Sunday, November 14, 2010

ശർക്കര കേസരി

കേസരി കഴിച്ചിട്ടില്ലേ? മിക്കവാറും സദ്യകൾക്ക് രാവിലത്തെ ഒരു വിഭവമാണ് കേസരി. ചായപ്പലഹാരത്തിന്റെ കൂടെ മധുരത്തിനു കേസരിയും. ഈ കേസരിസാധാരണ ഉണ്ടാക്കുന്ന ചുവപ്പ്, മഞ്ഞ കേസരിയിൽ നിന്നും അല്പം വ്യത്യാസമുണ്ട്. അതിലൊക്കെ മധുരത്തിനു പഞ്ചസാരയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ, ഇതിൽ ശർക്കരയാണ് ഇട്ടിരിക്കുന്നത്.


ഇവിടെ ഉണ്ടാക്കിയത് എങ്ങനെയെന്ന് പറയാം.




റവ - സൂജിറവ/ബോംബെ റവ - 200 ഗ്രാം എടുത്തു.

ശർക്കര - വല്യ ആണി - 8 എണ്ണം.



അണ്ടിപ്പരിപ്പും ഉണങ്ങിയ മുന്തിരിയും - കുറച്ച്. അണ്ടിപ്പരിപ്പ് കഷണങ്ങളാക്കുക.
പാൽ - അര ഗ്ലാസ്സ്.
വെള്ളം - റവയും ശർക്കരയും വേവാൻ പാകത്തിനു ഒഴിക്കുക.
സേമിയ - മൂന്നു ടീസ്പൂൺ.
ഏലക്കായ് പൊടിച്ചത് കുറച്ച്.
നെയ്യ് - കുറച്ച്. (അഞ്ചാറ് ടീസ്പൂൺ).

ആദ്യം തന്നെ റവയും സേമിയയും മൂന്ന് ടീസ്പൂൺ നെയ്യൊഴിച്ച് വറുക്കുക. തീ വളരെക്കുറച്ചുവെച്ച് ഇളക്കിയിളക്കി വേണം വറുക്കാൻ. അതിനുശേഷം അതിലേക്ക് പാലൊഴിക്കുക. കാച്ചിവെച്ച പാലാണ് ഇവിടെ ഒഴിച്ചത്. അപ്പോ തന്നെ വെള്ളവും ഒഴിക്കുക. ശർക്കര ഇടുക. ഇളക്കിക്കൊണ്ടിരിക്കുന്നതാണ് നല്ലത്. തീ കൂട്ടി വയ്ക്കുകയും വേണ്ട. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യൊഴിച്ച് വറുത്തെടുത്ത് ഇതിലേക്കിടുക. വേവുന്നതിനുമുമ്പ് ഇട്ടാലും കുഴപ്പമൊന്നുമില്ല. വെന്ത് വെള്ളം നല്ലോണം വറ്റിയാൽ അതിൽ രണ്ട് ടീസ്പൂൺ നെയ്യൊഴിച്ച് ഇളക്കാം. ഏലയ്ക്കപ്പൊടി ഇടുക. ഒന്നുകൂടെ നന്നായി ഇളക്കിച്ചേർത്ത് വാങ്ങിവയ്ക്കുക.




ആദ്യം തന്നെ കുറച്ചുനെയ്യ് ഒഴിച്ച് പാത്രം വെച്ചാൽ അടിയിൽ കരിഞ്ഞുപിടിക്കാതെ ഇരിക്കും.

ഇതിൽ നെയ്യ് കുറച്ചേ ചേർത്തിട്ടുള്ളൂ. മധുരവും. മധുരവും നെയ്യും കുറച്ചും കൂടെ കഴിച്ചാൽ പ്രശ്നമില്ലാത്തവർക്ക് കുറച്ചും കൂടെ ചേർക്കാം. വെള്ളം അധികമായാൽ അധികം വേവ് ആവും. കേസരിയ്ക്ക് അത്ര വേവ് വേണ്ട. നെയ്യും പാലും മാത്രം ചേർത്ത് വെള്ളം തീരെ ചേർക്കാതെയും ഉണ്ടാക്കാം.

പുതിയ ക്യാമറ മേടിച്ചു. :) ഫോട്ടോയെടുക്കുന്നത് ഞാനായതുകൊണ്ട് അതിൽ വല്യ വ്യത്യാസമൊന്നും പ്രതീക്ഷിക്കരുത്. ;)

5 comments:

Sukanya said...

പുതിയ പരീക്ഷണങ്ങള്‍ നന്നാവുന്നുണ്ട്, വായിക്കാനും കാണാനും. (ക്യാമറ കൊള്ളാം)
പക്ഷ നമ്മള്‍ ഉണ്ടാക്കിയാല്‍....????

സു | Su said...

സുകന്യേച്ചീ :) ഉണ്ടാക്കിയാൽ നന്നാവും. നോക്കൂ. കുറച്ചുണ്ടാക്കിയാൽ മതി. അത്രയേ കഴിക്കാൻ പറ്റൂ.

ശ്രീ said...

ക്യാമറ വാങ്ങിയതിന്റെ സന്തോഷത്തിനാണോ ഇത്തവണ മധുരം ഉണ്ടാക്കിയത്?

[കേസരി എന്ന് കേള്‍ക്കുമ്പോള്‍ അപ്പോ എന്റെ ഒരു സുഹൃത്തിനെ ഓര്‍മ്മ വരും]

Ente kochu lokam said...

hai chechee,blog nannayirikkunnu..... enikku eethapazham kondu jam undakkunna vidham onnu paranju tharamo?

സു | Su said...

ശ്രീ :) അങ്ങനെയൊന്നും അല്ല. പോസ്റ്റ് വായിച്ചതുതന്നെയാവും അല്ലേ? നോക്കാം.

എന്റെ കൊച്ചു ലോകം :) പഴം ജാം ഉണ്ടാക്കിയിട്ടില്ല. പഴം വരട്ടിയതാണെങ്കിൽ ഉണ്ടാക്കിയിട്ടുണ്ട്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]