Monday, July 28, 2008

കർക്കടകത്തിൽ കഞ്ഞി കുടിക്കാം

കർക്കടകത്തിൽ കഞ്ഞികുടിക്കണം എന്നു ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ കുടിക്കേണ്ടുന്നതിന്റെ കാരണം പലതാണ്. ഒന്ന് പഞ്ഞമാസം എന്നറിയപ്പെടുന്ന കർക്കടകത്തിൽ ആളുകളൊക്കെ ജോലിയില്ലാതെയിരിക്കുന്നുണ്ടെങ്കിൽ അവർക്കൊക്കെ കഞ്ഞികുടിക്കാനേ കഴിയൂ. പിന്നെ മഴക്കാലത്ത് അതുമിതും തിന്നു അസുഖങ്ങൾ വരുത്തിവയ്ക്കാതെ കഴിക്കാൻ പറ്റിയത് ചൂടുകഞ്ഞി തന്നെ. തണുത്തതും വറുത്തുപൊരിച്ചതും ഒക്കെ ഒഴിവാക്കാം. ദഹിക്കാനും എളുപ്പം കഞ്ഞിയാണ്.
ഔഷധക്കഞ്ഞി കുടിക്കുന്നതും കർക്കടകത്തിൽത്തന്നെ. അതിനിപ്പോ ഇഷ്ടം പോലെ കിറ്റുകൾ ഉണ്ട്. വാങ്ങിക്കൊണ്ടുവന്ന് വെച്ചു കഴിച്ചാൽ മതി. ഔഷധക്കഞ്ഞിയൊന്നും പരീക്ഷിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഒരു സാദാ കഞ്ഞി വെച്ചു.

പൊടിയരികൊണ്ടാണ് ഞാൻ കഞ്ഞിവെച്ചത്. കൂടെ കുറച്ചു ചെറുപയറും ഇട്ടു. ചെറുപയർ അരിയുടെ കൂടെ ഇടാനാണുദ്ദേശമെങ്കിൽ ഒരു മൂന്നാലുമണിക്കൂർ മുമ്പെ കുറച്ചു പയർ എടുത്ത് വെള്ളത്തിലിട്ടുവയ്ക്കണം. വളരെക്കുറച്ച് മതി. ഒരു കപ്പ് അരിയ്ക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ. അരി ആവശ്യമുള്ളത്ര എടുത്ത് നാലിരട്ടി വെള്ളമൊഴിച്ച് വേവിക്കണം. പയറും ഇടണം. ഉപ്പ് പിന്നെ ഇട്ടാൽ മതി. പയർ വെന്തില്ലെങ്കിലോ.



വേവിച്ചുകഴിഞ്ഞാൽ ഉപ്പിട്ടിളക്കി ചൂടോടെ കഴിക്കാം. ചെറിയ ഉള്ളിയും, അല്പം പുളിയും, കറിവേപ്പിലയും, ചുവന്ന മുളകും, ഉപ്പും, തേങ്ങയും കൂടെ അരച്ചെടുത്ത ചമ്മന്തിയും, ചുട്ട പപ്പടവും, പിന്നെ എന്തെങ്കിലും അച്ചാറും കൂടെ കഴിക്കാം. ചെറുപയർ, ഇട്ടിട്ടുള്ളതുകൊണ്ട് വേറൊരു തോരന്റെ ആവശ്യമൊന്നുമില്ല. ചിലർ നെയ്യൊഴിക്കും, ചിലർ തേങ്ങയും ഇടും കഞ്ഞിയിൽ.
ഉണ്ടാക്കാനും എളുപ്പം കഞ്ഞിതന്നെ. ഒരു നൂലാമാലയുമില്ല. ഉണക്കലരി കൊണ്ടും, നമ്മൾ സ്ഥിരം വയ്ക്കുന്ന അരികൊണ്ടും ഒക്കെ കഞ്ഞിവെച്ചു കുടിക്കാം. ഏതായാലും നല്ലതുതന്നെ.

Saturday, July 26, 2008

ദേ ഇങ്ങോട്ടു നോക്കിയേ

മലയാളം ഇംഗ്ലീഷ് ഹിന്ദി കന്നട
കൂവപ്പൊടി Arrowroot powder -- --
കായം Asafoetida ഹിംഗ് ഹിംഗു/ഇംഗു
തുളസി Basil തുൾസി തുൾസി
കടല Bengal Gram ചന കഡ്‌ലേ കാളു
അണ്ടിപ്പരിപ്പ് Cashewnut കാജൂ ഗോഡംബി
അയമോദകം Celery അജ്‌വയൻ അജ്‌വാസ്
വെള്ളക്കടല Chik peas (Chana ) കാബൂളി ചന കാബൂളി കഡ്‌ലേ(കട്‌ലേ)
മുളക് Chilly മിർച്ച് മെണസിന കായ്
കറുവപ്പട്ട Cinnamon ദാൽചീനി ദാൽചീനി
ഗ്രാമ്പൂ Clove ലോംഗ് (ലവംഗ്) ലവംഗ
തേങ്ങ Coconut നാരിയൽ തെങ്ങിൻ‌കായ്
മല്ലി Coriander ധനിയാ കൊത്തംബരി
ജീരകം Cumin ജീരാ ജീരിഗെ
കറിവേപ്പില Curryleaves കടി പത്തി കറിബേവു
കൊട്ടത്തേങ്ങ Dry copra കൊപ്രാ കൊബ്രെ
ചുക്ക് Dry ginger -- ഒണ ശുണ്ഠി/ശുണ്ടി/ശും‌ഠി
പെരുംജീരകം Fennel സോംഫ് കലൗംജി ബഡേസൊപ്പു
ഉലുവ Fenugreek മേത്തി മെന്തെ (മെംതെ)
വെളുത്തുള്ളി Garlic ലഹ്സുൻ (ലസുൻ) ബെള്ളുള്ളി
നെയ്യ് Ghee ഘീ തുപ്പ
ഇഞ്ചി Ginger അദ്രക് ശുണ്ടി
കടലപ്പരിപ്പ് Gram Dal ചന ദാൽ കഡ്‌ലേ ബേളെ
പച്ചപ്പട്ടാണി Greenpeas മട്ടർ പുട്ടാണി
നിലക്കടല Groundnut മൂംഗ്‌ഫലി ശേംഗാ
തേന്‍ Honey മധു/ ഷഹീദ് ജേനു തുപ്പ
ശര്‍ക്കര Jaggery ഗുഡ് ബെല്ല
വന്‍പയര്‍ Lobo -- അലസന്തി
പുതിന Mint പുദിനാ പുദിന
ചെറുപയര്‍ Moong Bean മൂംഗ് ഹെസറു കാളെ
ചെറുപരിപ്പ് Moong Dal മൂംഗ് ദാൽ ഹസറു ബേളെ
കടുക് Mustard സർസോം/ റായ് സാസ്‌വി
ജാതിക്ക Nutmeg ജാ ഫൽ ജാതിക്കായ്
കുരുമുളക് Pepper കാലിമിർച്ച് കരിമെണസ്
കശകശ Poppyseed ഖസ്‌ഖസ് കസ്‌കസ്
പഞ്ഞപ്പുല്ല് Ragi റാഗി റാഗി
അരി Rice ചാവൽ അക്കി
അവൽ Rice Flake പോഹ അവലക്കി
കുങ്കുമപ്പൂവ് Saffron കേസർ കേസരീ
ചൌവ്വരി Sago സാബൂദന സാബൂദാനെ
എള്ള് Sesame തിൽ എള്ളു
പഞ്ചസാര Sugar ചീനി സക്രി
പുളി Tamarind ഇമ്‌ലി ഹുണിസെ കായ്
തുവരപ്പരിപ്പ് Tuar Dal തുവർ ദാൽ തൊഗരേ ബേളെ
മഞ്ഞള്‍ Turmeric ഹൽദി അർസിന
ഉഴുന്ന് Udad Dal (Black gram) ഉഡിദ് ദാൽ ഉദ്ദിൻ ബേളെ
സേമിയ Vermicelli സേവയാം ശാവഗേ (ശേവ്ഗി)
ഗോതമ്പ് Wheat ഗേഹു ഗോധി
. . . .




ഇതിൽ ചിലതൊക്കെ എനിക്കു സംശയം ഉണ്ട്. തിരുത്തലുകളും മറ്റു ഭാഷകളും പിറകെ വരും, വരുമായിരിക്കും (എനിക്കു തോന്നണ്ടേ.). എല്ലാവരും അതുവരെ ക്ഷമിച്ചേക്കുമല്ലോ. ഫയർഫോക്സ് 3 യിൽ കൂടുതൽ വ്യക്തമായി കാണുംട്ടോ.

Thursday, July 24, 2008

ചെറുപരിപ്പ് പായസം



ചെറുപരിപ്പ് അഥവാ മൂംഗ്‌ദാൽ പായസം എളുപ്പത്തിൽ വയ്ക്കുന്നത് എങ്ങനെയെന്നാൽ ആദ്യം ചെറുപരിപ്പ്, ഒരു കപ്പ്, നന്നായി വറുക്കുക. അല്ലെങ്കിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് വെറുതെ കഴുകിയിടുക. തിളച്ചുപതച്ചുപോകും. അതുകൊണ്ട് തീ കുറച്ചേ വയ്ക്കാവൂ‍. അത് വെന്താൽ, മിക്കവാറും വെള്ളം വറ്റിയാൽ (അധികം വെള്ളം ഇല്ലാത്തതാണ് നല്ലത്) ശർക്കര അഞ്ചെട്ട് ആണി ഇടുക. അത് യോജിച്ചാൽ സ്വാദ് നോക്കുക. മധുരം പോരെങ്കിൽ വീണ്ടും ശർക്കര ഇടുക. അതുകഴിഞ്ഞ് അരമുറിത്തേങ്ങ ചിരവിയിടുക. ഒന്ന് യോജിച്ചാൽ അടുപ്പിൽ നിന്നു വാങ്ങുക. ഏലയ്ക്ക പൊടിച്ചിടുന്നതും നല്ലതാണ്. ഇല്ലെങ്കിലും സാരമില്ല. നെയ്യും ഒഴിക്കാം ഒന്നോ രണ്ടോ ടീസ്പൂൺ. പായസം തയ്യാറായി. തയ്യാറായിക്കഴിഞ്ഞാൽ, വെള്ളം കുറച്ചുണ്ടെങ്കിലും കുഴപ്പമില്ല. വെള്ളം തീരെ ഇല്ലെങ്കിലും കുഴപ്പമില്ല.

തേങ്ങ പിഴിഞ്ഞ്, പാലെടുത്തൊക്കെ പായസമുണ്ടാക്കുന്നതിനിടയിൽ വല്ലപ്പോഴുമൊക്കെ ഇങ്ങനേയും പരീക്ഷിക്കാവുന്നതാണ്.

Monday, July 21, 2008

കൂട്ടുകാർ



കറുവപ്പട്ട എന്ന് മലയാളത്തിലും, ദാൽചീനി എന്ന് ഹിന്ദിയിലും കന്നടത്തിലും Cinnamon എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. കറുവ എന്ന മരത്തിന്റെ തോലാണ് കടകളിൽ കിട്ടുന്ന കറുവപ്പട്ട. പ്രധാനമായും മസാലക്കൂട്ടുകളിൽ ഉപയോഗിക്കുന്നു.



ഗ്രാമ്പൂ എന്ന് മലയാളത്തിലും, Clove എന്ന് ഇംഗ്ലീഷിലും, ലോംഗ് (ലവംഗ്) എന്ന് ഹിന്ദിയിലും, ലവംഗ എന്ന് കന്നടത്തിലും അറിയപ്പെടുന്നു.
clou, എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണത്രേ ക്ലോവ് എന്ന പേരു കിട്ടിയത്. ഇന്തോനേഷ്യയിലാണ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. (വിവരത്തിനു കടപ്പാട് :- ഇംഗ്ലീഷ് വിക്കിപീഡിയ)
മിക്കവാറും എല്ലായിടത്തും ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. ബിരിയാണിയിലും, ഗരം മസാലകളിലും, മറ്റു മസാലപ്പൊടികളിലും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. ഗ്രാമ്പൂ പൊടിച്ചും, പൊടിക്കാതെയും ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ഗ്രാമ്പൂ മരുന്നിലും എണ്ണയിലും ഉപയോഗിക്കുന്നുണ്ട്. പല്ലുവേദന കളയാനും ആൾക്കാർ ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്.


മുളക്/ വറ്റൽ മുളക് എന്ന് മലയാളത്തിലും, Chilli എന്ന് ഇംഗ്ലീഷിലും മിർച് എന്ന് ഹിന്ദിയിലും, മെണസിൻ കായ് എന്ന് കന്നടയിലും അറിയപ്പെടുന്നു. മുളക് പല നിറത്തിലും ഉണ്ട്. നീണ്ട് ഉണങ്ങിയ ചുവന്ന മുളകാണ് മസാലപ്പൊടികളിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

ഏലക്കായ, ഏലയ്ക്ക, ഇന്ത്യയിൽ, അതിൽത്തന്നെ കേരളത്തിൽ കൂടുതലായിട്ട് ഉത്പാദിപ്പിക്കുന്നു. കറികൾക്ക് സ്വാദുകൂട്ടാനും, മസാലക്കൂട്ടുകളിലും ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്. ഹിന്ദിയിൽ ഇലായ്ചി എന്നും കന്നടയിൽ ഏലക്കി എന്നും ഇംഗ്ലീഷിൽ Cardamom എന്നും അറിയപ്പെടുന്നു. ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായയ്ക്ക് സുഗന്ധം നൽകുന്നു. ഏലയ്ക്കയുടെ തൊലി ജീരകവെള്ളത്തിൽ ഇടാം. പായസത്തിലും, മറ്റു മധുരപദാർത്ഥങ്ങളിലും ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്.

മിക്കവാറും പലതരം മസാലകളിലും മുകളിലുള്ളതൊക്കെ ഒരു കൂട്ടാവുന്നു.

Tuesday, July 15, 2008

കായ ബജ്ജി

കായ ബജ്ജി നിർമ്മിക്കാൻ ആവശ്യമുള്ളത്, മണ്ണങ്കായ, വണ്ണങ്കായ, വെറും കായ ഇനത്തില്‍പ്പെട്ട നല്ല പച്ചക്കായ ആണ്. അത് കഴുകി, തലയും വാലും മുറിച്ച്, തോലൊന്നും കളയാതെ ചിത്രത്തിലെപ്പോലെ ചെരിച്ച് ചെരിച്ച് മുറിച്ചെടുക്കുക. വണ്ണം കുറച്ച്. തോലു കുറച്ച് ചീന്തിക്കളഞ്ഞാലും കുഴപ്പമില്ല. ആവശ്യമില്ല.

അരിപ്പൊടിയും കടലപ്പൊടിയും എടുക്കുക. ഒരു കപ്പ് കടലപ്പൊടിക്ക് അരക്കപ്പ് അരിപ്പൊടി. എന്നുവെച്ച് ഒരു കായ കൊണ്ട് ബജ്ജിയുണ്ടാക്കാൻ അത്രയൊന്നും വേണ്ട. അതു വെറും അനുപാതം. ഏകദേശം 3- 4 ടേബിൾസ്പൂൺ കടലപ്പൊടി മതിയാവും. അരി ഒന്ന്, അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂണും. പൊടി പോരെങ്കിൽ പിന്നേം എടുത്താൽ മതി. അതിൽ ഉപ്പ്, കായം, മുളകുപൊടി ഇടുക. വെള്ളമൊഴിച്ച് യോജിപ്പിക്കുക. കുറേ വെള്ളമൊഴിക്കരുത്. കുറച്ച് കട്ടിയിൽ മതി.
എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി, മുറിച്ച കായക്കഷണം ഓരോന്നായി എടുത്ത് കടലപ്പൊടി - അരിപ്പൊടിക്കൂട്ടിൽ ഇട്ടു മുക്കി വെളിച്ചെണ്ണയിലേക്ക് ഇട്ട് പാകം വരുത്തി കോരിയെടുക്കുക.

അരിപ്പൊടി കൂട്ടാതേയും നോക്കാം. അനുപാതം മാറ്റിയും നോക്കാം.

Tuesday, July 08, 2008

ചക്ക വരട്ടൂ

ചക്ക വരട്ടിയെടുക്കാന്‍ വളരെ എളുപ്പമാണ് എന്നു പറയാം. വേറെ ആരെങ്കിലും ആണ് ഉണ്ടാക്കിത്തരുന്നതെങ്കില്‍. ഇനി സ്വയം ഉണ്ടാക്കണമെങ്കിലോ. നിങ്ങള്‍ക്കൊക്കെ സാധിക്കും. വേണമെങ്കില്‍ച്ചക്ക (അങ്ങന്യൊരു ചക്കേണ്ടോ? ;) വേരിലും കായ്ക്കും എന്നല്ലേ.
ആദ്യം തന്നെ വേണ്ടത് ക്ഷമയാണ്. അതില്ലെങ്കില്‍ ചക്ക വരട്ടാന്‍ നില്‍ക്കരുത്. അതിന്റെ കൂടെ വേണ്ടത് സമയമാണ്.
പിന്നെ വേണ്ടത് ദാ...ഇതുപോലൊരു ചക്കയാണ്.

ചക്ക കടയില്‍ നിന്ന് വാങ്ങുകയോ, വീട്ടില്‍ നിന്ന് പറിച്ചെടുക്കുകയോ, അയല്‍‌പക്കത്തുനിന്ന് തരുന്നത് സന്തോഷത്തോടെ വാങ്ങുകയോ ഒക്കെ ചെയ്യാം. ഒറ്റ കാര്യം ശരിയായിരിക്കണം. നന്നായി പഴുത്തിരിക്കണം. വളരെ നന്നായി പഴുത്തിരുന്നാല്‍ നല്ലത്.

അത് മുറിയ്ക്കുക. അല്ലെങ്കില്‍ ഇങ്ങനെ വിടര്‍ത്തുക.
ഓരോ ചുളയായി വൃത്തിയായി, അതിന്റെ ചകിണിയും, കുരുവും ഒക്കെക്കളഞ്ഞ് എടുക്കുക.
ഒക്കെ വൃത്തിയായി എടുത്തശേഷം, മിക്സിയില്‍ ഇട്ട് നന്നായി അരയ്ക്കുക. മിക്സിയില്‍ ഇടുമ്പോള്‍, കുരുവും, ചകിണിയും ഒന്നുമില്ലെന്ന് ഉറപ്പോടുറപ്പ് വരുത്തണം. കുറച്ച് കുറച്ചേ ഇടാനും പാടുള്ളൂ.
അരച്ചുകഴിഞ്ഞാല്‍, ഉരുളി അടുപ്പത്തോ സ്റ്റൌവിലോ ഒക്കെ വയ്ക്കുക. തീ കത്തിയ്ക്കുക. അല്ലെങ്കില്‍ നല്ല അടിഭാഗം കട്ടിയുള്ള പാത്രം വയ്ക്കുക. അതില്‍ നെയ്യൊഴിക്കുക. കുറച്ച്. ഒന്ന് രണ്ട് ടേബിള്‍സ്പൂണ്‍ ഒഴിക്കാം. കൂടുതല്‍ ഒഴിച്ചാലും ഒന്നുമില്ല. ആ നെയ്യിലേക്ക് അരച്ചെടുത്തത് ഒഴിക്കുക.
അത് വേവാനുള്ള വെള്ളവും ഒഴിക്കുക.
പിന്നെ ശര്‍ക്കര അഥവാ വെല്ലം ഇതിലേക്ക് ഇടുക. ഇത്രേം വലിയ ചക്കയ്ക്ക് ഒന്നര - രണ്ട് കിലോ ഇടാം. കൂടുതല്‍ ആയാലും കുഴപ്പമില്ല. പായസമോ അടയോ ഉണ്ടാക്കുമ്പോള്‍ എന്തായാലും അതിന്റെ കൂടെ വേറെ ശര്‍ക്കര ചേര്‍ക്കാമല്ലോ. ഇനി വെറും ചക്കപ്പേസ്റ്റ് തിന്നാന്‍ ആണെങ്കില്‍ നന്നായി ചേര്‍ക്കാം.

ഇനിയാണ് ജോലി. ഇളക്കിക്കൊണ്ടിരിക്കണം. താഴെപ്പോവാതെ. കുറേക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മടുത്താല്‍ തീയൊക്കെ അണച്ച് പാത്രം ഇറക്കിവയ്ക്കാം. ഇളക്കാതിരുന്നാല്‍ കരിഞ്ഞുപോവും. ഇനിയിന്നു വയ്യ എന്നു തോന്നിയാല്‍ നാളേയ്ക്ക് വയ്ക്കാം. സൌകര്യം പോലെ അടുപ്പത്ത് വച്ച് ഇളക്കിക്കൊണ്ടിരിക്കുക.

തിള വന്ന് കൈയിലൊക്കെ തെറിക്കും. അതുകൊണ്ട് സൂക്ഷിക്കുക. തീ കുറയ്ക്കുക.
കട്ടിയാവും. പിന്നേം കട്ടിയാവും.
ഒടുവില്‍, ഇളക്കുന്ന ചട്ടുകത്തിലോ സ്പൂണിലോ എടുത്തു മുകളില്‍ പിടിച്ചാല്‍ താഴെ വീഴാത്തിടം വരെയാണ് ഇതിന്റെ പാചകം. അതാണ് പാകം. (തലയ്ക്കു മുകളില്‍ പിടിച്ച് പാകം നോക്കരുത്. ;))
അവസാനം ഇങ്ങനെയാവും.
നല്ലപോലെ തണുത്തിട്ട്, കുപ്പികളില്‍ അടച്ച് വയ്ക്കുക.
പിന്നീട് വേണ്ടപ്പോള്‍ വേണ്ടപ്പോള്‍ എടുത്ത് തിന്നുകയോ വിഭവങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക. ആദ്യം, ചുള വേവിച്ച് തണുത്ത ശേഷം അരച്ചാലും മതി.
(നന്നായി പാകമായില്ലെങ്കില്‍ പൂപ്പല്‍ വരും എന്ന് ഓര്‍മ്മിക്കുക).
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]