴച്ചു വെയ്ക്കണ്ടേ?

സു | Su said...

ആഷ :) തലേദിവസം വേണ്ട. അപ്പോത്തന്നെ തയ്യാറാക്കി, അപ്പോത്തന്നെ അടുപ്പത്ത് കയറ്റുക. ഇതില്‍ തൈരു ചേര്‍ത്തില്ല. ചേര്‍ക്കുമോന്ന് അറിയില്ല.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]