
പപ്പായ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണെന്ന് നിങ്ങൾക്കാരെങ്കിലും പറഞ്ഞുതരണോ അല്ലേ? പഴുത്തതും പച്ചയുമായ പപ്പായകൊണ്ട് പലതരം വിഭവങ്ങൾ നിങ്ങൾ ഉണ്ടാക്കിക്കാണും. ഇവിടെ പപ്പായ ഇഷ്ടമുള്ള ഒരു വസ്തുവാണ്. പപ്പായ, കപ്പളങ്ങ, ഓമയ്ക്ക എന്നൊക്കെ പേരുണ്ടതിന്. കർമൂസ എന്നാണ് ഞങ്ങളുടെ നാട്ടിൽ. എന്നെ നീന്തലു പഠിപ്പിച്ച ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെയിരിക്കുന്നു മരത്തിൽ കുറെ പപ്പായ. അതൊക്കെ ഒരു ചാക്കിൽ നിറയെ കൊണ്ടുവന്ന് എല്ലാർക്കും വിതരണം ചെയ്തു. ചേട്ടന്റെ അമ്മയാണ് പപ്പായസാമ്പാർ ഉണ്ടാക്കുന്ന ആൾ. അല്ലെങ്കിൽ മിക്കവാറും എല്ലാവരും തോരനും, ഓലനും കൊണ്ട് പപ്പായ തീർക്കും. പിന്നെ പഴുത്ത് തിന്നുകയും ചെയ്യും. ഞാനും ഒരു പപ്പായസാമ്പാർ ഉണ്ടാക്കിയേക്കാം എന്നു കരുതി.
സാമ്പാർ ഉണ്ടാക്കാൻ,
പപ്പായ ചിത്രത്തിലെപ്പോലെ മുറിച്ചത്
തുവരപ്പരിപ്പ് - മൂന്ന് ടേബിൾസ്പൂൺ (നമ്മൾ ദാൽ ഫ്രൈ ഒന്നുമല്ല ഉണ്ടാക്കുന്നത് ;))

മഞ്ഞൾപ്പൊടി - കുറച്ച്,
തക്കാളി - ഒന്ന്. നിങ്ങൾക്കിഷ്ടമാണെങ്കിൽ. ഞാൻ രണ്ട് പച്ചമുളകും ഇട്ടു. സാമ്പാറിൽ ഇടാറുണ്ട്.

പുളി - നെല്ലിക്കാവലുപ്പത്തിൽ പുളി, വെള്ളത്തിൽ കുതിർത്ത് കുറച്ചുകഴിഞ്ഞ് ആ പുളിവെള്ളം എടുക്കുക.
തേങ്ങ വറുത്തത് - രണ്ട് ടേബിൾസ്പൂൺ. (തേങ്ങയുടെ കൂടെ ഞാൻ കറിവേപ്പിലയും വറുക്കും. തേങ്ങ നന്നായി മൊരിഞ്ഞുവന്നാൽ കറിവേപ്പില, ഇല മാത്രം ഇടുക.)
കൊത്തമല്ലി - ഒന്നരടീസ്പൂൺ
ചുവന്ന മുളക് - രണ്ട് അല്ലെങ്കിൽ മൂന്ന്.
ഉലുവ - നാലുമണി.
കൊത്തമല്ലിയും, മുളകും, ഉലുവയും നന്നായി വറുത്തെടുത്ത് വറുത്ത തേങ്ങയുടെ കൂട്ടി മിനുസമായി അരച്ചെടുക്കുക.
കായം - പൊടി, കുറച്ച്.
ഉപ്പ്,
വറവിടാൻ, കറിവേപ്പില, മുളക്, കടുക് എന്നിവ. വെളിച്ചെണ്ണ/ പാചകയെണ്ണയും.
പരിപ്പും കഷണവും കഴുകി, മഞ്ഞൾപ്പൊടിയിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കുക. അല്ലെങ്കിൽ പാത്രത്തിൽ പരിപ്പ് വേവിച്ച്, ഒന്നു വെന്താൽ കഷണങ്ങളും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. ഉപ്പ് വെന്തതിനുശേഷം ചേർക്കുക.

പുളിവെള്ളം ഒഴിച്ച് വേവിക്കുക. തക്കാളി ഇടുന്നെങ്കിൽ ഇടുക. കായം ഇടുക.

കുറച്ചുകഴിഞ്ഞാൽ തക്കാളി വെന്ത്, പുളി വെന്ത് വരും. അപ്പോൾ തേങ്ങ ചേർക്കണം.
തിളച്ച് വാങ്ങിവെച്ച് വറവിട്ടെടുക്കുക.

ഇഡ്ഡലിയോടൊപ്പം കൂട്ടുക. ബാക്കി ചോറിനൊപ്പവും കൂട്ടുക.
മല്ലിയും മുളകുമൊക്കെ ഒരു കണക്കിനാണ്. ഇവിടെ മല്ലി വല്യ ഇഷ്ടമില്ല. നിങ്ങളുടെ ഇഷ്ടമനുസരിച്ച് കൂടുതലോ കുറവോ ചേർക്കാം. പുളിവെള്ളം ചേർക്കാൻ ഇഷ്ടമില്ലെങ്കിൽ കൂടുതൽ തക്കാളി ചേർക്കുക.