
പനീർ വേണം - നൂറ് ഗ്രാം. അത് കഷണമല്ലെങ്കിൽ കഷണങ്ങളാക്കി എണ്ണയിലിട്ട് വറുത്തെടുക്കണം. ചുവപ്പു നിറം വരുന്നതാണ് നിങ്ങൾക്കിഷ്ടമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ ഒന്ന് എണ്ണയിലിട്ട് കോരിയെടുക്കുകയാണെങ്കിൽ അങ്ങനെ.
പാചകയെണ്ണ - വെളിച്ചെണ്ണയേക്കാൾ നല്ലത് സൂര്യകാന്തിയെണ്ണയായിരിക്കും.
ഉരുളക്കിഴങ്ങ് - നാലെണ്ണം. അധികം വലുതും അധികം ചെറുതുമല്ലാത്തത്. തോലുകളഞ്ഞ് കഷ്ണങ്ങളാക്കി വേവിച്ചെടുക്കുകയോ, അല്ലെങ്കിൽ അപ്പാടെ പുഴുങ്ങി തോലുകളഞ്ഞ് കഷ്ണങ്ങളാക്കുകയോ ചെയ്യാം.
വലിയ ഉള്ളി/ സവാള - രണ്ട് . ചെറുതായി അരിഞ്ഞെടുക്കുക. അധികം വലുത് വേണ്ട.
തക്കാളി - വലുത് ഒന്ന്. ചെറുതാക്കി മുറിക്കുക
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - രണ്ടും കൂടെ അര ടീസ്പൂൺ. വാങ്ങുന്ന പേസ്റ്റ് ആയാലും മതി.
പച്ചമുളക് - ഒന്നോ രണ്ടോ മുറിച്ചെടുത്തത്.
മുളകുപൊടി - കാൽടീസ്പൂൺ.
മഞ്ഞൾപ്പൊടി
ഉപ്പ്
കടുക്, ജീരകം- കാൽ ടീസ്പൂൺ വീതം
കറിവേപ്പില.
ഏതെങ്കിലും വെജിറ്റബിൾ മസാല - ഒരു ടീസ്പൂൺ. ഇല്ലെങ്കിൽ ഗരം മസാല ആയാലും മതി.
ആദ്യം തന്നെ ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ പാചകയെണ്ണ ചൂടാക്കാൻ വയ്ക്കണം. ചൂടായി വരുമ്പോൾ അതിലിട്ട് കടുകു പൊട്ടിക്കുക. കടുക് പൊട്ടിവരുമ്പോൾ ജീരകം ഇടണം. ജീരകം വേഗം ചൂടാവും. അപ്പോത്തന്നെ കറിവേപ്പില ഇടുക. പിന്നെ ഉള്ളിയും പച്ചമുളകും ഇടുക. തീ കുറച്ച് വഴറ്റിക്കൊണ്ടിരിക്കുക. തക്കാളി ഇടുക. തക്കാളി വെന്താൽ, ഇഞ്ചി വെളുത്തുള്ളി ചേർക്കുക. അതും യോജിച്ചാൽ മഞ്ഞൾ, മുളകുപൊടികൾ ചേർക്കണം. ഇളക്കിക്കൊണ്ടിരിക്കണം. ഒന്നിളക്കി യോജിപ്പിച്ചിട്ട് അതിലേക്ക് കാൽ ലിറ്റർ വെള്ളം ഒഴിക്കുക. തീ കൂട്ടി വയ്ക്കുക. ഉരുളക്കിഴങ്ങും പനീറും ഇടുക. ഉപ്പും ഇടുക. തിളച്ചാൽ തീ കുറച്ച് അടച്ച് കുറച്ചുനേരം വെന്ത് യോജിക്കാൻ വയ്ക്കണം. വെള്ളം തീർത്തും വറ്റണമെങ്കിൽ അങ്ങനെ. അല്ലെങ്കിൽ കുറച്ചു വെള്ളം ഉണ്ടായിക്കോട്ടെ എന്നാണെങ്കിൽ അതിനനുസരിച്ച് വയ്ക്കുക. മസാലകളും ഉപ്പും പൊടികളും ഒക്കെ എല്ലാത്തിലും യോജിക്കുന്നതുവരെ വയ്ക്കണം. വെള്ളം വേണമെന്നുണ്ടെങ്കിൽ മാത്രം വീണ്ടും ചേർക്കാം.

മുളകുപൊടിയും പച്ചമുളകും വേണമെങ്കിൽ ചേർത്താൽ മതി. മസാലപ്പൊടി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എരിവൊക്കെ അവരവരുടെ പാകമനുസരിച്ച്. പനീറും ഉരുളക്കിഴങ്ങും ഇനിയും ചെറിയ കഷണങ്ങളാക്കിയാൽ കൂടുതൽ നന്നാവും. പനീർ വറുത്ത് ഇട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന് തോന്നുന്നു. ഒരിക്കൽ പരീക്ഷിച്ച് ഉറപ്പുപറയാം.
