ഒന്നും വയ്യെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഒരു മ്ലാനത. അപ്പോഴാണ് പാട്ട് കേട്ടത്. അല്ല പരസ്യം കേട്ടത്. മധുരം കഴിക്കണം ഇന്നൊന്നാംതീയ്യതിയായ് എന്ന പരസ്യം. ഇന്ന് കർക്കടകം ഒന്നല്ലേ. അപ്പോ മധുരം തന്നെ ആവാംന്ന് വിചാരിച്ചു. അല്ലെങ്കിലും അല്പം മധുരത്തിന്റെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് ഈ പായസം ഉണ്ടാക്കാൻ തീരുമാനിച്ചത്.
പായസം എന്നൊക്കെപ്പറയാമെങ്കിലും ഇത് വല്യ ഒരു പായസമൊന്നുമല്ല. ഉണ്ടാക്കാനും കഴിക്കാനും എളുപ്പം. ആർക്കും ഉണ്ടാക്കിയെടുക്കാം.
സൂചി റവ വേണം - കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഗ്ലാസ്സിൽ അര ഗ്ലാസ്സ്.
ശർക്കര - 6 ആണി. (കൂട്ടുകയോ കുറയ്ക്കുകയോ നിങ്ങളുടെ ഇഷ്ടം പോലെ.
ചെറുപഴം - 2. അല്പം പുളിയുള്ളതായാലും കുഴപ്പമില്ല. ഇനി നേന്ത്രപ്പഴം ആയാലും പ്രശ്നമില്ല.
തേങ്ങ - അരമുറി ചിരവിയത്.
ആദ്യം തന്നെ കുറച്ചു വല്യ പാത്രത്തിൽ റവ അളന്നെടുത്ത ഗ്ലാസ്സിന് ഏഴെട്ട് ഗ്ലാസ്സ് വെള്ളം അടുപ്പത്ത് വയ്ക്കുക.

അതു തിളച്ചാൽ തീ കുറച്ച്, റവ കുറച്ചുകുറച്ചായിട്ട് വെള്ളത്തിലേക്കിട്ട് ഇളക്കിക്കൊണ്ടിരിക്കണം.

പിന്നെ റവ വെന്തോട്ടെ. ഇടയ്ക്ക് ഇളക്കണം. ഇല്ലെങ്കിൽ കരിഞ്ഞുപിടിക്കാൻ സാദ്ധ്യതയുണ്ട്.

വെന്താൽ, ശർക്കരയിടുക. ഇളക്കുക. അതു തിളച്ചു യോജിച്ചോട്ടെ. തീ കുറേ കൂട്ടിവയ്ക്കരുത്. ഒക്കെക്കൂടെ വെള്ളം വറ്റിപ്പോവുകയേ ഉള്ളൂ.
ശരക്കരയും ഇളകി വെന്ത് യോജിച്ചാൽ തേങ്ങയിട്ടിളക്കുക. പിന്നെ കുറച്ചുനേരം വെച്ചാൽ മതി. വാങ്ങിവെച്ച് പഴം മുറിച്ചിടുക. സൂചിറവപ്പായസം തയ്യാർ.

തണുത്താൽ കട്ടിയാവും. അങ്ങനെ ആവേണ്ടെങ്കിൽ, കുറച്ചു വെള്ളം തിളപ്പിച്ച്, ശർക്കരയിടുമ്പോൾ ചേർക്കുക. റവ് വെന്ത് കഴിയുമ്പോൾ വെള്ളം കുറവാണെന്നു തോന്നിയാലും വെള്ളമൊഴിക്കാം. പക്ഷേ തിളപ്പിച്ച വെള്ളമായാൽ നല്ലത്. പുളിയുള്ള പഴം ആയാൽ മധുരത്തിനിടയ്ക്ക് അല്പം പുളിയും വരും. ഇനി അണ്ടിപ്പരിപ്പ്, മുന്തിരി ഒക്കെ വറവിടണമെങ്കിൽ അങ്ങനെ ആവാം. തേങ്ങയ്ക്കു പകരം തേങ്ങാപ്പാൽ ഒഴിക്കണമെങ്കിൽ അതും ആവാം. റവ വറുത്തില്ല ഞാൻ. വറുത്താലും ഇല്ലെങ്കിലും കുഴപ്പമില്ല.