Wednesday, August 17, 2011

ബിസ്ക്കറ്റ് പഴം ഗാത്തോ

ഗാത്തോ (Gateau) എന്നു കേട്ടാൽ നിങ്ങൾ പേടിക്കരുത്. സംഗതി വളരെ ലളിതമായ ഒരു കാര്യമാണ്. പക്ഷെ അതിന്റെ പേര് അങ്ങനെ ആയിപ്പോയി. അതിനെക്കുറിച്ച് വലുതായൊന്നും അറിയുകയുമില്ല. എന്നാലും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് എന്നു മനസ്സിലായി. പഴങ്ങളും മധുരവും ഇഷ്ടമുണ്ടെങ്കിൽ വേഗം ഉണ്ടാക്കിക്കോളീൻ.

പലതരം പഴങ്ങൾ.
അല്പം പഞ്ചാരപ്പൊടി.
ക്രീം.
ഓറഞ്ച്നീര്.
പഞ്ചാരബിസ്കറ്റ്.

ഇത്രേം സാധനങ്ങൾ വേണം.









കദളിപ്പഴം, ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, പേരയ്ക്ക, സപ്പോട്ട എന്നിങ്ങനെയൊക്കെയുള്ള പലതരം പഴങ്ങൾ, നിങ്ങൾക്കിഷ്ടമുള്ളത്, കൊണ്ടുവന്ന് വളരെച്ചെറുതാക്കി അരിഞ്ഞുവയ്ക്കുക.

തോലും കുരുവും കളയേണ്ടതൊക്കെ കളയണം.

ക്രീം അല്പം പഞ്ചാരപ്പൊടിയും ചേർത്ത് അടിച്ചുപതപ്പിച്ച് വയ്ക്കുക.




ഒരു പരന്ന പാത്രം എടുത്തുവച്ച്, ബിസ്ക്കറ്റ് ഓരോന്നായി ഓറഞ്ചുനീരിൽ മുക്കി, അടുക്കിവയ്ക്കുക.





അതിനുമുകളിൽ ക്രീം ഒഴിച്ചുതേച്ചു വയ്ക്കുക.




അതിനുമുകളിൽ പഴങ്ങൾ അരിഞ്ഞത് നിരത്തുക.





പിന്നേം ബിസ്ക്കറ്റ് ഓറഞ്ചുനീരിൽ മുക്കി വയ്ക്കുക. പിന്നേം ക്രീം, പിന്നേം പഴങ്ങൾ. അങ്ങനെ വെച്ചുവെച്ച് അവസാനം പഴം വരുന്ന വിധത്തിൽ അടുക്കിക്കൊണ്ടിരിക്കുക. കഴിഞ്ഞാൽ കുറച്ചുനേരം ഫ്രിഡ്ജിൽ വയ്ക്കുക.
പിന്നെ എടുത്തുതിന്നുക. ഓരോ ബിസ്ക്കറ്റിന്റേം അടുത്തുനിന്ന് സ്പൂൺ കൊണ്ട് അടിയിൽ നിന്നു മുകളിൽ വരെ ഒരുമിച്ചു കോരിയെടുക്കുക.

ഇത്രേയുള്ളൂ പണി. ക്രീമിനു പകരം ചോക്ലേറ്റ് വേണമെങ്കിൽ അതും അലിയിച്ച് നിരത്താം. പലവിധത്തിൽ ഗാത്തോ ഉണ്ടാക്കാം. അതൊക്കെ പരീക്ഷിച്ചിട്ടു പറയാം.

5 comments:

Sukanya said...

ഈ ഗാത്തോ ഒരു സംഭവം ആണല്ലോ വായിച്ചിട്ട്. പഴവും ബിസ്കറ്റും ക്രീമും ചേര്‍ന്നാല്‍ നല്ല രുചിയായിരിക്കും.

സു ഇതിലൂടെ ഞാന്‍ ഒരു സംശയം ചോദിക്കുന്നു. ഞങ്ങളുടെ വാസസ്ഥലത്ത് ഓണാഘോഷത്തിന് ഞാന്‍ ഉണ്ടാക്കേണ്ട കറി പൈനാപ്പിള്‍ പച്ചടി ആണ്. ഞാന്‍ റെസിപ്പി ഇതില്‍ നിന്ന് എടുത്തു. ഒരു 150 പേര്‍ക്ക് ഉണ്ടാക്കാന്‍ എത്ര പൈനാപ്പിള്‍ വേണ്ടി വരും? ചേരുവകള്‍?

സു | Su said...

സുകന്യേച്ചീ :) വലിയ സദ്യയ്ക്ക് സാധാരണയായി പൈനാപ്പിൾ മധുരപ്പച്ചടിയാണുണ്ടാക്കുക. പുളിപ്പച്ചടി മതിയെങ്കിൽ അതും മതി കേട്ടോ.

പച്ചടിയ്ക്ക് പൈനാപ്പിൾ മുറിച്ച് അല്പം പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. വേവാൻ മാത്രം വെള്ളവും. അധികം വെന്തു ചീയരുത്.

തേങ്ങയും പച്ചമുളകും (വിരോധമില്ലെങ്കിൽ വളരെക്കുറച്ച് കടുകും)ചേർത്ത് അരയ്ക്കുക. കടുക് വേണ്ടെങ്കിൽ വേണ്ട കേട്ടോ. അളവു കൂടിപ്പോയാൽ പച്ചടി ശരിയാവില്ല.

വെന്തതിലേക്ക് പഞ്ചസാരയും തേങ്ങയരച്ചതും തൈരും ഒഴിക്കുക.

വറവ് ഇടുകയും ചെയ്യാം. (കറിവേപ്പില, കടുക്, മുളക്).

നൂറ്റമ്പത് ആൾക്ക് ഏകദേശം വേണ്ട കണക്ക്:-

പൈനാപ്പിൾ - ആറു കിലോ.
പഞ്ചസാര - ഒന്നരക്കിലോ.
പച്ചമുളക് - മുന്നൂറ് ഗ്രാം.
തേങ്ങ - ആറെണ്ണം.
തൈര് - ഇഷ്ടം പോലെ (എന്നുവെച്ചാൽ നല്ലോണം ഒഴിക്കാം).

ഇങ്ങനെയാണ്. പഞ്ചസാര കുറച്ചു കുറയ്ക്കുന്നതാണ് നല്ലത് എന്നു തോന്നുന്നുണ്ടെങ്കിൽ അങ്ങനെയും ആവാം. പച്ചടിയൊക്കെ ഇഷ്ടപ്പെടുന്നവരല്ലെങ്കിൽ അളവും നോക്കിയിട്ട് എടുക്കുക.

Sukanya said...

സു - വളരെ നന്ദി. മധുരപച്ചടി തന്നെയാണ് വേണ്ടത്. So sweet of u.

ശ്രീ said...

ഹായ്, കണ്ടിട്ടു കൊതി തോന്നുന്നു

അനശ്വര said...

ഈ പുതു വിഭവം ഇഷ്ടമായി...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]