സേമിയ കൊണ്ട് സാധാരണയായി പാലൊഴിച്ച് പഞ്ചസാരയുമിട്ടല്ലേ പായസം വയ്ക്കുന്നത്? തേങ്ങാപ്പാലൊഴിച്ച്, ശർക്കരയുമിട്ട് പ്രഥമൻ തന്നെ ആയാലെന്താന്ന് തോന്നിയപ്പോൾ അങ്ങനെ ചെയ്തു.
കഷണങ്ങൾ ആയിട്ടുള്ള സേമിയ ആണ് കിട്ടിയത്. തേങ്ങാപ്പാലും വാങ്ങി. ഒക്കെ എളുപ്പം.
വേണ്ടത് എന്തൊക്കെയാണെന്ന് പറയാം. പായസം ഉണ്ടാക്കുന്നത് എളുപ്പമാണ്.

സേമിയ/വെർമിസെല്ലി - നൂറ് ഗ്രാം.
അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ച്
നെയ്യ് - കുറച്ച്. സേമിയ വറുക്കാനും, അണ്ടിപ്പരിപ്പും മുന്തിരിയും വറവിടാനും ആവശ്യമുള്ളത്.

ശർക്കര - ചിത്രത്തിലെ ശർക്കര പോലെയുള്ളത് പത്ത് ആണി. കല്ലൊക്കെ ഉള്ളതാണെങ്കിൽ അത് അടുപ്പത്ത് വെച്ച് ഉരുക്കി അരിച്ചെടുത്താൽ നല്ലത്. പായസത്തിൽ കല്ലുകടി ഒഴിവാക്കാം.
തേങ്ങാപ്പാൽ - സാധാരണ പാലിന്റെ കട്ടിയിൽ 300 എം എൽ.
വെള്ളം ഒരു ലിറ്റർ. ചൂടുള്ളതാണ് നല്ലത്.

സേമിയ അല്പം നെയ്യൊഴിച്ച് വറുക്കുക. അധികം ചുവക്കേണ്ട കാര്യമൊന്നുമില്ല.

വറുത്തുകഴിഞ്ഞാൽ അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കുക.

വെന്തുകൊണ്ടിരിക്കുന്നു.

വെന്തോന്ന് നോക്കിയിട്ട് ശർക്കര ചേർക്കുക.
ശർക്കരയും കുറച്ചുനേരത്തോളം വേവണം. വെള്ളം ഉണ്ടാവും മിക്കവാറും. ഇല്ലെങ്കിൽ കുറച്ചുകൂടെ ഒഴിക്കാം. ശർക്കര ഇടുമ്പോൾ.

ശർക്കരയും വെന്തുയോജിച്ചാൽ തേങ്ങാപ്പാൽ ചേർക്കുക. ഇവിടെ തേങ്ങാപ്പാൽ കുറച്ചും കൂടെ ചേർത്തിരുന്നു. അതിന്റെ സ്വാദ് മുന്നിൽ നിൽക്കും.
ഇഷ്ടമാണെങ്കിൽ കുറച്ചും കൂടെ തേങ്ങാപ്പാൽ ചേർക്കാം.
തേങ്ങാപ്പാല് ചേർത്തശേഷവും കുറച്ചുനേരം വേവിക്കുക.

ആയാൽ വാങ്ങിവച്ച് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ഇടുക.

നല്ലപോലെ തണുത്താലാണ് ഏറ്റവും സ്വാദ് തോന്നുന്നത്. വെള്ളം പാകം നോക്കിയിട്ട് ചേർക്കണം. സേമിയ ആയതുകൊണ്ട് തണുക്കുമ്പോൾ കട്ടിയാവും. ഏലയ്ക്കപ്പൊടിയും ഇടാം. തേങ്ങ പിഴിഞ്ഞിട്ട് പാലെടുക്കുകയാണെങ്കിൽ ആദ്യം വെള്ളം അധികമുള്ള പാലൊഴിച്ച് വേവിക്കുക. പിന്നെ കുറച്ച് കട്ടിയുള്ളത്. പിന്നെ വാങ്ങിവച്ചതിനുശേഷം ആദ്യം പിഴിഞ്ഞുവച്ച കട്ടിയുള്ള, കുറച്ചുമാത്രമുള്ള പാൽ ചേർക്കുക.
കൊട്ടത്തേങ്ങയും ചെറുതായി മുറിച്ച് വറവിടാം.
8 comments:
കൊതിയായി. ഇനിയിപ്പോ ഉണ്ടാക്കി കഴിക്കാതിരിക്കുന്നതെങ്ങിനെ?
ഉണ്ടാക്കാന്‍ എളുപ്പമായതു കൊണ്ട് ഇടയ്ക്ക് ഉണ്ടാക്കുന്ന പതിവുണ്ട്. (തേങ്ങാ പാലൊന്നും വാങ്ങാന്‍ മിനക്കെടാറില്ല. പായ്ക്കറ്റ് പാല്‍ തന്നെ ശരണം)
സുകന്യ :) സമയം കിട്ടുമ്പോൾ ഉണ്ടാക്കിക്കഴിക്കൂ.
ശ്രീ :) ഇതും നോക്കൂ.
Thanks... I love to check this site, whenever i think of making any 'nadan' food. Thanks a lot Su --- Dayana
ഷീജ :)
enganey kothipikkalley.....sahikan vaya..h aha
marvellous...will surely try it out
കാവൂട്ടി :)
Post a Comment