Thursday, August 16, 2007

അവിയല്‍

നേന്ത്രക്കായ, ചേന, മുരിങ്ങാക്കായ, കയ്പ്പക്ക, വെള്ളരിക്ക, കുമ്പളങ്ങ, കാരറ്റ്, നീണ്ട പച്ചപ്പയര്‍, ഉരുളക്കിഴങ്ങ്, ചേമ്പ്, മാങ്ങ. ഇവയൊക്കെയും, ഇനി എന്തെങ്കിലും പച്ചക്കറികള്‍ ഉണ്ടെങ്കില്‍ അതും ചേര്‍ക്കാം. ഇതില്‍, തക്കാളി, സവാള, എന്നിവ ചേര്‍ക്കുന്ന പതിവ് സാധാരണ ഇല്ല.

എല്ലാ പച്ചക്കറികളും, അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ഒന്നേകാലിന്ച്. ആദ്യം കഴുകാന്‍ പറ്റുന്നത്, കഴുകിയെടുത്ത് മുറിക്കുക, അല്ലാത്തവ, മുറിച്ച ശേഷം കഴുകിയെടുക്കുക. കയ്പ്പക്ക, അധികം വേണ്ട. വളരെക്കുറച്ച് കഷണങ്ങളേ ഉള്ളൂവെങ്കില്‍, ഒന്നോ രണ്ടോ കഷണം കയ്പ്പക്ക മതി. പച്ചമുളക്, കുറച്ചെണ്ണം ഒന്നു ചീന്തിയിട്ടാലും കുഴപ്പമില്ല.

എല്ലാംകൂടെ, മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക.

തേങ്ങ ചിരവിയെടുത്ത്, എരുവിന്റെ, ആവശ്യത്തിനു പച്ചമുളകും, അല്‍പ്പം ജീരകവും ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക. പേസ്റ്റുപോലെ അരയേണ്ട ആവശ്യമില്ല.

ഒക്കെ നന്നായിവെന്തുകഴിഞ്ഞാല്‍, അതില്‍ തേങ്ങയരച്ചത് ചേര്‍ത്ത് ഇളക്കുക. വെള്ളം വേണ്ട. കഷണങ്ങളിലും, വേവാനുള്ള വെള്ളമേ ഒഴിക്കാവൂ. തേങ്ങയും ചേര്‍ന്ന്, വെന്തുകഴിഞ്ഞാല്‍, നല്ല പുളിയുള്ള തൈരോ മോരോ ഒഴിക്കുക. യോജിപ്പിക്കുക. ചൂടായാല്‍ വാങ്ങുക. തിളച്ച് തിളച്ച് കിടക്കരുത്. മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുക. കറിവേപ്പില ഇടുക. പുളിയുള്ള മാങ്ങയുണ്ടെങ്കില്‍, പുളിത്തൈര് കുറേ ഒഴിക്കരുത്.

തയ്യാറായാല്‍, വെള്ളം വെള്ളം പോലെ ഇരിക്കരുത്. കഷണം, കഷണം പോലെ ഇരിക്കണം.

5 comments:

ദേവന്‍ said...

തൈരും മോരും ഹറാമായിട്ടുള്ളവര്‍ കുറച്ചു വാളന്‍ പുളിയോ ഒരു തക്കാളിയോ ഇട്ടാല്‍ പോതുമാ?

മയൂര said...

ചിങ്ങം ഒന്നായിട്ട് അവിയലില്‍ തുടങ്ങാം...ഓണം സ്പെഷ്യല്‍ എല്ലാം പോരട്ടെ..അതോ ഇവിടെ എല്ലാം ഉണ്ടോ?? നോക്കട്ടെ..:)

സു | Su said...

ദേവാ :) പുളിമാങ്ങ ഇടുക. അതില്ലാത്ത കാലത്ത് തക്കാളി ഇടുക. തക്കാളി അവിയല്‍ എന്നൊരു വിഭവം തന്നെ ഉണ്ട്. പുളി ശരിയാവില്ല.

മയൂര :) തുടങ്ങൂ. ഓണം സ്പെഷ്യല്‍ ഒക്കെ വന്നു.

myexperimentsandme said...

അവിയലിന്റെ പടം വേണേ... അതുകണ്ടെങ്കിലും വായില്‍ വെള്ളം നിറഞ്ഞ് അതിറക്കിയെങ്കിലും വയര്‍ നിറയ്ക്കട്ടെ :)

മനുസ്മൃതി said...

Ente Amachiye. Navil vellamoorunnu.

nalla Adipoli aviyalum adi poli blogum.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]