Friday, September 15, 2006

എരുനെല്ലിക്ക


മൂത്തവര്‍ ചൊല്ലും, മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ആരോഗ്യത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണ്.

നെല്ലിക്ക ഉപ്പിലിട്ടും, അച്ചാറുകള്‍ പലതരത്തില്‍ ഉണ്ടാക്കിയും, എടുക്കാം. പച്ചയ്ക്ക് തിന്നുകയും ചെയ്യാം.

1) എരുനെല്ലിക്ക ഉണ്ടാക്കാന്‍, നല്ല നെല്ലിക്ക കഴുകിയെടുത്ത്, ഒരു പാത്രത്തില്‍ വെള്ളം എടുത്ത് അതില്‍ ഇട്ട് നല്ലപോലെ വേവിക്കുക. കുരു കളഞ്ഞെടുക്കാന്‍ പാകത്തില്‍ വെന്താല്‍ മതി. അധികം വേവേണ്ട കാര്യം ഇല്ല. തണുത്തതിനു ശേഷം കുരു കളഞ്ഞ് എടുക്കുക.

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍, ആദ്യം ഉഴുന്നുപരിപ്പിട്ട് ഒന്ന് മൊരിച്ച്, കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും ഇട്ട് മൊരിച്ചതിനുശേഷം, നെല്ലിക്ക ഉപ്പിട്ട് യോജിപ്പിച്ച് ചേര്‍ക്കുക. നെല്ലിക്ക വഴറ്റി നല്ലപോലെ ഡ്രൈ ആയാല്‍, മുളകുപൊടി ചേര്‍ത്ത് യോജിപ്പിക്കുക. കായവും കൂടെ ചേക്കുക. മുളകുപൊടിയ്ക്ക് പകരം അച്ചാര്‍പൊടിയാണ് ചേര്‍ക്കുന്നതെങ്കില്‍ കുറച്ച് ഉപ്പ് ചേര്‍ത്താല്‍ മതിയാവും. കായവും വേറെ ചേര്‍ക്കേണ്ട.

2) വേറൊരു വിധത്തിലും എരുനെല്ലിക്ക ഉണ്ടാക്കിയെടുക്കാം.

ഒരു പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് ചൂടായാല്‍, കഴുകിവൃത്തിയാക്കി വെള്ളം തുടച്ചെടുത്ത നെല്ലിക്ക, അതിലിട്ട് നന്നായി വറുക്കുക. വാങ്ങി തണുത്താല്‍ കുരുകളഞ്ഞെടുക്കുക. ഉപ്പും ചേര്‍ത്ത് വെക്കുക.

പിന്നെ കുറച്ച് എണ്ണ, ഒരു പാത്രത്തില്‍ ചൂടാക്കി അതില്‍ ഉഴുന്നുപരിപ്പും, കടുകും, കറിവേപ്പിലയും മൊരിച്ച്, ഉപ്പ് ചേര്‍ത്ത നെല്ലിക്ക അതിലിട്ട് യോജിപ്പിക്കുക. നന്നായി ഡ്രൈ ആയാല്‍ മുളകുപൊടിയും കായവും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അല്ലെങ്കില്‍ അച്ചാറുപൊടി ചേര്‍ക്കുക.

നല്ലെണ്ണയാണ് ചേര്‍ക്കേണ്ടത്. വേവിച്ചെടുത്ത നെല്ലിക്കയെക്കാളും വറുത്തെടുത്ത നെല്ലിക്കയാണ് നല്ലത്.

4 comments:

ബിന്ദു said...

നെല്ലിക്ക പച്ചക്കു തിന്നാനാണെനിക്കിഷ്ടം.:)അതും നല്ല ഇളം പച്ച നിറത്തിലുള്ള നെല്ലിക്ക.

Anonymous said...

ഇതാണൊ സൂവേച്ചി ഈ കരിനെലിക്കാന്ന് പറയണ കൂട്ട് ഒരു അച്ചാര്‍?

സു | Su said...

ബിന്ദു :) ഈ നെല്ലിക്ക ആദ്യം വരുന്നതാ. കയ്പ്പുണ്ടാകും. കുറച്ചുകൂടെ വലുപ്പത്തില്‍ ഇളം പച്ചയില്‍ വരുന്നതാണ് നല്ലത്.

ഇഞ്ചിപ്പെണ്ണേ :) അതറിയില്ല. ഈ എരുനെല്ലിക്ക എന്നതിന് കരിനെല്ലിക്ക എന്ന് ചിലയിടങ്ങളില്‍ പറയുമോ എന്തോ. ഇരുമ്പിന്റെ പാത്രത്തില്‍ ‍ ഉണ്ടാക്കിയാല്‍ നല്ല കറുപ്പ് നിറം ഉണ്ടാകും ഇതിന്.

qw_er_ty

കുത്തിക്കുറികള്‍ said...

nellikka sarkkarayokke ittittu vaattunnathanenikkishtam

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]