
ഓട്സ് - നൂറ് ഗ്രാം.
അരിപ്പൊടി - നൂറ് ഗ്രാം.
തൈര് - കാൽ ഗ്ലാസ്സ്. (പുളിയുള്ളതാണ് നല്ലത്).
വലിയ ഉള്ളി - ഒന്ന് ചെറുതായി അരിഞ്ഞത്.
പച്ചമുളക് - രണ്ടെണ്ണം. വട്ടത്തിൽ ചെറുതായി മുറിച്ചത്.
ഇഞ്ചി - ഒരു ചെറിയ കഷണം. ചെറുതാക്കി മുറിയ്ക്കുക.
കറിവേപ്പിലയും മല്ലിയിലയും കുറച്ച് ചെറുതായി അരിയുക.
കുരുമുളക് - കാൽ ടീസ്പൂൺ.
തക്കാളി - ഒന്ന് ചെറുതാക്കി മുറിച്ചെടുക്കുക.
ഉപ്പ്.
വെളിച്ചെണ്ണ.

വെളിച്ചെണ്ണ മാറ്റിവെച്ച് ബാക്കി എല്ലാം കൂടെ യോജിപ്പിക്കുക. എന്നിട്ട് ആവശ്യത്തിനുള്ള വെള്ളവും കൂട്ടിച്ചേർത്ത്, അധികം അയവില്ലാതെ കലക്കിയെടുക്കുക. രണ്ട് മണിക്കൂർ വയ്ക്കുക. വെച്ചില്ലെങ്കിലും കുഴപ്പമില്ല. ദോശക്കല്ല് ചൂടാക്കി അതിൽ കുറച്ച് ഒഴിച്ച് പരത്തുക. വെളിച്ചെണ്ണ മുകളിൽ പുരട്ടുക. അടച്ചുവയ്ക്കുക. വെന്താൽ മറിച്ചിടുക. പിന്നേം വെന്താൽ എടുക്കുക.

ചൂടോടെ കഴിയ്ക്കുക.

ചമ്മന്തിയോ കറിയോ ഒക്കെ കൂടെക്കൂട്ടാൻ ഉണ്ടാക്കാം. ഇഞ്ചിച്ചമ്മന്തിയാണ് ഇവിടെ ഉണ്ടാക്കിയത്.
മാവ് കുറച്ചുനേരം വെച്ചാലേ പുളിയ്ക്കൂ. അല്ലെങ്കിൽ നല്ല പുളിയുള്ള തൈർ കൂട്ടണം. പുളി വേണ്ടാത്തവർ അതനുസരിച്ച് തക്കാളിയും തൈരും ചേർക്കുക.