Wednesday, November 29, 2006

അവില്‍ മധുരം.

അവില്‍ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. പലതരത്തിലും മധുര അവിലും ഉണ്ടാക്കാം. ഇതില്‍ ശര്‍ക്കര പാവ് കാച്ചി ഉണ്ടാക്കുന്നതാണ്.

നാടന്‍ അവില്‍ - 2 കപ്പ്

ശര്‍ക്കര പൊടിച്ചത് - 1 കപ്പ്

തേങ്ങ - വലിയ ഒരു മുറിത്തേങ്ങ ചിരവിയത്.

ഏലയ്ക്ക- 4-5 എണ്ണം തൊലി കളഞ്ഞ് പൊടിച്ചത്.

ജീരകം പൊടിച്ചത് കുറച്ച്.

ശര്‍ക്കര ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളത്തിലിട്ട് പാവ് കാച്ചുക. കുറുകുമ്പോള്‍ തേങ്ങ, ഏലയ്ക്ക, ജീരകപ്പൊടികള്‍ ചേര്‍ക്കുക. നന്നായി‍ യോജിപ്പിച്ചതിന് ശേഷം, അവിലും ഇട്ട് യോജിപ്പിച്ച് വേഗം വാങ്ങുക. വാങ്ങിയശേഷം അവില്‍ ഇട്ടാലും കുഴപ്പമില്ല. അടുപ്പത്ത് ഉള്ളപ്പോള്‍ ഇട്ടാല്‍ ചിലപ്പോള്‍, നല്ല കട്ടി ആവും.
മധുരം, നിങ്ങളുടെ പാകമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.

Monday, November 27, 2006

ഇഡ്ഡലി

ഇഡ്ഡലി, വലിയവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും ഒക്കെ കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. ചേട്ടന്‍ ഒരു ഇഡ്ഡലിപ്രിയന്‍ ആണ്. എന്ന് വെച്ച് ഇവിടെ ദിവസവും അതാണെന്ന് ആരും ധരിക്കരുത്. ആഴ്ചയില്‍ ഒരു രണ്ടോ മൂന്നോ നാലോ ദിവസം മിക്കവാറും. ഹി ഹി .


ഇഡ്ഡലി - ഒരു തരം.

പുഴുങ്ങലരി - 3 കപ്പ്, ഗ്ലാസ്, കിലോ ഏതെങ്കിലും.

ഉഴുന്ന് - 1 കപ്പ്, ഗ്ലാസ്സ്, കിലോ ഏതെങ്കിലും.

3 : 1 ആയിരിക്കണം.

ഉപ്പ്.

വേറെ വേറെ പാത്രത്തില്‍ ആറു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെയ്ക്കുക.

അഞ്ച് മണിക്കൂര്‍ ആയാലും കുഴപ്പമില്ല.

നല്ല തണുത്ത വെള്ളം ആയാല്‍ നല്ലത്.

രണ്ടും കൂടെ ഒരുമിച്ച് ഇടരുത്.

ആദ്യം ഉഴുന്ന്, നല്ല വെണ്ണ പോലെ അരയ്ക്കുക. വെണ്ണപോലെ എന്നുദ്ദേശിച്ചത് മിനുസം മാത്രമല്ല. വെള്ളത്തിന്റെ അളവിന്റെ കാര്യത്തിലും, വെണ്ണ ഇരിക്കുന്നതുപോലെ മാവ് ഇരുന്നാല്‍ നല്ലത്.

പിന്നെ അരി അരയ്ക്കുക. അതിലും ഒട്ടും വെള്ളം ഉണ്ടാവരുത്.

മിക്സി പ്രവര്‍ത്തിക്കാന്‍ മാത്രം വെള്ളം.

അതിന്റ്റെ അരവ് എന്ന് പറഞ്ഞാല്‍ ബ്രഡ് കൈകൊണ്ട് പൊടിച്ചിട്ടാല്‍, അല്ലെങ്കില്‍ ബിസ്കറ്റ് പൊടിച്ചിട്ടാല്‍ ഒരു മുരുമുരുപ്പ് സ്റ്റൈല്‍ ഇല്ലേ? അതുപോലെ മതി.

അരച്ച ശേഷം ആവശ്യത്തിന് ഉപ്പും ഇട്ട് രണ്ടും നന്നായി യോജിപ്പിച്ച് വയ്ക്കുക.

പാകം എന്നുപറഞ്ഞാല്‍, അതില്‍ നിന്ന് കുറച്ച് ഒരു സ്പൂണ്‍ എടുത്ത് നിലത്തോ പ്ലേറ്റിലോ, മേശപ്പുറത്തോ ഒഴിച്ചുനോക്കിയാല്‍ ഒഴിച്ചിടത്ത് ഇരിക്കണം. നല്ല അനുസരണ ഉള്ള പോലെ. ഒഴുകിനടക്കരുത്.

പുളിക്കാന്‍ വെച്ച ശേഷം, ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച് തയ്യാറാക്കുക. ഒഴിക്കുന്നതിനു മുമ്പ്, കുറച്ച്, വളരെക്കുറച്ച് വെള്ളം, (വേണമെങ്കില്‍ മാത്രം) ചേര്‍ക്കാം.

കുഴപ്പം എന്താണെന്ന് വെച്ചാല്‍, ഉപ്പ് നോക്കണമെങ്കില്‍ ഇഡ്ഡലി കുറച്ചെണ്ണം ആവും. സാരമില്ല. അടുത്ത തവണ ഉപ്പ് ഒന്നുകൂടെ നോക്കി ഇടുക. ഇവിടെ വൈകുന്നേരം അരച്ച് വെച്ചാല്‍ പിറ്റേ ദിവസം രാവിലെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്.


ഇഡ്ഡലി രണ്ട് തരം.

പുഴുങ്ങലരി - 1 കപ്പ്

പച്ചരി - 1 കപ്പ്

ഉഴുന്ന് - 1 കപ്പ്

ഉപ്പ്.

പുഴുങ്ങലരിയും പച്ചരിയും ഒരുമിച്ച് വെള്ളത്തിലിടാം. ഉഴുന്ന് വേറെയും. മുകളില്‍ പറഞ്ഞപോലെ അരയ്ക്കുക. തയ്യാറാക്കുക.

Saturday, November 25, 2006

കുറുക്ക് കാളന്‍

ചേന കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ഏറെ. എന്നാലും കാളനില്‍ ചേന സ്വാദ് തന്നെ.

ചേന - 500 ഗ്രാം.

മോര് - നല്ല പുളിയുള്ളത് - രണ്ട് ലിറ്റര്‍.

തേങ്ങ - ഒരു വലിയ മുറി തേങ്ങ.

പച്ചമുളക് - 5- 8 എണ്ണം. നല്ല എരിവ് വേണമെങ്കില്‍ പച്ചമുളകിന്റെ എണ്ണം കൂട്ടേണ്ടി വരും. എരിവനുസരിച്ച്.

ജീരകം- 1 ടീസ്പൂണ്‍. കുറച്ചുകൂടെ ആയാലും കുഴപ്പമില്ല.

മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന്.

ചേന കഷണങ്ങളാക്കി ഉപ്പും മഞ്ഞളുമിട്ട് നന്നായി വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതില്‍ വെള്ളം ഉണ്ടാവരുത്.

തേങ്ങ, പച്ചമുളകും, ജീരകവും ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക.

ചേന, മോരൊഴിച്ച് അടുപ്പത്ത് വെച്ച് നല്ലപോലെ വറ്റിക്കുക.

തേങ്ങ അരച്ചതും ചേര്‍ക്കുക.

തിളച്ച് വാങ്ങിയാല്‍ കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും മൊരിച്ചിടുക.

ഇത് തയ്യാറായാല്‍, അധികം വെള്ളം ഉണ്ടാവില്ല. കുറച്ച് ദിവസം കേടാകാതെ ഇരിക്കും.

പുളിയിഷ്ടമുള്ളവര്‍ക്ക് പറ്റും.

മോരിന്റെ പുളി അനുസരിച്ചും, അത് വറ്റുന്നതിന് അനുസരിച്ചും സ്വാദ് കൂടും.

ഉലുവ കുറച്ച് വേണമെങ്കില്‍ മൊരിച്ചിടാം.

ചേന വേവിക്കുമ്പോള്‍ കൂടെ കുരുമുളക്പൊടി ഇടാം. പച്ചമുളകിന്റെ അളവ് കുറയ്ക്കുക. കുരുമുളക് ഇഷ്ടമില്ലാത്തവര്‍ ചേര്‍ക്കരുത്.

Thursday, November 23, 2006

ചെറുനാരങ്ങ മധുരഅച്ചാര്‍ അഥവാ ചെറുനാരങ്ങ മധുരക്കറി.

ചെറുനാരങ്ങ, സൌന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. ചെറുനാരങ്ങ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. ചെറുനാരങ്ങ മധുരമുള്ള അച്ചാര്‍ വളരെപ്പെട്ടെന്ന് തയ്യാറാക്കാന്‍‍ പറ്റില്ല. എന്നാലും തയ്യാറായാല്‍, ഇഷ്ടമായാല്‍, വളരെപ്പെട്ടെന്ന് തീരും.

ചെറുനാരങ്ങ - 25 എണ്ണം.

പഞ്ചസാര- ഒരു കിലോ.

മഞ്ഞള്‍പ്പൊടി - 3 ടീസ്പൂണ്‍.

ഉലുവ - 1 ടീസ്പൂണ്‍.

കായം ഒരു ചെറിയ കഷണം
അല്ലെങ്കില്‍ കുറച്ച് പൊടി.

മുളക്പൊടി - 10 ടീസ്പൂണ്‍.

ഉപ്പ് - ആവശ്യത്തിന്.

ചെറുനാരങ്ങ വൃത്തിയില്‍ കഴുകിത്തുടച്ച്, നാലും ആറും എട്ടും ഒക്കെ കഷണങ്ങളാക്കി മുറിച്ച് ഉപ്പും, മഞ്ഞളും ഇട്ട്, നന്നായി യോജിപ്പിച്ച് ഒരു എട്ട് ദിവസമെങ്കിലും വെയ്ക്കുക. (ഞാന്‍ പന്ത്രണ്ട് ദിവസം വെച്ചു- വെയ്ക്കേണ്ടി വന്നു)

ഉലുവ, കുറച്ച് എണ്ണ ചൂടാക്കി വറുക്കുക. കരിയരുത്. തണുത്താല്‍ പൊടിക്കുക. എണ്ണ നിന്നോട്ടെ.

കായം, കഷണമാണെങ്കില്‍ ഉലുവയുടെ കൂടെ പൊടിക്കുക.

കുറച്ച് വലിയൊരു പാത്രത്തില്‍, പഞ്ചസാരയില്‍ കുറച്ച്, ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.

പഞ്ചസാര അലിഞ്ഞാല്‍, ഉലുവ, കായം , മുളക് പൊടികള്‍ ചേര്‍ക്കുക.

തീ വളരെക്കുറച്ച് വെയ്ക്കണം.

ഒന്ന് യോജിപ്പിച്ച ശേഷം നാരങ്ങ ഇടുക.

ഉപ്പ് വേണമെങ്കില്‍ കുറച്ചുകൂടെ ഇടാം.

ഒന്നുകൂടെ യോജിപ്പിക്കുക.

എന്നിട്ട് വളരെക്കുറച്ച് തീയില്‍, പഞ്ചസാര കട്ടിപ്പാനി ആയി, അച്ചാര്‍ കട്ടിയാവുന്നത് വരെ വയ്ക്കുക.

(ഞാന്‍ ഒരു മണിക്കൂറില്‍ അധികം വെച്ചു.)

കട്ടി ആയാല്‍ വാങ്ങി വെയ്ക്കുക.

തണുത്താല്‍ തീരെ നനവില്ലാത്ത, വൃത്തിയുള്ള പാത്രത്തില്‍ ഒഴിച്ചുവെയ്ക്കുക.

പ്ലാസ്റ്റിക് ജാറില്‍ ആയാലും മതി.

കയ്പ്പില്ലാത്ത നാരങ്ങ ആണെങ്കില്‍ അടിപൊളി ആവും.

ഇന്നലെ ഉണ്ടാക്കി, ഇന്ന് ഒരാള്‍ക്ക് കുറച്ച് കൊടുത്തയച്ചിട്ടുണ്ട്.

രണ്ടു ദിവസം കഴിഞ്ഞാല്‍ വിവരം അറിയും ;)

Tuesday, November 21, 2006

ദോശ

ദോശ പലതരത്തില്‍ ഉണ്ട്. പക്ഷെ ഈ ദോശയാണ് സാദാ ദോശ. പക്ഷെ രാജാവ്. ഇതിന്റെ സ്വാദും മണവും ഓര്‍മ്മയില്‍ നിന്ന് പോകില്ല. ഈ ദോശ, ചട്ണി, സാമ്പാര്‍, മുതലായവയുടെ കൂടെയും, വെറുതേ, ശര്‍ക്കരയുടേയും, പഞ്ചസാരയുടെയും, അച്ചാറിന്റെ കൂടെയും കഴിക്കാം.

പച്ചരി - 3 കപ്പ്

പുഴുങ്ങലരി - 2 കപ്പ്.

ഉഴുന്ന് - 3/4 അല്ലെങ്കില്‍ 1/2 കപ്പ്

ഉലുവ - 2 ടീസ്പൂണ്‍.

ഉപ്പ്

ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക.

നല്ല മിനുസമായി അരച്ചെടുക്കുക. വെണ്ണപോലെ. ഒട്ടും വെള്ളം അധികമാവരുത്.

ഉപ്പ് അരയ്ക്കുമ്പോള്‍ത്തന്നെ ചേര്‍ക്കുക. പിന്നെ ഉണ്ടാക്കുമ്പോള്‍ ഒന്നുകൂടെ പാകം നോക്കിയാല്‍ മതി.

പുഴുങ്ങലരി വേണമെങ്കില്‍ വേറെ ആയിട്ട് വെള്ളത്തില്‍ ഇട്ട് വേറേത്തന്നെ അരച്ചെടുക്കാം.

എന്തായാലും നല്ല മിനുസമായി അരയണം. ഉണ്ടാക്കി വായിലിട്ട് അരച്ചാല്‍പ്പോരാ.

പിന്നേയും 6-7 മണിക്കൂര്‍ വെച്ച് ദോശക്കല്ലില്‍ ഉണ്ടാക്കിയെടുക്കുക.

വട്ടത്തിലാണ് പതിവ്. നിങ്ങള്‍ക്ക് അത് തെറ്റിക്കണമെങ്കില്‍ ചതുരത്തിലും ഉണ്ടാക്കാം.

വെള്ളം അധികമായാല്‍ ആപത്ത്. ടൂത്ത് പേസ്റ്റുപോലെയേ ഇരിക്കാവൂ. അരഞ്ഞു കഴിഞ്ഞാല്‍. പിന്നെ ഉണ്ടാക്കിയെടുക്കാന്‍ നേരം കുറച്ചുകൂടെ വെള്ളം ഒഴിക്കാം. പുളി ഇഷ്ടമില്ലാത്തവര്‍ക്ക് വേഗം തന്നെ ഉണ്ടാക്കിയെടുക്കാം.

അളവ് കുറച്ച് മാറിയാലും സാരമില്ല. ഒക്കെ ഉണ്ടാവണം.

Monday, November 20, 2006

പപ്പായത്തോരന്‍

പപ്പായ ആരോഗ്യത്തിന് നല്ലൊരു വസ്തുവാണ്. സൌന്ദര്യത്തിനും. പപ്പായ, പഴുത്തതും പച്ചയും ഒക്കെ ഉപയോഗിക്കാം. പപ്പായയില്‍ നാരുകള്‍ ഉണ്ട്. പിന്നെ പഴുത്ത പപ്പായയില്‍ വിറ്റാമിന്‍ എ, ബി, സി, എന്നിവ ഉണ്ട്.

പച്ച പപ്പായ ചെറിയ കഷണങ്ങളാക്കി മുറിക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ( പാചകയെണ്ണ) ഒഴിച്ച് ചൂടാവുമ്പോള്‍ കുറച്ച് ഉഴുന്നുപരിപ്പ് (ഒരു ചെറിയ പപ്പായയ്ക്ക് 1-2 ടീസ്പൂണ്‍ മതി) ഇടുക.

മൊരിഞ്ഞ് തുടങ്ങുമ്പോള്‍ കടുകും, വറ്റല്‍മുളക് പൊട്ടിച്ചതും ഇടുക. കറിവേപ്പിലയും.

മൊരിഞ്ഞാല്‍ പപ്പായക്കഷണങ്ങള്‍ ഇടുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും ഇടുക.

നന്നായി ഇളക്കിയോജിപ്പിച്ചതിനുശേഷം, കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക.

ഇടയ്ക്ക് വെന്തോ എന്ന് നോക്കുക. വെന്തെങ്കില്‍ അടപ്പ് മാറ്റി വെള്ളം തീരെയില്ലാതെയാക്കുക.

വാങ്ങിവെച്ചതിനുശേഷം ചിരവിയ തേങ്ങ ഇടുക. യോജിപ്പിക്കുക.

വെള്ളം അത്യാവശ്യത്തിനേ ചേര്‍ക്കാവൂ. അധികമായാല്‍ അധികം വെന്തുപോകും. സ്വാദും പോകും.

Saturday, November 18, 2006

പച്ചമാങ്ങ പഞ്ചതന്ത്രം.

മാങ്ങാക്കാലം വരുന്നു. മാങ്ങ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും.
പച്ചമാങ്ങ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അഞ്ച് വിഭവങ്ങള്‍ ആണ് ഈ തന്ത്രത്തില്‍.






















1)മാങ്ങ അച്ചാര്‍- എളുപ്പത്തില്‍

പച്ചമാങ്ങ - 2

മുളകുപൊടി - 1 ടീസ്പൂണ്‍.

കായം, ഉപ്പ് പാകത്തിന്.

പച്ചമാങ്ങ തൊലി കളയാതെ ചെറിയ ചെറിയ (വളരെച്ചെറുത്) കഷണങ്ങളാക്കുക. ഉപ്പിട്ട് യോജിപ്പിച്ച്
അരമണിക്കൂര്‍ വെക്കുക. അതിനുശേഷം, കായവും, മുളകുപൊടിയും ഇട്ട് യോജിപ്പിക്കുക.
ഉപ്പിട്ട് വെച്ചാല്‍ വെള്ളം ഉണ്ടാവും അതില്‍. ചോറിനൊരു അച്ചാര്‍ ആയി എളുപ്പത്തില്‍.






















2) മാങ്ങാപ്പെരക്ക്

പച്ചമാങ്ങ - 1

മുളകുപൊടി - 1 ടീസ്പൂണ്‍.

പച്ചമുളക് - 2

മോര് - 1/4 കപ്പ്

തേങ്ങ - 1/4 കപ്പ്

കടുക് - 1/4 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്.

മാങ്ങ തൊലി കളഞ്ഞ് കുനുകുനെ അരിയുക. വളരെച്ചെറുതാവണം. മുളകുപൊടി ചേര്‍ക്കുക. ഉപ്പും.
പച്ചമുളകും ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.(നിര്‍ബന്ധമില്ല)

തേങ്ങ അരച്ച്, കടുക് ചേര്‍ത്ത് ഒന്നുകൂടെ അരച്ച്, മാങ്ങയില്‍ യോജിപ്പിക്കുക.
മോര് ചേര്‍ക്കുക.

(അരയ്ക്കുമ്പോള്‍ വെള്ളത്തിനുപകരം
മോരും‌വെള്ളം ഒഴിക്കുക). തയ്യാര്‍.


3) മാങ്ങ അച്ചാര്‍.

പച്ചമാങ്ങ.

മുളകുപൊടി

കായം.

ഉപ്പ്.

പാചകയെണ്ണ.

കടുക്

ഉഴുന്നുപരിപ്പ്

മാങ്ങ തോലോടുകൂടെ ചെറിയ കഷണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍
കടുകും, ഉഴുന്നുപരിപ്പും ഇട്ട് മൊരിയ്ക്കുക. മുളകുപൊടി, ഇടുക. പെട്ടെന്ന് തന്നെ മാങ്ങ അരിഞ്ഞതും
ഇടുക. (മാങ്ങ അരിഞ്ഞത് എന്നു പറഞ്ഞാല്‍, കത്തിയല്ല, മുറിച്ച മാങ്ങ.;))
കായം, ഉപ്പ് എന്നിവയും ചേര്‍ക്കുക. നന്നായി, ഇളക്കുക.
മൂന്ന്- നാല് മിനുട്ടോളം.

വാങ്ങിവെക്കുക.

തണുത്താല്‍ ഉപയോഗിക്കാം. വല്യ തിരക്കുണ്ടെങ്കില്‍ അതിനുമുമ്പും
ഉപയോഗിക്കാം.

4) മാങ്ങ- വെള്ളരിക്കറി.

മാങ്ങ- 2 തൊലി കളഞ്ഞ് മുറിച്ചെടുത്തത്. അധികം ചെറുതാവരുത്.

ഒരു പകുതി വെള്ളരിക്ക. കഷണങ്ങളാക്കുക.

മുളകുപൊടി - 1 ടീസ്പൂണ്‍.

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍

തേങ്ങ - ഒരു കപ്പ്.

ജീരകം - 1ടീസ്പൂണ്‍.

തേങ്ങ ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക.
വെള്ളരിക്ക ഉപ്പും, മഞ്ഞളും മുളകുപൊടിയും ഇട്ട് വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ മാങ്ങ ചേര്‍ക്കുക. മാങ്ങ വെന്താല്‍, തേങ്ങ അരച്ചത്
ചേര്‍ക്കുക. മാങ്ങയ്ക്ക് പുളിയില്ലെങ്കില്‍ മോരും ചേര്‍ക്കാം.
തിളച്ച് വാങ്ങിക്കഴിഞ്ഞാല്‍, കടുക്, വറ്റല്‍മുളക്, കറിവേപ്പില,
മൊരിച്ചിടുക.
5) മാങ്ങാ ചട്‌ണി.

വലിയ പച്ചമാങ്ങ - 1 ചെറിയ കഷണങ്ങള്‍ ആക്കിയത്‌.

ചിരവിയ തേങ്ങ - 1 കപ്പ്‌.

കറിവേപ്പില - 10 ഇലയെങ്കിലും

ഉപ്പ്‌ - ആവശ്യത്തിന്

ചുവന്ന മുളക്‌ ( വറ്റല്‍ മുളക്‌) - 4

ആദ്യം തേങ്ങയും, മുളകും, കറിവേപ്പിലയും, ഉപ്പും മിക്സിയില്‍ ഇട്ട്‌ ചതച്ചെടുക്കുക. അതിന്റെ കൂടെ
മാങ്ങ ഇട്ട്‌ അരയ്ക്കുക.വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല.

ഉപ്പും മഞ്ഞളും മുളകുപൊടിയുമൊക്കെ പാചകംചെയ്യുന്ന ആളുടെ, അല്ലെങ്കില്‍
കഴിക്കുന്ന ആളുടെ സൌകര്യത്തിനാണ്. ഒരിക്കലും വേറെ ആളുടെ അളവാകില്ല ഇതിനൊന്നും.
അതുകൊണ്ട്, അതൊക്കെ ആവശ്യമനുസരിച്ച് കൂട്ടുകയോ
കുറയ്ക്കുകയോ ചെയ്യുക.

Tuesday, November 14, 2006

പഴം‌പൊരി

പഴം പൊരി എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നാണ്. വീട്ടില്‍ ഉണ്ടാക്കുന്നത് കൂടാതെ യാത്രകളിലും പഴം‌പൊരി എവിടെ കിട്ടും എന്ന് അന്വേഷിച്ച് നടക്കും ഞാന്‍. ട്രെയിനില്‍ കിട്ടുന്നതും വാങ്ങും.

നേന്ത്രപ്പഴം - 4

മൈദ- 1 കപ്പ്

ഉപ്പ്- ഒരു നുള്ള്

പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍.

വെളിച്ചെണ്ണ - വറുത്തെടുക്കാന്‍

പഴം, തൊലി കളഞ്ഞ്, നീളത്തില്‍, കനം കുറച്ച് മുറിക്കുക. നടുവെ മുറിച്ചിട്ട് ആയാലും കുഴപ്പമില്ല.

മൈദയില്‍ ഉപ്പും, പഞ്ചസാരയുമിട്ട്, വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. അധികം അയവില്‍ ആകരുത്. പഴക്കഷണങ്ങള്‍ മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്ത് കോരുക. എല്ലാം കൂടെ ഒരുമിച്ച് ഇടരുത്.

Saturday, November 11, 2006

തക്കാളിക്കറി

ഇതൊരു തട്ടിപ്പ് കറിയാണ്. ഇതിന്റെ ഉത്ഭവം തേടി നടന്നാല്‍ ചിലപ്പോള്‍ എന്റെ വീട്ടില്‍ എത്തും. അല്ലെങ്കില്‍ എന്നെപ്പോലെയുള്ള ആരുടെയെങ്കിലും വീട്ടില്‍ എത്തും. ;) ഇതിന് വല്യ കോലാഹലങ്ങളൊന്നും വേണ്ട എന്നതാണ് വല്യ കാര്യം. എളുപ്പക്കറി.

തക്കാളി- 3 എണ്ണം. (ഒരു തക്കാളി 7-8 കഷണങ്ങള്‍ ആക്കുക.)

മോര്- പുളി അധികം വേണ്ട.- 1/2 കപ്പ്.

തേങ്ങ - 1/2 കപ്പ്. 1 ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

മുളകുപൊടി- 1/2 ടീസ്പൂണ്‍.

മഞ്ഞള്‍പ്പൊടി -കുറച്ച്.

ഉപ്പ് - ആവശ്യത്തിന്.

പച്ചമുളക്- 2

തക്കാളി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി, പച്ചമുളക് നെടുകെ പിളര്‍ന്നിട്ടത് എന്നിവ ചേര്‍ത്ത്, കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത ശേഷം, മോരൊഴിച്ച് തിള വന്നശേഷം, തേങ്ങ അരച്ചത് ചേര്‍ക്കുക. വാങ്ങിവെച്ച ശേഷം, കടുക്, വറ്റല്‍ മുളക്, കറിവേപ്പില, വെളിച്ചെണ്ണയില്‍ മൊരിച്ചിടുക. മുളക് പൊടി ഇഷ്ടം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

Thursday, November 02, 2006

കപ്പപ്പുഴുക്ക്

കപ്പ, മലയാളികളുടെ പ്രിയപ്പെട്ട ആഹാരം ആണ്. ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. (എന്നാരു പറഞ്ഞു എന്ന് ചോദിക്കരുത്. ഇവിടത്തെ കാര്യം പറഞ്ഞതാ ;) )

കപ്പ - 1 കിലോ

ചെറിയ ഉള്ളി - 10 - 12 എണ്ണം

പച്ചമുളക് - 4

കടുക് - 1/4 ടീസ്പൂണ്‍

ഉഴുന്ന് - 1 ടീസ്പൂണ്‍

ചുവന്നമുളക്- 1

കുറച്ച് കറിവേപ്പില

ചിരവിയ തേങ്ങ - 1/2 കപ്പ്

തേങ്ങ, പച്ചമുളകും, അല്പം ജീരകവും കൂട്ടി ഒന്ന് ചതച്ചെടുക്കുക.

ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്.

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍- (അതിലും കുറച്ച്) ( ഇടുന്നത് നല്ലതാണ്. ഇല്ലാതേയും ഉണ്ടാക്കാം.)


കപ്പ, കഷണങ്ങളാക്കി, കുറേ വെള്ളം ഒഴിച്ച്, നന്നായി വേവിച്ച്, വേവിച്ചതിന്റെ ബാക്കി വെള്ളം കളഞ്ഞ് എടുക്കുക. ഉപ്പ്, ആവശ്യത്തിന് ഇട്ട് നല്ലപോലെ യോജിപ്പിച്ച് വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി, ഉഴുന്ന് ആദ്യം ചൂടാക്കുക. ചുവന്നുവരുമ്പോള്‍, കടുകും, ചുവന്ന മുളക് കഷണങ്ങളാക്കിയതും, കറിവേപ്പിലയും ചേര്‍ത്ത് മൊരിക്കുക. ഉള്ളി ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍‍പ്പൊടി ഇടുക. തേങ്ങ യോജിപ്പിക്കുക. നന്നായി വഴറ്റിയതിനുശേഷം, കുറച്ച് വെള്ളം, (ഏകദേശം 1 കപ്പ്) ഒഴിക്കുക. വെള്ളം നന്നായി തിളച്ചതിനുശേഷം കപ്പ ഇട്ട് യോജിപ്പിച്ച് അടച്ചുവെക്കുക. കപ്പ ഇട്ട്, വെള്ളം വറ്റിയാല്‍ വാങ്ങിവെക്കുക. കപ്പ യോജിപ്പിക്കുമ്പോള്‍ത്തന്നെ വെള്ളം വറ്റിയിരിക്കും. വെള്ളം ഇതില്‍ ഉണ്ടാകില്ല. വെള്ളം വേണമെങ്കില്‍, ആദ്യം ചേര്‍ക്കുമ്പോള്‍ കുറച്ചധികം ചേര്‍ക്കുക. പച്ചമുളക് ചേര്‍ക്കുന്നതിനുപകരം, വറ്റല്‍ മുളക് ചേര്‍ത്തും, അല്ലെങ്കില്‍ മുളക്പൊടി ചേര്‍ത്തും ഇത് ഉണ്ടാക്കാവുന്നതാണ്.

കപ്പ വേവാനുള്ള സമയമേ ഇതുണ്ടാക്കാന്‍ ശരിക്കും വേണ്ടൂ. ബാക്കിയൊക്കെ എളുപ്പം.

Wednesday, November 01, 2006

ജീരകച്ചോറ്

പച്ചരി അധികം വെന്ത് പോകാതെ, ഉപ്പ് ചേര്‍ത്ത് വേവിച്ചത് - 2 കപ്പ്.

സവാള- 2 എണ്ണം ചെറുതായി അരിഞ്ഞത്.

ഗരം മസാല - 1 ടീസ്പൂണ്‍.

ജീരകം - 2 ടീസ്പൂണ്‍.

നെയ്യ് കുറച്ച്.

നാരങ്ങനീര്‍- 1 ടീസ്പൂണ്‍.

മല്ലിയില ചെറുതായി അരിഞ്ഞത് കുറച്ച്.

ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ജീരകം വഴറ്റുക. സവാള ചേര്‍ത്ത് നന്നായി മൊരിയ്ക്കുക. ഗരം മസാല ഇടുക. ചോറ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ്, ആവശ്യമെങ്കില്‍, വീണ്ടും ചേര്‍ക്കുക. വാങ്ങിയതിനു ശേഷം നാരങ്ങനീര്‍ ഒഴിച്ച് യോജിപ്പിക്കുക. മല്ലിയില തൂവുക.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]