Tuesday, October 28, 2008

പപ്പായസാമ്പാർ



പപ്പായ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണെന്ന് നിങ്ങൾക്കാരെങ്കിലും പറഞ്ഞുതരണോ അല്ലേ? പഴുത്തതും പച്ചയുമായ പപ്പായകൊണ്ട് പലതരം വിഭവങ്ങൾ നിങ്ങൾ ഉണ്ടാക്കിക്കാണും. ഇവിടെ പപ്പായ ഇഷ്ടമുള്ള ഒരു വസ്തുവാണ്. പപ്പായ, കപ്പളങ്ങ, ഓമയ്ക്ക എന്നൊക്കെ പേരുണ്ടതിന്. കർമൂസ എന്നാണ് ഞങ്ങളുടെ നാട്ടിൽ. എന്നെ നീന്തലു പഠിപ്പിച്ച ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെയിരിക്കുന്നു മരത്തിൽ കുറെ പപ്പായ. അതൊക്കെ ഒരു ചാക്കിൽ നിറയെ കൊണ്ടുവന്ന് എല്ലാർക്കും വിതരണം ചെയ്തു. ചേട്ടന്റെ അമ്മയാണ് പപ്പായസാമ്പാർ ഉണ്ടാക്കുന്ന ആൾ. അല്ലെങ്കിൽ മിക്കവാറും എല്ലാവരും തോരനും, ഓലനും കൊണ്ട് പപ്പായ തീർക്കും. പിന്നെ പഴുത്ത് തിന്നുകയും ചെയ്യും. ഞാനും ഒരു പപ്പായസാമ്പാർ ഉണ്ടാക്കിയേക്കാം എന്നു കരുതി.
സാമ്പാർ ഉണ്ടാക്കാൻ,

പപ്പായ ചിത്രത്തിലെപ്പോലെ മുറിച്ചത്

തുവരപ്പരിപ്പ് - മൂന്ന് ടേബിൾസ്പൂൺ (നമ്മൾ ദാൽ ഫ്രൈ ഒന്നുമല്ല ഉണ്ടാക്കുന്നത് ;))






മഞ്ഞൾപ്പൊടി - കുറച്ച്,
തക്കാളി - ഒന്ന്. നിങ്ങൾക്കിഷ്ടമാണെങ്കിൽ. ഞാൻ രണ്ട് പച്ചമുളകും ഇട്ടു. സാമ്പാറിൽ ഇടാറുണ്ട്.



പുളി - നെല്ലിക്കാവലുപ്പത്തിൽ പുളി, വെള്ളത്തിൽ കുതിർത്ത് കുറച്ചുകഴിഞ്ഞ് ആ പുളിവെള്ളം എടുക്കുക.
തേങ്ങ വറുത്തത് - രണ്ട് ടേബിൾസ്പൂൺ. (തേങ്ങയുടെ കൂടെ ഞാൻ കറിവേപ്പിലയും വറുക്കും. തേങ്ങ നന്നായി മൊരിഞ്ഞുവന്നാൽ കറിവേപ്പില, ഇല മാത്രം ഇടുക.)
കൊത്തമല്ലി - ഒന്നരടീസ്പൂൺ
ചുവന്ന മുളക് - രണ്ട് അല്ലെങ്കിൽ മൂന്ന്.
ഉലുവ - നാലുമണി.
കൊത്തമല്ലിയും, മുളകും, ഉലുവയും നന്നായി വറുത്തെടുത്ത് വറുത്ത തേങ്ങയുടെ കൂട്ടി മിനുസമായി അരച്ചെടുക്കുക.
കായം - പൊടി, കുറച്ച്.
ഉപ്പ്,
വറവിടാൻ, കറിവേപ്പില, മുളക്, കടുക് എന്നിവ. വെളിച്ചെണ്ണ/ പാചകയെണ്ണയും.
പരിപ്പും കഷണവും കഴുകി, മഞ്ഞൾപ്പൊടിയിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കുക. അല്ലെങ്കിൽ പാത്രത്തിൽ പരിപ്പ് വേവിച്ച്, ഒന്നു വെന്താൽ കഷണങ്ങളും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. ഉപ്പ് വെന്തതിനുശേഷം ചേർക്കുക.



പുളിവെള്ളം ഒഴിച്ച് വേവിക്കുക. തക്കാളി ഇടുന്നെങ്കിൽ ഇടുക. കായം ഇടുക.


കുറച്ചുകഴിഞ്ഞാൽ തക്കാളി വെന്ത്, പുളി വെന്ത് വരും. അപ്പോൾ തേങ്ങ ചേർക്കണം.
തിളച്ച് വാങ്ങിവെച്ച് വറവിട്ടെടുക്കുക.



ഇഡ്ഡലിയോടൊപ്പം കൂട്ടുക. ബാക്കി ചോറിനൊപ്പവും കൂട്ടുക.
മല്ലിയും മുളകുമൊക്കെ ഒരു കണക്കിനാണ്. ഇവിടെ മല്ലി വല്യ ഇഷ്ടമില്ല. നിങ്ങളുടെ ഇഷ്ടമനുസരിച്ച് കൂടുതലോ കുറവോ ചേർക്കാം. പുളിവെള്ളം ചേർക്കാൻ ഇഷ്ടമില്ലെങ്കിൽ കൂടുതൽ തക്കാളി ചേർക്കുക.

20 comments:

സണ്ണിക്കുട്ടന്‍ /Sunnikuttan said...

എന്തായാലും നാളെ കഴിഞ്ഞാല്‍ ഒരു തൊഴില്‍ രഹിതനായി നാട്ടിലെത്തും. അപ്പോല്‍ പിന്നെ സു വിന്റെ പപ്പായ പായസം പരീക്ഷിച്ചിട്ട് തന്നെ കാര്യം.

ജയരാജന്‍ said...

പപ്പായ സാമ്പാറെങ്കിൽ അത്; പോരട്ടെ 2-3 തവി ഇവിടെയും :)
ഓ. ടോ:
“തുവരപ്പരിപ്പ് - മൂന്ന് ടേബിൾസ്പൂൺ (നമ്മൾ ദാൽ ഫ്രൈ ഒന്നുമല്ല ഉണ്ടാക്കുന്നത് ;))”
ഇത് പഴയ സാമ്പാർ യുദ്ധത്തിന്റെ ഓർമയിൽ പ്രയോഗിച്ചതല്ലേ സൂവേച്ചീ :)

Babu /ബാബു said...

ദൈവം സൃഷ്ടിച്ചത് എല്ലാം നല്ലതെന്ന് കണ്ടു. പപ്പായ സാമ്പാറും നന്നാവുമെന്ന് കരുതുന്നു. പുറകെ പപ്പായ രസഗുളയും പ്രതീക്ഷിക്കുന്നു.

സു | Su said...

സണ്ണിക്കുട്ടൻ :) തൊഴിലില്ലാത്തപ്പോൾ പരീക്ഷിക്കേണ്ട. ആദ്യം നല്ലൊരു തൊഴിൽ കണ്ടുപിടിക്കൂ. നാട്ടിലേക്കല്ലേ വരുന്നത്. സന്തോഷം തന്നെ എന്തായാലും.

ജയരാജൻ :) ഓർമ്മകൾ ഉണ്ടായിരിക്കണം എന്നല്ലേ.

ബാബു :) പപ്പായ എവിടേം കിട്ടുന്ന ഒരു വസ്തുവല്ലേ? അതുകൊണ്ട് രസഗുള, ബാബു തന്നെ പരീക്ഷിക്കുന്നതാവും നല്ലത്. എനിക്കു കുറച്ച് സമയക്കുറവുണ്ട്.

Anil cheleri kumaran said...

എനിക്കിത് വളരെ ഇഷ്ടപ്പെട്ടു. ഇതൊന്ന് ഉന്ടാക്കിയിട്ടേ ഉള്ളു ബാക്കി കാര്യം. എന്തായാലും വളരെ നന്ദി.

Anonymous said...

Hi ..
pappaya sambar..sounds very interesting ....onnu parikshichu nokkiyittu abhiprayam parayam kettoo.....good work ..Very nice blog .keep it up...
love
veena

മേരിക്കുട്ടി(Marykutty) said...

ആഹാ...എന്റെ പ്രിയപ്പെട്ട പപ്പരങ്ങാ..

പിന്നെ, ഞങ്ങള്‍ ആലപ്പുഴക്കാര്‍ സാമ്പാറില്‍ തേങ്ങ വറുത്തരയ്ക്കാറില്ല..

Babu /ബാബു said...

സൂ,
പപ്പായ രസഗുള വളരെ എളുപ്പമാണ്. പഴുത്ത CO3 പപ്പയ കൊണ്ട് പപ്പയ പാനി ഉണ്ടാക്കുക. ബിക്കാനീര്‍‌വാല ബേക്കറിയില്‍ നിന്ന് അരക്കിലോ രസഗുള വാങ്ങുക. പിന്നീട് രസഗുള ഓരോന്ന് എടുത്ത് പപ്പായ പാനിയില്‍ മുക്കി. സ്വാദോടെ ഭക്ഷിക്കുക. ഇത്രേയുള്ളൂ, വെരി സിമ്പിള്‍.

ശ്രീ said...

പപ്പായ സാമ്പാര്‍ ഇഷ്ടായി.

അവസാനത്തെ ആ പടം കൊതിപ്പിയ്ക്കാന്‍ വച്ചതാണല്ലേ? [പണ്ട് ഒരു ഇഡ്ഢലിയും സാമ്പാറും കഴിച്ചതിന്റെ ഓര്‍മ്മ ഇപ്പോഴുമുണ്ട് എങ്കിലും ഈ കോമ്പിനേഷന്‍ ഇഷ്ടമാണ്]

സു | Su said...

കുമാരൻ :) ചിത്രം കണ്ട് ഇഷ്ടപ്പെട്ടതല്ലേ? ഉണ്ടാക്കിയാലല്ലേ സ്വാദ് അറിയൂ.
ഉണ്ടാക്കുമായിരിക്കും അല്ലേ?

വീണ :) നോക്കൂ.

മേരിക്കുട്ടീ :) അങ്ങനെ ഒഴിവുകഴിവ് പറയാതെ തേങ്ങ വറുത്തരച്ചുനോക്കൂ.

ശ്രീ :) ഹിഹി.

ബാബു/ഏട്ടൻ :) ഇത്രേ ഉള്ളൂ അല്ലേ കാര്യം? ഞാൻ വിചാരിച്ചു, രസഗുള ഉണ്ടാക്കേണ്ടിവരുമെന്ന്. ഇതു സിമ്പിൾ തന്നെ.

എല്ലാം ഇങ്ങനെ സിമ്പിൾ ആയെങ്കിൽ!

Babu /ബാബു said...

രാവിലെ പണിയൊന്നുമില്ലാതിരുന്നപ്പോള്‍ സൂവിനെ ചൊടിപ്പിക്കാന്‍ തന്നെ എഴുതിയതാണ്. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഞാന്‍ ഇന്ന് ഞാന്‍ നാട്ടിലേയ്ക്ക് തിരിക്കുകയാണ്. സൂ ഇതിന് മറുപടി എഴുതിയാലും ഞാന്‍ കാണില്ല. പത്ത് മിനിട്ടിനകം കമ്പ്യൂട്ടറും മടക്കിക്കെട്ടി ഞാന്‍ തിരിക്കും.
രാവിലെ മൂഡോഫാക്കിയതിന് മാപ്പ്
ബാബു.

Unknown said...

ഹായ് സു, എനിക്കാകെയറിയാവുന്ന സാമ്പാര് പരിപ്പും കഷണങ്ങളും വേവിച്ചിട്ട് അതില് കടയില് നിന്ന് വാങ്ങിക്കുന്ന സാമ്പാര് പൊടി ചേര്ത്തിളക്കുന്നതാണു്‌.. അതൊന്നുമില്ലാതെയുള്ള ഈ സാമ്പാര് (ന്നുവച്ചാ ഈ പടം :) ) ഇഷ്ടപ്പെട്ടു.. കാര്യമായിട്ട് ഇഷ്ടപ്പെടണോ എന്ന് ഇനി ഉണ്ടാക്കി നോക്കീട്ട് തീരുമാനിക്കാം ;) [അല്ലാ സുവിനെ കുറച്ച് നാള് കണ്ടില്ലാല്ലോ, എവിടെയായിരുന്നു]

സു | Su said...

ബാബു :)

കുഞ്ഞൻസേ :) ഞാൻ കുറച്ചുദിവസം യാത്രയിലായിരുന്നു. ഈ സാമ്പാറും ഉണ്ടാക്കൂ.

Jayasree Lakshmy Kumar said...

എന്റെ കോട്ടയംകാർ ഫ്രെൻഡ്സ് ഞങ്ങൾ സാമ്പാറിൽ തേങ്ങ വറുത്തരക്കുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ആ രുചിയൊന്നു വേറേ.


സു, ഇത് ഡെക്കറേറ്റ് ചെയ്ത വിധത്തിനു A++++++

മൈക്രോജീവി said...

ഞം ഞം....

V.B.Rajan said...

ഇതൊന്നു പരീക്ഷിച്ചു നോക്കണം. വൈഫിന്ടെ permission കിട്ടാനാണ്‌ ബുദ്ധിമുട്ട്.

സു | Su said...

ലക്ഷ്മി :) നന്ദി.

മൈക്രോജീവി :) തിന്നുന്ന ശബ്ദമാണോ അത്?

രാജൻ :) ഭാര്യയോടു പായൂ. സാമ്പാർ ഒരു സാധാരണ വിഭവമല്ലേ?

മേരിക്കുട്ടി(Marykutty) said...

su chechi,

appam undakkunnathu enganeyanennu paranju tharamo?

pachari vellathil ittu, chrum thengapalum cherthu arachu vaykkanam ennu ariyam..pakshe athinte onnum lavu ariyilla..onnu pranju tharumo..

സു | Su said...

മേരിക്കുട്ടീ :) ഞാനുണ്ടാക്കുന്നതുപോലെയുണ്ടാക്കി പോസ്റ്റ് ഇടാം. പോരേ?

Mary said...

മതി മതി....
:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]