Thursday, February 26, 2009

ചേമ്പ് കുറുക്കുകാളൻ

ചേമ്പ് കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം. കാളൻ, ഓലൻ, മൊളേഷ്യം, സാമ്പാർ ഒക്കെ. ബാക്കിയൊക്കെ ഉണ്ടാക്കിക്കഴിഞ്ഞതുകൊണ്ട് കാളൻ വെച്ചേക്കാംന്ന് കരുതി. കുറുക്കുകാളൻ. കാളൻ, കുറുക്കിയുണ്ടാക്കിക്കഴിഞ്ഞാൽ അതിൽനിന്ന് അല്പാല്പമായിട്ട് കുറച്ചു നാളോളം എടുത്തുകൂട്ടാം. കേടാവില്ല.





ചേമ്പ് ചിത്രത്തിൽ ഉള്ളത്രേം വേണം.



കഷണങ്ങളാക്കുക. നന്നായി കഴുകുക. മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും (അര ടീസ്പൂൺ), ആവശ്യത്തിന് ഉപ്പും ഇട്ട് വേവാൻ ആവശ്യമായത്ര വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. കുക്കറിൽ വേവിച്ചെടുക്കാം.





കുറച്ചുവലുപ്പമുള്ള ഒരു മുറിത്തേങ്ങയുടെ മുക്കാൽഭാഗം ചിരവിയെടുത്ത് ഒന്നോ ഒന്നരയോ ടീസ്പൂൺ ജീരകവും മൂന്ന് പച്ചമുളകും (എരിവ് വേണമെങ്കിൽ കൂടുതൽ ചേർക്കാം) ചേർത്ത് നല്ല മിനുസമായി അരയ്ക്കുക. അധികം വെള്ളം ആവരുത് അരഞ്ഞുകഴിഞ്ഞാൽ.




ചേമ്പ് വെന്തു കഴിഞ്ഞാൽ അതിൽ അര ലിറ്റർ, നന്നായി പുളിച്ച മോരും ഒഴിച്ച് തിളപ്പിക്കുക. വറ്റിക്കുക. വലിയൊരു പാത്രം എടുക്കുന്നതാവും നല്ലത്. അല്ലെങ്കിൽ മോര് തിളയ്ക്കുമ്പോൾ താഴേക്ക് തെറിക്കും. ഉപ്പും കുറച്ചും കൂടെ ഇടാം. വറ്റാറായാൽ അതിലേക്ക് തേങ്ങ ചേർത്ത് തിളപ്പിക്കുക. തേങ്ങയും കൂടെ ചേർത്തുകഴിഞ്ഞാല്‍പ്പിന്നെ അതിൽ വെള്ളം മിക്കവാറും ഉണ്ടാവില്ല. തേങ്ങ തിളയ്ക്കാൻ ആവശ്യമായതേ ഉണ്ടാവൂ. തേങ്ങയും ചേർന്നുകഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില വെറുതേ ഇടുക.




വാങ്ങിവെച്ച് വറവിടുക. ഉലുവപ്പൊടി വളരെ സ്വല്പം വേണമെങ്കിൽ ഇടാം. കുറേയിട്ടാൽ കയ്ക്കും.




കൽച്ചട്ടിയാണെങ്കിൽ കാളൻ തണുക്കുമ്പോഴേക്കും ഒരിറ്റുപോലും വെള്ളം കാണില്ല. മറ്റു പാത്രങ്ങളാണെങ്കിൽ വറ്റിക്കുന്നതുപോലിരിക്കും.

കുറുക്കുകാളൻ ഉണ്ടാക്കിയിട്ട് രണ്ടു പാത്രങ്ങളിൽ എടുത്തുവയ്ക്കുക. ഒന്നിലുള്ളത് കൂട്ടിക്കഴിക്കാൻ എടുക്കുക. ഒന്നിലുള്ളത് പിന്നേയ്ക്ക് വയ്ക്കുക. എടുത്തതിൽനിന്നു തന്നെ എടുത്ത് അടച്ചുവെച്ചു പിന്നേം എടുത്തുകൊണ്ടിരിക്കുന്നത് ശരിയല്ല.

വലിയ ചേമ്പ് കിട്ടാനില്ലെങ്കിൽ, കുട്ടിച്ചേമ്പുകൊണ്ടും കാളൻ ഉണ്ടാക്കാം.

14 comments:

മേരിക്കുട്ടി(Marykutty) said...

വലിയ ചേമ്പ് കിട്ടാനില്ല..കുട്ടി ചേമ്പ് കൊണ്ട് ഉണ്ടാക്കി നോക്കം. ഇത് ഡ്രൈ കറി ആണോ?? ഒഴിച്ച് കറി അല്ല??

ആത്മ/പിയ said...

ലേബലുകള്‍ ഇത്ര പെട്ടെന്ന് ഇട്ടോ?!
ഹൃദയം നിറഞ്ഞ നന്ദി!

സു | Su said...

മേരിക്കുട്ടീ :) ഡ്രൈ ആണ്. കുറുക്കാതെ നീട്ടൂ. ഒഴിച്ചുകറിയാവും.

ആത്മേച്ചീ :) കുറേയെണ്ണത്തിനു ഇല്ലായിരുന്നു. സുഖവുമില്ല. അതുകൊണ്ടാണ് മെല്ലെയാക്കാം എന്നുവെച്ചത്. പിന്നെത്തോന്നി ഇട്ടേക്കാംന്ന്.

Anonymous said...

സുവേച്ചീ,
ഉഗ്രൻ കുറിപ്പ്‌....ഇങ്ങനെ എത്ര തനതായ കേരളീയ വിഭവങ്ങളുള്ളപ്പോൾ നാമെന്തിനാണ്‌ ചൈനീസ്‌ ഫുഡ്ഡിനും,ബർഗറിനും പിന്നലെ പായുന്നത്‌ അല്ലേ? നന്ദി...ആശംസകൾ...

Kumar Neelakandan © (Kumar NM) said...

ഇവന്‍ ആളുകൊള്ളാം.
കണ്ടിട്ട് “നാവിന്‍ തുമ്പത്തെരിപൊരിയായ്...!”
എന്റെ അടുക്കളപരീക്ഷണശാലയിലെ അടുത്ത് ഇര ഇവന്‍ തന്നെ.

കണ്ണിന്റെ ആകൃതിയിലുള്ള ഈ കല്‍ച്ചട്ടി കൊള്ളാം. എവിടെ കിട്ടും?

നിലാവ് said...

ഈ കല്‍ച്ചട്ടിയില്‍ പണ്ട് അമ്മൂമ്മ കറി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇതിപ്പോഴും വാങ്ങിക്കാന്‍ കിട്ടുമോ..?
നാടന്‍ വിഭവങ്ങള്‍, ചേച്ചിടെ പോസ്റ്റ് നോക്കിയ ഉണ്ടാക്കാറ് പലപ്പോഴും...ചേംബ് കിട്ടുമ്പോ ഇതും പരീക്ഷിക്കാം...

പാറുക്കുട്ടി said...

ഇത് ഞങ്ങളും ഉണ്ടാക്കാറുണ്ട്. എനിക്ക് ഇത് ഇഷ്ടായി.

സു | Su said...

വേറിട്ട ശബ്ദം :) അതും ഒരു വ്യത്യാസത്തിനുവേണ്ടിയാവും. ഇടയ്ക്കൊക്കെ നല്ലതല്ലേ?

പാറുക്കുട്ടീ :) കാളൻ ഇഷ്ടമായിരിക്കും അല്ലേ?

നിലാവ് :)കൽച്ചട്ടി കിട്ടും. അതിലുണ്ടാക്കിയാൽ സ്വാദു കൂടുതൽ തന്നെ. വായിക്കുന്നതിലും പരീക്ഷിക്കുന്നതിലും നന്ദി.

കുമാർ :) കൽച്ചട്ടി, ഞങ്ങളുടെ നാട്ടിൽ, ഉത്സവച്ചന്തകളിൽ കിട്ടും. ഇപ്പോഴാണ് ഉത്സവങ്ങളൊക്കെ. അവിടെയൊന്നും ഉത്സവച്ചന്തകളിൽ ഇല്ലേ? കിട്ടുമായിരിക്കും.

എതിരന്‍ കതിരവന്‍ said...

രണ്ടു തരം കാളനെക്കുറിച്ച് പണ്ടു ഞാനൊരു പൊസ്റ്റ് ഇട്ടിരുന്നു. ഒന്നു നോയ്ക്കോണേ.
ചേമ്പ് കൈകാര്യം ചെയ്യുമ്പോൾ ചൊറിയാതിരിക്കാനായി കയ്യേൽ എണ്ണ പുരട്ടുന്ന ഭാഗം വിട്ടുകളയരുതേ.
പ്രഷർ കുക്കറിൽ ചേമ്പു വേവിച്ചാൽ കുഴഞ്ഞു പോവുകയില്ലെ? (ഒരു കുക്കർ വിവരദൊഷിയുടെ ആകുലതകൾ‘എന്ന വകുപ്പിൽ പെടുത്തിയാൽ മതി ഇത്)
തൈര് ഒഴിച്ച ശേഷം ഇളക്കിക്കൊണ്ടിരുന്നില്ലെങ്കിൽ പിരിഞ്ഞു പോവുകയില്ലെ?

എതിരന്‍ കതിരവന്‍ said...

കുമാർ, എറ്റുമാനൂർ ഉത്സവത്തിനാണ് ഞങ്ങൾ കൽച്ചട്ടി സ്ഥിരമായി വാങ്ങിച്ചു കൊണ്ടിരുന്നത്. ഇപ്പോഴുണ്ടോ എന്തോ. (ഉത്സവമല്ല)

സു | Su said...

എതിരൻ കതിരവൻ :) ആ പോസ്റ്റ് പണ്ടു കണ്ടതാണല്ലോ. കുക്കറിൽ ചേമ്പ് വയ്ക്കുമ്പോൾ മഞ്ഞൾ, കുരുമുളക്, ഉപ്പ് എന്നിവയിട്ടതിനുശേഷം ഒരുതുള്ളി (വളരെക്കുറച്ച് എന്നർത്ഥം) വെള്ളം ഒഴിക്കുക. സ്പൂൺ കൊണ്ട് ഇളക്കുക. പൊടിയൊക്കെച്ചെരാൻ. മൂന്ന് വിസിൽ വരുന്നതുവരെ വയ്ക്കുക. വന്നാൽ രണ്ട് മിനുട്ട് തീ താഴ്ത്തി വയ്ക്കുക. കെടുത്തുക. തണുത്താൽ തുറക്കുക. ചിത്രത്തിൽ ഉള്ളപോലെയുണ്ടാവും.

കാളനിൽ തൈരാണൊഴിക്കുന്നതെങ്കിൽ അവസാനം ഒഴിക്കാം. തേങ്ങ ചേർത്തതിനുശേഷം. കുറുക്കുകാളനിൽ നല്ല പുളിച്ച മോര് ഒഴിച്ച് അത് നന്നായി വറ്റണം. എത്ര വറ്റി യോജിക്കുന്നുവോ അത്രേം സ്വാദുണ്ടാവും.

Viswaprabha said...

നല്ല പുളിയുള്ള മോരു് എങ്ങനെ കിട്ടും? ഇവിടെയൊക്കെ വാങ്ങാൻ കിട്ടുക ഒട്ടും പുളിയില്ലാത്ത തൈരു് (യോഗർട്ട്) ആണു്. അല്ലെങ്കിൽ ഫ്രെഷ് പാൽ/പാൽ‌പ്പൊടി. അഥവാ മോരു് ഉറയൊഴിച്ചുണ്ടാക്കണമെങ്കിൽ എങ്ങനെ തുടങ്ങണം? (തൈരില്ലാതെ എങ്ങനെ തൈരുണ്ടാക്കാം?)

സു | Su said...

തൈരില്ലാതെ തൈരുണ്ടാക്കരുത്. കടലില്ലാതെ തിരയെണ്ണരുത്. ഹിഹി.
http://kariveppila.blogspot.com/2008/05/blog-post_05.html
ഈ പോസ്റ്റിൽ നല്ല തൈരു കിട്ടാനുള്ള സൂത്രമുണ്ട്. പുളിയില്ലാത്ത തൈരാണുള്ളതെങ്കിൽ അതു മോരാക്കിയിട്ട് ഒരു ദിവസം വയ്ക്കുക. വെള്ളമൊഴിച്ചു കലക്കേണ്ട. വെറുതേ കലക്കി മോരാക്കി ഫ്രിഡ്ജിനു പുറത്ത് വയ്ക്കുക. പിന്നെ പാൽ വാങ്ങിക്കൊണ്ടുവന്ന് ആ പോസ്റ്റിൽ പറഞ്ഞപോലെ ചെയ്യുക. അതും ഫ്രിഡ്ജിൽ വയ്ക്കാതെ തൈരാക്കി, പിന്നെ കലക്കി മോരാക്കിയെടുക്കുക.

ശ്രീ said...

കാളന്‍ എന്റെയും ഫേവറിറ്റ് ആണ്
:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]