Saturday, March 08, 2008

മാങ്ങാപ്പച്ചടി

മാങ്ങാക്കാലം വന്നു എന്നൊന്ന് പറയാനുണ്ടോ? ഇനി പഴുത്ത മാങ്ങയുടെ മണമൊക്കെ കിട്ടിത്തുടങ്ങും. എവിടെപ്പോയാലും മാങ്ങാവിഭവങ്ങള്‍ കൊണ്ടുള്ള സല്‍ക്കാരവും. മാങ്ങാ ഐസ്ക്രീം എനിക്കെന്തോ ഇഷ്ടമല്ല. പക്ഷെ ബാക്കി വിഭവങ്ങളൊക്കെ നല്ല ഇഷ്ടവും. പണ്ടൊക്കെ കാറ്റും മഴയും വന്നുപോയാല്‍ മാങ്ങ പെറുക്കാന്‍ ഓടുമായിരുന്നു. തിന്നാലും തിന്നാലും തീരാത്തത്ര വിവിധതരം മാങ്ങകള്‍. ഇന്നിപ്പോ ഓടാറൊന്നുമില്ലെങ്കിലും കിട്ടും മാങ്ങകള്‍. മാങ്ങാക്കാലത്ത് എന്നും ഒരു മാങ്ങാവിഭവം ഉണ്ടാക്കണം എല്ലാവരും. മാങ്ങാപ്പച്ചടി, പഴുത്തമാങ്ങ കൊണ്ടാണ് ഉണ്ടാക്കുക. അതും വല്യ വല്യ മാങ്ങ കൊണ്ടുള്ളതിനേക്കാള്‍ സ്വാദ് ചെറിയ നാടന്‍ മാങ്ങ കൊണ്ട് ഉണ്ടാക്കിയാലാണ്. മധുരം അതിമധുരം. അതിന്റെ കൂടെ തൈരിന്റെ പുളിയും മുളകിന്റേയും ഉപ്പിന്റേയുമൊക്കെ സ്വാദും. എല്ലാം കൂടെ പഴുത്ത മാങ്ങാപ്പച്ചടി ഒരു സ്വാദ് തന്നെ. എന്റെ കസിന്‍ ചെറുതായിരിക്കുമ്പോള്‍ നഴ്സറിക്ലാസ്സിലോ മറ്റോ സ്കൂള്‍ ഡേയ്ക്ക് പാടിയഭിനയിച്ച പാട്ടുണ്ട്. “മാങ്ങാപ്പച്ചടിയാണെങ്കില്‍ മുക്കാല്‍പ്പാത്രം ചോറിങ്ങെടുത്തോ, മക്കളെയെല്ലാമകറ്റിക്കോ” എന്ന പാട്ട്. ആ പരിപാടി കാണാന്‍ പോയിരുന്നു ഞാന്‍. മാങ്ങാപ്പച്ചടി ഉണ്ടാക്കുമ്പോള്‍ ഓര്‍മ്മവരും അത്.


ഈ വര്‍ഷത്തെ ആദ്യത്തെ പഴുത്തമാങ്ങകള്‍ അമ്മാമന്റേയും അമ്മായിയുടേയും വക.

അഞ്ചാറ് ചെറിയ, പഴുത്ത മാങ്ങയെടുത്ത് തോലുകളഞ്ഞ് അതിന്റെ പുറത്തൊക്കെ ഒന്ന് കത്തികൊണ്ട് വരഞ്ഞിടുക. വേവാനും, മറ്റു വസ്തുക്കളുടെ സ്വാദ് പിടിക്കാനും. തോലു കളയണം എന്നു നിങ്ങള്‍ക്ക് നിര്‍ബ്ബന്ധമില്ലെങ്കില്‍ അങ്ങനേയും ആവാം. പക്ഷെ, കളയുന്നതാവും നല്ലത്.

പാത്രത്തില്‍ മാങ്ങയിട്ട്, അരടീസ്പൂണ്‍ മുളകുപൊടിയും, ഉപ്പും, രണ്ട് പച്ചമുളക് ചീന്തിയിട്ടതും കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക. എന്നും പറയുന്നതുപോലെ വേവാനുള്ള വെള്ളമേ പച്ചടിയ്ക്ക് വേവിയ്ക്കുമ്പോള്‍ ഒഴിക്കാവൂ.


ഞാന്‍ കച്ചട്ടിയിലാണ് വേവിച്ചത്. അതിന്റെ സ്വാദൊന്നു വേറെ തന്നെ. പക്ഷെ വെള്ളം വറ്റാനായി എന്നു തോന്നുന്നതിനുമുമ്പു തന്നെ സ്റ്റൌവില്‍ നിന്ന് ഇറക്കിവയ്ക്കണം. സ്റ്റൌ ഓഫാക്കിയിട്ടും കാര്യമൊന്നുമില്ല. അല്ലെങ്കില്‍ കാര്യം പോയി. വാങ്ങിവെച്ചാല്‍ത്തന്നെ അവിടെയിരുന്നു വെള്ളം മുഴുവന്‍ വറ്റും.

മുളകുപൊടിയോ മുളകോ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഒഴിവാക്കാം. മധുരം ആയിക്കോട്ടെ. അഞ്ച് ടേബിള്‍സ്പൂണ്‍ ചിരവിയ തേങ്ങയെടുത്ത് അരടീസ്പൂണ്‍ കടുകും ഇട്ട് മിനുസമായി അരയ്ക്കുക.
അരയ്ക്കുമ്പോള്‍ മോരുവെള്ളം ചേര്‍ക്കുക. വെള്ളത്തിനുപകരം. മാങ്ങ വെന്ത് അതു തണുത്തതിനുശേഷം തേങ്ങയരച്ചതും കാല്‍ ലിറ്റര്‍ മോരും ചേര്‍ക്കുക. അല്ലെങ്കില്‍ തൈര്‍. വെള്ളമായിട്ട് ഇരിക്കാത്തതാവും നല്ലത്. ഉപ്പുനോക്കി പാകത്തിനു വീണ്ടും ഇടണമെങ്കില്‍ ഇടണം. കറിവേപ്പിലയും, കടുകും, ചുവന്ന മുളകും വറത്തിടുക. ചൂടുള്ള ചോറെടുക്കാന്‍ സമയം ആയി. ഈ പച്ചടിയുടെ സ്വാദ് ഞാന്‍ പറയണോ?

10 comments:

reshma said...

കച്ചട്ടി പാചകം പുതുമയായി.ഇറക്കിവെച്ചാലും ചട്ടിയുടെ ചൂടില്‍ വേകുമായിരിക്കും അല്ലേ?

evuraan said...

എന്നെക്കൊണ്ട് റ്റിക്കറ്റ് എടുപ്പിക്കും..! :)

nariman said...

മാമ്പഴം വേവിക്കുമ്പോള്‍ ഇത്തിരി മഞ്ഞള്‍പ്പൊടികൂടി ചേര്‍ക്കാം. കടുകു ചതച്ചു തൈരില്‍ കലക്കി ഒഴിച്ചാലും മതി.

ബിന്ദു said...

അതിനി സൂ കൂട്ടാതെ ഇരിക്കുകയാവും ഭേദം, അത്രയ്ക്കും കൊതി ഞാന്‍ വിട്ടിട്ടുണ്ട്‌. ശ്ശോ.. നല്ല നാടന്‍ മാമ്പഴത്തിന്റെ പച്ചടി!

അനിലൻ said...

മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇവിടെ അത്തരം മാങ്ങ കിട്ടില്ലല്ലോ. കിട്ടുന്നതു വെച്ച് ഉണ്ടാക്കി നോക്കുക തന്നെ അല്ലേ!

ശ്രീ said...

സൂവേച്ചീ...
ഇതു ക്രൂരത തന്നെ.
:(

(കൊതി മാറാനെന്താ വഴി?)

അപര്‍ണ്ണ said...

കൊതിയാവുന്നൂ..എന്റെ all time favourite!. പിന്നെയ്‌, ഇപ്പോ മോരൊഴിച്ചിട്ടാ എല്ലാ പച്ചടിക്കും അരയ്ക്കുന്നത്‌. അതിന്റെ സ്വാദ്‌. അങ്ങിനെ കറിവേപ്പില നോക്കി പരീക്ഷിച്ച്‌ ഞാനും അടുക്കളയില്‍ മെച്ചപ്പെടാന്‍ തുടങ്ങി. അല്ലെങ്കില്‍ ഏതുസമയവും pizza-യും മറ്റും ചൂടാക്കി തിന്ന് ജീവിച്ചതാ. ;)

ഭൂമിപുത്രി said...

മാങ്ങ-മാമ്പഴം ഒക്കെ എന്റെ ചിരകാല ദൌര്‍ബ്ബല്ല്യങ്ങളാണ്‍.
വായില്‍ കപ്പലോടിയ്ക്കാറായീ എന്നൊക്കെ പലരും ഇതിനുമുന്‍പേയിവിടെവന്നു പറഞ്ഞുകാണും അല്ലെ?

Unknown said...

ഹായ് മാങ്ങാപ്പച്ചടി...
ഇന്ന് മുരിങ്ങയ്ക്കാ എരിശ്ശേരി പരീക്ഷിച്ചു .. നന്നായിരുന്നു... അടുത്തത് മാങ്ങാപ്പച്ചടി നോക്കട്ടേ...

സു | Su said...

രേഷ് :) നല്ല ചൂടായിരിക്കും. ശരിക്കും, തിളയ്ക്കുമ്പോള്‍ത്തന്നെ സ്റ്റൌ ഓഫ് ചെയ്യണം. എന്നാലും തിളച്ചുകൊണ്ടിരിക്കും.

ഏവൂരാന്‍ :) ടിക്കറ്റ് എടുക്കൂ.

നരിമാന്‍ :) പച്ചടിയില്‍ മഞ്ഞള്‍ ഇടാറില്ല. ഇനി ചെയ്യുമ്പോള്‍ നോക്കാം.

ബിന്ദൂ :)കൊതി വച്ച് എനിക്ക് അസുഖമാവുമോ?

അനിലന്‍ :) അവിടെ കിട്ടുന്നതുകൊണ്ട് ശ്രമിക്കൂ.

ശ്രീ :) നാട്ടിലേക്ക് യാത്ര തിരിക്കൂ. ലീവെടുക്കൂ.

അപര്‍ണ്ണ :) പിസ്സ!

ഭൂമിപുത്രീ :) മാങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ ഇഷ്ടമാണല്ലേ?

കുഞ്ഞന്‍സ് :) ഇതും ശ്രമിക്കൂ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]