Monday, July 28, 2008

കർക്കടകത്തിൽ കഞ്ഞി കുടിക്കാം

കർക്കടകത്തിൽ കഞ്ഞികുടിക്കണം എന്നു ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ കുടിക്കേണ്ടുന്നതിന്റെ കാരണം പലതാണ്. ഒന്ന് പഞ്ഞമാസം എന്നറിയപ്പെടുന്ന കർക്കടകത്തിൽ ആളുകളൊക്കെ ജോലിയില്ലാതെയിരിക്കുന്നുണ്ടെങ്കിൽ അവർക്കൊക്കെ കഞ്ഞികുടിക്കാനേ കഴിയൂ. പിന്നെ മഴക്കാലത്ത് അതുമിതും തിന്നു അസുഖങ്ങൾ വരുത്തിവയ്ക്കാതെ കഴിക്കാൻ പറ്റിയത് ചൂടുകഞ്ഞി തന്നെ. തണുത്തതും വറുത്തുപൊരിച്ചതും ഒക്കെ ഒഴിവാക്കാം. ദഹിക്കാനും എളുപ്പം കഞ്ഞിയാണ്.
ഔഷധക്കഞ്ഞി കുടിക്കുന്നതും കർക്കടകത്തിൽത്തന്നെ. അതിനിപ്പോ ഇഷ്ടം പോലെ കിറ്റുകൾ ഉണ്ട്. വാങ്ങിക്കൊണ്ടുവന്ന് വെച്ചു കഴിച്ചാൽ മതി. ഔഷധക്കഞ്ഞിയൊന്നും പരീക്ഷിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഒരു സാദാ കഞ്ഞി വെച്ചു.

പൊടിയരികൊണ്ടാണ് ഞാൻ കഞ്ഞിവെച്ചത്. കൂടെ കുറച്ചു ചെറുപയറും ഇട്ടു. ചെറുപയർ അരിയുടെ കൂടെ ഇടാനാണുദ്ദേശമെങ്കിൽ ഒരു മൂന്നാലുമണിക്കൂർ മുമ്പെ കുറച്ചു പയർ എടുത്ത് വെള്ളത്തിലിട്ടുവയ്ക്കണം. വളരെക്കുറച്ച് മതി. ഒരു കപ്പ് അരിയ്ക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ. അരി ആവശ്യമുള്ളത്ര എടുത്ത് നാലിരട്ടി വെള്ളമൊഴിച്ച് വേവിക്കണം. പയറും ഇടണം. ഉപ്പ് പിന്നെ ഇട്ടാൽ മതി. പയർ വെന്തില്ലെങ്കിലോ.



വേവിച്ചുകഴിഞ്ഞാൽ ഉപ്പിട്ടിളക്കി ചൂടോടെ കഴിക്കാം. ചെറിയ ഉള്ളിയും, അല്പം പുളിയും, കറിവേപ്പിലയും, ചുവന്ന മുളകും, ഉപ്പും, തേങ്ങയും കൂടെ അരച്ചെടുത്ത ചമ്മന്തിയും, ചുട്ട പപ്പടവും, പിന്നെ എന്തെങ്കിലും അച്ചാറും കൂടെ കഴിക്കാം. ചെറുപയർ, ഇട്ടിട്ടുള്ളതുകൊണ്ട് വേറൊരു തോരന്റെ ആവശ്യമൊന്നുമില്ല. ചിലർ നെയ്യൊഴിക്കും, ചിലർ തേങ്ങയും ഇടും കഞ്ഞിയിൽ.
ഉണ്ടാക്കാനും എളുപ്പം കഞ്ഞിതന്നെ. ഒരു നൂലാമാലയുമില്ല. ഉണക്കലരി കൊണ്ടും, നമ്മൾ സ്ഥിരം വയ്ക്കുന്ന അരികൊണ്ടും ഒക്കെ കഞ്ഞിവെച്ചു കുടിക്കാം. ഏതായാലും നല്ലതുതന്നെ.

12 comments:

ഉപാസന || Upasana said...

kANJI KUDICHCHITTE ORUPAD NALAYI CHECHI.
:-)
Upasana

Unknown said...

ഒരു കഞ്ഞീം ചമ്മന്തീം ഇബ്ടേക്കും തരാവോ? ചക്രം രൊക്കമില്ല. ഒരു ലോണിനു് അപേക്ഷിച്ചിട്ടുണ്ടു്. അതു് കിട്ടുമ്പോ തന്നാ മതീങ്കി മതീട്ടോ. :)

ഒരു “ദേശാഭിമാനി” said...

ചമ്മന്തി കാട്ടി വായിൽ കൂടി വെള്ളം ഊറിച്ചല്ലോ! :)

siva // ശിവ said...

എന്നാലും ചുട്ടെടുത്ത പപ്പടം കാണിച്ച് എന്റെ സമാധാനം ഇല്ലാതെയാക്കി...ഇനി അടുക്കളയില്‍ അമ്മയോട് അടിയുണ്ടാക്കണം...രാവിലെ തന്നെ...

ശ്രീ said...

സൂവേച്ചീ... ആ ചമ്മന്തി കണ്ടിട്ട് കൊതിയാവുന്നു...
:)

[അല്ല, കര്‍ക്കിടക കഞ്ഞി പോസ്റ്റാക്കാത്തതെന്താ?]

Muneer said...

കര്‍ക്കടകം ആയാ? എപ്പോ? ഞാന്‍ അറിഞ്ഞില്ലല്ലാ...
എന്നാ എനിക്കും വേണം കഞ്ഞി.. തല്ക്കാലം മാനേജരോട് ചോദിച്ചു നോക്കാം. കിട്ടിയാല്‍ കഞ്ഞി, പോയാല്‍ ചട്ടി എന്നല്ലേ കുഞ്ചന്‍ നമ്പ്യാര്‍ പാടിയത്?
കുറെ പഴഞ്ചൊല്ലുകള്‍ ഓര്‍മ വരുന്നു സുവേച്ചീ..

കഞ്ഞിയില്‍ പാറ്റ ഇടരുത്..
കഞ്ഞി കുടി മുട്ടിക്കല്ലേ..
കഞ്ഞിയോളം വരുമോ കഞ്ഞിയിലിട്ടത്? (ഇടിക്കാന്‍ തോന്നുന്നുണ്ടോ?? മുന്നിലെ സ്ക്രീന്‍ ഞാന്‍ ആണെന്ന് വിചാരിച്ചാല്‍ മതി :))

സു | Su said...

ഉപാസന :) കര്‍ക്കടകത്തില്‍ കഞ്ഞി കുടിക്കൂ.

ബാബു :) ഒരു കഞ്ഞിയും ചമ്മന്തിയും തരാന്‍ പൈസയോ? അതിന്റെ ആവശ്യം ഒന്നുമില്ല. ലോണ്‍ എന്തായാലും വേണ്ടാന്നുവെക്കേണ്ട.

ദേശാഭിമാനി :) ഒരു ചമ്മന്തിയുണ്ടാക്കാന്‍ എളുപ്പമല്ലേ?

ശിവ :) ശിവയ്ക്ക് പിന്നെ അമ്മയോട് കല്‍പ്പിച്ചാല്‍ മതിയല്ലോ അല്ലേ?

ശ്രീ :) ഇതുതന്നെ മതിയല്ലോ കര്‍ക്കടകക്കഞ്ഞിപ്പോസ്റ്റ്.

മുനീര്‍ :) അനച്ച കഞ്ഞിയ്ക്ക് അരുക് നന്ന്. ആറിയ കഞ്ഞി പഴങ്കഞ്ഞി. കഞ്ഞി കണ്ട ഇടം കൈലാസം, ചോറു കണ്ട ഇടം സ്വര്‍ഗ്ഗം. കഞ്ഞികുടിച്ചു കിടന്നാലും മീശതുടയ്ക്കാനാളു വേണം. കടമില്ലാത്ത കഞ്ഞി കാല്‍‌വയറ്. എന്നൊക്കെ കേട്ടിട്ടില്ലേ? ;)

ഹരിശ്രീ said...

സൂവേച്ച്യേ,

കര്‍ക്കടക്കഞ്ഞി ഉണ്ടാക്കി പപ്പടവും ചുട്ട് , പിന്നെ ആ ചമ്മന്തിയും റഡിയാക്കി ദാ ഇപ്പോള്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ട് വായില്‍...

ശോ....


പിന്നെ “ ദേ ഇങ്ങോട്ട് നോക്കിയേ “ പോസ്റ്റ് ഇന്നാണ് കണ്ടത്... ഉപകാ‍രപ്രദം...

സ്നേഹപൂര്‍വ്വം...

ഹരിശ്രീ

ഹരിശ്രീ said...

ഓണം സ്പെഷല്‍

ഇത്തവണ നേരത്തെ പോസ്റ്റണേ....

അല്ലേല്‍ ഓണത്തിരക്കില്‍ സമയം കിട്ടില്ല...

Sapna Anu B.George said...

കര്‍ക്കിടകക്കഞ്ഞിയേക്കാളേറെ...അതിന്റെ അവതരണം ചിത്രങ്ങള്‍ ഏറെ ഭംഗിയായി...കേട്ടോ, ഞാനും ഒന്നു പരീക്ഷിക്കുന്നുണ്ട് സൂ

സു | Su said...

ഹരിശ്രീ :)

സപ്ന :)

മാണിക്യം said...

ഇതുവഴി വരാതിരുന്നത് ഒരു വലിയ നഷ്ടം ആയി
പോസ്റ്റുകള്‍ കേമം തന്നെ ..
എന്നോട് വഴക്ക് വേണ്ടാ കെട്ടോ
എനിക്ക് ആ റെസിപ്പി കേരള സദ്യയില്‍ നിന്നാ കിട്ടിയത് ഞങ്ങള്‍ ഇഞ്ചികറിയാ വയ്ക്കാറ് .. ഒരു ഓണറെസിപ്പി കളക്ഷന്‍ അത്രെ ഉള്ളു
കടപ്പാട് :കേരള സദ്യ l Kerala sadya(2008) പൊസ്റ്റ് 110
http://www.orkut.com/Community.aspx?cmm=44993177 ...
ഇതൊന്നു നൊക്കിക്കൊ

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]