മാവേലിത്തമ്പുരാന്‍ വരാറായി. ഒക്കെ ഒരുങ്ങിയില്ലേ? പൂക്കളമിട്ട്, പുത്തനുടുപ്പിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട്, സമയംകുറേ ആയോ? സദ്യയൊരുക്കങ്ങളൊക്കെ ആയോ? ഓണത്തിന് ഒന്നും കുറയ്ക്കരുത്.
ഇഡ്ഡലിയും,
സാമ്പാറും തന്നെ ആയ്ക്കോട്ടെ, പ്രാതലിന്. ചട്ണിയില്ലെങ്കില്‍ സാരമില്ല.
ചട്ണിപ്പൊടിമതിയല്ലോ. അല്ലെങ്കില്‍ എന്തിനാ വേണ്ടെന്ന് വയ്ക്കുന്നത്? അല്‍പ്പം തേങ്ങ ചിരവിയെടുത്ത്, ചുവന്നമുളകും, ഉപ്പുമിട്ട്, നന്നായി അരച്ച്, വെള്ളം ചേര്‍ത്ത്, കടുകും, പൊട്ടിച്ച ചുവന്ന മുളകും, കറിവേപ്പിലയും വറുത്ത് ഇട്ടാല്‍, ചട്ണി ആയില്ലേ? നേന്ത്രപ്പഴം പുഴുങ്ങിയതും തയ്യാറാക്കി വെച്ചില്ലേ? നേന്ത്രപ്പഴം മുറിച്ച് പുഴുങ്ങുമ്പോള്‍, അതില്‍ അല്‍പ്പം ശര്‍ക്കര കൂടെ ഇട്ടു നോക്കൂ.
ഊണിനോ? സാമ്പാര്‍, രാവിലെ വെച്ചത് തന്നെ മതി. കൊത്തമല്ലിയും, ചുവന്നമുളകും, അല്‍പ്പം ഉലുവയും, അല്‍പ്പം കായവും വറുത്ത്,ചിരവിയ തേങ്ങയും, വറുത്തരച്ചുവെക്കുന്ന സാമ്പാര്‍ തന്നെ കേമന്‍. അത്രയ്ക്കൊന്നും ഇല്ലെങ്കിലും സാരമില്ലെന്നേ.
കാളന്‍, തയ്യാറാക്കിവെച്ചിട്ടുണ്ടല്ലോ.
പുളിയിഞ്ചിയില്‍ ശര്‍ക്കര ഇടാന്‍ മറക്കരുത്.
പച്ചടി,
പൈനാപ്പിള്‍
തന്നെ ആയ്ക്കോട്ടെ. അതല്ലേ ഇപ്പോ ഫാഷന്‍? വേണ്ടെങ്കില്‍ വേണ്ട. വഴുതനങ്ങയോ, തക്കാളിയോ എടുത്ത്, പൈനാപ്പിളിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍പ്പോരേ?
കൂട്ടുകറിയില്‍ വെള്ളം ഒട്ടുംവേണ്ട. വെറുതേ സ്വപ്നം കണ്ടുനിന്നാല്‍, അത് കരിഞ്ഞുപിടിക്കും. അതില്‍ത്തന്നെ ശ്രദ്ധിച്ച് നില്‍ക്കണം.
മാങ്ങാക്കറികളൊക്കെ റെഡിയായില്ലേ? മാങ്ങാപ്പെരക്കിന്റെ ആവശ്യം ഇല്ല. എന്തിനാ വെറുതേ? പച്ചടി ഉണ്ടല്ലോ. ചട്ണിയും വേണ്ട. കൂട്ടുകറിയില്ലെങ്കില്‍
എരിശ്ശേരി ആയ്ക്കോട്ടെ. ചേനയും കായയും, കടലപ്പരിപ്പും ഇട്ട് വെക്കുന്നതാവും, ഓണസ്സദ്യയ്ക്ക് നല്ലത്.
ഓലന്‍, ചൂടോടെ തന്നെ ഇരുന്നോട്ടെ. വെള്ളരിക്കയും കുമ്പളങ്ങയും, മത്തനും അല്‍പ്പം, നീളവും വീതിയും വലുതാക്കി, പക്ഷെ കട്ടി, നന്നായി കുറച്ച്, മുറിയ്ക്കുക. ഉപ്പും, പച്ചമുളക്, ചീന്തിയിട്ടതും കൂടെ വേവിക്കുക. വന്‍പയര്‍ ആദ്യം തന്നെ വേവിച്ച് വയ്ക്കണം. വെന്താല്‍ വന്‍പയറും ഇട്ട്, അല്‍പ്പം വെളിച്ചണ്ണയും ഒഴിച്ച് എടുക്കുക. വെള്ളം അധികമാവാതെ നോക്കണം. ഇനി തേങ്ങാപ്പാല്‍ നിര്‍ബന്ധം ആണെങ്കില്‍ അതും ആവാം.
തോരന്‍ വേണ്ടേ? കാബേജ് ആയ്ക്കോട്ടെ. വറവ് ചേര്‍ക്കുമ്പോള്‍, ഉഴുന്ന് പരിപ്പും ഇടണം. കടുകും, മുളകും, കറിവേപ്പിലയും ഇടുന്നതിനുമുമ്പ്. ഉള്ളിയൊന്നും വേണമെന്നില്ല.
അവിയല്‍ വേണം എന്തായാലും.
ശര്‍ക്കയുപ്പേരിയും, കായ വറുത്തതും, പപ്പടത്തിന്റെ കൂടെ വിളമ്പാന്‍ മറക്കരുത്. രസവും മറക്കരുത്. അല്‍പ്പം പുളിപിഴിഞ്ഞെടുത്ത വെള്ളത്തില്‍, തക്കാളി, ഉപ്പും, മഞ്ഞളും, ഇട്ട് വേവിച്ച്, ശര്‍ക്കരയും ഇട്ട്, രസം പൌഡറും ചേര്‍ത്താല്‍ രസം, രസമായില്ലേ? വേവിച്ച തുവരപ്പരിപ്പും വേണമെങ്കില്‍ ഇടാം. റെഡിമേയ്ഡ് പൊടികളില്‍ മഞ്ഞളും ഉണ്ടാവും. അതുകൊണ്ട് ചേര്‍ക്കുന്നതിനുമുമ്പ് നോക്കുക.
തുവരപ്പരിപ്പ് വേവിച്ച്, അത് വിളമ്പി, നെയ്യും വിളമ്പാന്‍ മറക്കരുത്. ചോറു വിളമ്പിയാല്‍ ഉടന്‍ വിളമ്പണം.
പായസമോ? കേമമായിക്കളയാം.
ചക്കപ്രഥമന്‍ തന്നെ ആയ്ക്കോട്ടെ. പിന്നെ ഒരു
ഓണം സ്പെഷലും ആയ്ക്കോട്ടെ ഇത്തവണ.
ഇടയ്ക്ക്, വിശക്കുമ്പോള്‍,
ഇതും,
പിന്നെ ഇതും,ഓണത്തിനുമുമ്പ് തയ്യാറാക്കിവെച്ചിരുന്നത് കഴിക്കാന്‍ മടിയ്ക്കരുത്.
ഇല വച്ചാല്‍, ആദ്യം കറികളൊക്കെ വിളമ്പണം. ചോറ്, ആദ്യം തന്നെ വിളമ്പിവയ്ക്കരുത്.
എല്ലാ മലയാളികള്‍ക്കും കറിവേപ്പിലയുടെ ഓണാശംസകള്‍. !