Saturday, March 12, 2016

ആറു മുതല്‍ പതിനാറു വരെ
നന്ദി...
ദൈവമേ...
കറിവേപ്പിലയുടെ കൂട്ടുകാരേ...

Sunday, September 27, 2015

ഫസ്റ്റ് ഫുഡ് എന്ന പുസ്തകം


ഫസ്റ്റ് ഫുഡ് എന്ന ഈ പുസ്തകത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന, വിവിധതരം ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പാചകക്കുറിപ്പുകളും ഉണ്ട്. ഓരോ കുറിപ്പുകളും പല വ്യക്തികൾ തയ്യാറാക്കിയിട്ടുള്ളതാണ്. പ്രാതൽ വിഭവങ്ങളും അച്ചാറുകളും കറികളും മധുരവിഭവങ്ങളും പാനീയങ്ങളും ഒക്കെയുണ്ട്. സാധാരണയായി നമ്മൾ കണ്ടും കേട്ടും പരിചയമുള്ളതിൽ നിന്നും വ്യത്യസ്തമായ പല വസ്തുക്കളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും  മനസ്സിലാക്കാനും കാണാനും പറ്റിയൊരു പുസ്തകമാണ് ഇത്. ശ്രീ. സെബാസ്റ്റ്യൻ പോളും, ശ്രീ. വി. കെ മാധവൻ കുട്ടിയും എഴുതിയ കുറിപ്പുകളിൽ നമ്മുടെ സ്വന്തം കഞ്ഞി, പുഴുക്ക്, എരിശ്ശേരി, കപ്പ എന്നിങ്ങനെ നമുക്കു പരിചയമുള്ള കാര്യങ്ങളുമുണ്ട്. പുസ്തക - പാചക പ്രേമികൾക്ക് വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് Centre for Science and Environment ആണ്.

പുസ്തകത്തിനു കടപ്പാട്:- Centre for Science and Environment
വില :- 950രൂപ

Wednesday, February 18, 2015

മാങ്ങായിഞ്ചിച്ചമ്മന്തി


 മാങ്ങായിഞ്ചി കൊണ്ടൊരു ചമ്മന്തി. അതാണിത്. (വൈറ്റ് ജിഞ്ജർ, മാംഗോ ജിഞ്ജർ, വൈൽഡ് ടർമറിക്, ആം ഹൽദി, അംബാ ഹൽദി, Zedoary എന്നൊക്കെയും അറിയപ്പെടുന്നത്  ഇതായിരിക്കണം.)ചിത്രത്തിലുള്ളതുപോലെയുള്ളത്രേം മാങ്ങായിഞ്ചി തോലുകളഞ്ഞു. കഴുകി. രണ്ട് നെല്ലിക്കയും കഴുകി. രണ്ടും മുറിച്ചു. നെല്ലിക്കേന്റെ കുരു കളയണം. (കളയാണ്ട് എടുത്തുവെച്ചാൽ സമയം കിട്ടുമ്പോ എറിഞ്ഞുകളിക്കാം. :))) അത്ര സുന്ദരമായ ആകൃതിയിലൊന്നും മുറിക്കണ്ട. മിക്സിയ്ക്കും പണിവേണ്ടേ? ഞാൻ അങ്ങനെയൊക്കെ ചെയ്തു എന്നേയുള്ളൂ.


 രണ്ട് പച്ചമുളക്, രണ്ട് തണ്ട് കറിവേപ്പിലയിൽ നിന്നുള്ള ഇലകൾ, ആവശ്യത്തിനുപ്പ്, കൊറച്ച് തേങ്ങ എന്നിവയും മാങ്ങായിഞ്ചിയും, നെല്ലിക്കയും കൂടെ ഒരുമിച്ച് അരയ്ക്കുക. വെള്ളമൊന്നും വേണ്ട.


ചമ്മന്തി കണ്ടില്ലേ? എന്തിന്റെയെങ്കിലും കൂടെക്കൂട്ടിക്കഴിക്കുക. ഒന്നൂല്ലെങ്കിൽ വെറുതെ തിന്നുക. ഇവിടെ പാലപ്പം ആയിരുന്നു. അതിന്റെകൂടെ കൂട്ടി. മാങ്ങാ ഇഞ്ചി ഒരു കൊല്ലം വരെ വയ്ക്കാംന്ന് കടക്കാരൻ (ഗുജറാത്തി) പറഞ്ഞു. ബാക്കി പറയേണ്ടല്ലോ?

Wednesday, February 04, 2015

സിംഗാഡപ്പൊടി കാച്ചിക്കുറുക്കിയത്

സിംഗാഡ/സിംഗാര (water chestnut) എന്ന ഈ കിഴങ്ങ് ഗുജറാത്ത് ഭാഗത്തൊക്കെ കിട്ടുന്ന ഒരു കിഴങ്ങാണ്. 

ചേമ്പ്, ഉരുളക്കിഴങ്ങ് എന്നിവയൊക്കെപ്പോലെ തോന്നി.


 ഇത് ഒരുമിച്ച് പുഴുങ്ങി, കുറച്ച് തോലുകളഞ്ഞ്, വഴിവക്കിലൊക്കെ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടു.ചോദിച്ചപ്പോൾ, വില്പനക്കാരിയായ ഒരു സ്ത്രീ പറഞ്ഞു, ഇതിന്റെ പൊടികൊണ്ടും പലവിഭവങ്ങൾ ഉണ്ടാക്കാം എന്ന്. കുറച്ചൊക്കെ ഇതിനെക്കുറിച്ച് അറിയാമായിരുന്നു. കടയിൽക്കയറി, (ഇതുതന്നെയാണെന്ന് വിചാരിച്ച) പൊടിയും വാങ്ങി പോന്നു. 


 ആദ്യം തന്നെ പരീക്ഷണത്തിനൊന്നും പോകാതെ, കൂവപ്പൊടി കൊണ്ട് ചെയ്യുന്നതുപോലെ ചെയ്തു.  ശർക്കര, വെള്ളവുമൊഴിച്ച് തിളപ്പിച്ച്, അലിയിച്ച്, അതിൽ, ഈ പൊടി (കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നല്ലത്), ചിരവിയ തേങ്ങ, ചെറുതാക്കി നുറുക്കിയ പഴം എന്നിവയിട്ട് വേവുന്നതുവരെ കുറുക്കി, വാങ്ങിവെച്ച്  മുകളിൽ കുറച്ച് ചുക്കുപൊടിയും വിതറി. ഏലക്കപ്പൊടിയും ഇടണം. ഇവിടെ ഇട്ടില്ല.

ഇനിയങ്ങോട്ട്, വാങ്ങിക്കൊണ്ടുവന്ന സിംഗാഡപ്പൊടി തീരുന്നതുവരെ പരീക്ഷണം നടത്തും. പിന്നെ! ഇവിടെ ഇടാണ്ട്! നിങ്ങളില്ലാതെ എനിക്കെന്താഘോഷം! ;)

Monday, November 10, 2014

ചൌ ചൌ മോരൂട്ടാൻ

 ചൌ ചൌ കിട്ടി. എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കാമെന്നു വിചാരിച്ചു. അതാണ് ചൌ ചൌ മോരു കറി അഥവാ മോരു കൂട്ടാൻ. എല്ലാ പച്ചക്കറികളേയും ചെയ്യുന്നതുപോലെ ആദ്യം ഇതിനേയും കുളിപ്പിക്കാൻ വെള്ളത്തിലിട്ടുവെച്ചു.

 
 അതുകഴിഞ്ഞ് ഇതിന്റെ തോലുകളഞ്ഞ് എനിക്ക് തോന്നിയപോലെയൊക്കെ മുറിച്ചു. ഏകദേശം ഒരു കപ്പ്.  അതുകഴിഞ്ഞ് ഒന്നൂടെ വെള്ളത്തിൽ ഇട്ടു കഴുകിയെടുത്ത്, കാൽ ടീസ്പൂണിലും കുറവ് മഞ്ഞളും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, കുറച്ച് ഉപ്പും ഇട്ട്, കുറച്ചുമാത്രം വെള്ളവും ഒഴിച്ച് വേവിച്ചെടുത്തു. വെന്തുകഴിഞ്ഞാൽ വെള്ളമില്ലെങ്കിൽ നല്ലത്. മൂന്നു നാലു ടേബിൾസ്പൂൺ തേങ്ങ, അര ടീസ്പൂൺ ജീരകം, രണ്ട് പച്ചമുളക് എന്നിവയിട്ട് മിനുസമായി അരച്ചെടുത്തു. കുരുമുളക് ഇട്ടില്ലെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടുക. പച്ചമുളക് വേണ്ടെങ്കിൽ, മുളകുപൊടി ഇടുകയോ ചുവന്ന മുളക് അരയ്ക്കുകയോ ചെയ്യുക. വെന്ത കഷണം കുറച്ച് മോരും ഒഴിച്ച് തിളയ്ക്കാൻ വെച്ചു. തിളച്ച്
കുറച്ചുകഴിഞ്ഞപ്പോൾ തേങ്ങയരച്ചത്  കൂട്ടി തിളപ്പിച്ചു.

 
വാങ്ങിവെച്ചു വറവിട്ടു. ചോറിന്റെ കൂടെ  കൂട്ടി.

Tuesday, November 04, 2014

ബാർലി ദോശ


ബാർലി കൊണ്ട് ദോശ. ബാർലിപ്പൊടിയിട്ടും ബാർലി അപ്പാടെയിട്ടും ഉള്ള കുറുക്ക്/കഞ്ഞി ഒക്കെ നല്ലതാണ്. അപ്പോപ്പിന്നെ ബാർലി ദോശയും നന്നായിരിക്കുമല്ലോ എന്നു വിചാരിച്ചാണ് ബാർലി ദോശയുണ്ടാക്കാൻ തീരുമാനിച്ചത്. വളരെ എളുപ്പത്തിൽ ജോലി കഴിയും. ദോശയ്ക്ക് നല്ല സ്വാദും ഉണ്ട്.
ഒരു പാത്രത്തിൽ ബാർലി ഒരു ഗ്ലാസ്സ്, പുഴുങ്ങലരി ഒരു ഗ്ലാസ്സ്, ഉഴുന്ന് അര ഗ്ലാസ്സ്  എടുക്കുക. അര റ്റീസ്പൂൺ ഉലുവയും അതിൽ ഇടുക. ഉലുവയുടെ കയ്പ് പ്രശ്നമല്ലാത്തവർ കുറച്ചും കൂടെ എടുക്കുക. കാരണം ഉലുവ ആരോഗ്യത്തിനു നല്ലതാണ്. എല്ലാം കഴുകിക്കഴിഞ്ഞ്  വെള്ളത്തിൽ കുതിർക്കുക. അല്ലെങ്കിൽ ഏഴ് മണിക്കൂറെങ്കിലും കുതിർത്തശേഷം കഴുകിയെടുത്ത് മിനുസമായി അരച്ച് ഉപ്പും ചേർത്ത് വെയ്ക്കുക. ഒന്നു പുളി വന്നിട്ട് ദോശയുണ്ടാക്കുന്നതാണ് നല്ലത്. ഇവിടെ ഗ്രൈൻഡറിലാണ് അരച്ചത്.
ദോശയുണ്ടാക്കി എന്തെങ്കിലുമൊക്കെ കൂട്ടിക്കഴിക്കുക.
ബാർലി തീർന്നോ എന്നല്ലേ? ഇല്ല തീർന്നില്ല... ഇനീം ഉണ്ടല്ലോ ഉണ്ടാക്കാൻ വിഭവങ്ങൾ.
 ബാർലി ദോശ വേണ്ടാത്തോർക്ക് ഇതാ...ഗുജറാത്തിയാ...തീരുമ്പോ തീരുമ്പോ വന്നോണ്ടിരിക്കും. ;)

Friday, March 28, 2014

ക്ക ങ്ങ അവിയൽ

വിഷുവൊക്കെയല്ലേ വരുന്നത്. അതുകൊണ്ട് ഒരു അവിയൽ ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഇതിന്റെ പേരാണ് ക്ക ങ്ങ അവിയൽ. മിണ്ടാട്ടം ഇല്ലാഞ്ഞപ്പോ വിക്കിയതല്ല. ന്നാ...ഇതിലേക്കുള്ള വസ്തുക്കളുടെ ലിസ്റ്റ് പിടിച്ചോളീൻ.

കോവക്ക
കയ്പ്പക്ക
ചുരക്ക
മുരിങ്ങക്ക
മാങ്ങ
പീച്ചിങ്ങ
കുമ്പളങ്ങ

ഇതൊക്കെ അവിയലിനു മുറിക്കും പോലെ കുറച്ചു നീളത്തിൽ മുറിച്ച് കഴുകിയെടുത്ത്, അല്പം മഞ്ഞളും ഉപ്പുമിട്ട് വേവിച്ച്, കുറച്ച് തേങ്ങ, അല്പം ജീരകം, എരുവിനു പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ചതച്ച്  കഷണങ്ങളിലേക്കിട്ട് തിളപ്പിച്ച്, നല്ല കട്ടത്തൈര് കുറച്ച് അതിൽ ഒഴിച്ച് പതപ്പിച്ച്, കറിവേപ്പില തണ്ടോടുകൂടി ഇട്ട് അതിന്റെ മുകളിൽക്കൂടെ നല്ലോണം വെളിച്ചെണ്ണ ഒഴിച്ച് വാങ്ങുക.

 

 മാങ്ങയുള്ളതോണ്ട് തൈരിനു വല്യ പുളിയൊന്നും വേണ്ട. പുളിയുള്ള മാങ്ങയാണെങ്കിൽ.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]