Monday, December 29, 2008

പച്ചത്തക്കാളിച്ചമ്മന്തി

പച്ചത്തക്കാളികൊണ്ട് ചമ്മന്തിയുണ്ടാക്കിയാൽ കഞ്ഞിയ്ക്കും ചോറിനും ചപ്പാത്തിയ്ക്കും ഒക്കെ പറ്റും. കഞ്ഞിക്കാണെങ്കിൽ, കൂടെ വല്ല തോരനോ മറ്റോ ഉണ്ടായാല്‍പ്പിന്നെ വേറൊന്നും വേണ്ട.




പച്ചത്തക്കാളിച്ചമ്മന്തി എളുപ്പത്തിലുണ്ടാക്കിയെടുക്കാം. പല വിധത്തിലുമുണ്ട്. ഞാനുണ്ടാക്കിയത് എങ്ങനെയെന്നു പറയാം.

പച്ചത്തക്കാളി മൂന്നെണ്ണം കഴുകിയെടുത്ത് ഓരോന്നും എട്ട് പത്ത് കഷണങ്ങളാക്കി മുറിച്ചു.

എന്നിട്ട് ചെറിയ വെളുത്തുള്ളിയല്ലി ആറെണ്ണവും, രണ്ട് എരിവുള്ള പച്ചമുളകും, കുറച്ച് മല്ലിയിലയും, കുറച്ച് കറിവേപ്പിലയും എടുത്തു.

തക്കാളിയും ബാക്കിയുള്ളതും ഒക്കെക്കൂടെ കുറച്ച് പാചകയെണ്ണയൊഴിച്ച് വഴറ്റി. വെള്ളമൊക്കെ ഒന്ന് പൊട്ടിത്തെറിച്ചുപോകണം, അത്ര തന്നെ. വേവുകയൊന്നും വേണ്ട.

അത് തണുത്തപ്പോൾ ഉപ്പും, രണ്ട് ടേബിൾസ്പൂൺ തേങ്ങയും ഇട്ട് അരച്ചു.




ആദ്യം തേങ്ങയും ഉപ്പും ഒന്നു അരച്ചിട്ട് തക്കാളിക്കൂട്ട് ഇട്ട് അരച്ചാൽ മതി.

നല്ല പുളിയുണ്ട്, പച്ചത്തക്കാളിയ്ക്ക്. ഇഷ്ടമില്ലാത്തവർ, തക്കാളിയുടെ അളവ് കുറച്ച്, തേങ്ങയുടെ അളവ് കൂട്ടുക.

പച്ചമുളകില്ലെങ്കിൽ ചുവന്ന മുളകിടാം. ഇനി വേറൊരു രീതിയിൽ വേണമെങ്കിൽ ചെറിയ ഉള്ളിയും ഇടാം. വഴറ്റിത്തന്നെ ഇടുന്നതാണ് നല്ലത്.

വെള്ളം ഒട്ടും ഒഴിക്കരുത് അരയ്ക്കുമ്പോൾ.

10 comments:

smitha adharsh said...

ഈ ഐറ്റം എനിക്ക് പുതിയതാ കേട്ടോ..ഉണ്ടാക്കി നോക്കാം..
പഴുത്ത തക്കാളി ചട്നി അരയ്ക്കല്‍ പതിവുണ്ട്..

siva // ശിവ said...

ഈ ബ്ലോഗ് വായിക്കുമ്പോഴൊക്കെ ഇതിലെ വിഭവങ്ങളൊക്കെ ഉണ്ടാക്കി കഴിക്കണമെന്ന് തോന്നും..... ഈ കുറിപ്പുകള്‍ എന്നായാലും എനിക്ക് പ്രയോജനപ്രദം ആകും.... നന്ദി.....

ശ്രീ said...

പച്ചത്തക്കാളി ചമ്മന്തി ഞാനും കഴിച്ചിട്ടില്ല.


പുതുവത്സരാശംസകള്‍, സൂവേച്ചീ.
:)

Sureshkumar Punjhayil said...

This is really nice...Thanks & Best wishes..>!!!

മേരിക്കുട്ടി(Marykutty) said...

ഞാന്‍ വന്നു!! വന്നപ്പളോ, ഇടിയപ്പം, നെല്ലിക്ക ചമ്മന്തി, ഖിച്‌ടി ഒക്കെ ഉണ്ടാക്കി വച്ചിരിക്കുന്നു! സമയം കളയാതെ ഒക്കെ കഴിച്ചു തീര്‍ക്കട്ടെ!

ഹാപ്പി ന്യൂ ഇയര്‍ ഡിയര്‍ ചേച്ചി!

സു | Su said...

സ്മിത :) ഉണ്ടാക്കിനോക്കണം.

ശിവ :) ഒക്കെ സൗകര്യം പോലെ ശ്രമിച്ചുനോക്കാമല്ലോ അല്ലേ?

ശ്രീ :) എന്നാല്‍പ്പിന്നെ ഒന്നു പരീക്ഷിക്കൂ.

സുരേഷ്കുമാർ :)

മേരിക്കുട്ടീ :) ആഘോഷങ്ങളൊക്കെക്കഴിഞ്ഞ് തിരിച്ചെത്തിയല്ലോ അല്ലേ?

Bindhu Unny said...

വായിച്ചപ്പോത്തന്നെ വായില്‍ വെള്ളം വന്നു :-)

Sapna Anu B.George said...

ഇതിന്നു തന്നെ ഉണ്ടാക്കി നോക്കണം

സു | Su said...

ബിന്ദു :) എളുപ്പമല്ലേ. ഉണ്ടാക്കൂ.

സപ്ന :) ഉണ്ടാക്കൂ.

Sa said...

ചേച്ചീ ഞാനീ ചമ്മന്തി അമ്മ പറഞ്ഞുതന്നിട്ട് ഉണ്ടാക്കാറുണ്ട്. പക്ഷെ തക്കാളിയും മറ്റും വഴറ്റിയിരുന്നില്ല, അത് പറഞ്ഞുതന്നതിന് നന്ദി. വഴറ്റാത്ത ചമ്മന്തിക്കും നല്ല ടേസ്റ്റാണുട്ടോ...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]