Tuesday, May 05, 2009

ബോണ്ട

ബോണ്ടയുണ്ടാക്കാൻ അത്രയെളുപ്പം കഴിയുമോന്നു ചോദിച്ചാൽ കഴിയില്ല്ല. എന്നാലും അധികം വിഷമമില്ലാതെയുണ്ടാക്കിയെടുക്കാം. ഇതിനുവേണ്ട വസ്തുക്കളൊക്കെ വീട്ടിൽ ഉണ്ടായിരിക്കും എന്നു കരുതാം.

ഉരുളക്കിഴങ്ങ് വലുത് നാലെണ്ണം - പുഴുങ്ങുക. പൊടിക്കുക. അധികം പൊടിഞ്ഞുകുഴയരുത്.
വലിയ ഉള്ളി അഥവാ സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞുമുറിച്ചെടുക്കണം.
പച്ചമുളക് നാലെണ്ണം - വട്ടത്തിൽ, ചെറുതായി മുറിച്ചെടുക്കണം
കറിവേപ്പില - കുറച്ച് അരിഞ്ഞെടുക്കണം.

കടലപ്പൊടി/ബേസൻ/ കടലമാവ് - അരക്കപ്പ്
അരിപ്പൊടി - രണ്ട് ടേബിൾസ്പൂൺ.
കായവും, മുളകുപൊടിയും കുറച്ച്
ഉപ്പ് ആവശ്യത്തിന്.


വലിയ ഉള്ളി, അല്പം വെളിച്ചെണ്ണ ചൂടാക്കി നന്നായി വഴറ്റുക. പച്ചമുളകും അതിന്റെ കൂടെയിടാം. പിന്നെ കറിവേപ്പിലയും ഇട്ട് വഴറ്റുക. അതുകഴിഞ്ഞ് ഉപ്പുചേർത്ത്, ഉരുളക്കിഴങ്ങ് ഉടച്ചതും ചേർത്തൊന്ന് വഴറ്റി വാങ്ങിവയ്ക്കുക. തണുക്കട്ടെ.



കടലപ്പൊടിയും, അരിപ്പൊടിയും വളരെക്കുറച്ച് ഉപ്പും, കായം, മുളക് എന്നീ പൊടികളും ഇട്ട് കുറച്ചുമാത്രം വെള്ളം ചേർത്ത് കുഴയ്ക്കുക. ഇഡ്ഡലിമാവിന്റെ കൂട്ടുപോലെ ആയാൽ മതി. ഒഴിച്ചാൽ ഓടിപ്പോകരുത്.



ഉരുളക്കിഴങ്ങ് കൂട്ട് തണുത്തുകഴിഞ്ഞാൽ, കുറച്ചെടുത്ത്, ചെറിയ ഉരുളകളാക്കി, കടലമാവുകൂട്ടിൽ മുക്കിപ്പൊക്കി, ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക. വെന്തു തുടങ്ങിയാൽ തിരിച്ചും മറിച്ചുമൊക്കെ ഇടണം. ഉള്ളിലുള്ളത് വെന്തതല്ലേ. എന്നാലും അകവും പുറവുമൊക്കെ വെന്തുവെന്നു തോന്നിയാൽ കോരിയെടുക്കുക.



കടലമാവു കൂട്ട് പോരെങ്കിൽ വീണ്ടും ഉണ്ടാക്കിയെടുക്കാം. കുറേ ഉണ്ടാക്കിവെച്ചിട്ട് കാര്യമില്ല.

ഉരുളക്കിഴങ്ങ് കൂട്ട് തയ്യാറാക്കുമ്പോൾ കടുകൊക്കെ വേണമെങ്കിൽ വറുത്തിടാം, ആദ്യം. പിന്നെ ഗ്രീൻപീസും ഇടാം, വേവിച്ചിട്ട്. കാരറ്റ് ഇടാം. അങ്ങനെ പലതരത്തിൽ പരീക്ഷിക്കാം. മൈദപ്പൊടിയിലും പരീക്ഷിച്ചുനോക്കാം വേണമെങ്കിൽ. ഞാൻ പരീക്ഷിച്ചിട്ടില്ല.

ഉപ്പിടുമ്പോൾ ശ്രദ്ധിക്കുക. ഉരുളക്കിഴങ്ങിനുള്ളത്, അത് വഴറ്റുമ്പോൾ ഇടും. പിന്നെ കടലമാവു കൂട്ടിൽ, അതിലെ ചേരുവകൾക്ക് ഉള്ള ഉപ്പ് ഇട്ടാൽ മതി.

ചൂടോടെ തിന്നുക.

16 comments:

ശ്രീ said...

അതെയതെ. ചൂടോടെ കിട്ടണം :)

Calvin H said...

എന്റെ ഫേവറിറ്റ്സില്‍ ഒന്നാണ് :)

പാവപ്പെട്ടവൻ said...

ഗോതമ്പ് മാവില്‍ തേങ്ങ ചെറുതായി അരിഞ്ഞ് വറുത്തത് , ചെറുജീരകം ,ഏലക്ക ഇവയും ചേര്‍ത്ത് പൊരിച്ചെടുക്കുന്ന അതിന്റെ പേരും ബോണ്ട എന്നല്ലേ ?

മേരിക്കുട്ടി(Marykutty) said...

ഞാന്‍ എല്ലാം മൈദ കൊണ്ടാണ് ഉണ്ടാക്കുക..കടലമാവ് വച്ച് പഴം പൊരി ഉണ്ടാക്കിയപ്പോ, പെട്ടന്ന് മടുക്കുന്നതു പോലെ..

സു | Su said...

ശ്രീ :)

കാൽ‌വിൻ :) അപ്പോ പരീക്ഷിക്കും അല്ലേ?

പാവപ്പെട്ടവൻ :) ആണോ? അറിയില്ല. പരീക്ഷിച്ചുനോക്കട്ടെ അതൊന്ന് എന്തായാലും.

മേരിക്കുട്ടീ :) ആരോഗ്യത്തിന് മൈദയേക്കാൾ ഭേദം കടലമാവാണ്. പഴം‌പൊരി, മൈദയിലാണ് കൂടുതലും ഉണ്ടാക്കുക.

ഹന്‍ല്ലലത്ത് Hanllalath said...

ഇതൊക്കെ വായിച്ചിട്ട് ഇരിക്കാല്ലോ ...
ഈ അന്യ നാട്ടില്‍ നിന്നും കഴിക്കാന്‍ കൊതിയാകുമ്പോള്‍ :)

ഹരിശ്രീ said...

കൊള്ളാം

:)

വികടശിരോമണി said...

മഴക്കാലത്ത്,കാമ്പസിനുമുന്നിലെ ചായക്കടയിൽ നിന്നു കിട്ടിയ ചൂട്.....

Lathika subhash said...

നന്നായിരുന്നു. നന്ദി.

സു | Su said...

ഹൻല്ലാലത്ത് :) അവിടെയിതൊന്നും ഉണ്ടാക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തുചെയ്യാൻ.

ഹരിശ്രീ :)

വികടശിരോമണി :)

ലതി :) ബോണ്ടയുണ്ടാക്കിയെന്ന് കരുതുന്നു. നന്ദി.

Jayasree Lakshmy Kumar said...

എന്റേം ഫേവറിറ്റ് സംഭവാണേ. ഞാനിതിനെ ജെയിംസ് ബോണ്ട് [ണ്ട] എന്നാ വിളിക്കുന്നെ :)

Anil cheleri kumaran said...

എനിക്കും പണ്ടു തൊട്ടേ ഇതു വളരെ ഇഷ്ടമാണൂ..

സു | Su said...

ലക്ഷ്മി :) ബോണ്ട...ജെയിംസ് ബോണ്ട...എന്നല്ലേ?

കുമാരൻ :)

Bindhu Unny said...

ഞാനിപ്പോ ബോണ്ട കഴിക്കാറില്ല, പകരം ബടാട്ട വട കഴിക്കും. :-)

ബൈജു (Baiju) said...

സംഗതി കൊള്ളാം ..ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?

സു | Su said...

ബിന്ദൂ :) അതും ഇത് തന്നെയല്ലേ?

ബൈജു :) പരീക്ഷിക്കൂ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]