Saturday, March 24, 2012

സോയാബീൻ മസാലക്കറി

സോയാബീൻ(soyabean) ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. സോയാബീൻസ് പൊടിച്ചുണ്ടാക്കുന്ന പൊടി കൊണ്ടു ചപ്പാത്തിയുണ്ടാക്കാം. സോയാബീൻസിൽ നിന്നുണ്ടാക്കുന്ന പാലാണ് സോയാ മിൽക്ക് (soy milk). സാദാ പാലുകൊണ്ടു പനീർ ഉണ്ടാക്കുന്നതുപോലെ, സോയ് മിൽക്കിൽ നിന്നുണ്ടാക്കുന്ന പനീർ പോലെയുള്ള വസ്തുവാണ് തോഫു (ടോഫു - Tofu). പിന്നെ സോയാബീനുകൊണ്ടുതന്നെ ഉണ്ടാക്കിക്കിട്ടുന്ന ഒരു വസ്തുവാണ് സോയ ചങ്ക്സ്. സോയാബീനിന്റെ അവശിഷ്ടം ആണെന്നു തോന്നുന്നു. അതു ബിരിയാണിയിലും പുലാവിലും ഒക്കെ ഇടും. (എനിക്കറിയാവുന്നത്(ഞാൻ മനസ്സിലാക്കിയത്) പറഞ്ഞതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തുക.)




സോയാബീൻസ് കൊണ്ടൊരു കറിയാണ് ഞാനുണ്ടാക്കിയത്. സാദാ മസാലക്കറി.

സോയാബീൻ - ഒരു കപ്പ് (കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഒരു കപ്പു നിറച്ചും ഉണ്ടാവും.)
വലിയ ഉള്ളി അഥവാ സവാള - രണ്ടെണ്ണം.
തക്കാളി - ഒന്ന്.
പച്ചമുളക് - രണ്ട്.
വെജിറ്റബിൾ മസാല - രണ്ടു ടീസ്പൂൺ. (അതില്ലെങ്കിൽ ഗരം മസാലയോ, മുളകുപൊടിയും മല്ലിപ്പൊടിയും ചേർന്നതോ, ഏതെങ്കിലും ഒന്നു ചേർത്താലും മതി.)
ജീരകം - ഒരു ടീസ്പൂൺ.
മഞ്ഞൾപ്പൊടി, ഉപ്പ്, പാചകയെണ്ണ, കടുക് എന്നിവ ആവശ്യത്തിന്.
കുറച്ചു മല്ലിയിലയും കറിവേപ്പിലയും.

സോയാബീൻ ഒരു മൂന്നു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവയ്ക്കണം എന്നാണെന്റെ അഭിപ്രായം. ഞാൻ രാത്രി കുതിർത്തുവെച്ചിട്ട് രാവിലെയാണുണ്ടാക്കിയത്.

അതു കഴിഞ്ഞ് മഞ്ഞൾപ്പൊടിയും ആവശ്യത്തിനുമാത്രം വെള്ളവുമൊഴിച്ചു വേവിക്കുക. നന്നായി വേവും. മുകളിലുള്ള തൊലി വേറെയാവും ചിലപ്പോൾ. വെന്തു വാങ്ങിവെച്ചാൽ ഉപ്പിട്ടിളക്കി വയ്ക്കുക.

പാചകയെണ്ണ (ഏതുമാവാം) ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ജീരകം ഇട്ട്, പിന്നെ കറിവേപ്പിലയും ഉള്ളിയും പച്ചമുളകും ഇട്ട് നന്നായി വഴറ്റുക. ഉള്ളി വെന്താൽ തക്കാളിയും ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ഇഷ്ടമുണ്ടെങ്കിൽ അതിന്റെ പേസ്റ്റും ചേർക്കാം.

അതിലേക്ക് മസാലപ്പൊടി ഏതാണുള്ളതെന്നുവെച്ചാൽ ഇടുക. അതും ഒന്നു വഴറ്റിയശേഷം അല്പം വെള്ളമൊഴിക്കുക. സോയാബീൻ വെന്തതിൽ വെള്ളമുണ്ടെങ്കിൽ അത് ഒഴിച്ചാൽ മതി.

പച്ചവെള്ളമാണ് ഒഴിക്കുന്നതെങ്കിൽ അതു തിളച്ചശേഷം സോയാബീൻ വേവിച്ചത് ഇട്ടിളക്കുക. അല്ലെങ്കിൽ സോയാബീനും വെള്ളവും ഒരുമിച്ചൊഴിക്കാം. നന്നായി ഇളക്കിയോജിപ്പിച്ചിട്ട് അല്പനേരം അടച്ചുവെച്ച് കുറച്ചു തീയിൽ വേവിക്കുക. ഉപ്പും മസാലയുമൊക്കെ എല്ലാത്തിനും പിടിക്കണമല്ലോ. വെള്ളം അധികം ഉണ്ടെങ്കിൽ പാകം നോക്കി വറ്റിക്കുക. ചിലർക്ക് വെള്ളം ഉള്ള കറിയാവും ഇഷ്ടം. ചിലർക്ക് ഡ്രൈ കറിയാവും ഇഷ്ടം. അതിനനുസരിച്ചു ചെയ്യുക. വാങ്ങിവെച്ചാൽ മല്ലിയില തൂവുക. ഇവിടെ ഇലയുടെ കൂടെ മല്ലിപ്പൂവും ഉണ്ടായിരുന്നു.



ചോറിന്റേയോ ചപ്പാത്തിയുടേയോ കൂടെയോ ഒക്കെ കഴിക്കാം. ചൂടുകാലത്ത് കുറേ നേരത്തേക്കൊന്നും ഈ കറി ഇരിക്കില്ല. കുറച്ചുണ്ടാക്കുക. ഇത് കുറേപ്പേർക്കുണ്ടാവും. അളവു നോക്കിയിട്ട് ഉണ്ടാക്കുക.




ഇതെനിക്കു വിളമ്പിവെച്ചതാണോന്നോ? ഹും...പെണ്ണുങ്ങളായാൽ അല്പസ്വല്പം തടിയൊക്കെ ആവാമെന്ന് വിദ്യാബാലൻ പറഞ്ഞിട്ടുണ്ട്.




ഇതാണ് സോയാബീൻ ചങ്ക്സ്/ചംഗ്സ്. (Soya Nuggets). കുറച്ചുകൂടെ വലുപ്പത്തിലും ഇതു കിട്ടും. ബിരിയാണിയിൽ ഇട്ടിരുന്നു ഞാൻ.




ഇത് സോയാബീൻ ഗ്രാന്യൂൾസ് (Granules) ആണ്. റവ പോലെയുണ്ട്. ഇതുകൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കാം. സോയാ ചങ്ക്സ് പൊടിച്ചുവെച്ചതാണെന്നു വിചാരിക്കേണ്ട. ഗ്രാന്യൂൾസ് തന്നെ വാങ്ങിയതാണ്. അതിന്റെ പായ്ക്കറ്റിനു മുകളിൽ കൊടുത്തിരിക്കുന്നത് - അടങ്ങിയിരിക്കുന്നത്- സോയ ഡിഫാറ്റഡ് (soya (defatted)) എന്നാണ്. എന്തെങ്കിലും വിഭവം ഉണ്ടാക്കിയിട്ട് വേറെ പോസ്റ്റ് ഇടാം.





ഇത് സോയാപ്പാൽ. ഇതിൽ ഫ്ലേവറുകളും, വേറെ എന്തൊക്കെയോ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. പല ഫ്ലേവറുകളിലും കിട്ടും.

തോഫു/ടോഫു കിട്ടിയില്ല. എവിടെയെങ്കിലും യാത്ര പോകുമ്പോൾ വാങ്ങിക്കൊണ്ടുവരാം.

18 comments:

Kerala Tour said...

ഞാന്‍ കടയില്‍ പോയി സോയാബീന്‍ ചോദിച്ചപോള്‍ വേറെ ഒരു സംഭവം ആണ് കിട്ടിയത്
https://mail.google.com/mail/?ui=2&ik=5ac6b441b3&view=att&th=1364d4259519932f&attid=0.1&disp=thd&realattid=f_h090hyft0&zw

Kerala Tour said...

http://food.sulekha.com/dishimages/24521.jpg
Like this..whats the difference ? can u explain please?

സു | Su said...

കേരള ടൂർ :) ഞാൻ, സോയാബീൻ എന്നും പറഞ്ഞ് കടയിൽ നിന്നു വാങ്ങുന്നത് ഇതാണ്. സോയാബീൻ എന്നും പറഞ്ഞ് വേറെ എന്തെങ്കിലും ഉണ്ടോന്ന് അറിയില്ല. സോയാബീനിന്റെ അതേപോലെ, അക്കൂട്ടത്തിൽത്തന്നെ വേറെ എന്തെങ്കിലും ഉണ്ടോന്നും അറിയില്ല. അറിഞ്ഞാൽ പറഞ്ഞുതരാം.

Kerala Tour said...

Thank u..i Have the pic of that..but couldnt post in ur comment..

Unknown said...

ട്രൈ ചെയ്തു നോക്കട്ടെ ട്ടോ :-)
ബാക്കി പലതും ട്രൈ ചെയ്തിട്ടുണ്ട്, നന്നായിട്ടുമുണ്ട്
ആശംസകള്‍!!

സു | Su said...

ഞാൻ ഗന്ധർവ്വൻ :) ഉണ്ടാക്കിനോക്കൂ.

Unknown said...

ഈ അടുക്കള ഇപ്പോഴും വളരെ ഭംഗിയായി നടന്നുപോകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. സോയബീൻ മസാ‍ലക്കറി കണ്ടിട്ട് നന്നായിട്ടുണ്ട് സൂ..
കേരളടൂർ പറഞ്ഞതുപോലെ സോയ (ഛങ്ക്ഡ്) മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. അത് ഇറച്ചിക്കഷണം പോലെ ഉപയൊഗിക്കാറൂണ്ട്. കടലക്കറിപോലെ വയ്ക്കാറുണ്ട് (http://simplyspicy.blogspot.com/2011/08/soya-chunks-roast.html)

സു | Su said...

അപ്പൂസ് :) നന്ദി. ഞാൻ ചങ്കു മേടിച്ചുവന്നിട്ട് കേരളാ ടൂറിനോടു മിണ്ടാംന്നു കരുതിയിട്ടാ.

കേരളാ ടൂർ :) പോസ്റ്റിൽ കുറച്ചും കൂടെ പറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോൾ നോക്കുമെന്നു കരുതുന്നു. സോയാബീനും ഇനി വേറെയുണ്ടോന്നു ആദ്യം വിചാരിച്ചു. ചങ്ക്സ് ആണെന്നു മനസ്സിലായി.

Kerala Tour said...

Thnaks for your infromation..both u and appoos was right ..http://simplyspicy.blogspot.com/2011/08/soya-chunks-roast.htm .Appos ..The above link is not avilable .

ഇതു കൊട് വലതും ഉണ്ടാകാന്‍ പറ്റോ? സോയ മസാല ഇത് കൊട് ഉണ്ടാകാന്‍ പറ്റോ?

സു | Su said...

കേരള ടൂർ :) സോയ ചങ്ക്സു കൊണ്ട് മസാലക്കറി ഉണ്ടാക്കാം. ഇതുപോലെ ഉണ്ടാക്കിയാൽ എങ്ങനെയുണ്ടാവും എന്നറിയില്ല.

കോമാളി said...

ചേച്ചി ഇവിടൊക്കെ സോയ ചങ്ക്സു ആണ് കിട്ടുന്നത്, അതുവെച്ച് ഒരെണ്ണം ഇടണേ...

സു | Su said...

കോമാളി :) കറിയുണ്ടാക്കിനോക്കട്ടെ ആദ്യം.

സു | Su said...

ശ്രീ :) തിരക്കിലായിരുന്നു അല്ലേ?

കുഞ്ഞൂസ് (Kunjuss) said...

സോയ ചന്ക്സ് കൊണ്ട് പല കറികളും ബിരിയാണിയും ഉണ്ടാക്കാം... സോയ ഗ്രാന്യൂല്‍സ്, തേങ്ങക്ക് പകരമായി ഉപയോഗിച്ച് അവിയലും തോരനും ഒക്കെ ഉണ്ടാക്കാം... രുചികരവും പോഷകപ്രദവുമാണ്.
ടോഫു, ഫേം , മീഡിയം ഫേം, ലൈറ്റ് ഫേം എന്നിങ്ങനെ കിട്ടും. ഫേം ആണ് കറികള്‍ ഉണ്ടാക്കാന്‍ നല്ലത്... ഡ്രൈ ആയിട്ടെടുക്കാന്‍ മീഡിയം ഫേം ആയിട്ടുള്ളതും ഉപയോഗിക്കാം.

Tina said...

Soybean adhikkam kazhikaruthu, cancer varum. Aazhchayal oru kal kazhikkam.

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...

ഇവിടെ ഇന്‍ഡോനേഷ്യക്കാരുടെ ഇഷ്ട ആഹാരങ്ങളിലൊന്നാണ് സോയാ. സോയാ പാല്‍ക്കട്ടിയും (ഇവര്‍ തെമ്പെ എന്നു വിളിക്കും)സോയാ പാലും സോയാ പയര്‍ പിളര്‍ത്തിയതും ചേര്‍ത്ത് കട്ടിയാക്കിയതും (താഹു)ഇവിടെ നിത്യാഹാരമാണ്. ഇത് രണ്ടും ഹോട്ടലുകളില്‍ ആദ്യം കൊറിക്കാന്‍ തരുന്നതും വീടുകളില്‍ കറിയായും ഇവ കഴിക്കും. ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുക്കുകയാണ് ഇവിടുത്തെ രീതി. എന്നിട്ട് തക്കാളി സോസോ, കെച്ചപ്പോ ഉപയോഗിച്ച് കഴിക്കും. ചോറിനൊപ്പം തന്നെ പ്രാധാന്യം ഇവര്‍ത്ത് താഹുവിനും തെമ്പെയ്ക്കും ഉണ്ട്.... ഇത് ഇങ്ങനെ കറി വെക്കാമെന്ന് പറഞ്ഞുതന്നതിന് നന്ദി... (ഇനി നാട്ടില്‍ പോയിവന്നെങ്കിലേ കേരള മസാലകൊണ്ട് ഇത് വെക്കാന്‍ പറ്റു....

കോമാളി said...

കുറച്ചു സോയാബീന്‍ വാങ്ങി, പരീക്ഷണത്തിനു ശേഷം പറയാം...

Babu Kalyanam said...

the picture shows butter beans, not soya.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]