Sunday, September 23, 2007

കക്കിരിക്കപ്പെരക്ക്



കക്കിരിക്ക, വെറുതെ തിന്നാന്‍ രസമാണല്ലേ? കക്കിരിക്കപ്പെരക്കും സ്വാദുണ്ടാവും. എല്ലാവരുടേയും നാട്ടില്‍ എന്താണ് പറയുന്നതെന്നറിയില്ല. ഞങ്ങള്‍, ഇതിനെ കക്കിരിക്കപ്പെരക്ക് എന്നാണ് പറയുന്നത്.

ഇതിന്, കക്കിരിക്ക, പച്ചമുളക്, മുളകുപൊടി, ഉപ്പ്, തൈര്‍- പുളിയുള്ളത്, എന്നിവ വേണം.
കക്കിരിക്ക, കഴുകിയെടുത്ത്, മുറിച്ച്, ഒരു കഷണമെടുത്ത് കയ്പ്പുണ്ടോന്ന് നോക്കുക. ചിലപ്പോള്‍, രണ്ടറ്റത്തും ഉള്ള ഭാഗത്തിന് കയ്പ്പ് കാണും. ചിലപ്പോള്‍, മുഴുവനും കയ്ക്കും. അതുകൊണ്ട് തിന്നുനോക്കിയിട്ട് ബാക്കി പരിപാടി. തൊലി കളയേണ്ട. കുരുവും, കട്ടിയില്ലെങ്കില്‍ കളയേണ്ട. തീരെ ഇളയ കക്കിരിക്ക കിട്ടിയാല്‍ നല്ലത്.

അതുകഴിഞ്ഞ് കുഞ്ഞുകുഞ്ഞായി അരിയുകയോ, അരിയുന്ന പ്ലേറ്റില്‍ ഉരച്ചെടുക്കുകയോ ചെയ്യുക. കുറേ വെള്ളം ഉണ്ടാവും. അരിഞ്ഞുകഴിഞ്ഞാല്‍. കൈകൊണ്ട്, അമര്‍ത്തി വെള്ളം കളഞ്ഞ്, വേറെ ഒരു പാത്രത്തിലേക്കിടുക. ഉപ്പും, മുളകുപൊടിയും ചേര്‍ക്കുക. മുളകുപൊടി അല്‍പ്പം മതി. ഒന്നോ രണ്ടോ പച്ചമുളക്, വട്ടത്തില്‍ ചെറുതായി അരിഞ്ഞ് ഇടുക. കുറച്ച് തേങ്ങ, അരയ്ക്കുക. അല്‍പ്പം അരയുമ്പോള്‍, വളരെക്കുറച്ച് കടുക് ചേര്‍ക്കുക. കാല്‍ ടീസ്പൂണ്‍, അല്ലെങ്കില്‍, അതിലും കുറച്ച് കുറവ്. നന്നായി, മിനുസമായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍, വെള്ളം ഒട്ടും ചേര്‍ക്കരുത്. മോരുവെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.

ആദ്യം തയ്യാറാക്കി വെച്ചതില്‍, അരച്ചെടുത്തതും, തൈരും ചേര്‍ക്കുക. സ്വാദ് നോക്കുക. ഉപ്പ് വീണ്ടും വേണമെങ്കില്‍ ചേര്‍ക്കുക. തൈര് കുറേയൊന്നും ചേര്‍ക്കേണ്ട. പക്ഷെ, അല്‍പ്പം പുളിത്തൈര്‍ ആയിരിക്കണം. പുളി വേണ്ടാത്തവര്‍, പുളിയില്ലാത്ത തൈരും ഉപയോഗിക്കാം.


ചിത്രത്തില്‍ ഉള്ളതിന്റെ പകുതിയേ കക്കിരിക്ക എടുത്തുള്ളൂ. അതുകൊണ്ടുള്ളതാണ് ചിത്രത്തില്‍ ഉള്ള പെരക്ക്.

10 comments:

ശാലിനി said...

ഇതെളുപ്പമാണെല്ലോ. അടുപ്പേല്‍ വയ്ക്കണ്ട അല്ലേ?

ഈ കക്കിരിക്ക എന്നു പറയുന്നത് സാ‍ലഡിനുപയോഗിക്കുന്ന കുക്കുമ്പര്‍ ആണോ?

സു | Su said...

ശാലിനീ :) സാലഡിന് ഇതും ഉപയോഗിക്കാമല്ലോ. പക്ഷെ, സാലഡിനുള്ളത്, പിഞ്ചുവെള്ളരിക്ക ആണ്. അത് വേറെ ഉണ്ട്.

ബിന്ദു said...

കിച്ചടിയാണോന്നു ചോദിച്ചാല്‍......
അല്ലല്ലേ? :)

സു | Su said...

ബിന്ദൂ :) കിച്ചടിയാണോ? ഇങ്ങനെയാണോ?

സുജനിക said...

കൊതി പിടിപ്പിക്കുകതന്നെ...അല്ലെ
എഴുത്തും...ചിത്രങ്ങളും....നന്നു

അനിലൻ said...

കുക്കുമ്പര്‍ ഉപയോഗിച്ചാണുണ്ടാക്കിയത്. വളരെ എളുപ്പം. പച്ചടിയെന്നോ കിച്ചടിയെന്നോ പേരിലുള്ള സംഭവം ഇതുതന്നെയല്ലേ??

സു | Su said...

രാമനുണ്ണി മാഷേ :) സ്വാഗതം. നന്ദി.

അനിലന്‍ :) പച്ചടിയ്ക്ക് വേവിയ്ക്കും.

http://kariveppila.blogspot.com/2006/08/blog-post_27.html

ഇവിടെ ഉണ്ട് പച്ചടി.

അനിലൻ said...

ഇലക്കറികളുണ്ടോ ഇവിടെങ്ങാനും? പിന്നെ ഓലനും??

സു | Su said...

അനിലന്‍ :)

ഓലന്‍ ഇട്ടിട്ടില്ല. ഇടാം. ഓണസ്സദ്യയുടെ കൂടെ കൊടുത്തിട്ടുണ്ട്. ഇലക്കറികള്‍, ഇല്ല. ഒരു കട്‌ലറ്റ് ഇട്ടിരുന്നു. ഇനി ഇലക്കറികള്‍ ഇടാം.

© Mubi said...

കറിവേപ്പില എനിക്ക് കൂട്ടായിട്ടു കുറച്ചായി... നന്നാവുന്നുണ്ട്. നന്ദി!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]