Tuesday, July 08, 2008

ചക്ക വരട്ടൂ

ചക്ക വരട്ടിയെടുക്കാന്‍ വളരെ എളുപ്പമാണ് എന്നു പറയാം. വേറെ ആരെങ്കിലും ആണ് ഉണ്ടാക്കിത്തരുന്നതെങ്കില്‍. ഇനി സ്വയം ഉണ്ടാക്കണമെങ്കിലോ. നിങ്ങള്‍ക്കൊക്കെ സാധിക്കും. വേണമെങ്കില്‍ച്ചക്ക (അങ്ങന്യൊരു ചക്കേണ്ടോ? ;) വേരിലും കായ്ക്കും എന്നല്ലേ.
ആദ്യം തന്നെ വേണ്ടത് ക്ഷമയാണ്. അതില്ലെങ്കില്‍ ചക്ക വരട്ടാന്‍ നില്‍ക്കരുത്. അതിന്റെ കൂടെ വേണ്ടത് സമയമാണ്.
പിന്നെ വേണ്ടത് ദാ...ഇതുപോലൊരു ചക്കയാണ്.

ചക്ക കടയില്‍ നിന്ന് വാങ്ങുകയോ, വീട്ടില്‍ നിന്ന് പറിച്ചെടുക്കുകയോ, അയല്‍‌പക്കത്തുനിന്ന് തരുന്നത് സന്തോഷത്തോടെ വാങ്ങുകയോ ഒക്കെ ചെയ്യാം. ഒറ്റ കാര്യം ശരിയായിരിക്കണം. നന്നായി പഴുത്തിരിക്കണം. വളരെ നന്നായി പഴുത്തിരുന്നാല്‍ നല്ലത്.

അത് മുറിയ്ക്കുക. അല്ലെങ്കില്‍ ഇങ്ങനെ വിടര്‍ത്തുക.
ഓരോ ചുളയായി വൃത്തിയായി, അതിന്റെ ചകിണിയും, കുരുവും ഒക്കെക്കളഞ്ഞ് എടുക്കുക.
ഒക്കെ വൃത്തിയായി എടുത്തശേഷം, മിക്സിയില്‍ ഇട്ട് നന്നായി അരയ്ക്കുക. മിക്സിയില്‍ ഇടുമ്പോള്‍, കുരുവും, ചകിണിയും ഒന്നുമില്ലെന്ന് ഉറപ്പോടുറപ്പ് വരുത്തണം. കുറച്ച് കുറച്ചേ ഇടാനും പാടുള്ളൂ.
അരച്ചുകഴിഞ്ഞാല്‍, ഉരുളി അടുപ്പത്തോ സ്റ്റൌവിലോ ഒക്കെ വയ്ക്കുക. തീ കത്തിയ്ക്കുക. അല്ലെങ്കില്‍ നല്ല അടിഭാഗം കട്ടിയുള്ള പാത്രം വയ്ക്കുക. അതില്‍ നെയ്യൊഴിക്കുക. കുറച്ച്. ഒന്ന് രണ്ട് ടേബിള്‍സ്പൂണ്‍ ഒഴിക്കാം. കൂടുതല്‍ ഒഴിച്ചാലും ഒന്നുമില്ല. ആ നെയ്യിലേക്ക് അരച്ചെടുത്തത് ഒഴിക്കുക.
അത് വേവാനുള്ള വെള്ളവും ഒഴിക്കുക.
പിന്നെ ശര്‍ക്കര അഥവാ വെല്ലം ഇതിലേക്ക് ഇടുക. ഇത്രേം വലിയ ചക്കയ്ക്ക് ഒന്നര - രണ്ട് കിലോ ഇടാം. കൂടുതല്‍ ആയാലും കുഴപ്പമില്ല. പായസമോ അടയോ ഉണ്ടാക്കുമ്പോള്‍ എന്തായാലും അതിന്റെ കൂടെ വേറെ ശര്‍ക്കര ചേര്‍ക്കാമല്ലോ. ഇനി വെറും ചക്കപ്പേസ്റ്റ് തിന്നാന്‍ ആണെങ്കില്‍ നന്നായി ചേര്‍ക്കാം.

ഇനിയാണ് ജോലി. ഇളക്കിക്കൊണ്ടിരിക്കണം. താഴെപ്പോവാതെ. കുറേക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മടുത്താല്‍ തീയൊക്കെ അണച്ച് പാത്രം ഇറക്കിവയ്ക്കാം. ഇളക്കാതിരുന്നാല്‍ കരിഞ്ഞുപോവും. ഇനിയിന്നു വയ്യ എന്നു തോന്നിയാല്‍ നാളേയ്ക്ക് വയ്ക്കാം. സൌകര്യം പോലെ അടുപ്പത്ത് വച്ച് ഇളക്കിക്കൊണ്ടിരിക്കുക.

തിള വന്ന് കൈയിലൊക്കെ തെറിക്കും. അതുകൊണ്ട് സൂക്ഷിക്കുക. തീ കുറയ്ക്കുക.
കട്ടിയാവും. പിന്നേം കട്ടിയാവും.
ഒടുവില്‍, ഇളക്കുന്ന ചട്ടുകത്തിലോ സ്പൂണിലോ എടുത്തു മുകളില്‍ പിടിച്ചാല്‍ താഴെ വീഴാത്തിടം വരെയാണ് ഇതിന്റെ പാചകം. അതാണ് പാകം. (തലയ്ക്കു മുകളില്‍ പിടിച്ച് പാകം നോക്കരുത്. ;))
അവസാനം ഇങ്ങനെയാവും.
നല്ലപോലെ തണുത്തിട്ട്, കുപ്പികളില്‍ അടച്ച് വയ്ക്കുക.
പിന്നീട് വേണ്ടപ്പോള്‍ വേണ്ടപ്പോള്‍ എടുത്ത് തിന്നുകയോ വിഭവങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക. ആദ്യം, ചുള വേവിച്ച് തണുത്ത ശേഷം അരച്ചാലും മതി.
(നന്നായി പാകമായില്ലെങ്കില്‍ പൂപ്പല്‍ വരും എന്ന് ഓര്‍മ്മിക്കുക).

8 comments:

Saritha said...

ഇതു നമ്മുടെ അമൃത ടിവി സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗ്ഗില്‍ ഉള്ള സു ചേച്ചി ആണോ?
നമ്മുടെ നന്ദു ഏട്ടന്റെ സു ചേച്ചി?

സു | Su said...

സരിതയുടെ ചോദ്യം എനിക്ക് മനസ്സിലായില്ല.

ശാലിനി said...

Su.......:) kothipichu.

good photos too.

നന്ദു said...

സൂ,
ഇങ്ങനെ കൊതിപ്പിക്കല്ലേ?. കഴിഞ്ഞ മാസം നാട്ടിൽ നിന്നു വന്ന ഒരു സുഹൃത്ത് ഒരു കഷണം ചക്ക തന്നു. 17 ചുള ഉണ്ടായിരുന്നു അതിൽ. ഞങ്ങൾ 4 പേരായി പങ്കിട്ട് കഴിച്ചു ! പിറ്റെ ദിവസം ആ 17 കുരുവും മാങ്ങ, മുരിങ്ങയ്ക്ക ഒക്കെയിട്ട് അവിയലും ഉണ്ടാക്കി!! അങ്ങിനെയിരിക്കുമ്പോഴാ ഈ മുഴുത്ത ചക്കയും ചക്കവരട്ടിയും. ഓണം വരുന്നതിന്റെ മുന്നോടിയായിട്ടുള്ള തയാറെടുപ്പാ അല്ലെ?.
(വീട്ടിൽ പണ്ട് സ്ഥിരമായി ഇങ്ങനെ ഉണ്ടാക്കി ഭരണിയിൽ അടച്ച് സൂക്ഷിക്കും ഓണത്തിന് ചക്കപ്രഥമൻ ഉണ്ടാക്കാൻ )
ഇപ്പോഴത്തെ തലമുറയ്ക്ക് ചക്കവറട്ടിയും, അടപ്പായസത്തിനുള്ള അട വീട്ടിൽ തയാറാക്കാനും ഒന്നും അറിയില്ല. ഇതുപോലുള്ള അറിവുകൾ പങ്കു വയ്ക്കുന്നതിനു പ്രത്യേകം നന്ദി :)

ഇത്തിരി മൂപ്പ് കുറവാ ചക്കയ്ക്കെന്നു തോന്നുന്നു. അതോ ചിത്രം വെളുത്തു പോയതോ?.

ഓ:ടി : സൂ എപ്പഴാ സൂപ്പർ സ്റ്റാറിൽ പങ്കെടുത്തേ?. എന്റെ ചേച്ചിയോ?. അനിയത്തിയാന്നു പറഞ്ഞിരുന്നെങ്കിലും വേണ്ടില്ലായിരുന്നു ഇതിപ്പം പിള്ളാരൊക്കെ കൂടെ സൂ അമ്മുമ്മേന്നു വിളിക്ക്വല്ലോ ദൈവമെ!.

ഹരിശ്രീ said...

സൂവേച്ചീ,

ശ്ശോ ...

കണ്ടിട്ട് കൊതി വന്നു പോയീട്ടോ‍ാ...

എന്റെഏറ്റവും ഇഷ്ടപലഹാരങ്ങളില്‍ ഒന്നാണ് ചക്കഅട...

ചക്ക വരട്ടിയതും ഇഷ്ടവിഭവം തന്നെ...


ഇതിനെ പറ്റിയുള്ള വിവരണത്തിന് നന്ദിട്ടോ ..

സൂവേച്ചിയ്ക് ആശംസകള്‍

പ്രിയ said...

സുവേച്ചി ആരാ ചക്കവരട്ടിയപ്പോള്‍ അതില്‍ കറിവേപ്പില എടുത്തിട്ടേ? ഒരു colorful "kariveppila" ഉരുളിയില്‍ കെടക്കുന്നല്ലോ :)

:) അമ്മയുടെ ഹോബി ആണ് ഈ ചക്കവരട്ടല്‍(ചക്ക സീസണ്‍ ആയാല്‍ ഇതു ഉണ്ടാക്കി വലിയ പാത്രത്തില്‍ ആക്കി ഫ്രിഡ്ജില്‍ വക്കും. ഞങ്ങള്ക്ക് കോള് :-* )

എന്റെ വക ടിപ്പ് :
1) ചെറുതാക്കി അറിഞ്ഞിട്ടു വരട്ടിയാല്‍ പെട്ടെന്ന് വെന്തുകിട്ടും (വേവിക്കുമ്പോ വെള്ളം ചേര്‍ക്കണോ സുവേച്ചി?)
2)ഒത്തിരി പഴുത്ത് കുഴയാത്ത ചക്കയാണേല്‍ അരിഞ്ഞ് കുക്കറില്‍ ഒന്നു വേവിച്ചിട്ട് വരട്ടുക. ഒത്തിരി പഴുത്തതാണെന്കില് പണികിട്ടും. ആ ആവി ചെല്ലുന്നിടത്തെല്ലാം മധുരം ആവും :(
3) വരട്ടുമ്പോള്‍ തൊട്ടു അതില്‍ ആ മൊരിഞ്ഞു വരുന്ന ഭാഗം എടുത്തു തിന്നാന്‍ നല്ല ടേസ്റ്റ് ആണ്
4) ചക്ക വരട്ടിയത് ഫ്രിഡ്ജില്‍ വച്ചാല്‍ മതി.പൂപ്പല്‍ പിടിക്കില്ല :p (ഇപ്പോഴും എന്റെ ഫ്രിഡ്ജില്‍ ഒരു കുഞ്ഞു ടിഫിന്ബോക്സില് ഉണ്ട്.)

(എന്റെ ഒരു തിരോന്തരം ചേട്ടന് പ്രിയം പുട്ടും ചക്കവരട്ടിയതും ആണ്. എന്തൊരു കോമ്പിനേഷന്‍ :O )

എന്നാലും ആ ഉരുളിയില് ബ്രൌണ്‍ നിറത്തില്‍ ചക്കവരട്ടിയത് കാണുമ്പോള്‍... ശോ സുവേച്ചി... വായില്‍ ടൈറ്റാനിക് ഇറക്കാം.

സു | Su said...

ശാലിനീ :)

നന്ദുവേട്ടാ :) മൂപ്പ് കുറവല്ല. അങ്ങനെയൊരു ചക്ക ആയിരുന്നു അത്.

പ്രിയ :) വെള്ളമൊഴിക്കാതെ എങ്ങനെ വേവും? അഞ്ചാറ് ചക്ക വരട്ടിയെടുത്ത് ഫ്രിഡ്ജില്‍ വച്ചാല്‍ ഫ്രിഡ്ജില്‍ മാത്രം വയ്ക്കാന്‍ പറ്റുന്നതൊക്കെ എന്തു ചെയ്യും? കുറച്ചൊക്കെ വയ്ക്കാന്‍ പറ്റും.

ഹരിശ്രീ :)

ശ്രീ said...

അമ്മ ഉണ്ടാക്കി വയ്ക്കാറുള്ളതു കൊണ്ട് ഇടയ്ക്ക് ചക്കയടയ്ക്ക് പഞ്ഞം വരാറില്ല. ഇത്തവണ നാട്ടില്‍ പോയപ്പോഴും കഴിച്ചു. :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]