Showing posts with label ഭക്തി. Show all posts
Showing posts with label ഭക്തി. Show all posts

Wednesday, September 03, 2008

ഗണേശചതുർത്ഥി

ഇന്ന് വിനായകചതുർത്ഥി അഥവാ ഗണേശചതുർത്ഥി. അത്തംചതുർത്ഥി എന്നാണ് വീട്ടിൽ പറയുന്നത്. ഇന്ന് പല നാട്ടുകാരും ഗണപതിപ്രതിമകൾ വീട്ടിൽകൊണ്ടുവന്ന് പൂജിച്ച് അഞ്ചോ ഏഴോ പതിനൊന്നോ ദിവസം പൂജിച്ച്, അതിനെ എവിടെയെങ്കിലും കൊണ്ടുപോയി ഒഴുക്കിക്കളയും. മുംബൈയിലൊക്കെ വലിയ ആഘോഷമാണ്. ഓരോ റോഡിലും ഉണ്ടാവും പൂജ വെച്ചിട്ട്. പിന്നെ പാട്ടും മേളവും ഒക്കെ.

ചതുർഥിയോടനുബന്ധിച്ച് ഒരു കഥ കേട്ടിട്ടുണ്ട്, പണ്ട്. വീട്ടിൽ വിളിച്ചുചോദിക്കേണ്ടിവന്നു മുഴുവൻ ഓർമ്മിക്കാൻ. ഒരു ചതുർത്ഥി ദിവസം, ഗണപതി, ഭക്തരുടെ പൂജയൊക്കെക്കഴിഞ്ഞ്, വയറുനിറച്ച് ശാപ്പാടും അടിച്ച്, കുറേ പഴവും, തേങ്ങയും ശർക്കരയുമൊക്കെ കൈയിലെടുത്തങ്ങനെ നടന്നുവരികയായിരുന്നു. ഇരുട്ടിയിട്ടുണ്ട്. നടന്നുനടന്ന് താഴെയൊരു വേരിൽത്തട്ടി ഗണപതി 'ധീം തരികിട തോം’ എന്ന് വീണു. ഹോ...ആരും കണ്ടില്ലല്ലോ വിജനമാണല്ലോ വഴിയെന്നൊക്കെ വിചാരിച്ച് തപ്പിത്തടഞ്ഞ് എഴുന്നേൽക്കുമ്പോൾ ചിരി കേട്ടു.“ബുഹഹഹ, ബുഹഹഹ, ബുഹഹഹാ”. നോക്കുമ്പോൾ ആരാ? മാനത്തുനിന്ന് ചന്ദ്രൻ. വീണാൽച്ചിരിക്കണമെന്നേ മൂപ്പർക്കറിയൂ. പക്ഷെ ഗണപതിക്ക് ദേഷ്യം വരുമെന്നാരു കണ്ടു.
ഗണപതിക്ക് നല്ല ദേഷ്യം വന്നു. എന്നിട്ട് ശപിച്ചു. “ചതുർത്ഥി ദിവസം നിന്നെക്കാണുന്നവർക്കൊക്കെ മാനഹാനി ഭവിക്കട്ടെ’ എന്ന്. അങ്ങനെ പാവം ചന്ദ്രനെ ചതുർത്ഥിദിവസം ആരും കാണാനേ പോയില്ല. എല്ലാവരും വീട്ടിനുള്ളിലടച്ചിരുന്നു ഗണപതിയെ പൂജിച്ചു.
ഗണപതിയ്ക്ക് മോദകം അല്ലേ ഇഷ്ടം. മധുരക്കൊഴുക്കട്ട. ഉണ്ടാക്കിയേക്കാം അല്ലേ?
പച്ചരി, നാലഞ്ച് മണിക്കൂർ വെള്ളത്തിലിട്ട് വെച്ച് മിനുസമായി പൊടിക്കുക. കാൽലിറ്റർ കൊള്ളുന്ന ഒരു പാത്രത്തിൽ അരിപ്പൊടി നിറച്ചും അളന്നെടുക്കുക



ആവശ്യത്തിനു ചൂടുവെള്ളവും രണ്ട് നുള്ള് ഉപ്പും ചേർത്ത് ഉരുളയാക്കാൻ പാകത്തിൽ കുഴയ്ക്കുക. ചിത്രത്തിൽ ഇല്ലേ അതുപോലെ. മൂന്നാണി ശർക്കരയും നാലു ടേബിൾസ്പൂൺ ചിരവിയ തേങ്ങയും, കുറച്ച് ഏലയ്ക്കപ്പൊടിയും കൂടെ പാക്ക് ആക്കിയെടുക്കുക. (ശർക്കര അല്പം വെള്ളമൊഴിച്ച് അടുപ്പത്തുവയ്ക്കുക. അലിഞ്ഞ് കുറുകിവരുമ്പോൾ തേങ്ങയും ഏലക്കാപ്പൊടിയും ഇട്ട് കുറുക്കിക്കുറുക്കിയെടുക്കുക.
കരിയരുത്).



അരി കുഴച്ചത് ഉരുളയാക്കി, കൈയിൽ പരത്തി, അതിൽ ശർക്കരപ്പാവ് നിറയ്ക്കണം.

പിന്നെ അടച്ച് ഉരുട്ടിവയ്ക്കണം. ഒരു പാത്രത്തിൽ. കുക്കറിലോ വേറെ പാത്രത്തിലോ വേവിച്ചെടുക്കുക. വെള്ളം കയറരുത്.



കുറച്ചുംകൂടെ നിറച്ചാൽ കൂടുതൽ മധുരമുണ്ടാവും. അരിപ്പൊടി കുറയുമല്ലോ. പക്ഷെ അപ്പോൾ വേവുമ്പോൾ ചിലപ്പോൾ വെള്ളം പോലെയാവും. ശർക്കരവെള്ളം വന്നിട്ട്.

മോദകത്തിന് വേറെ ഒരു രീതി കണ്ടിട്ടുണ്ട്. ഗോതമ്പുപൊടി കുഴച്ച് ഒക്കെ നിറച്ച് വറുത്തെടുക്കുന്നത്. മൈദയിലും ഉണ്ടാക്കാം. അരിപ്പൊടിക്ക് പകരം.

Saturday, August 23, 2008

ഉണ്ണിക്കണ്ണനു പാല്‍പ്പായസം

പൂർണ്ണേ ഗർഭേ
സമസ്തത്രിഭുവനശുഭകർ-
മ്മങ്ങളേകത്ര കൂടി
പൂർണ്ണാനന്ദം വിളങ്ങീടിന ഘനപടല-
ശ്യാമധാമാഭിരാമൻമംഗല്യേ സന്മുഹൂർത്തേ
മഹിതഗുണമിയന്നഷ്ടമീ രോഹിണീഭ്യാംസംഗേ
ഭംഗ്യാ ജനിച്ചാനഴകൊടു ജഗതീ-മൂലകന്ദം മുകുന്ദൻ.

എന്നുവെച്ചാൽ, അഷ്ടമിയും രോഹിണിയും കൂടിവന്ന സമയത്ത്, മംഗളകരമായ മുഹൂർത്തത്തിൽ കൃഷ്ണൻ ജനിച്ചൂന്ന് അർത്ഥം. ഇത് കുഞ്ചൻ‌നമ്പ്യാരുടെ കൃതിയായ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ ഉള്ളതാണ്. കംസന്റെ തടവറയിൽ, വസുദേവന്റേയും, ദേവകിയുടേയും പുത്രനായി ജനിക്കുകയും, കംസനെപ്പേടിച്ച്, കംസൻ കൊല്ലുന്നത് പേടിച്ച്, ജനിച്ചപ്പോൾത്തന്നെ കുഞ്ഞിനെയെടുത്ത്, വസുദേവർ അമ്പാടിയില്‍പ്പോയി, അവിടെ യശോദയുടെ അരികിൽ കിടത്തി, യശോദയുടെ പെൺ‌കുഞ്ഞിനെയുമെടുത്ത് ദേവകിയുടെ സമീപത്തേക്ക് തന്നെ വരുന്നു. കുഞ്ഞ് ജനിച്ചതറിഞ്ഞ് വരുന്ന കംസൻ, പെൺ‌കുഞ്ഞിനെ കാണുകയും, കുഞ്ഞായി വന്ന ദേവി, കംസന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് അരുളിച്ചെയ്യുകയും ചെയ്തു.
‘അരേ! ദുരാചാര! നൃശംസ! കംസാ!
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ.
തവാന്തകൻ ഭൂമിതലേ ജനിച്ചു
ജവേന സർവ്വത്ര തിരഞ്ഞുകൊൾക. എന്ന്. പിന്നെ കംസൻ ഒരു തിരച്ചിലായിരുന്നു.

അഷ്ടമിരോഹിണിയ്ക്ക് കൃഷ്ണന്റെ ജന്മനക്ഷത്രം ആയതുകൊണ്ട് പാല്‍പ്പായസം വെയ്ക്കുന്ന പതിവുണ്ട്. ഇത്തവണ വിചാരിച്ചു, പാല്‍പ്പായസം തന്നെ. പക്ഷെ സ്പെഷൽ ആയിക്കളയാം എന്ന്. ഉണ്ണിക്കണ്ണൻ വിചാരിക്കരുതല്ലോ എപ്പോഴും ഒന്നു തന്നെയെന്ന്. “ഫിർ വഹീ പുരാനാ പാല്‍പ്പായസം’ എന്ന് കണ്ണൻ ചോദിക്കരുതല്ലോ. (കണ്ണന്റെ മാതൃഭാഷ ഹിന്ദിയാണ്). അങ്ങനെയാണ് ഈ സ്പെഷൽ. ഓണത്തിനും നിങ്ങൾക്ക് പരീക്ഷിക്കാം. എനിക്ക് വല്യ ഇഷ്ടമുള്ള ഒന്നാണ്.

ചീട തിന്നിട്ടില്ലേ? എണ്ണയിൽ വറുത്തെടുക്കുന്നത്? ഉപ്പും എരിവും ഉള്ളത്? ഇത് മധുരച്ചീട. ശീടകപ്പായസം. ഉണ്ടപ്പായസം. ഉരുളപായസം.

ആദ്യം, അരി വെള്ളത്തിലിട്ട് അരയ്ക്കണം. അത് തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി കുറുക്കിയെടുത്ത് ഉരുട്ടണം. പഞ്ചസാരയും ഇടണം. കുഞ്ഞുകുഞ്ഞ് ഉരുളകളാക്കിയുരുട്ടണം. ഇനി അരിപ്പൊടിയാണുള്ളതെങ്കിലോ? അപ്പാടെ തിളയ്ക്കുന്ന വെള്ളത്തിലേക്കിടുക. പക്ഷെ, കട്ടയില്ലാതെ ഇളക്കാൻ കഴിയണം. കുറുക്കിവേവിച്ചടുത്ത് ഉരുട്ടുക. വളരെ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഉരുള ഉണ്ടാവില്ല. രണ്ടു കൈകൊണ്ടും, ഉരുട്ടുമ്പോൾ കൈയിൽ പറ്റിപ്പിടിക്കാതിരിക്കാൻ കുറച്ചുകുറച്ച് വെള്ളം തൊട്ട് കൈപ്പത്തിയുടെ മദ്ധ്യത്തിൽ വയ്ക്കുക.
പാലെടുത്ത് കുറച്ച് വെള്ളവുമൊഴിച്ച് ഉരുളിയിൽ അല്ലെങ്കിൽ വേറെ പാത്രത്തിൽ അടുപ്പത്ത് വെയ്ക്കുക. ഇരട്ടി ആയ്ക്കോട്ടെ. തിളച്ചാൽ ഈ ഉരുളകൾ അതിലേക്കിടണം. ഇളക്കരുത് അധികം. തീ കുറച്ച് വെച്ച് ചെയ്തില്ലെങ്കിൽ അവസാനം പാലും ഉരുളയും ഉണ്ടാകില്ല. ഉരുളിയേ ഉണ്ടാകൂ. പഞ്ചസാരയും ആദ്യം ചേർക്കാം. ഒക്കെ ഒന്നു യോജിച്ചാൽ വാങ്ങിവെച്ച് ഏലയ്ക്ക പൊടിച്ചിടുക. അണ്ടിപ്പരിപ്പും മുന്തിരിയും വറത്തിട്ടാലും കുഴപ്പമില്ല.
ഇനി ഇതുതന്നെ ശർക്കരയിലായാലോ? ഉരുളയൊക്കെ അതുപോലെ തന്നെ. കുറുക്കുക, ഉരുട്ടുക. അതുകഴിഞ്ഞ് ഉരുളിയിൽ ശർക്കരയിട്ട് വെളമൊഴിച്ച് പാവ് കാച്ചി, അതിലേക്ക് ഉരുളയിട്ട്, വെന്താൽ തേങ്ങാപ്പാലൊഴിച്ച്. അങ്ങനെ തന്നെ. ഉണ്ടപ്രഥമൻ തയ്യാർ.
ഞാനുണ്ടാക്കിയ കണക്കനുസരിച്ച് 3 ടേബിൾസ്പൂൺ പൊടിയെടുത്തു. രണ്ട് - രണ്ടര ഗ്ലാസ്സ് വെള്ളം തിളപ്പിച്ചു. പൊടി വേവണം. പൊടി അതിലേക്കിട്ട് വേഗം വേഗം ഇളക്കിയിളക്കി വേവിച്ച് കുറുക്കിയെടുത്തു. കുറുക്കുമ്പോൾ കുറച്ച് പഞ്ചസാരയും ഇട്ടു. എന്നാലേ ഉരുളയ്ക്ക് മധുരം പിടിക്കൂ.
എന്നിട്ട് തണുക്കാൻ വെച്ചു. ഉരുട്ടി. 60 ഉരുളയൊക്കെയുണ്ടാവും. അത്രേം മതി. അധികം വേണ്ട. പൊടി ബാക്കി ഉണ്ടെങ്കിലും.
എന്നിട്ട് മുക്കാൽ ലിറ്റർ പാല് അല്പം വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ഒന്ന് കുറുക്കി. ഉരുളയിട്ടു. ഭയങ്കരമായിട്ട് തിളച്ചാൽ ഉരുളയൊക്കെ തവിടുപൊടിയാവും. പറഞ്ഞേക്കാം. തീ കുറച്ചു വയ്ക്കുക. എന്നിട്ട് പഞ്ചസാരയും ഇട്ടു. 7 ടേബിൾസ്പൂൺ. കുറച്ചുംകൂടെ വേണമെങ്കിൽ ഇടാം. പക്ഷെ പിന്നീട് നോക്കിത്തീർച്ചപ്പെടുത്തിയിട്ട് മതി. തിളച്ചോട്ടെ. ഒന്ന് യോജിച്ചാൽ ആയി. ചില ഉരുളകൾ പാലിൽ അലിഞ്ഞുചേരും. സാരമില്ല.
വാങ്ങിവെച്ച് ഏലക്ക പൊടിച്ചിടണം. മധുരം നോക്കി വീണ്ടും ഇടാം. ഒരുപ്രാവശ്യം നോക്കിയിട്ട് അളവൊക്കെ അടുത്തതവണത്തേക്ക് തീർച്ചപ്പെടുത്തുക. പാലിന്റേയും പഞ്ചസാരയുടേയും ഉരുളയുടേയും ഒക്കെ അളവ് നിങ്ങൾക്ക് വേണ്ടതുപോലെയാക്കുക. കൂട്ടുക അല്ലെങ്കിൽ കുറയ്ക്കുക.
ഈ അഷ്ടമിരോഹിണിനാളിൽ ഉണ്ണിക്കണ്ണന് കറിവേപ്പിലയുടെ പാല്‍പ്പായസം. പിച്ച നടന്നു വന്നോളൂ.

കറിവേപ്പിലയിൽ പോസ്റ്റ് ഇടുന്നത് എടുകുടുക്കേ ചോറും കറിയും എന്ന രീതിയിൽ അല്ല. അതുകൊണ്ട് ബഹുമാനിക്കാൻ പഠിക്കുക. പോസ്റ്റ് ഇടുന്ന ആളെയില്ലെങ്കിലും അതിനു വേണ്ടിവരുന്ന അദ്ധ്വാനത്തെ. ഇവിടെ പോസ്റ്റ് ചെയ്യുന്നത്, വീട്ടിലുണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം, ബൂലോകകൂട്ടുകാരുടെ വീട്ടിലും ഉണ്ടാക്കിക്കോട്ടെ എന്നു കരുതിയാണ്. അല്ലാതെ വേറൊന്നും ഇല്ലെന്ന് എല്ലാവർക്കും ഊഹിച്ചാൽ അറിയാം. ഇല്ലെങ്കിൽ അറിയാൻ ശ്രമിക്കുക. സ്വന്തം നില അറിയുന്നവർ മറ്റുള്ളവരെ പരിഹസിക്കില്ലെന്ന് കേട്ടിട്ടുണ്ട്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]